20 April Saturday

ആ ഗർഭപാത്രം ചീഞ്ഞുപോകട്ടെ

കെ ഗിരീഷ്Updated: Sunday Feb 4, 2018

ട്രാൻസ്ജെൻഡേഴ്സ് അവതരിപ്പിച്ച 'പറയാൻ മറന്ന കഥ' നാടകത്തിൽനിന്ന്

ഇവരും ഈ വയറ്റിൽ പിറന്നതാണെന്ന് വാത്സല്യത്തോടെ പറയാൻ അമ്മയ്ക്കാവുന്നിലെങ്കിൽ ആ ഗർഭപാത്രം ചീഞ്ഞുപോവട്ടെ. ഒരു ട്രാൻസ്ജെൻഡറിന്റെ ശാപവാക്കാണിത്. നെഞ്ചിലെ തീയുരുട്ടിയെടുത്ത വാക്ക്.  ലിംഗനിറവ് ഉള്ളവരായതുകൊണ്ടു മാത്രം ചില മക്കൾ താരാട്ടുകേട്ടുറങ്ങുകയും അതില്ലാത്തതുകൊണ്ട് ചിലർ തെരുവിലെറിയപ്പെടുകയും ചെയ്യുന്ന നീതിക്ക് എന്തു പേര് നൽകും. ആണിനും പെണ്ണിനുമിടയിൽ ഒരു നൂലിഴയുടെ വ്യതിയാനം വന്നുഭവിച്ചത് ആരുടെ കർമദോഷമാണ്, സ്രഷ്ടാക്കളുടെയോ, ദൈവങ്ങളുടെയോ? എന്നിട്ടും പഴിയും തെറിയും അനുഭവിക്കേണ്ടി വരുന്നതാരാണ്? ചോദ്യങ്ങളിങ്ങനെ പഴയകാലത്തു നിന്നും പുതിയകാലത്തിലേക്ക് പ്രവഹിക്കുന്നുണ്ട്. ട്രാൻസ്ജെൻഡേഴ്സ് ഉയർത്തുന്ന ചോദ്യങ്ങളോട് തലനേരെ പിടിച്ച് മറുപടി പറയാൻ പോലും പൊതുസമൂഹത്തിന് ശേഷിയില്ല. 
ശ്രീജിത് സുന്ദരം

ശ്രീജിത് സുന്ദരം

എക്കാലത്തും മനുഷ്യരെന്ന നിലയിൽ അംഗീകരിക്കപ്പെടാൻ വിലപിച്ചവർ വിലാപം വിട്ട് അലർച്ചയുടെയും മുദ്രാവാക്യത്തിന്റെയും സർഗാത്മക പ്രതിഷേധത്തിന്റെയും ഭാഷ കൈക്കൊള്ളുമ്പോൾ ഒരു ദേശത്തിന് മാത്രം പുറംതിരിഞ്ഞു നിൽക്കാനാവില്ല. മനുഷ്യത്വകേന്ദ്രീകൃത സമൂഹമെന്ന കേളികേട്ട നാട്ടിലാണ്, ഒരു മനുഷ്യനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അമ്മയുടെ മുന്നിൽ വെച്ച് തുണിയഴിച്ച് പരിശോധിക്കുന്നതും മർദിക്കുന്നതും. അതേനാട്ടിൽ തന്നെയാണ് സഹോദരിയോടൊപ്പം പിടികൂടി വ്യഭിചാരക്കുറ്റം ചുമത്തുന്നത്. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളുടെ നേർക്കാഴ്ചയൊരുക്കി ഒരു നാടകം അരങ്ങേറിയതാണ് ഇറ്റ്ഫോക്ക് പത്താംപതിപ്പിന്റെ മികവ്. ‘പറയാൻ മറന്ന കഥകൾ’ എന്ന പേരിൽ നാടകമൊരുക്കിയത് തമിഴ്നാട്ടിൽ നിന്നുള്ള നാടകപ്രവർത്തകനും ദളിത്, എൽജിബിടി ആക്ടിവിസ്റ്റുമായ ശ്രീജിത് സുന്ദരം. 
 
പത്താമത് അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ‘ഭാഗമായി സംഗീതനാടകഅക്കാദമിയും സ്കൂൾ ഓഫ് ഡ്രാമയും ഒരുക്കിയ ട്രാൻസ്ജെൻഡർ വർക്ക്ഷോപ്പിലാണ് നാടകം രൂപപ്പെട്ടത്.
 
റെയിൻബോ ടോക്ക്സ് അഥവാ പറയാൻ മറന്ന കഥകൾ നാടകമല്ല. കണ്ണീരും രോഷവും കലർത്തികൊണ്ട് അഭിനേതാക്കൾ പറഞ്ഞത് സ്വന്തം ജീവിതം. അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ. പതിനാലുവർഷമായി അമ്മയെ കാണാൻ കൊതിക്കുന്ന വരുടെ വിലാപം. കണ്ണീരിൽ കുതിർന്നാണ് ഓരോ അഭിനേതാവും സ്വാനുഭവങ്ങൾ പങ്കുവെച്ചത്. അതോടൊപ്പം കേരളത്തിൽ സമീപകാലത്തുമാത്രം ശക്തിയാർജിച്ച ട്രാൻസ്ജെൻഡർ പ്രതിഷേധങ്ങളുടെ ഉയർത്തെഴുന്നേൽപിന്റെ പുതിയ ഭാവമായി നാടകം. ഒന്നരമണിക്കൂർ നീണ്ടുനിന്ന അവതരണത്തിന് ഡോക്യുഡ്രാമ ഘടനയായിരുന്നു. പലപ്പോഴും അത് വിവരണങ്ങളായി. എന്നിട്ടും നിറഞ്ഞ കണ്ണും പ്രതിഷേധം നിറഞ്ഞ മനസ്സുമായാണ് ഭൂരിപക്ഷവും നാടകം കണ്ടു പൂർത്തിയാക്കിയത്. തമിഴ്നാട്ടിലെ പെൺമൈ പോലെ കേരളത്തിലും ട്രാൻസ്ജെൻഡർ നാടകസംഘം രൂപപ്പെട്ടു എന്നതുതന്നെയാണ് സവിശേഷത. 
ശീതൾ ശ്യാം,  രഞ്ജു രഞ്ജിമ, ഹരിണി ചന്ദന, ദീപ്തി കല്യാണി, മോനിഷ, ദയ ഗായത്രി, രഞ്ജുമോൾ, രതി, സാദിയ, നിയ ശിവറാം, ആയിഷ ഡൂഡിൽ, ഷാനി, ചിന്നു, എബി എന്നിവരാണ് അരങ്ങിലെത്തിയത്. സെറ്റ്, പ്രോപ്പർട്ടി, ലൈറ്റ് എന്നിവ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർഥികളാണ് നിർവഹിച്ചത്.
 
കേരളത്തിലുടനീളം നാടകം അരങ്ങിലെത്തിക്കാൻ അക്കാദമി ആലോചിക്കുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top