21 February Thursday

'അമീബ' എന്‍ഡോസള്‍ഫാന്‍ ഇരകളുടെ തീരാദുരിതകങ്ങളുടെ നേര്‍ക്കാഴ്ച

ഷംസുദീന്‍ കുട്ടോത്ത്Updated: Monday Jan 4, 2016

എന്‍ഡോസള്‍ഫാന്‍ ഇരകളുടെതീരാദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്മനോജ് കാന സംവിധാനംചെയ്ത 'അമീബ'.ഒരു ദേശത്തിനുമേല്‍ വിഷംപെയ്ത  കറുത്തനാളുകള്‍ ഓര്‍മപ്പെടുത്തുന്നു ഈ ചിത്രം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട  'ചായില്യം' എന്ന ചിത്രത്തിനുശേഷം  ഒരുക്കുന്ന'അമീബ'യെക്കുറിച്ച് മനോജ് കാനയും നായിക  അനുമോളും സംസാരിക്കുന്നു

വളരെക്കാലം മുന്നേ മനസ്സിനെ ഉലച്ച വിഷയമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം. എന്റെ നാടായ അരവഞ്ചാലിനു തൊട്ടടുത്തുള്ള ചീമേനിവരെ എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് എന്‍ഡോസള്‍ഫാന്‍ ഇരകളെ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്്. സിനിമയാണോ ഡോക്യുമെന്ററിയാണോ ചെയ്യേണ്ടിയിരുന്നത് എന്ന് സംശയമുണ്ടായിരുന്നു. മാത്രമല്ല, ആരെയാണ് അഡ്രസ് ചെയ്യേണ്ടത്, എന്‍ഡോസള്‍ഫാന്‍ ഇരകളെ ഉള്‍പ്പെടുത്താമോ, എങ്ങനെ ഉള്‍പ്പെടുത്തണം എന്നിങ്ങനെ കുറെ സംശയങ്ങളുണ്ടായിരുന്നു. ഫിക്ഷനാകുമ്പോള്‍ കൂടുതല്‍ ആളുകളുടെ ഹൃദയത്തിലേക്ക് എത്തിക്കാമെന്നുതോന്നി.
എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് വര്‍ഷങ്ങളായി നിര്‍ത്തിയിട്ടുണ്ടെങ്കിലും അതിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും അവിടെയുള്ളവര്‍ അനുഭവിക്കുന്നുണ്ട്. ആറേഴുമാസംമുമ്പേ പിറന്ന ഒരു കുഞ്ഞ് തല വളര്‍ന്ന് ഒന്നരമാസത്തിനുള്ളില്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ ചെറുവത്തൂരിനടുത്ത് ഒരു കുടുംബത്തിലെ മൂന്നു മക്കള്‍ക്കും അസുഖം വരികയും രണ്ട് മക്കള്‍ മരിക്കുകയുംചെയ്തു. രോഗിയായ മൂന്നാമത്തെ മകനെ കഴിവിന്റെ പരമാവധി ചികിത്സിച്ചിട്ടും ഭേദമാകാതെ വന്നപ്പോള്‍ മകനെ കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് ഈയടുത്ത കാലത്താണ്. മാത്രമല്ല, ഇവിടത്തെ നിരവധി ആളുകള്‍ കൊടുംകടത്തിലാണ്. പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഇപ്പോഴും മലയോരമേഖലയിലെ പ്രശ്നങ്ങളാണ് നമുക്ക് കൂടുതലായി അറിയാന്‍ കഴിയുന്നത്.

'അമീബ'

ജില്ലയുടെ തീരപ്രദേശത്ത് എത്രത്തോളം ദുരിതങ്ങളുണ്ടായെന്നതിന് കൃത്യമായ കണക്കില്ല. രോഗികളേക്കാള്‍ കൂടുതല്‍ ഒപ്പമുള്ളവരാണ് ദുരന്തമനുഭവിക്കേണ്ടിവരുന്നത്. എല്ലാ എന്‍ഡോസള്‍ഫാന്‍ ഇരകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ രോഗികളാണ്. കൈയില്ലാത്തവര്‍, കാലില്ലാത്തവര്‍, കീഴ്ത്താടിയില്ലാത്തവര്‍, കാഴ്ചയില്ലാത്തവര്‍... എന്നിങ്ങനെ വ്യത്യസ്ത തരത്തിലാണ് രോഗങ്ങള്‍ ബാധിക്കുന്നത്. ഇതിന് രൂപവും ഭാവവുമില്ല എന്ന അര്‍ഥത്തിലാണ് സിനിമയ്ക്ക് 'അമീബ' എന്ന് പേരിട്ടത്.

ഇരകളും കഥാപാത്രങ്ങള്‍

എന്‍ഡോസള്‍ഫാന്‍ ബാധിതരായ രണ്ടുപേര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരകളെ രോഗികളായി സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആദ്യംതന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ സിന്ധു, വൈശാഖ് എന്നിവര്‍ തങ്ങളുടെ പരിമിതികളെ മറികടന്ന് അഭിനയിക്കുകയായിരുന്നു. ചിത്രീകരണത്തിനുമുമ്പേതന്നെ ചെയ്യുന്ന കഥാപാത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമൊക്കെ അവരെ ബോധ്യപ്പെടുത്തി. 
അനുമോള്‍, ആത്മീയ, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, സി കെ ബാബു, പ്രഭീഷ്, കാര്‍ത്യായനി തുടങ്ങിയവരാണ് മറ്റ് പ്രധാന നടീനടന്മാര്‍. ക്യാമറ: കെ ജി ജയന്‍, റജി പ്രസാദ്. ശ്രീവത്സന്‍ ജെ മേനോനാണ് സംഗീതം.

നേര്

കാഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നേര്' സാംസ്കാരികവേദിയാണ് സിനിമ നിര്‍മിച്ചത്. സാമൂഹികവിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സിനിമകളും നാടകങ്ങളുമൊരുക്കുന്ന കൂട്ടായ്മയാണ് നേര്. പലരില്‍നിന്നായി സാമ്പത്തികസഹായം സ്വീകരിച്ചാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 25 തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഉറാട്ടി, പിരാന, മണിവേട്ട, കറന്‍സി തുടങ്ങിയ സ്റ്റേജ് നാടകങ്ങളും നിരവധി തെരുവുനാടകങ്ങളും എഴുതി സംവിധാനംചെയ്ത ശേഷമാണ് മനോജ് കാന സിനിമയിലെത്തുന്നത്.

നമ്മളറിയാത്ത ഇരകളുടെ മനസ്സ്

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവസ്ഥ മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞതിലും എത്രയോ വലുതാണ്. അവരുടെ ശാരീരികാവസ്ഥകളും രോഗങ്ങളും മാത്രമാണ് പലപ്പോഴും നമ്മളൊക്കെ അറിയുന്നത്. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ മാനസികാവസ്ഥ അതിനുമപ്പുറമാണ്. പല ഗ്രാമങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയുന്നില്ല. ആരുമീ പ്രദേശങ്ങളില്‍നിന്ന് വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ല. പല പെണ്‍കുട്ടികള്‍ക്കും അമ്മയാകാന്‍ ഭയമാണ്. ജനിക്കുന്ന കുട്ടികള്‍ ഏതവസ്ഥയിലായിരിക്കുമെന്ന ചിന്തയാണ് അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. അമീബയിലെ മനീഷ എന്ന എന്റെ കഥാപാത്രം എന്‍ഡോസള്‍ഫാന്റെ ഇരയാണ്. ചിത്രത്തില്‍ എന്റെ സഹോദരങ്ങളും എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. മനീഷയ്ക്ക് പിറക്കുന്ന കുഞ്ഞും രോഗിയാണ്. ഇങ്ങനെ വല്ലാത്ത മാനസികാവസ്ഥ അനുഭവിക്കുന്ന മനീഷ എന്ന കഥാപാത്രം എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ശക്തമായ സാമൂഹികപ്രശ്നം കൈകാര്യംചെയ്യുന്നു എന്നതുകൊണ്ടുതന്നെ അമീബയിലെ കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ടതുമാണ്.

വേണം മികച്ച വേഷങ്ങള്‍

വെറുതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഏതെങ്കിലും തരത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍മാത്രമാണ് ഞാനിതുവരെ കൈകാര്യംചെയ്തത്. ചിലരൊക്കെ ഞാന്‍ ബുദ്ധിജീവിവേഷങ്ങള്‍ മാത്രമാണ് ചെയ്യുക എന്ന് വിശ്വസിക്കുന്നുണ്ട്. അത് ബോധപൂര്‍വമല്ല. എന്തുകൊണ്ടോ കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങളാണ് മലയാളത്തിലും തമിഴിലും എനിക്ക് ലഭിച്ചത്. മനോജ് കാന സംവിധാനംചെയ്ത ചായില്യത്തിലെ ഗൌരി എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തതില്‍വച്ച് ഏറ്റവും പ്രിയപ്പെട്ടത്. വെടിവഴിപാട്, ഇവന്‍ മേഘരൂപന്‍, റോക്ക് സ്റ്റാര്‍, അകം, വലിയ ചിറകുള്ള പക്ഷികള്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയ മലയാളചിത്രങ്ങളിലെയും ഒരു നാള്‍ ഇരവില്‍, തിലഗര്‍, കണ്ണുക്കുള്ളൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലെയും കഥാപാത്രങ്ങളും എനിക്കേറെ പ്രിയപ്പെട്ടവയാണ്.

സിനിമയെ മോഹിച്ചിട്ടില്ല

മോഹിച്ച് സിനിമയിലെത്തിയ ആളല്ല ഞാന്‍. സിനിമയില്‍ വന്നതിനുശേഷം സിനിമയെക്കുറിച്ച് പഠിച്ചുതുടങ്ങി. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ജോലി രാജിവച്ചതിനുശേഷം കൈരളി ചാനലില്‍ അവതാരകയായി. അവസരങ്ങള്‍ വന്നപ്പോള്‍ സുഹൃത്തുക്കളുടെ പ്രോത്സാഹനം കാരണമാണ് സിനിമ പരീക്ഷിച്ചത്. കണ്ണുക്കുള്ളൈ എന്ന തമിഴ് പടത്തിലായിരുന്നു തുടക്കം. മനോജ് കാനയുടെ ചായില്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടി എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ ചിത്രംകൂടിയായിരുന്നു അത്. ചായില്യത്തിലെ ഗൌരിയെ വെല്ലുന്ന വേഷങ്ങളാണ് ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നത്. നടുവട്ടംകാരിയായിത്തന്നെ സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ജനിച്ചുവളര്‍ന്ന ചുറ്റുപാട് എനിക്ക് തന്ന മൂല്യബോധവും കാഴ്ചപ്പാടും എന്നും മുറുകെപ്പിടിക്കണം എന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെ സിനിമയുടെ മായികവലയത്തില്‍ പെട്ടുപോകില്ല.

വളര്‍ത്തിയത് നാട്

പെരിന്തല്‍മണ്ണയിലായിരുന്നു സ്കൂള്‍പഠനം. എന്‍ജിനിയറിങ് കോയമ്പത്തൂരില്‍ പഠിച്ചു. ഇപ്പോള്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ എംഎസ്സി സൈക്കോളജിചെയ്യുന്നു. നടുവട്ടം കെ എന്‍ എഴുത്തച്ഛന്‍ സ്മാരക വായനശാലയുടെ തൊട്ടടുത്താണ് എന്റെ വീട്. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ഒരുപാട് വായിക്കുമായിരുന്നു. എം ടിയും മുകുന്ദനും ബഷീറും മാധവിക്കുട്ടിയുമൊക്കെ കുട്ടിക്കാലത്തെ എന്റെ കൂട്ടുകാരായി. അന്നത്തെ വായന എന്നിലെ കലാകാരിയെ ഏറെ സ്വാധീനിക്കുന്നുണ്ടാകാം.

നൃത്തം എന്നും കൂട്ട്

നൃത്തം കുട്ടിക്കാലംമുതലേ എന്റെ കൂടെയുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവ പഠിപ്പിക്കുന്നത് ശ്രീല നല്ലയിടമാണ്. കഥകളിയില്‍ വെങ്കിട്ടരാമനാണ് ഗുരു. സിനിമാതിരക്കിനിടയിലും ഡാന്‍സ് പരിപാടികള്‍ അവതരിപ്പിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഈ വര്‍ഷംമുതല്‍ വിദേശരാജ്യങ്ങളുള്‍പ്പെടെ പരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

കുടുംബം

അച്ഛന്‍ മനോഹരന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. അമ്മ കല. അനിയത്തി അഞ്ജു. 

പുതിയ ചിത്രം

ഏതാനും ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുവരുന്നു. ഈ വര്‍ഷം ആദ്യം അഭിനയിക്കുക ഒരു തമിഴ് ചിത്രത്തിലായിരിക്കും.
 

പ്രധാന വാർത്തകൾ
 Top