‘ഞാൻ വളരുകയാണ്. ക്ഷമയോടെ കാത്തിരിക്കൂ.’ എറണാകുളം ചിറ്റൂർ സ്വദേശി അജയ് ഗോപിനാഥിന്റെ ഒറ്റമുറി കൃഷിഫാമിലേക്ക് കയറിചെല്ലുന്നവരെ സ്വീകരിക്കുന്ന വാചകങ്ങളാണ് ഇത്. വീടിനോട് ചേർന്ന് 64 ചതുരശ്ര അടിയുള്ള ഒരു മുറിയിലാണ് 25ൽ അധികം വ്യത്യസ്തമായ മൈക്രോഗ്രീൻ പച്ചക്കറി ഇനങ്ങൾ നട്ടു വളർത്തുന്നത്. അജയ്‌യുടെ ‘ഗ്രോ ഗ്രീൻ’ ഫാം നാല്‌പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാണ്.
അജയ് ഗോപിനാഥ് ഫോട്ടോ: സുനോജ് നൈനാൻ മാത്യു
മൈക്രോഗ്രീൻ വന്നവഴി
പത്തുവർഷം മുമ്പ് ബംഗളൂരുവിൽ അമേരിക്കൻ ബാങ്കിൽ ജോലി ചെയ്യുന്നതിനിടയിലാണ് മൈക്രോ ഗ്രീൻ എന്ന പച്ചക്കറി ഇനത്തെ പരിചയപ്പെടുന്നത്. ഒരു ദിവസം ഹോട്ടൽ ഭക്ഷണത്തിനിടയിൽ മല്ലിയിലയിൽ നിന്നും വ്യത്യസ്‌തമായ ഗാർണിഷിങ് ഐറ്റം രുചിച്ചു നോക്കാനിടയായി. സ്വാദ് ഒരുപാട് ഇഷ്‌ടമായതിനെ തുടർന്ന് ഷെഫിനെ നേരിൽ കണ്ട് അത് എന്താണെന്ന് തിരക്കി. മൈക്രോഗ്രീൻ ഇനത്തിൽപ്പെട്ട കടുക് ചെടിയാണെന്ന് മാത്രം അദ്ദേഹം പറഞ്ഞു. ഈ ‘ക്ലൂ’ മനസ്സിൽ സൂക്ഷിച്ച് ഒരുപാട് സ്ഥലത്ത് അന്വേഷിച്ചു നടന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഇതിനിടയിൽ കുടുംബം എറണാകുളം സൗത്ത് ചിറ്റൂരിലേക്ക് പറിച്ചു നടപ്പെട്ടു. പിന്നീട് യൂട്യൂബിൽ തിരയലായിരുന്നു പരിപാടി. മൈക്രോ ഗ്രീൻ ഇനത്തിൽപ്പെട്ട കുഞ്ഞൻ ചെടികളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും വൈറ്റമിനും മനസ്സിലാക്കിയതോടെ ആവേശം ഇരട്ടിയായി. വീട്ടിലെ ആവശ്യത്തിന് വാങ്ങി സൂക്ഷിച്ച ചെറുപയർ മുളപ്പിച്ച് പരീക്ഷണങ്ങൾ നടത്തി. പക്ഷെ പ്രതീക്ഷിച്ച പ്രയോജനം ലഭിച്ചില്ല. ട്രേയിൽ ടിഷ്യു പേപ്പറിലായിരുന്നു ആദ്യ പരീക്ഷണം. കൂടുതൽ അന്വേഷണങ്ങൾക്കിടയിൽ യുകെ സ്വദേശിയിൽ നിന്നാണ് മൈക്രോഗ്രീൻ വിത്തുകൾ ലഭ്യമാണെന്ന് മനസ്സിലാക്കാനായത്. വിത്തുകൾ ലഭിച്ചതോടെ വളർത്താനുള്ള ട്രേകൾ തിരക്കി യാത്രയായി. ഫുഡ് ഗ്രേഡ് പ്ലാസ്‌റ്റിക് ട്രേകൾ തിരക്കി കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ യാത്ര ചെയ്‌തു. ഒടുവിൽ പോണ്ടിച്ചേരിയിൽ നിന്നാണ് ഒരു ഡൈ കിട്ടിയത്. വിഷരഹിതമായ ഭക്ഷണം കഴിക്കാനുള്ള തിരച്ചിലിന്റെ ആദ്യ പടി പൂർത്തിയാക്കിയപ്പോൾ അടുത്ത വെല്ലുവിളി. ചെടി വളർത്താനുള്ള ചകിരിച്ചോർ ധാരളം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്ന ധൈര്യം അസ്ഥാനത്താണെന്ന തിരിച്ചറിവായിരുന്നു അത്. കേരളത്തിലെ ചകിരിച്ചോറിൽ ഉപ്പിന്റെ അംശവും പൊടിപടലങ്ങളും ഉള്ളത് പ്രതിസന്ധിയായി. അതോടെ ഉപ്പില്ലാത്ത ചകിരിച്ചോർ അന്വേഷണവും സംസ്ഥാനം കടന്നു. പൊള്ളാച്ചിയിലാണ് അന്വേഷണം അവസാനിച്ചത്. ‘ലോ ഈസി കൊക്കോപിറ്റ്’ പൊള്ളാച്ചിയിൽ നിന്ന് വരുത്തി അതിനും പരിഹാരം കണ്ടു. ബംഗളൂരുവിലെ ഒരു സുഹൃത്ത് വഴി കൂടുതൽ വിത്തും സംഘടിപ്പിച്ചു. കൃഷി ആരംഭിച്ചപ്പോൾ പ്രകാശം, ഊഷ്‌മാവ്, അന്തരീക്ഷത്തിലെ ഈർപ്പം, കൃത്യമായ പിഎച്ച് മൂല്യമുള്ള വെള്ളം അങ്ങനെ പ്രതിസന്ധികൾ നിരനിരയായി വന്നു. ലൈറ്റുകൾ മാറിമാറി ഉപയോഗിച്ചും പലതരം എസികൾ പരീക്ഷിച്ചും മുറിയിലെ വായു സഞ്ചാരം ക്രമീകരിക്കാൻ ആക്‌സിയൽ ഫാനുകൾ ഉപയോഗിച്ചും മൂന്നു വർഷത്തെ പരീക്ഷണ നിരീക്ഷണത്തിലൂടെയാണ് ഇന്നത്തെ ‘ഗ്രോ ഗ്രീനിൽ’ എത്തിയത്.
മൈക്രോ ഫാമിങ്ങിന്റെ ഗുണങ്ങൾ
മണ്ണിന് ക്ഷാമം നേരിടുന്നവർക്ക് ഏറ്റവും നല്ല കാർഷിക മാർഗ്ഗമാണ് മൈക്രോ ഫാമിങ്. ചെറിയ സ്ഥലം മതി എന്നത് ഈ കൃഷിയുടെ ഗുണം. വിറ്റാമിനും മിനറൽസും ആന്റി ഓക്‌സൈഡുകളും ബീറ്റ കരോട്ടിനും ഫാറ്റി അമിനോ ആസിഡുകളും അടങ്ങിയ ഈ ‘കുഞ്ഞൻ ചെടികൾ’ ഒന്നു മുതൽ മൂന്ന് ഇഞ്ചു വരെ ഉയരം വയ്‌ക്കുമ്പോൾ വിളവെടുക്കാം. ഏഴു മുതൽ 15 ദിവസം വരെയാണ് വളർച്ചാ കാലാവധി. മുകളിലത്തെ സുഷിരങ്ങളുള്ള ട്രേയിൽ കൊക്കോപിറ്റ് നിറച്ച് അതിലാണ് വിത്ത് പാകുന്നത്. താഴത്തെ ട്രേയിൽ വേരുകൾക്ക് യഥേഷ്‌ടം വലിച്ചെടുക്കാവുന്ന വിധത്തിൽ ഫിൽറ്റർ ചെയ്‌ത വെള്ളം നിറയ്‌ക്കും. ഇത്തരം 20ൽ അധികം ട്രേകൾ എപ്പോഴും ഫാമിൽ ഉണ്ടാകും. ഒരു തവണ ഉപയോഗിച്ച വെള്ളവും ചകിരിച്ചോറും വീണ്ടും ഉപയോഗിക്കില്ല. മുറിക്കുള്ളിലെ താപനില 25 ഡിഗ്രിയിൽ താഴെയും ഈർപ്പം (ഹുമിഡിറ്റി) 40 മുതൽ 60 വരെയും ആയിരിക്കും. വിവിധ തരം സാലഡുകൾ, സൂപ്പുകൾ എന്നിവയിലും കറികൾ ഗാർനിഷ് ചെയ്യാനും ഇവ ഉപയോഗിക്കും. എല്ലിനും പല്ലിനും ഹൃദയത്തിനും കരളിനും നല്ലതാണ് മൈക്രോ ഗ്രീൻ പച്ചക്കറികൾ. അജയ്‌യുടെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ ‘ഭാവിയിലെ ചെറിയ, വലിയ ഭക്ഷണമാണ്’ മൈക്രോ ഗ്രീനുകൾ.
മാർക്കറ്റിങ് സാധ്യത
മലയാളിയുടെ മാറുന്ന ഭക്ഷണ ശീലങ്ങളിൽ ഈ കുഞ്ഞൻ ചെടിക്ക് വലിയ പ്രാധാന്യം ഉണ്ടാകുമെന്ന തിരിച്ചറിവാണ് അജയ് വ്യാവസായിക അടിസ്ഥാനത്തിൽ മൈക്രോ ഗ്രീൻ ഉൽപ്പാദനത്തിന് തുടക്കമിടാൻ കാരണം. ഒരു ദിവസം അജയ്‌യുടെ ഫാമിൽ നിന്ന് 10 കിലോ മൈക്രോ ഗ്രീനാണ് ലഭ്യമാകുന്നത്. കിലോയ്‌ക്ക് 1500 മുതലാണ് വില. പലതരം റാഡിഷ്, സൺഫ്ലെവർ, ചൈനീസ് കാബേജായ പോക്‌ചോയ് തുടങ്ങി 25ൽ അധികം വ്യത്യസ്‌ത ഇനങ്ങൾ പാക്കറ്റുകളിൽ ലഭ്യമാണ്. 100 ഗ്രാം മുതലുള്ള പാക്കറ്റുകൾ ലഭ്യമാണ്. ബംഗളൂരുവിൽ കിലോയ്‌ക്ക് 2500 രൂപമുതലാണ് ഇതിന്റെ വില. എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ ഹോട്ടലുകളാണ് പ്രധാനമായും ‘ഗോ ഗ്രീനിന്റെ’ ഉപയോക്താക്കൾ. തെർമോകോൾ പാക്കറ്റുകളിൽ ജെൽ ഐസ് ഇട്ട് ഡെലിവറി ചെയ്യുന്നതിനാൽ എപ്പോഴും ഫ്രഷ് ആയി ഇരിക്കും. ഏഴു ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാനാകും.
മൈക്രോഗ്രീനിന്റെ ഭാവി
എന്തും വേവിച്ചു മാത്രം കഴിക്കാം എന്ന മലയാളിയുടെ ചിന്ത മാറുകയാണെന്ന് അജയ് പറഞ്ഞു. പണക്കാരുടെ ഭക്ഷമാണ് മൈക്രോഗ്രീൻ എന്നതും മാറിവരും. സാധാരണക്കാർക്ക് യഥേഷ്‌ടം കൃഷി ചെയ്യാവുന്നതും ഭക്ഷിക്കാവുന്നതുമാണ് ഇത്. മാസം തോറും 30,000 മുതൽ 40,000 രൂപവരെ വരുമാനം ഇതിൽ നിന്ന് ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. പലരും അശാസ്‌ത്രീയമായി പേപ്പറിലും മറ്റും വളർത്തുന്നതിനാൽ മൈക്രോ ഗ്രീൻ കൃഷി പരാജയമാകാറുണ്ട്. പേപ്പറിൽ വളർത്തിയാൽ അതിലെ കാർബൺ ചെടി വലിച്ചെടുക്കും. ഇങ്ങനെ വളർത്തുന്ന ചെടി നിത്യവും ഉപയോഗിച്ചാൽ അത് ശരീരത്തിന് ഹാനിയുണ്ടാക്കും. ഇപ്പോൾ നാലുപേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്നുണ്ട്. ആവശ്യക്കാർ കൂടിവരുന്നതിനാൽ രണ്ടുപേരെ കൂടി നിയമിക്കാൻ ആലോചിക്കുന്നുണ്ട്. മൂല്യവർധിത വഴികളും ആലോചനയിൽ ഉണ്ട്. മില്ലറ്റ്‌സും മൈക്രോഗ്രീനും ഉപയോഗിച്ച് കലൂർ മെട്രോ സ്‌റ്റേഷനിൽ റസ്‌റ്റോറന്റിനായി മുന്നൊരുക്കത്തിലാണ്. ഭാര്യ രേഖയും മകൾ ദേവികയും അടങ്ങുന്നതാണ് അജയ് ഗോപിനാഥിന്റെ കുടുംബം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..