16 February Saturday

വരക്കൂട്ടങ്ങളുടെ വർണം

എം എസ് അശോകൻUpdated: Sunday Feb 4, 2018

കലേഷ് പൊന്നപ്പൻ വരച്ച ക്യാരിക്കേച്ചർ

സാമൂഹ്യമാധ്യമ കൂട്ടായ്മകൾ കലാസ്വാദനത്തിനും പരിശീലനത്തിനും നൽകുന്ന പിന്തുണയും പ്രോത്സാഹനവും ഇനിയും പ്രത്യേകം പരിശോധിക്കപ്പെട്ടിട്ടില്ല. കലാവാസനയുള്ളവരെ ആ രംഗത്ത് കൂടുതൽ കൈപിടിച്ചുനടത്തുന്നതിലും കലാസ്വാദകർക്ക് വൈവിധ്യമാർന്ന കലാസൃഷ്ടികൾ ആസ്വദിക്കാനും ഇത്തരം കൂട്ടായ്മകൾ വിപുലമായ അവസരമാണ് ഒരുക്കുന്നത്. കലാകാരന്മാരുടെ ഫെയ്സ്ബുക്ക് പേജുകൾ ഏതവസരത്തിലും പരിശോധിക്കാവുന്ന റഫറൻസ് ബുക്കുകളും ചലനാത്മകതയുള്ള ഗ്യാലറികളുമായി പരിണമിച്ചുകഴിഞ്ഞു. അത്രയൊന്നും സജീവമല്ലാത്ത കലാകാരന്മാർപോലും ഇത്തരം കൂട്ടായ്മകളിൽനിന്നു കിട്ടുന്ന ഊർജമാവാഹിച്ച് പിന്നീട് കലാരംഗത്ത് കൂടുതൽ സംഭാവന നൽകുന്നവരായി മാറിയ എത്രയോ അനുഭവങ്ങൾ. കൃത്യമായ ഇടവേളകളിൽ ഇവർ ഒത്തുചേരുന്ന ചിത്രകലാ ക്യാമ്പുകളും നിരവധി. സാമൂഹ്യമാധ്യമ കൂട്ടായ്മയിൽ പിറവിയെടുത്ത ഗ്രൂപ്പുകൾ ഒരുക്കുന്ന വ്യത്യസ്തങ്ങളായ കലാപ്രദർശനങ്ങൾ മുമ്പെങ്ങുമില്ലാതിരുന്ന അവസരമാണ് കലാകാരന്മാർക്കും ആസ്വാദകർക്കും തുറന്നിടുന്നത്. കുട്ടിക്കാലത്തെ ചിത്രരചനാവാസനയെ കൂടുതൽ പരിപോഷിപ്പിച്ച് കാരിക്കേച്ചർ‐പോർട്രെയിറ്റ് രചനയിൽ സാന്നിധ്യമറിയിച്ച കലേഷ് പൊന്നപ്പൻ നവമാധ്യമ കൂട്ടായ്മയുടെ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി പറയുന്ന കലാകാരനാണ്. 
കലേഷ് പൊന്നപ്പൻ

കലേഷ് പൊന്നപ്പൻ

കളർ പെൻസിലിൽ പോർട്രെയിറ്റുകളും കാരിക്കേച്ചറുകളും വരയ്ക്കുന്ന ആലപ്പുഴ സ്വദേശി കലേഷ് പൊന്നപ്പൻ ചിത്രകല സ്വയം അഭ്യസിച്ചതാണ്. കുട്ടിക്കാലംമുതൽക്കേ ചിത്രരചനയിൽ താൽപ്പര്യമുണ്ടായിരുന്നെങ്കിലും അക്കാദമിക് പഠനത്തിന് അവസരം കിട്ടിയില്ല. ചിത്രരചന എല്ലായ്പ്പോഴും തുടർന്നെങ്കിലും ഉപജീവനാർഥം മറ്റു മേഖലകളിലേക്ക് വഴിതിരിഞ്ഞു. പിന്നീട് ഫെയ്സ്ബുക് പോലുള്ള കൂട്ടായ്മകളിൽ ചിത്രകാരന്മാരുടെ ഇടപെടൽ വർധിച്ചപ്പോൾ വരയിലെ ഇടവേള അവസാനിപ്പിച്ച് കലേഷ് ചിത്രംവരയിൽ കൂടുതൽ സജീവമായി. ചിത്രങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിൽനിന്നു കിട്ടുന്ന സ്വീകാര്യത പ്രോത്സാഹനമായി. അധികമാരും പ്രൊഫഷണൽ രചനയ്ക്ക് ഉപയോഗിക്കാത്ത കളർ പെൻസിലുകളാണ് കലേഷിന്റെ ചിത്രങ്ങളുടെ ജീവൻ. ജലച്ചായവും അക്രിലിക്കും പോലുള്ള മാധ്യമങ്ങൾ പ്രയോഗിക്കാറുണ്ടെങ്കിലും കലേഷിന് പ്രിയമുള്ള കാരിക്കേച്ചർ, പോർെട്രയിറ്റ് വരയ്ക്ക് കൂടുതൽ ഉചിതം കളർ പെൻസിൽ തന്നെ. പോർെട്രയിറ്റുകളെ ജീവസ്സുറ്റതാക്കാനുള്ള കളർ പാറ്റേണുകൾ സൂക്ഷ്മതയോടെ വരച്ചിടാൻ കളർ പെൻസിലുകളാണ് കൂടുതൽ നല്ലതെന്നാണ് കലേഷിെൻറ പക്ഷം. ആലപ്പുഴയിലെ സ്വകാര്യ കയർ ഉൽപ്പന്ന നിർമാണശാലയിൽ ഡിസൈനറായി ജോലിചെയ്യുന്ന കലേഷ് അവിടെ നിന്നുള്ള ഇടവേളകളാണ് ചിത്രംവരയ്ക്ക് നീക്കിവച്ചിട്ടുള്ളത്.
 
കളർ പെൻസിൽ ഉപയോഗിച്ചുള്ള പോർട്രെയിറ്റുകൾക്കും കാരിക്കേച്ചറുകൾക്കും വിദേശത്തുനിന്നുൾപ്പെടെ ആവശ്യക്കാർ എത്താറുണ്ടെന്ന് കലേഷ് പറഞ്ഞു. ഫെയ്സ് ബുക് പേജിൽ പോസ്റ്റ്ചെയ്യുന്ന ചിത്രങ്ങൾ കണ്ടാണ് പലരും ചിത്രങ്ങൾ ആവശ്യപ്പെടാറുള്ളത്.  വിവാഹം, പിറന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ കാരിക്കേച്ചറുകൾ ആവശ്യപ്പെടുന്ന പ്രവണത വ്യാപകമാണ്. അത്തരം ചിത്രങ്ങൾ ധാരാളമായി ചെയ്തുകൊടുക്കുന്നു. കാർട്ടൂൺ അക്കാദമിയുടെ ഭാഗമെന്ന നിലയിൽ നിയമസഭയിലും ബിനാലെയിലും ലൈവ് ഷോകളിൽ കലേഷ് പങ്കെടുത്തിട്ടുണ്ട്. ഫെയ്സ് ബുക് കൂട്ടായ്മയിലെ കലാകാരന്മാരുമായി ചേർന്ന് പ്രധാന നഗരങ്ങളിലെല്ലാം പ്രദർശനങ്ങളും നടത്തി. പ്രമുഖ വ്യക്തികളുടെ പോർട്രെയിറ്റുകൾ വരച്ച് സമ്മാനിക്കുന്നതും പതിവ്.
 
സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന സരിതയാണ് ഭാര്യ. മകൾ: നിവേദ്യ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top