24 May Friday

അവർ എവിടെയൊക്കെയോ കണ്ടവരാണ്

അമൽUpdated: Sunday Feb 4, 2018
കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ ആനയുടെ തലയും പൂച്ചയുടെ വാലും പട്ടിയുടെ ഉടലും കാളയുടെ കൊമ്പും മറ്റുമൊക്കെ ചേർത്തുവച്ച് രൂപപ്പെടുത്തിയ ഒരു ചിത്രം കണ്ടിട്ടുണ്ട്. എന്നിട്ട് ചോദിക്കും ഏതൊക്കെ മൃഗങ്ങളെന്ന് കണ്ടുപിടിക്കാമോന്ന്. ഉത്തരം കൃത്യമായി കണ്ടുപിടിക്കാനൊക്കും. എന്നാൽ, അതേ രീതിയിൽ, മുമ്പ് കണ്ടിട്ടുള്ളവരും കൂടെയുള്ളവരും പരിചയമുള്ളവരുമായ പലയിടത്തുനിന്നുള്ള പല മനുഷ്യരുടെയും അംശങ്ങൾ, സംഭാഷണരീതികൾ, സ്വഭാവസവിശേഷതകളൊക്കെ ഒപ്പിയെടുത്ത് നിർമിക്കുന്ന കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടി ആര് ആരൊക്കെയെന്ന് വേർതിരിച്ചെടുക്കാൻ പറഞ്ഞാലത് അസാധ്യമല്ലേ. പല മനുഷ്യരെ മോഡലാക്കി ഇരുത്തി വരച്ചൊരു പെയിന്റിങ്ങുപോലെ, പത്ത് വ്യത്യസ്ത തലകളുള്ള രാവണനെപ്പോലെയാണ് എനിക്കവർ. 'കൽഹണൻ' നോവലിലെ ഗോപിക്കുട്ടൻ, വാസുമാഷ്, പോസ്റ്റ് വുമൺ ഷർമിള, പെട്രോൾ പമ്പിലെ വൈജയന്തി, മറ്റ് സ്ത്രീകൾ, കാക്കക്കുന്നിലെ മനുഷ്യർ, 'വ്യസനസമുച്ചയം' നോവലിലെ അംബിക, രജിത, റൊസാരിയോ മെമ്പർ, ജംഷാദ്, രാംജിത്, ഗിരി മുതലാളി തുടങ്ങി ഗ്രാമംനിറയെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുണ്ട്. ഒരു കാൽ യാഥാർഥ്യത്തിലും മറുകാൽ ഭാവനാമെനയലുകളിലും ഊന്നിനിൽക്കുന്നവർ. അവരെയൊക്കെ വീണ്ടും വീണ്ടും ഞാൻ കണ്ടുമുട്ടുന്നതിനാൽ, അവരോടൊക്കെ സംസാരിക്കുന്നതിനാൽ നോവലുകളിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങൾ ചില കഥകളിൽ വീണ്ടും കടന്നുവരാറുമുണ്ട്.  

 
ആഗോളവൽക്കരണാനന്തരലോകത്തിലാണ് എഴുത്ത് തുടങ്ങുന്നത്. സകലവും കലക്കി വിപണികളിലൂടെ ഒരേകലോകം നിർമിച്ചെടുക്കാമെന്നുള്ള ചില ശക്തികളുടെ സ്വപ്നം തകർത്തത് വിവിധ പ്രാദേശികതകളെ, പക്കാ ലോക്കൽ കാഴ്ചകളുടെ ഭാഷാവകഭേദങ്ങളെ അടയാളപ്പെടുത്തുന്നത് രാഷ്ട്രീയപ്രവർത്തനംതന്നെയായി കണ്ട് പ്രാവർത്തികമാക്കിയ സാംസ്കാരിക ചെറുത്തുനിൽപ്പാണ്. സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന വടക്കൻ തിരുവനന്തപുരം ഭാഷകണ്ട് നെറ്റി ചുളിച്ച ഒത്തിരിപ്പേരുണ്ട്. തിരുവനന്തപുരമെന്നാൽ രാജാവും ശ്രീപത്മനാഭസ്വാമിയും മാത്രമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. അവരോട് സജീവമായി നടക്കുന്ന ചരിത്രപുനർവായനകൾ മറുപടി പറയും. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് സി വിയുടെ മാർത്താണ്ഡവർമ നോവലിൽ രണ്ട് ഭാഷാരീതികളുണ്ട് എന്നതാണ്. ഒന്ന്. ഉയർന്ന തട്ടിലുള്ളവർ ഉപയോഗിക്കുന്നത്. രണ്ട്. സാധാരണക്കാരായ, അകറ്റിനിർത്തപ്പെട്ട നാനാജാതി നാട്ടുകാർ ഉപയോഗിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും ഒരിക്കൽ ഇങ്ങനെ ആയിരുന്നു. ആ സാധാരണക്കാരുടെ രണ്ടാംഭാഷാ ശൈലീരീതിയാണ് ഞാൻ എന്റെ ചുറ്റും നാട്ടിലെല്ലാം കേട്ടത്. അത് എഴുതുമ്പോഴൊക്കെയും/ എഴുതുന്നവരൊക്കെയും രാഷ്ട്രീയപ്രവർത്തനമല്ലാതെ പിന്നെന്താണ് ചെയ്യുന്നത്?

 
തിരുവനന്തപുരത്തുനിന്ന് 25 കിലോമീറ്റർ വടക്കായി എംസി റോഡിലാണ് പിരപ്പൻകോട് എന്ന ചെറിയ വലിയ ഗ്രാമം. ചരിത്രത്തിനും എഴുത്തുകാർക്കുമൊന്നും ഒരു പഞ്ഞവുമില്ലാത്ത നെടുമങ്ങാട് താലൂക്കിലെ, മാതൃകാപഞ്ചായത്തിനുള്ള ഒട്ടേറെ പുരസ്കാരം നേടിയെടുത്ത മാണിക്കൽ പഞ്ചായത്തിലാണ് സി വിയുടെ മാർത്താണ്ഡവർമ നോവലിൽ പറയുന്ന പ്രാദേശികഭരണാധികാരങ്ങൾ ഒരുപക്ഷേ കൈകാര്യം ചെയ്യാൻ അധികാരമുണ്ടായിരുന്ന പരപ്പൻ കോടനിൽ ചരിത്രത്തിന്റെ ഒരു കാലൂന്നി പതിയെ വളർന്നുവന്ന പിരപ്പൻകോട് എന്ന എന്റെ ഇടം ഉള്ളത്. മതിലകംരേഖകളിൽനിന്ന് 1490കളിൽ ഇവിടത്തെപ്പറ്റി പരാമർശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമ്മൂമ്മയുടെ കുഞ്ഞിലേ; 1936ൽ ഇവിടെ ഗാന്ധി വന്നിട്ടുണ്ട്. അനേകം നാടകചലച്ചിത്രപ്രതിഭകളെ കേരളത്തിനു സമ്മാനിച്ച ഈ നാടിന്റെ ആത്മാവ് പക്ഷേ നീന്തലാണ്. ഇവിടത്തെ മനോഹരമായ ക്ഷേത്രക്കുളം കായികകേരളത്തിന് ഒട്ടേറെ നീന്തൽതാരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും നീന്തിനടക്കുന്ന അവരെ കാണാം. അതിനാൽത്തന്നെ നായനാർ സർക്കാരിന്റെ കാലത്ത് ഇവിടെയാണ് അന്താരാഷ്ട്ര സ്വിമ്മിങ് പൂൾ അനുവദിച്ചത്.
 
എന്റെ കുട്ടിക്കാലത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും പൊതുകിണറും ആൽത്തറയും ചുമടുതാങ്ങിയും സദ്യാലയവും കുളവും മാണിക്കൽ ഏലാവയലുകളും പള്ളികളും അമ്പാടി, പുളിമൂട്, ജയാ ഹോട്ടലുകളും സ്ഥിരം നാടക റിഹേഴ്സലും സഹകരണ ബാങ്കും ബാർബർ ഷോപ്പും റേഷൻകടയും വായനശാലയും അടങ്ങിയ ചെറുപ്രദേശമായിരുന്നു ഇവിടം. കുളമാണ് ദേശത്തിന്റെ നട്ടെല്ല്. കുളത്തെയും വെള്ളിയാഴ്ചത്തമിഴനെയും കഥാപാത്രങ്ങളാക്കി എഴുതിയ കഥയാണ് 'മഞ്ഞക്കാർഡുകളുടെ സുവിശേഷം'. പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന രവീന്ദ്രൻ സാറിന്റെ വീട്ടിൽ ഒക്കുന്ന പണികൾ ചെയ്യാനായി പോകുന്ന അമ്മൂമ്മയ്ക്കൊപ്പം എന്നും ഞാനും എല്ലാം കണ്ട് നടന്നുപോകും. വയലും കുളവും തോടും താണ്ടി സ്കൂളിൽ പോകും. രാവിലെയും വൈകിട്ടും നീന്തൽ കാണും, പിരപ്പൻകോട്ട് നടക്കുന്ന കരാട്ടെ, നാടകം, കഥകളി, പ്രസംഗങ്ങൾ എല്ലാം ഒറ്റയ്ക്ക് ഒരു മൂലയ്ക്ക് പോയിനിന്ന് മനസ്സിൽ പതിക്കും. കണ്ട കാഴ്ചകളും ആളുകളും ഇന്നും മനസ്സിൽ തൂങ്ങുന്നുണ്ട്.
 
മാണിക്കൽ ഏലായിലെ കൊയ്ത്തുമുതൽ പല പല പണികൾ ചെയ്താണ് അമ്മ ഞങ്ങൾ മൂന്ന് ആൺകുട്ടികളെ വളർത്തിയത്. അമ്മ ജോലിക്ക് നിൽക്കാൻ പോകുന്ന വീടുകളിലെല്ലാം ഞാൻ കേറിയിറങ്ങും. ഓരോ ജോലിയുടെയും മഹത്വം അനുഭവിച്ചറിഞ്ഞാണ് വളർന്നത്. രാജീവണ്ണന്റെ തടിക്കടയിൽ ഒത്തിരിക്കാലം ജോലിചെയ്തു. ഉണ്ണിമാമനൊപ്പം പെയിന്റിങ് പണിക്ക് പോയി. കൊച്ചുമണി അണ്ണനൊപ്പം റബർ ടാപ്പിങ്ങിനു പോയി. സീരിയലിൽ ആർട്ടിൽ പണിയെടുത്തു. കാർട്ടൂണിസ്റ്റായി. ഇല്യുസ്ട്രേറ്ററായി. ഈവന്റ് ഇടങ്ങളിൽ കാരിക്കേച്ചറിസ്റ്റായി. ഓൺലൈൻ പത്രത്തിൽ സബ് എഡിറ്ററായി. കണ്ണൂർ സൈക്കിൾ ബുക്സിൽ പണിയെടുത്തു. പെട്രോൾപമ്പിൽ ഫില്ലറായി. തിരുവനന്തപുരം, മാവേലിക്കര ഫൈൻ ആർട്സ് കോളേജുകളിൽ കലാചരിത്രം ഗസ്റ്റ് അധ്യാപകനായി. ഇപ്പോൾ ഒരു കൊറിയൻ കമ്പനിയിലും ഇറ്റാലിയൻ റസ്റ്റോറന്റിലും പാർട്ട് ടൈമായി ജോലിചെയ്യുന്നുണ്ട്. 'കല്ലുഹാർട്ട്', വേലിക്കല്ല്', 'പരസ്യക്കാരൻ തെരുവ്', 'നരകത്തിന്റെ ടാറ്റൂ' അങ്ങനെ എഴുതിയുണ്ടാക്കിയ ഓരോ കഥയും അതിലെ കഥാപാത്രങ്ങളും ഇവിടെ എവിടെയൊക്കെയോ ഞാൻ കണ്ടവരാണ്. ഞാൻ ജീവിക്കുന്ന ജീവിതംതന്നെയാണ് എനിക്ക് എഴുത്ത്.
പ്രധാന വാർത്തകൾ
 Top