15 July Wednesday

രാപ്പാതിയിലെ ആത്മയാനങ്ങള്‍

ഫസൽ റഹ്‌മാൻ pkfrahman@gmail.comUpdated: Sunday Nov 3, 2019

അതിവിദൂരമല്ലാത്ത ഒരു ഭാവികാലത്തിൽ അഥവാ നാലു പതിറ്റാണ്ടിനപ്പുറം നിലയുറപ്പിച്ച ബൊഹാനെ എന്ന സാങ്കൽപ്പിക ഐറിഷ് നഗരം പരസ്‌പരം കൊമ്പുകോർക്കുന്ന മാഫിയാ സംഘങ്ങളുടെയും ഗോത്രസംഘർഷങ്ങളുടെ പശ്ചാദ്‌ഗമനഭാവത്തിൽ  പെരുകുന്ന കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിൽ ശിഥിലമാകുന്ന കഥ പറയുന്ന ‘സിറ്റി ഓഫ് ബോഹെൻ' (2011) എന്ന നോവലുമായാണ് കെവിൻ ബാരിയെന്ന ഐറിഷ് നോവലിസ്റ്റ് സാഹിത്യലോകത്തിൽ തന്റെ  വരവറിയിച്ചത്. പ്രഥമ നോവലിനുള്ള കോസ്റ്റാ ബുക്ക് അവാർഡ് നേടിയ പുസ്‌തകം ദാർശനികനും ഐറിഷ് കാവ്യപാരമ്പര്യത്തിന്റെ ഈടുവയ്‌പുകൾ സാന്ദ്രമായി ലയിപ്പിച്ച ശൈലിയുടെ ഉടമയുമായ ഒരെഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ വായനക്കാർക്ക്‌  പ്രിയങ്കരനാക്കി. ഈ വർഷത്തെ ബുക്കർ പുരസ്‌കാരത്തിന് പ്രഥമ പട്ടികയിൽ ഇടം പിടിച്ച  The Night Boat to Tangiers  കറുത്ത ഹാസ്യത്തിന്റെയും നോയർ ഫിക്‌ഷൻ പാത്രസ്വഭാവമുള്ള (Hardboiled) വെറ്ററൻ കുറ്റവാളികളുടെ വികാരരഹിതമായ ഭാഷണരീതിയുടെയും പ്രകൃതത്തെ ബാരിയുടെ സ്വതഃസിദ്ധമായ കാവ്യാത്മകസാന്ദ്രതയോട് ലയിപ്പിക്കുന്ന ശൈലിയിൽ ഏതാണ്ടൊരു ‘ഗോദോയെ കാത്ത്' പരിസരം സൃഷ്ടിക്കുന്നു. 

പ്രായം കടന്ന മോറിസ് ഹേർനി, ചാർലി റെഡ്മണ്ട് എന്നീ പഴയ മയക്കുമരുന്നു കടത്തുകാർ രാത്രിബോട്ടുകൾ നങ്കൂരമിടുകയും യാത്ര തിരിക്കുകയും ചെയ്യുന്ന ദക്ഷിണ സ്‌പെയിനിലെ അൽജസീറ തുറമുഖത്ത് ഏതാണ്ടൊരു ‘വ്ലാദിമിർ–- ഈസ്ട്രഗൻ' സാഹചര്യത്തിലാണ്. 2018 ഒക്‌ടോബറിൽ ഒരു രാവ്. അവർ  മൂന്നു വർഷമായി കണ്ടിട്ടേയില്ലാത്ത മോറിസിന്റെ ഇരുപത്തിമൂന്നുകാരിയായ മകൾ ഡില്ലി (അതോ, ഡിൽ എന്നോ?) അടുത്ത ഇരുപത്തിനാലു മണിക്കൂറിനകം ടാൻജിയറിൽനിന്നുള്ള ബോട്ടിൽ വന്നേക്കാൻ സാധ്യതയുണ്ട്, അല്ലെങ്കിൽ അങ്ങോട്ടുപോകുന്ന ബോട്ടിൽ കേറാനായാകും അവൾ വരികയെന്നുമുണ്ട്. ‘‘ഇപ്പോൾ അൽജസീറാസ് പോർട്ടിൽ മണിക്കൂറുകൾ ഓരോന്നും അടുത്തതിലേക്ക് സംക്രമിക്കുന്നു. പ്രതാപം ക്ഷയിച്ചുവരുന്ന രണ്ട്‌ ഐറിഷ് ഗാങ്സ്റ്റർമാർക്കും നീണ്ട കാത്തിരിപ്പ് തുടരുന്നു,’’  നോവലിസ്റ്റ് എഴുതുന്നു. അത്തരം ഏതു കഥാപാത്രങ്ങൾക്കുമെന്നപോലെ ഇരുവർക്കും ജീവിതമെന്നത് ഓർമകളുടെ അനുസ്യൂതിയാണ്. കാത്തിരിപ്പിന്റെ വിരസതയിലേക്ക് ഇരുവരും ഓർമകളുടെ വിചിത്രഭാണ്ഡങ്ങൾ തുറന്നുതുടങ്ങുന്നു. അവയിൽ എല്ലാമുണ്ട്–-രതിയും മദ്യവും മയക്കുമരുന്നും. കുറ്റകൃത്യങ്ങളും കുടിപ്പകകകളും. ഇരുൾവഴികളിലെ നിധിവേട്ടകളും അധികാരപരിധികൾക്കായുള്ള രക്താഭിഷേകങ്ങളും.  പ്രണയവും പ്രണയനഷ്ടങ്ങളും. പണം പെരുപ്പിക്കാനുള്ള ചൂതാട്ടങ്ങളും ഭാഗ്യദോഷങ്ങളുടെ പെരുമഴകളും. നിധികുംഭം തേടിയുള്ള തുരന്നുപോക്കിൽ പ്രകോപിതരാകുന്ന ദുർദേവതമാരുടെ ഐറിഷ് പുരാണ സാന്നിധ്യങ്ങൾപോലും ഇവിടെയുണ്ട്. അവർ ഹിംസയിൽ ആറാടിയിട്ടുണ്ട്; ഇനിയും ആവശ്യമെങ്കിൽ അതിനു മടിക്കുന്നവരുമല്ല. എന്നാലിപ്പോൾ ‘‘വർഷങ്ങൾ വേലിയേറ്റംപോലെ മറിഞ്ഞുപോകുന്നു. അവരുടെ മുഖങ്ങളിൽ, താടയിലെ വരകളിൽ, അവരുടെ കലുഷമായ വായകളിൽ പഴയ ദിനാന്തരീക്ഷമുണ്ട്. എന്നാൽ, ഇപ്പോഴും ഗുണ്ടാഭാവം നിലനിർത്തുന്നുണ്ട്, തികച്ചും കഷ്ടിച്ച്.'' മോറിസിന് തന്റെ ജീവിതത്തിലെ ഏക യഥാർഥ പ്രണയമായിരുന്ന, ഡില്ലിയുടെ അമ്മ സിന്തിയെയും  മകളെത്തന്നെയും നഷ്ടമായതെങ്ങനെ എന്ന ചോദ്യത്തെ ഇത്തരം സൂചകങ്ങളിലൂടെയാണ് നോവലിസ്റ്റ് നേരിടുന്നത്. സിന്തിയ, ചാർലിയുടെ ഭാര്യയായിരുന്നു എന്നത് ഇരുവരെയും ദുരൂഹമായ ഏതോ ഒരു രീതിയിൽ ഒരുമിപ്പിക്കുന്നുമുണ്ട്. എലിയറ്റിന്റെ ‘തരിശുഭൂമി'യിലെ അന്തേവാസികളെ ഇങ്ങിനി വരാത്ത വസന്തസ്‌മൃതികൾ പീഡിപ്പിക്കുന്നതുപോലെ ഇപ്പോൾ സിന്തിയയാണ് ഓർമകളിലും ദുഃസ്വപ്‌നങ്ങളിലും ഒരുപോലെ അയാളെ പീഡിപ്പിക്കുന്നത്. താനൊരിക്കലും അവൾക്കു ചേർന്നവനായിരുന്നില്ലെന്ന്‌ തിരിച്ചറിയുമ്പോഴും പ്രണയം അയാളെ വിട്ടുപോയിരുന്നതേയില്ലല്ലോ. മകൾപോലും അയാളെ ഉപേക്ഷിച്ചുപോകാനിടയായ സാഹചര്യങ്ങൾ മനസ്സിലായിത്തുടങ്ങുമ്പോൾ ഇരുവർക്കുംനേരെയുള്ള വായനക്കാരുടെ നിലപാട് സങ്കീർണമാകുന്നുണ്ട്. ഇരുവരുടെയും വ്യക്തിത്വങ്ങളിലെ മൃദുലഭാവങ്ങളിലേക്കുകൂടി നോവൽ സൂചകങ്ങൾ നൽകിത്തുടങ്ങുമ്പോഴാണ് ഹിംസയുടെ പ്രയോക്താക്കളെയും വിധികൽപ്പിക്കുക അത്ര എളുപ്പമല്ലെന്ന വലിയ ദർശനത്തിലേക്ക് നാം എത്തിത്തുടങ്ങുന്നത്.  

ചാർലിയും മോറിസും കാത്തിരിക്കുന്ന തുറമുഖത്തിന് ശരിക്കുമൊരു ‘പരേതാത്മാക്കളുടെ ശുദ്ധീകരണസ്ഥലി'യുടെ (purgatory) സമാനതയുണ്ടെന്നും ഇരുവരും അതു ശരിക്കും അർഹിക്കുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Alan Warner: theguardian.com).ആത്മാക്കളുടെ അധോലോകത്തിലേക്കുള്ള നദീയാനം   (Hades)  തുടങ്ങുന്ന ബിന്ദുവായി ഇവിടം മാറുന്നു. ഇപ്പോൾ മകളുടെ പടം പതിച്ച പോസ്റ്ററുമായി കാത്തിരിക്കുന്ന രണ്ടുപേരും ദൈന്യവും അവശതയും പങ്കുവയ്‌ക്കുന്നുണ്ടെങ്കിലും ഏറെയുണ്ട് ഇരുവർക്കും ശുദ്ധീകരിക്കപ്പെടാൻ എന്നതാണ് ഈ മിത്തിക്കൽ ആലിഗറിയുടെ സാംഗത്യം. അമ്മയുടെ മരണത്തെ തുടർന്ന് അയർലൻഡ്‌ വിട്ടോടിപ്പോയ ഡില്ലി തന്നെപ്പോലുള്ള യുവ ലോകസഞ്ചാരികളോടൊപ്പം സ്‌പെയിനിനും വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങൾക്കും ഇടയിൽ അപകടകരമായ യാത്രകളിൽ ഏർപ്പെട്ടു. ഡില്ലിയെക്കുറിച്ചു വിവരങ്ങൾ ശേഖരിക്കുന്നതുപോലും തങ്ങളുടെ ഭീഷണ രീതികൾ കൊണ്ടുതന്നെയാണ് എന്നത്, പ്രകടമായ ദൈന്യങ്ങൾക്കിടയിലും അവരോടു സഹതപിക്കുന്നതിനെ പ്രശ്നവൽക്കരിക്കുന്നുണ്ട്.

നോവലിന്റെ പ്രാരംഭസാഹചര്യം വ്യക്തമായും സൂചിപ്പിക്കുന്ന ബെക്കറ്റിയൻ (സാമുവേൽ ബെക്കറ്റ്) നാടകങ്ങളിലെ പാത്രദ്വയങ്ങളെപോലെ തുറിച്ചു നോക്കുന്ന പ്രതീക്ഷാരാഹിത്യത്തിലും കൂട്ടുവിടാത്ത സൗഹൃദം ഇരുവർക്കും തുണയാകുന്നുണ്ട്. എന്നാൽ, മുഖ്യ കഥാപാത്രങ്ങളുടെ സുവ്യക്തമായ ക്രിമിനൽ പശ്ചാത്തലം സൃഷ്‌ടിക്കുന്ന ക്രൈം നോവൽ അന്തരീക്ഷം മറ്റൊരു കാലത്തിന്റേതാണ്. വമ്പൻ കുറ്റകൃത്യങ്ങളുടെ സ്‌പഷ്‌ടമായ വിവരണവും അതിന്റെ ഫലമായുണ്ടാകുന്ന നാശവും കൊടും ഭീഷണിയും ഭ്രാന്തൻ പ്രതികരണങ്ങളും നോവലിൽ ഇടം പിടിക്കുന്നു. അതെല്ലാം മനുഷ്യന്റെ ആത്മസത്തയെ ബാധിക്കുന്നു എന്നിടത്താണ് മുൻസൂചിതമായ ‘ശുദ്ധീകരണ പ്രക്രിയ' അനിവാര്യമാകുന്നത്. എന്നാൽ, ഒരു ദൈന്യവും ഒരുതരം മോക്ഷത്തിന്റെയും സാധ്യത അവരുടെ മുന്നിൽ തുറന്നുവയ്‌ക്കാനിടയില്ലെന്നു തോന്നിക്കുന്ന വെളിപ്പെടുത്തലുകൾ നോവൽ കാത്തുവയ്‌ക്കുന്നു; ആരെപ്പേടിച്ചാണ് ഒരു യുവതി നിരന്തരപലായനം നടത്തുന്നത് എന്നതുൾപ്പെടെ. 

‘പുരുഷ മനോനിലയുടെ ജ്ഞാനദൃഷ്ടിയുള്ള ആഖ്യാതാവ്,' ‘കാവ്യാത്മകതയുള്ള ക്രാന്തദർശി' എന്നൊക്കെ കെവിൻ ബാരി വിവരിക്കപ്പെട്ടിട്ടുണ്ട്.  തലോടൽ പോലെയുള്ള ഗദ്യത്തിലൂടെ വായനയെ പുനരാവർത്തനം പ്രചോദിപ്പിക്കുന്ന ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന്‌ കഴിയുന്നു. ഭീഷണമായ അതീന്ദ്രിയ സാന്നിധ്യങ്ങളെയും നിരാനന്ദകരമായ ചോരപ്പാടുകളെയും ആഖ്യാന കേന്ദ്രത്തിൽ നിർത്തുന്ന രചനയിൽ അതത്ര എളുപ്പമല്ല. ഏറ്റവും ഹൃദയഭേദകമായ അനുഭവങ്ങളെ അവയുടെ മുഴുവൻ തീവ്രതയിലും അവതരിപ്പിക്കുമ്പോഴും സർറിയൽ, ഭാവഗീതാത്മകസൗന്ദര്യം അവയ്‌ക്കു പകർന്നുനൽകുന്നതിലൂടെ മാനുഷികദുരന്തങ്ങളെ മിത്തുവൽക്കരിക്കുന്നതിൽ നൈജീരിയൻ നോവലിസ്റ്റ് ക്രിസ് അബാനിയെയും മൊസാംബിക്കൻ നോവലിസ്റ്റ് മിയാ കൂട്ടോയെയും കെവിൻ ബാരി ഓർമിപ്പിക്കുന്നു.

പ്രധാന വാർത്തകൾ
 Top