15 July Wednesday

വിശ്വസാഹിത്യത്തിലെ ദുരന്തനായിക സോഫിയയുടെ ഓർമയ്‌ക്ക്‌ 100

എ ശ്യാം shyamachuth@gmail.comUpdated: Sunday Nov 3, 2019
സോഫിയ

സോഫിയ

വിശ്വവിശ്രുതനായ സാഹിത്യനായകന്റെ ഭാര്യ, സെക്രട്ടറി, പകർപ്പെഴുത്തുകാരി; ലോകമറിയുന്ന ദിനസരിക്കുറിപ്പുകാരി, അനുഗൃഹീത ചിത്രകാരി, സംഗീതജ്ഞ, ഫോട്ടോഗ്രാഫർ...എന്നിട്ടും സാഹിത്യചരിത്രത്തിലെ ദുരന്തനായികയാണ്‌ സോഫിയ ആന്ദ്രെയേവ്‌ന ടോൾസ്റ്റായ എന്ന സോഫിയ ടോൾസ്റ്റോയ്‌. ജീവിതത്തിന്റെ നല്ലകാലം ഭർത്താവിന്റെ നിഴലിൽ കഴിയേണ്ടിവന്ന ബഹുമുഖപ്രതിഭ. അവസാനം ഭർത്താവിനാൽ വെറുക്കപ്പെട്ട്‌, അപമാനിതയായ അവരെ പ്രിയതമന്റെ അന്ത്യവേളയിൽ പോലും അദ്ദേഹത്തിന്റെ അനുചരസംഘം അകറ്റിനിർത്തി. അസൂയാലുവും അത്യാർത്തിക്കാരിയുമായി മുദ്രയടിച്ചു. ആഘോഷങ്ങളും ദുരന്തങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിന്‌ വിരാമമായിട്ട്‌ 100 വർഷം. 1919 നവംബർ നാലിനായിരുന്നു വേർപാട്‌.  
ജർമനിക്കാരനായ ഡോക്‌ടർ ആന്ദ്രെ എവ്‌സ്‌താഫീവിച്ച്‌ ബെഹ്‌റിന്റെയും റഷ്യക്കാരി ല്യൂബോവ്‌ അലെക്‌സാണ്ട്രോവ്‌നയുടെയും മൂന്ന്‌ പെൺമക്കളിൽ ഒരാൾ.  പതിനെട്ടാം വയസ്സിലാണ്‌  സോഫിയ  മുപ്പത്തിനാലുകാരനായ ടോൾസ്റ്റോയിയുടെ ജീവിതത്തിലേക്ക്‌ വന്നത്‌.
വിവാഹത്തലേന്ന്‌ ടോൾസ്റ്റോയ്‌ തന്റെ ഡയറി സോഫിയക്ക്‌ വായിക്കാൻ നൽകി.   ആരാധ്യപുരുഷന്റെ ലൈംഗികബന്ധങ്ങളടക്കം കുറിച്ചിട്ടുള്ള ഡയറി വായിച്ചപ്പോൾ അവരുടെ സ്വപ്‌നങ്ങൾ തകർന്നു.  എന്നിട്ടും ടോൾസ്റ്റോയിക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതായി അവരുടെ ജീവിതം.  13 കുഞ്ഞുങ്ങൾക്ക്‌  ജന്മം നൽകി.  അഞ്ചുപേർ ബാല്യം കടക്കുംമുമ്പേ മരിച്ചു. ഇടവേളയില്ലാത്ത പ്രസവങ്ങളും കുട്ടികളെ വളർത്തലും കഴിഞ്ഞുമാത്രമാണ്‌ സർഗവാസനകൾ സാക്ഷാൽക്കരിക്കാൻ  അവസരം കിട്ടിയത്‌. ഇതിനിടയിൽ ‘യുദ്ധവും സമാധാനവും’, ‘അന്നാകരേനീന’ തുടങ്ങിയ ടോൾസ്റ്റോയിയുടെ ചില ബൃഹദ്‌കൃതികൾ പലവട്ടം തിരുത്തി പകർത്തിയെഴുതുകയും ചെയ്‌തു.
വിവാഹംമുതൽ മരണംവരെ ടോൾസ്റ്റോയ്‌ ഭവനമായ യാസ്‌നായ പോള്യാനയിലായിരുന്നു ജീവിതം. 2010 ഒക്‌ടോബർ അവസാനം ഒരു തണുത്ത രാത്രിയിൽ വീടുവിട്ടിറങ്ങിപ്പോയ ടോൾസ്റ്റോയ്‌ ആഴ്‌ചകൾക്കകം അസ്‌തപ്പോവ റെയിൽവേ സ്റ്റേഷനിലാണ്‌ മരിച്ചത്‌. അദ്ദേഹം അവിടെയുണ്ടെന്നറിഞ്ഞ്‌ എത്തിയ സോഫിയയെ ഭർത്താവിനരികിലേക്ക്‌ ടോൾസ്റ്റോയ്‌ ശിഷ്യർ കടത്തിവിട്ടില്ല. ഇതിനെ അവലംബിച്ച്‌ ജേയ്‌ പാരിനി എഴുതിയ ‘ദി ലാസ്റ്റ്‌ സ്റ്റേഷൻ’ എന്ന സോഫിയയുടെ ജീവചരിത്രാഖ്യായിക ഒരുപതിറ്റാണ്ട്‌ മുമ്പ്‌ സിനിമയായി.  
പതിനാറു വയസ്സിൽ ഡയറി എഴുതിത്തുടങ്ങിയ സോഫിയയുടെ കുറിപ്പുകളിലൂടെയാണ്‌ ടോൾസ്റ്റോയിയെക്കുറിച്ചും അദ്ദേഹം ചെഖോവും തർജനീവും അടക്കമുള്ള സാഹിത്യകാരന്മാരുമായി നടത്തിയ കൂടിക്കാഴ്‌ചകളെക്കുറിച്ചും ലോകം കൂടുതലറിഞ്ഞത്‌. വിവാഹജീവിതത്തിൽ തന്റെ മനസ്സിനേറ്റ മുറിവുകളും അവർ തുറന്നെഴുതി. സ്‌ത്രീസ്വാതന്ത്ര്യത്തിന്‌ വാദിച്ചിരുന്ന വിപ്ലവകാരികൂടിയായിരുന്നു സോഫിയ. ‘എന്തുകൊണ്ടാണ്‌ പ്രതിഭയുള്ള എഴുത്തുകാരികളും കലാകാരികളും സംഗീതവിദുഷികളും ഉണ്ടാകാത്തതെന്ന്‌ ഞാൻ അത്ഭുതപ്പെട്ടിരുന്നു. ഊർജസ്വലയായ  സ്‌ത്രീയുടെ എല്ലാ ഉത്സാഹവും കഴിവുകളും അവളുടെ കുടുംബവും പ്രണയിയും ഭർത്താവും കുട്ടികളും ഉപയോഗിക്കുന്നതിനാലാണത്‌. അവളുടെ മറ്റ്‌ കഴിവുകൾ വികസിപ്പിക്കപ്പെടുന്നില്ല. അവ ഭ്രൂണാവസ്ഥയിൽ ദുർബലമാകുന്നു. പ്രസവങ്ങളും കുട്ടികളെ വളർത്തലും കഴിയുമ്പോൾ അവളുടെ കലാമോഹങ്ങൾ ഉണരും. അപ്പോഴേക്കും ഏറെ വൈകിയിരിക്കും’–- 1898ൽ  സോഫിയ കുറിച്ചു.
അവസാനത്തെ കുഞ്ഞിന്റെ മരണശേഷം വിഷാദത്തിലായ സോഫിയയുടെ മനസ്സ്‌ സാധാരണ നിലയിലേക്ക്‌ കൊണ്ടുവന്നത്‌ വിഖ്യാത വയലിനിസ്റ്റായിരുന്ന തനയേവുമായുണ്ടായ സൗഹൃദമാണ്‌.  ഈ അസാധാരണ സൗഹൃദം ടോൾസ്റ്റോയിക്ക്‌ ഇഷ്ടമായില്ല. സോഫിയയുടെ ജീവിതത്തിലെ ഈ അധ്യായമാണ്‌  ടോൾസ്റ്റോയിയുടെ  ക്രൂയിറ്റ്‌സർ സൊണാറ്റ എന്ന നോവലിന്‌ വിഷയം. പരപുരുഷബന്ധം ആരോപിച്ച്‌ ഭാര്യയെ വധിക്കുന്ന ഒരാളുടെ കഥ. സദാചാരപരമായ കാരണങ്ങളാൽ നോവൽ  നിരോധിക്കപ്പെട്ടപ്പോൾ തനിക്കെതിരായ കൃതിയായിട്ടുകൂടി സോഫിയ, സാർ അലക്‌സാണ്ടർ മൂന്നാമൻ ചക്രവർത്തിയെ കണ്ട്‌ നിരോധനം നീക്കിയെടുത്തു.
ക്രൂയിറ്റ്‌സർ സൊണാറ്റയ്‌ക്ക്‌ മറുപടിയായി തന്റെ ഭാഗം പറയുന്ന ഒരു നോവലെഴുതി സോഫിയ. ‘ആരുടെ കുറ്റം’ എന്ന നോവൽ 1891–-94 കാലത്ത്‌ എഴുതപ്പെട്ടതാണെന്നാണ്‌ കരുതപ്പെടുന്നത്‌.  കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുംമാത്രം വായിക്കാൻ നൽകിയ ഈ നോവൽ പ്രസിദ്ധീകരിക്കാൻ അവർ താൽപ്പര്യമെടുത്തതായി അറിവില്ല. എന്തായാലും ഒരു നോട്ടുബുക്കിൽ എഴുതിയിരുന്ന നോവലിന്റെ കൈയെഴുത്തുപ്രതി  അരനൂറ്റാണ്ടിന്‌ ശേഷം, 1944ൽ ടോൾസ്റ്റോയി മ്യൂസിയത്തിൽനിന്നാണ്‌  കണ്ടെടുത്തത്‌. പിന്നെയും അരനൂറ്റാണ്ട്‌ കഴിഞ്ഞ്‌ 1994ലാണ്‌ അച്ചടിക്കപ്പെട്ടത്‌.
ടോൾസ്റ്റോയിയും സോഫിയയും

ടോൾസ്റ്റോയിയും സോഫിയയും

അതിൽ നായികയായ അന്നയിലൂടെ സോഫിയ ഇങ്ങനെയാണ്‌ ടോൾസ്റ്റോയിക്ക്‌ മറുപടി നൽകുന്നത്‌: ‘വിവാഹിതയായ ഒരു സ്‌ത്രീക്ക്‌ അന്യനൊരുവനോട്‌ ആകർഷണം തോന്നിയാൽ അവളുടെ ഭർത്താവിനെയാണ്‌ അതിന്‌ പഴിക്കേണ്ടത്‌. പരിശുദ്ധയും യൗവനം നിറഞ്ഞവളുമായ ഭാര്യയുടെ കാവ്യാത്മക ചോദനകൾ സംതൃപ്‌തമാക്കുവാൻ കഴിയാതെ പകരമായി വിവാഹത്തിന്റെ പരുക്കൻ ഗദ്യത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നത്‌ കുറ്റംതന്നെയല്ലേ? ഭർത്താവിന്‌ നിറയ്‌ക്കുവാൻ കഴിയാത്ത ആദർശപ്രേമത്തിന്റെ ആ ഇടം മറ്റൊരാളിലേക്ക്‌ പകർന്നുകൊടുക്കരുതോ?’ ഈ നോവലിൽ നായിക ക്രുദ്ധനായ ഭർത്താവ്‌ വീശിയെറിഞ്ഞ ഭാരമുള്ള പേപ്പർവെയിറ്റ്‌ മുഖത്ത്‌ കൊണ്ടാണ്‌ മരിക്കുന്നത്‌.  അകളങ്കമായി ഒരാളെ സ്‌നേഹിക്കുമ്പോൾ അതിൽ കാമചാരിത്വം ആരോപിക്കുന്നത്‌ എന്തിന്‌ എന്ന്‌ മറ്റൊരിടത്ത്‌ സോഫിയ ബന്ധുക്കളോട്‌ ചോദിക്കുന്നുണ്ട്‌.
സോഫിയയുടെ ചരമശതാബ്‌ദിയിൽ സ്‌മരണാഞ്ജലിയായി ഈ നോവൽ ‘അന്ന’ എന്ന പേരിൽ അടുത്തയിടെ മലയാളത്തിലിറങ്ങിയിട്ടുണ്ട്‌. സോഫിയയുടെ ഓർമക്കുറിപ്പുകളുടെ സംഗ്രഹവും ‘മുറിവുകളും ഓർമകളും’ എന്നപേരിൽ ഈ വർഷം മലയാളത്തിലിറങ്ങി. ടോൾസ്റ്റോയ്‌, ദസ്‌തയേവ്‌സ്‌കി, ചെഖോവ്‌ തുടങ്ങിയ റഷ്യൻ സാഹിത്യകാരന്മാരുടെ നിരവധി മഹദ്‌കൃതികൾ മലയാളത്തിന്‌ സമ്മാനിച്ചിട്ടുള്ള വേണു വി ദേശമാണ്‌ ഇരുകൃതികളും വിവർത്തനം ചെയ്‌തത്‌. അന്ന അടയാളം പബ്ലിക്കേഷൻസും ഓർമക്കുറിപ്പുകൾ ലാൽ പബ്ലിക്കേഷൻസുമാണ്‌ പുറത്തിറക്കിയത്‌.
ടോൾസ്റ്റോയിയുടെ ദുരന്തപൂർണമായ മരണത്തിന്റെ പശ്ചാത്തലത്തിൽ സോഫിയ കേന്ദ്ര കഥാപാത്രമായി ഒരു നോവൽ മുമ്പ്‌ വേണു വി ദേശം എഴുതിയിരുന്നു. ‘പ്രിയപ്പെട്ട ലിയോ’ എന്ന ആ നോവൽ ഗ്രീൻ ബുക്‌സാണ്‌ പുറത്തിറക്കിയത്‌. സോഫിയയെയും ദസ്‌തയേവ്‌സ്‌കിയുടെ ഭാര്യ അന്നയെയും കുറിച്ച്‌ വേണു വി ദേശം എഴുതിയ ‘അന്നയും സോഫിയയും: കല, പ്രണയം, ത്യാഗം’ എന്ന പുസ്‌തകം ഡിസംബറിൽ പുറത്തിറങ്ങും. അതും സോഫിയക്കുള്ള സ്‌മരണാഞ്ജലിയാണ്‌.
പ്രധാന വാർത്തകൾ
 Top