21 February Thursday

പ്രാചീന ഭാരതചരിത്രവും ഹിംസയുടെ വംശാവലിയും

സുനിൽ പി ഇളയിടംUpdated: Sunday Feb 4, 2018
ആധുനിക ഇന്ത്യയിലെ ചരിത്രഭാവനയെ നിർണയിച്ച സുപ്രധാന ആശയങ്ങളിലൊന്നായിരുന്നു അഹിംസ. ഗാന്ധിജിയുടെ രാഷ്ട്രീയകാര്യപരിപാടിയുടെ കേന്ദ്രമായി അവതരിപ്പിക്കപ്പെട്ടതുവഴി, ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവപ്രധാനമായ ആശയമായി അത് മാറി. സത്യഗ്രഹം, സർവോദയം, നിർമാണ പ്രവർത്തനങ്ങൾ, സർവധർമസമഭാവന എന്ന് ഗാന്ധിജി വിശേഷിപ്പിച്ച മതനിരപേക്ഷത തുടങ്ങിയവയെല്ലാം അഹിംസ എന്ന ആശയത്തോട് എല്ലാ നിലയിലും കൂട്ടിയിണക്കപ്പെട്ടു. അങ്ങനെ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ആശയങ്ങളിലൊന്നായി അത്.
 
സമകാലികമായ ഈ രാഷ്ട്രീയ ആശയത്തെ ഭൂതകാലത്തിന്റെ ചരിത്രയാഥാർഥ്യംകൂടിയാക്കി മാറ്റിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിൽ ദേശീയവാദപരമായ ചരിത്രവിജ്ഞാനം ഉയർന്നുവന്നത്. ദേശീയപതാകയിലെ ധർമചക്രവും അശോകന്റെ അംഹിസാതത്വവും ബുദ്ധമതപാരമ്പര്യവുമെല്ലാം ഈ ചരിത്രഭാവനയിലെ പലതരം പ്രയോഗസാമഗ്രികളായി. അവയെ മുൻനിർത്തി ആദർശാത്മകവും അഹിംസാത്മകവുമായ ഒരു പ്രാചീന ഘട്ടം ദേശീയവാദത്തിന്റെ സന്ദർഭത്തിൽ ഇന്ത്യാചരിത്രത്തിൽ വിഭാവനം ചെയ്യപ്പെടുന്നുണ്ടായിരുന്നു. റൊമില ഥാപ്പർ അഭിപ്രായപ്പെട്ടപോലെ, വർത്തമാനകാലം ഭൂതകാലത്തിൽ സ്വന്തം മുഖം നോക്കിക്കാണുന്ന നിലയിൽ ചരിത്രം വിഭാവനം ചെയ്യപ്പെട്ട സന്ദർഭങ്ങളിലൊന്നായിരുന്നു അത്. ഗാന്ധിജിയും നെഹ്‌റുവുംമുതൽ ബൗദ്ധപാരമ്പര്യത്തെ ആദർശാത്മകമായി വിലയിരുത്തിയ അംബേദ്കർവരെയുള്ളവരുടെ പരസ്പരഭിന്നമായ വിലയിരുത്തലുകളും വ്യാഖ്യാനങ്ങളും ചേർന്ന് നിർമിച്ചെടുത്ത ഒരു വ്യവഹാരമണ്ഡലത്തിൽ, അഹിംസ പ്രാചീന ഇന്ത്യ ജന്മം നൽകിയ ഏറ്റവും മഹിതമായ മൂല്യമായി മനസ്സിലാക്കപ്പെട്ടു. അടിസ്ഥാനപരമായി ഒരു യുദ്ധഗാഥയായ ഭഗവദ്ഗീതവരെ അഹിംസയുടെ സൂക്ഷ്മാവിഷ്‌കാരമായി വ്യാഖ്യാനിക്കപ്പെടാൻ തുടങ്ങിയത് അങ്ങനെയാണ്. 
 
അഹിംസ എന്ന ആശയത്തിന് പ്രാചീനചരിത്രത്തിൽ എന്ത് സ്ഥാനമാണ് ഉണ്ടായിരുന്നത്? രാജവാഴ്ചയും ഭരണകൂടരൂപങ്ങളും ഉയർന്നുവരുകയും, സാമ്രാജ്യങ്ങൾ ഉയർന്നുപൊങ്ങി നിലംപൊത്തുകയും, വിവിധ ജനവിഭാഗങ്ങൾ ഇണങ്ങിയും ഇടഞ്ഞും നാഗരികതയുടെ പുതിയ പടുതികൾക്ക് രൂപം നൽകുകയും ചെയ്ത ഘട്ടത്തിലെ ഉത്തരഭാരതജീവിതം അഹിംസ എന്ന ആശയത്തെ പിൻപറ്റിയാണോ നിലനിന്നത്? അതോ രാഷ്ട്രീയഭരണകൂടഹിംസയുടെ നാനാവിധ ആവിഷ്‌കാരങ്ങൾതന്നെയാണോ മറ്റേതൊരു കാലഘട്ടവും എന്നപോലെ പ്രാചീന ഇന്ത്യാചരിത്രവും അവശേഷിപ്പിക്കുന്നത്? ഹിംസയുടെ ഈ ചരിത്രത്തിനുമേൽ കെട്ടിപ്പൊക്കപ്പെട്ട ഒരു ആധുനികമിത്താണോ പ്രാചീനഭാരതത്തിലെ അഹിംസാത്മക പൈതൃകം?
 
ഇത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്ത്, ആധുനിക ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിൽ അനിതരസാധാരണമായ പ്രാധാന്യം കൈവരിച്ച അഹിംസ എന്ന മിത്തിന്റെ ചരിത്രജീവിതം ആരാഞ്ഞുപോവുകയും അതിനെ അഴിച്ചുപരിശോധിക്കുകയും ചെയ്യുന്ന ഉജ്വലമായ രചനയാണ് ഉപീന്ദർ സിങ്ങിന്റെ  പ്രാചീന ഇന്ത്യയിലെ രാഷ്ട്രീയഹിംസ (Political Violence in Ancient India). അക്കാദമിക പ്രസാധനമേഖലയിൽ ഏറ്റവും വിഖ്യാതരായ ഹാവാർഡ് യൂണിവേഴ്‌സിറ്റി പ്രസാണ് 2017ൽ ഇത് പ്രസിദ്ധീകരിച്ചത്. പ്രാചീന ഇന്ത്യാചരിത്രപഠനത്തിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ പണ്ഡിതയാണ് ഉപീന്ദർ സിങ്. അശോകനും  ബുദ്ധപാരമ്പര്യവും ഡൽഹിയുടെ പ്രാചീനചരിത്രവുംമുതൽ ഇന്ത്യൻ പുരാവിജ്ഞാനംവരെയുള്ള വിവിധ മേഖലകളിൽ അവർ ഇടപെട്ടിട്ടുണ്ട്.  
 
ഒരർഥത്തിൽ, ഹിംസ എന്ന ആശയത്തെ പ്രാചീന ഇന്ത്യാചരിത്രത്തെ മുൻനിർത്തി വിശകലനവിധേയമാക്കുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. അർഥശാസ്ത്രവും നീതിസാരവും മനുസ്മൃതിയുംമുതൽ രഘുവംശവും അഭിജ്ഞാനശാകുന്തളവുംവരെയുള്ള വിവിധ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രാചീന ഇന്ത്യൻ വ്യവഹാരത്തിൽ ഹിംസ എങ്ങനെ അടയാളപ്പെട്ടിരിക്കുന്നു എന്നാരായുകയാണ് ഒരു ഭാഗത്ത്. ആ നിലയിൽ ഹിംസയുടെ വ്യാവഹാരിക ചരിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ, സാമൂഹ്യജീവിതത്തിൽ പ്രവർത്തനക്ഷമത കൈവരിക്കുന്ന ഒരാശയവും കേവലം ആശയമായിമാത്രമല്ല നിലനിൽക്കുന്നത്. ഹെഗലിന്റെ നിയമദർശനവിമർശത്തിൽ മാർക്‌സ് നിരീക്ഷിക്കുന്നതുപോലെ, ജനങ്ങൾക്കുമേൽ പിടിമുറുക്കിയ ആശയങ്ങൾ ഭൗതികശക്തിയായി പരിണമിച്ച ആശയങ്ങളാണ്. അങ്ങനെ നോക്കിയാൽ ഹിംസയുടെ ആശയചരിത്രം പ്രാചീന ഇന്ത്യയുടെ രാഷ്ട്രീയചരിത്രംകൂടിയായി പരിണമിക്കുന്നുണ്ട്. ഈ നിലയിൽ ആശയചരിത്രത്തെയും രാഷ്ട്രീയചരിത്രത്തെയും കൂട്ടിയിണക്കി ബിസി 600 എഡി 600 കാലയളവിലെ ഹിംസയുടെ ചരിത്രജീവിതത്തെ അനാവരണംചെയ്യുകയാണ് ഗ്രന്ഥകാരി.
 
ഹരപ്പൻ നാഗരികതയുടെയും വൈദികസംസ്‌കൃതിയുടെയും പശ്ചാത്തലത്തിൽ ചില ആലോചനകൾ താൻ നടത്തുന്നുണ്ടെങ്കിലും മുഖ്യമായും ബിസി 600 എഡി 600 എന്ന കാലപരിധിയിലാണ് അന്വേഷണം മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉപീന്ദർ സിങ് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മഗധയുടെ ഉയർച്ചമുതൽ ഗുപ്തസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു പിന്നാലെ ആദിമധ്യയുഗത്തിലേക്ക് (Early Medieval) പ്രാചീന ചരിത്രഘട്ടം വഴിമാറുംവരെയുള്ള കാലയളവ് എന്നതാണ് ഇതിനു പിന്നിലെ ന്യായീകരണം. ബുദ്ധജൈന മതങ്ങളും അശോകസാമ്രാജ്യവും ഗുപ്തഭരണവുംമുതൽ അർഥശാസ്ത്രവും മഹാഭാരതവും രാമായണവും കാളിദാസരചനകളുംവരെയുള്ള പ്രാചീന ഇന്ത്യയിലെ മഹാപൈതൃകങ്ങൾ രൂപപ്പെട്ട കാലയളവാണിത്.  അതേ കാലയളവിനെയും ആ കാലത്തെ പ്രമാണപാഠങ്ങളെയും മുൻനിർത്തി അത്തരമൊരു വിശ്വാസത്തിന്റെ യാഥാർഥ്യമെന്തെന്ന് ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു. 
 
അഞ്ച് അധ്യായമുള്ള ഗ്രന്ഥത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങളിൽ, ബിസി 600 മുതൽ ക്രിസ്തുവർഷം 600 വരെയുള്ള കാലയളവിലെ രാജവാഴ്ചാസമ്പ്രദായത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ രൂപങ്ങളും രാഷ്ട്രീയഹിംസ എന്നതുമായി അതിനുള്ള ബന്ധങ്ങളും വിശദമായി പരിശോധിക്കപ്പെട്ടിരിക്കുന്നു. മഹാഭാരതം, രാമായണം, അർഥശാസ്ത്രം, നീതിസാരം തുടങ്ങിയ പ്രാചീനപാഠങ്ങളെയും രാജശാസനങ്ങളെയും നാണയങ്ങളെയും കലാപരമായ ആവിഷ്‌കാരങ്ങളെയും മറ്റും മുൻനിർത്തിയാണ് ഈ വിശകലനം ഉപീന്ദർ സിങ് നിർവഹിക്കുന്നത്. ഈ സ്രോതസ്സുകളെല്ലാം അത്യന്തം ചലനാത്മകവും അവയുടെ ആസന്നസന്ദർഭത്തിനപ്പുറം പ്രാധാന്യമുള്ളവയുമാണെന്ന് ഗ്രന്ഥകാരി വ്യക്തമാക്കുന്നുണ്ട്. അതിവിപുലമായ തെളിവുശേഖരങ്ങൾക്ക് ജന്മം നൽകിയ കാലപരിധിയാണ് മേൽപ്പറഞ്ഞത്. അതുകൊണ്ടുതന്നെ ആ കാലയളവിലെ മുഴുവൻ പ്രമാണങ്ങളെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുക പ്രായോഗികമായി എളുപ്പമല്ല. ബ്രാഹ്മണ, ബൗദ്ധ സ്രോതസ്സുകളെ പ്രധാനമായി ആശ്രയിച്ചുകൊണ്ടും ജൈനപാഠങ്ങൾ ഉൾപ്പെടെയുള്ളവയെ സാമാന്യമായി പരിഗണിച്ചുകൊണ്ടുമുള്ള ഒരു വിഷയവിശകലനരീതിയാണ് ഗ്രന്ഥം പിന്തുടരുന്നത്. അതുപോലെ, ദക്ഷിണേന്ത്യൻ ചരിത്രത്തേക്കാൾ കവിഞ്ഞ പ്രാധാന്യം ഉത്തരഭാരതചരിത്രത്തിന് വിശകലനത്തിൽ കൈവന്നിട്ടുമുണ്ട്.
ഉപീന്ദർസിങ്

ഉപീന്ദർസിങ്

അടിസ്ഥാനങ്ങൾ (Foundations) എന്ന ശീർഷകത്തിലുള്ള ആദ്യ അധ്യായം ബിസി 600200 കാലയളവിൽ ആദ്യകാല ഭരണകൂടരൂപങ്ങൾ ഉത്തര മധ്യഭാരതത്തിൽ ഉരുത്തിരിഞ്ഞുവന്നതിനെക്കുറിച്ചാണ്. ഒരർഥത്തിൽ ഹിംസയുടെയും അഹിംസയുടെയും ആശയലോകം ഇന്ത്യൻ രാഷ്ട്രവ്യവഹാരത്തിൽ വേരുപിടിക്കുന്ന കാലം. ഒരുഭാഗത്ത് ബുദ്ധജൈന പാരമ്പര്യങ്ങളും അശോകഭരണവും മറ്റുമായി അഹിംസയുടെ സൈദ്ധാന്തിക പ്രയോഗരൂപങ്ങളാണെങ്കിൽ മറുഭാഗത്ത് മഹാഭാരത, രാമായണങ്ങളും അവയിലെ രാഷ്ട്രതന്ത്രവിചാരങ്ങളുമായി രാഷ്ട്രീയ ഹിംസയുടെ വിപുലമായ ഒരു ലോകവും നമുക്ക് കാണാം. പിന്നാലെ വരുന്ന സംക്രമണങ്ങൾ (Transitions) എന്ന രണ്ടാം അധ്യായം ബി.സി. 200 മുതൽ ക്രിസ്തുവർഷം 300 വരെയുള്ള കാലയളവിനെക്കുറിച്ചാണ്. മൗര്യഭരണത്തിന്റെ തകർച്ചയും പുഷ്യമിത്രസുംഗന്റെ സ്ഥാനാരോഹണവുംമറ്റുംകൊണ്ട് അത്യന്തം ഹിംസാത്മകവും കലുഷവുമായ  കാലയളവാണിത്. ശാകന്മാരും കുശാനന്മാരും പാർഥിയന്മാരും ബാക്ട്രിയൻ ഗ്രീസുകാരും മറ്റും ഇന്ത്യയിലേക്ക് കടന്നുകയറി ഇന്ത്യൻ സംസ്‌കൃതിയുടെ ഭാഗമാകുന്നത് ഇക്കാലത്താണ്. അർഥശാസ്ത്രവും മനുസ്മൃതിയുംമുതൽ ഭാസനാടകങ്ങളും അശ്വഘോഷന്റെ ബുദ്ധചരിതവും ജാതകകഥകളും വരവേലർ, സാതവാഹനർ തുടങ്ങിയവരുടെ ശാസനങ്ങളും എല്ലാമാണ് ഈ കാലയളവിന്റെ പ്രമാണപാഠങ്ങളായി പരിഗണിക്കപ്പെടുന്നത്. മൂന്നാമത്തെ അധ്യായത്തിന്റെ ശീർഷകം പക്വദശ (Maturity) എന്നാണ്. ഉത്തരഭാരതത്തിൽ ഗുപ്തസാമ്രാജ്യവും ഡക്കാൻമേഖലയിൽ വാകാടകരും ഉയർന്നുവന്ന ക്രിസ്തുവർഷം 300‐600 കാലയളവിനെക്കുറിച്ചാണ് ഈ ഭാഗം.  ഗുപ്ത വാകാടക ശാസനങ്ങൾ, കമന്ദകന്റെ നീതിസാരം, കാളിദാസരചനകൾ, വിശാഖദത്തന്റെ മുദ്രാരാക്ഷസം, പഞ്ചതന്ത്രം എന്നിങ്ങനെയുള്ള പ്രമാണപാഠങ്ങളാണ് ഈ ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളുടെ അടിസ്ഥാനം. 
 
അവസാന രണ്ട് അധ്യായങ്ങൾ രാജവാഴ്ചയും ഭരണകൂടരൂപങ്ങളും ഉൾപ്പെടെയുള്ള മേഖലകൾക്ക് പുറത്തുള്ള ഹിംസയുടെ ആവിഷ്‌കാരങ്ങളെക്കുറിച്ചാണ്. നാലാം അധ്യായത്തിലെ മുഖ്യ പരിഗണനാവിഷയം യുദ്ധം. അവസാന അധ്യായത്തിലേത് കാടും മൃഗയാവിനോദങ്ങളും. ഭരണതന്ത്രത്തിൽ യുദ്ധത്തിനുള്ള സ്ഥാനം, യുദ്ധവും ധർമവും, ശരിയായ യുദ്ധമുറകൾ, യുദ്ധത്തിനെതിരായ വിമർശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള സംവാദങ്ങളാണ് നാലാം അധ്യായത്തിന്റെ കേന്ദ്രം. വന്യപ്രകൃതിയും നാഗരികതയും തമ്മിലുള്ള ഹിംസാത്മകമായ വിനിമയങ്ങൾ പ്രാചീനഭാരതത്തിൽ അരങ്ങേറിയതെങ്ങനെ എന്ന പരിശോധനയാണ് ഒടുവിലത്തെ അധ്യായം. വനങ്ങളുടെ വർഗീകരണം, വനവിഭവങ്ങളുടെ ചൂഷണം, വനവാസികളെക്കുറിച്ചുള്ള വിഭിന്ന വീക്ഷണങ്ങൾ, വനമൃഗങ്ങൾക്ക് കൈവന്ന പ്രതീകപദവികൾ, മൃഗയാവിനോദം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രകൃതിയുമായുള്ള മാനുഷികവിനിമയങ്ങൾ പ്രാചീനഭാരതത്തിൽ കൈവരിച്ച ഹിംസാത്മകമാനങ്ങളുടെ സൂക്ഷ്മചരിത്രം അവസാന അധ്യായം അനാവരണം ചെയ്യുന്നു.
 
ഈ നിലയിൽ, അത്യന്തം വിപുലമായ സ്രോതസ്സുകളെയും പ്രമാണപാഠങ്ങളെയും മുൻനിർത്തി, ഹിംസ എന്ന ആശയത്തിന്റെ ജീവിതത്തെ പ്രാചീന ഭാരതചരിത്രത്തിൽ സ്ഥാനപ്പെടുത്തുന്ന ഒന്നാണ് ഉപീന്ദർ സിങ്ങിന്റെ ഗ്രന്ഥം. ഒരുഭാഗത്ത്, ദേശീയവാദപരമായ ചരിത്രവിജ്ഞാനീയം (Nationalist Historiography) കെട്ടിപ്പടുത്ത മിഥ്യാധാരണകളിലൊന്നിനെ അഴിച്ചുകാട്ടിക്കൊണ്ടും, മറുഭാഗത്ത്, ആശയാവലികളും ഭൗതികജീവിതബന്ധങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അനാവരണംചെയ്തുകൊണ്ടും ഇന്ത്യയുടെ പ്രാചീന ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ അതുല്യമായ സംഭാവനകളിലൊന്നായി ഈ ഗ്രന്ഥം സ്ഥാനം നേടുന്നു.
പ്രധാന വാർത്തകൾ
 Top