19 March Tuesday

നാടോടും നാടകം

മദൻ ബാബുUpdated: Sunday Feb 4, 2018

ജുവാനും മരിയാനയും വേദിയിൽ

പതിനഞ്ചുവർഷംമുമ്പ് ഒരുച്ചയ്ക്ക്, ഇപ്പൊ വരാമെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ് ജുവാനും മരിയാനയും. ഇതുവരെ തിരിച്ചെത്തിയില്ലെന്നുമാത്രമല്ല, 42 രാജ്യം താണ്ടിയ ആ യാത്ര അവർ തുടരുകയുമാണ്. തൊഴിലന്വേഷിച്ചും ടൂറിസ്റ്റുകളായും ആളുകൾ വീടുവിട്ട് പോകുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ, നാടകം കളിക്കാൻ ലോകത്തിലേക്ക് ഇറങ്ങിപ്പോയ രണ്ടുപേർ അപൂർവ കാഴ്ചയാണ്.
 
അതെ, ജുവാനും മരിയാനയും പോയത് നാടകം കളിക്കാനാണ്. മന്ദ്രഗോറ സർക്കോ (Mandragora Circo) എന്ന് സ്പാനിഷിൽ പറയുന്ന മന്ദ്രഗോറ സർക്കസ് നാടകം കളിക്കാൻ! മന്ദ്രഗോറ സർക്കോ എന്ന പേരിൽ ഒരു ചെറു നാടകസംഘം രൂപീകരിച്ച് അതേ പേരിലുള്ള 'ഇരട്ടയാൾ നാടകം' കളിച്ച് ലോകംമുഴുവൻ സഞ്ചരിക്കുകയാണ് ജുവാനും മരിയാനയും.
 
നാടകംതന്നെയാണ് ഇരുവരെയും കൂട്ടിച്ചേർത്തതും നാടുതോറും കൊണ്ടുനടക്കുന്നതും. അതിന്റെ ഭാഗമായി ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയതാണ് ഈ നാടോടി അഭിനേതാക്കൾ. പുണെയിലെയും ബംഗളൂരുവിലെയും പരിപാടികൾക്കുശേഷം കേരളത്തിൽ കൊച്ചിയിലും കൊല്ലത്തുമായാണ് മന്ദ്രഗോറ അരങ്ങേറിയത്. സംഘത്തിന്റെ പുണെയിലെ പ്രകടനം കണ്ട് പ്രശസ്ത കലാനിരൂപകൻ അജയ് ജോഷിയാണ് മന്ദ്രഗോറയെ കൊച്ചിയിലെ ലോകധർമിക്ക് പരിചയപ്പെടുത്തിയ

ത്. കൊച്ചിയിലെ അവതരണത്തെക്കുറിച്ച് കേട്ടറിഞ്ഞ് കൊല്ലത്തും മന്ദ്രഗോറയ്ക്ക് അരങ്ങൊരുങ്ങുകയായിരുന്നു.
 

സംഗീതവും യാത്രയും അഭിനയവും

അർജന്റീനയുടെ തെക്കേയറ്റത്തുള്ള പാറ്റഗോണിയയിലെ ട്രെല്യു നഗരത്തിലാണ് ജുവാൻ ബ്രാക്കമോണ്ടേയുടെയും മരിയാന സിൽവയുടെയും വീട്. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ജുവാന് വയസ്സ് ഇരുപത്തിനാല്. ഇപ്പോൾ മുപ്പത്തൊമ്പത്. അന്ന് മരിയാനയുടെ പ്രായം ഇരുപത്.
 
ജുവാന്റെ അച്ഛനമ്മമാർ സംഗീതജ്ഞരായിരുന്നു. നാടക, ഓപ്പറ സംഘങ്ങൾക്കൊപ്പം സഞ്ചരിച്ച് പാട്ടെഴുതിയും ചിട്ടപ്പെടുത്തിയും കഴിയുന്നവർ. അതുകൊണ്ടുതന്നെ, സംഗീതസമൃദ്ധമായിരുന്നു ജുവാന്റെ ബാല്യകൗമാരങ്ങൾ. മുതിർന്നപ്പോഴേക്കും ജഗ്ലിങ്ങും (വസ്തുക്കളെ അമ്മാനമാടുക) അൽപ്പസ്വൽപ്പം മെയ്യഭ്യാസവും (Acrobatics) സംഗീതവുമൊക്കെയായി തികഞ്ഞ കലാകാരനായിക്കഴിഞ്ഞു ജുവാൻ. അഭിനയത്തിലോ നാടകത്തിലോ ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെതന്നെ അയാൾ അർജന്റീനയിലെ പല പ്രമുഖ സംഘങ്ങൾക്കും പ്രിയങ്കരനായി. 
 
1998 മുതൽ 2002 വരെ വിവിധ നാടകസംഘങ്ങൾക്കൊപ്പം സർക്കസും നാടകരചനയുമായി കഴിയുന്നതിനിടെ അരങ്ങിൽവച്ചാണ് ജുവാൻ മരിയാനയെ കണ്ടെത്തുന്നത്. സ്വതവേ, യാത്രയുടെ ഹരം ഉള്ളിൽ കൊണ്ടുനടക്കുന്നവരായിരുന്നു മരിയാനയുടെ കുടുംബം. ചെറുപ്പംമുതൽ സർക്കസും പിന്നീട് നാടകവും പഠിച്ചിട്ടുണ്ട് മരിയാന. ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനം ഒന്നിച്ച്  നാടകം കളിക്കാനും യാത്ര ചെയ്യാനുമുള്ളതാക്കി ഇരുവരും. അങ്ങനെയാണ് മന്ദ്രഗോറ സർക്കസ് എന്ന സംഘവും രംഗാവതരണവും രൂപപ്പെടുന്നത്.
 
2003 ജനുവരി 25ന് പാറ്റഗോണിയയിലാണ് മന്ദ്രഗോറ സർക്കസ് ആദ്യം അവതരിപ്പിക്കുന്നത്. ആണും പെണ്ണും തമ്മിലുള്ള പ്രണയവും ജീവിതവും അവർക്കിടയിൽ വരുന്ന ചെറിയ പിണക്കങ്ങളും രണ്ടുപേരുടെയും ഇഷ്ടങ്ങൾ (സദസ്സിലെ) മറ്റു ചിലരിലേക്ക് വഴിമാറുന്നതും ഒടുവിൽ പരസ്പരം പിരിയാനാകില്ലെന്ന തിരിച്ചറിവിൽ ഒരു ആപ്പിൾ പങ്കിടുന്നതിലൂടെ ഒരുമിക്കുകയുമൊക്കെ ചെയ്യുന്ന ജീവിതംതന്നെയാണ് ക്ലൗണിങ്ങിലൂടെ ജുവാനും മരിയാനയും പറയുന്നത്. വിശപ്പ് എന്ന പൊതു അനുഭവത്തിൽ തുടങ്ങുന്ന സംഭാഷണരഹിത നാടകം സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും അകമ്പടിയോടെ, അതിവേഗം പ്രേക്ഷകരെ ഉൾച്ചേർക്കുന്നു. പ്രേക്ഷകരുമായി എളുപ്പം സംവദിക്കുന്ന തികച്ചും ഗ്രാമീണവും ലളിതവുമായ അഭിനയശൈലിയാണ് ഇവരുടേത്.
 
മാജിക്കൽ റിയലിസത്തിന്റെ തട്ടകമായ അർജന്റീനയുടെ തെക്കേയറ്റത്തുനിന്നുള്ള മന്ദ്രഗോറ സർക്കസ്, പേരിൽത്തന്നെ ജീവിതത്തിന്റെ മാന്ത്രികതയെ കാത്തുവയ്ക്കുന്നുണ്ട്. മനംമയക്കുന്ന ഗന്ധവും മാന്ത്രികപരിവേഷവുമുള്ള ഒരുതരം ചെടിയാണ് മന്ദ്രഗോറ. ഒരേസമയം മിത്തിലേക്കും യാഥാർഥ്യത്തിലേക്കും പടരുന്ന ഒരു കൽപ്പന. ഇന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കാൻശേഷിയുള്ള ഇതിന്റെ പൂവിന് ഒരു മണിയുടെ ആകൃതിയാണ്. മാർക്ക് ആന്റണിയെ കാത്തിരിക്കുമ്പോഴും രാത്രികളിൽ ഉറങ്ങാനുമൊക്കെ വിശ്വസുന്ദരി ക്ലിയോപാട്ര ആവശ്യപ്പെടുന്നത് മന്ദ്രഗോറയാണ്. മന്ദ്രഗോറ എന്ന വാക്കിൽനിന്നാണ് (മാന്ത്രികനായ) മാൻഡ്രേക് എന്ന വാക്കിന്റെ ഉൽപ്പത്തിപോലും.

അർജന്റീനയ്ക്ക് പുറത്തേക്ക്

2010 വരെ ഏഴുവർഷം തുടർച്ചയായി അർജന്റീനയിലുടനീളം മന്ദ്രഗോറയുമായി സഞ്ചരിച്ച ജുവാനും മരിയാനയും പിന്നീട് തങ്ങളുടെ നാടകവുമായി രാജ്യത്തിന് പുറത്തുകടക്കുകയായിരുന്നു. ആദ്യം ബൊളീവിയയിലേക്കും പെറുവിലേക്കും ഇക്വഡോറിലേക്കുമായി തുടങ്ങിയ യാത്ര പിന്നീട് കൊളംബിയ, വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്, പാനമ, കോസ്റ്ററിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, എൽസാൽവഡോർ, ബെലിസ്, ഗ്വാട്ടിമാല, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും നീണ്ടു. തുടർന്ന്, റൊമാനിയ, പോളണ്ട്, ബോസ്‌നിയ, ഫ്രാൻസ്, ടുണിഷ്യ, മൊറോക്കോ, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, കെനിയ, എത്യോപ്യ, താൻസാനിയ, ഈജിപ്ത്, മഡഗാസ്‌കർ, ചൈന, സുഡാൻ... അങ്ങനെ എത്രയോ രാജ്യങ്ങളിലെ ആയിരത്തഞ്ഞൂറിലേറെ വേദികളിൽ എത്രയോ ആസ്വാദകർ ഇതിനകം അരങ്ങേറിയ മന്ദ്രഗോറ കണ്ടു. മെക്‌സിക്കോയിൽനിന്നാണ്, ജുവാനും മരിയാനയ്ക്കും മറ്റൊരു കൂട്ടുകാരിയെ കിട്ടിയത്. യാത്രകളെ പ്രണയിക്കുന്ന, അഭിനയം അക്കാദമികമായി പഠിച്ച ആന്ദ്രിയ. ആന്ദ്രിയയാണ് ഇപ്പോൾ നാടകത്തിന്റെ ശബ്ദവും വെളിച്ചവും സംഗീതവുമെല്ലാം കൈകാര്യം ചെയ്യുന്നത്.
 
നിർത്താതെയുള്ള ഈ യാത്രകളിൽ നാളിതുവരെ ഒരു വിഷമവും നേരിട്ടിട്ടില്ല എന്നാണ് മരിയാന പറയുന്നത്. പല ദേശങ്ങളിലും പല സംസ്‌കാരങ്ങളിലും ജീവിക്കുന്ന മനുഷ്യർക്കുമുമ്പിൽ നാടകം അവതരിപ്പിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചാൽ ജുവാനും മരിയാനയും ഒരുമിച്ചു പറയും: 'മനുഷ്യരുടെ വികാരങ്ങൾ എല്ലായിടത്തും ഒരുപോലെയാണ്. വിശപ്പ്, സ്‌നേഹം, ദേഷ്യം, ഇണക്കം, പിണക്കം, കൂടിച്ചേരാനുള്ള ത്വര എന്നിങ്ങനെ മാനവികതയെ നിർണയിക്കുന്ന അടിസ്ഥാന ഘടകങ്ങൾ എല്ലായിടത്തും ഒന്നുതന്നെ. അതിന് കാലദേശഭേദമില്ല. അതുകൊണ്ടുതന്നെ മന്ദ്രഗോറ സർക്കസ് എല്ലായിടത്തും നന്നായി സ്വീകരിക്കപ്പെടുന്നു.'
 
മൈനസ് ഇരുപതു ഡിഗ്രി തണുപ്പിലും ആമസോൺ മഴക്കാടുകളിലും ആഫ്രിക്കയിലെ കൊടും ചൂടിലും ഒരുപോലെ കഴിഞ്ഞിട്ടുണ്ട് സംഘം. 'ഞങ്ങളെ സംബന്ധിച്ച് സ്വദേശം, വിദേശം എന്ന വേർതിരിവ് തന്നെയില്ല. എത്തുന്നിടമെല്ലാം സ്വന്തം നാടാണ്. പാസ്‌പോർട്ട്, വിസ തുടങ്ങിയ യാത്രാരേഖകൾ മാത്രമാണ് രാജ്യങ്ങളെ വേർതിരിക്കുന്നത്' ജുവാൻ പറയുന്നു.
വൈപ്പിനിലെ കായൽ സൗന്ദര്യം ആസ്വദിക്കുന്നു ജുവാനും ആൻഡ്രിയയും മരിയാനയും

വൈപ്പിനിലെ കായൽ സൗന്ദര്യം ആസ്വദിക്കുന്നു ജുവാനും ആൻഡ്രിയയും മരിയാനയും

പണത്തിനല്ല, ജീവിക്കാൻ വേണ്ടി

പണമുണ്ടാക്കാനായി നാടകം കളിക്കുകയല്ല, മറിച്ച് ജീവിക്കാൻവേണ്ടി നാടകം കളിക്കുകയോ നാടകത്തിനുവേണ്ടി ജീവിതം കളിക്കുകയോ ആണ് ഇവർ. വാസ്തവത്തിൽ, നാടകമാണ് ജുവാനെയും മരിയാനയെയും നയിക്കുന്നത്. അതവരെ ഭൂഖണ്ഡങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഒന്നിനുമൊരു നിശ്ചയവുമില്ല എന്നപോലെ പൊടുന്നനെയാണ് യാത്രകൾ. യാത്രാരേഖകൾ തയ്യാറാക്കുന്നതും അതത് സ്ഥലത്തെ നാടകസംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതുമെല്ലാം ഒരുമിച്ച്.
 
ഒന്നോ രണ്ടോ ആഴ്ച ഒരിടത്ത് താമസിക്കുന്നു. അവിടെ നാടകം അവതരിപ്പിക്കുന്നു. കിട്ടുന്നതിൽ തൃപ്തരാകുന്നു. കൈയടിയെയും കണ്ണീരിനെയും നെഞ്ചോട് ചേർത്തുപിടിക്കുന്നു. ആ അനുഭവം കണ്ടും കേട്ടും അറിയുന്നവർ അടുത്ത സ്ഥലങ്ങളിലേക്ക് ഇവരെ നിർദേശിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്നു. അത്തരത്തിൽ, ലോകമെങ്ങുമുള്ള ചെറുതും വലുതുമായ നാടകസംഘങ്ങളെ കൂട്ടിയിണക്കുന്നുമുണ്ട് മന്ദ്രഗോറ സർക്കസ്. ആളുകൾ വർണാവർണ വകഭേദങ്ങളിൽ തുരുത്തുകളായി കഴിയുന്ന ഇക്കാലത്ത് മനുഷ്യരെ മാനവികതയിലേക്ക് കണ്ണിചേർക്കാൻ കലാസഞ്ചാരങ്ങൾക്കേ കഴിയുകയുള്ളൂവെന്നാണ് മന്ദ്രഗോറ സർക്കസ് പറയുന്നത്.
 
യാത്രകൾക്കിടെ കാലം കടന്നുപോകുന്നത് അറിയുന്നില്ലേ എന്ന് ചോദിച്ചാൽ അർജന്റീനയിലെ ഒരനുഭവമാണ് മരിയാന പറയുക. 'ആദ്യം നാടകം അവതരിപ്പിച്ച ഒരിടത്ത് വർഷങ്ങൾക്കുശേഷം വീണ്ടുമെത്തിയപ്പോൾ ആദ്യസംഘാടകരിലെ ഒരാളുടെ മകനാണ് സംഘാടകന്റെ വേഷത്തിൽ ഞങ്ങളെ സ്വീകരിച്ചത്. ആശയവിനിമയ സൗകര്യങ്ങൾ ഇത്രയൊന്നും ഇല്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് യാത്ര. അന്നത്തേതിൽനിന്ന് വ്യത്യസ്തമായി വീട്ടിലും നാട്ടിലുമെല്ലാം എന്ത് നടക്കുന്നുവെന്ന് ഇന്ന് അപ്പപ്പോഴറിയാം. പക്ഷേ, നാടും വീടുമൊന്നും ഗൃഹാതുരത്വത്തോടെ ഞങ്ങളെ വേട്ടയാടുന്നില്ല. ഇനി, എന്നെങ്കിലും തിരിച്ചെത്തുമെങ്കിൽ പഴയ കളിക്കൂട്ടുകാരെയൊന്നും അത്രവേഗം തിരിച്ചറിയാനാകില്ലെന്നുമറിയാം.'
 
'അപ്പോൾ, നിങ്ങൾക്ക് പ്രായമേറുന്നില്ലേ?'
 
'കലയ്ക്ക് മരണമില്ലല്ലോ. അതുകൊണ്ട്, അഭിനേതാക്കൾക്ക് പ്രായമേറുന്നുമില്ല...!' കണ്ണിറുക്കിയുള്ള മരിയാനയുടെ മറുപടിയിൽ രാജ്യാതിർത്തികൾ മായുന്ന മന്ദ്രഗോറയുടെ സഞ്ചാരവഴികൾ തെളിഞ്ഞുകാണാം...
 
madankolavil@gmail.com
പ്രധാന വാർത്തകൾ
 Top