18 February Tuesday

ജീവിതം മാറ്റി എഴുതിയ മുടിച്ചുരുളുകൾ

ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിUpdated: Sunday Nov 3, 2019

ഞാൻ ജനിച്ചു വളർന്നത് ശരാശരിയിലും താഴെയുള്ള കുടുംബത്തിലായിരുന്നു.  രക്ഷിതാക്കൾക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. അച്ഛൻ  ചായക്കടക്കാരൻ.  അവിടെ എപ്പോഴും തിരക്ക്‌. കടയിൽ എത്തുന്നവർ പലരും  കടം പറയും. അതൊക്കെ കണ്ടാണ്‌ വളർന്നത്‌.  അന്നേ കഥ കേൾക്കാൻ വലിയ താൽപ്പര്യം.  ഒരമ്മാവൻ ധാരാളം കഥകൾ പറഞ്ഞു തരും. വിക്കു കാരണമുള്ള അപകർഷതമൂലം അഞ്ചാം ക്ലാസിൽ പഠിപ്പു നിർത്തിയ ഏട്ടൻ രാമായണം വായിച്ച് കഥകൾ പറയും.  പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ  മൂന്നു നാലു നാടകങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടി. ടീച്ചർമാർ തന്നെയാണ്  സന്ദർഭമൊരുക്കിയത്. അടുത്തു തന്നെ ലൂഥറൻമിഷൻ ചർച്ചിന്റെ  ലൈബ്രറിയുണ്ടായിരുന്നു.  അവിടെ കൂടുതലും ക്രിസ്‌ത്യൻ പുസ്‌തകങ്ങളായിരുന്നു.  അവിടെ വന്നിരുന്ന അമ്പിളിയമ്മാവൻ  മാസികയും, മാതൃഭൂമി വാരികയും എനിക്കു നിധിയായിരുന്നു. അമ്പിളി അമ്മാവൻ അന്നു കളറിലായിരുന്നു. വിക്രമാദിത്യൻ കഥകൾ, അറബിക്കഥകൾ, ജാതകകഥകൾ തുടങ്ങി ഒട്ടേറെ വിഭവങ്ങൾ.  

അന്ന് വായിക്കാൻ വിഭവങ്ങൾ തീരെ കുറവ്‌.  കിട്ടിയതൊക്കെ വായിക്കുന്നതായിരുന്നു ശീലം. സാധനങ്ങൾ പൊതിഞ്ഞു വന്ന പേപ്പറൊക്കെ ആർത്തി പിടിച്ച് വായിക്കും. തൊട്ടടുത്താണ് ശ്രീകൃഷ്‌ണപുരം പൊതുജന വായനശാല. സ്‌കൂൾ വിട്ടാൽ ആദ്യം ഓടിയെത്തുന്നത് വായനശാലയിൽ. അന്ന് വായനക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു. വിശപ്പ്‌ വകവയ്‌ക്കാതെ വരിനിന്ന് പുസ്‌തകങ്ങൾ വാങ്ങും. മുട്ടത്തു വർക്കിയും കാനം ഇ ജെയും കുറ്റാന്വേഷണ നോവലുകളുമൊക്കെയായിരുന്നു പ്രധാനം. വായനാശാലാ സെക്രട്ടറി ടി കെ ഡി നമ്പൂതിരിയാണ്  വായനയെ വഴിതിരിച്ചുവിട്ടത്‌ . ഉറൂബും തകഴിയും ബഷീറും എം ടിയുമൊക്കെ എന്റെ ചങ്ങാതികളായി. 

ആറിൽ പഠിക്കുമ്പോഴാണ് സ്‌കൂളിൽ എന്റെ പത്രാധിപത്യത്തിൽ കൈയെഴുത്തു മാസിക ആരംഭിച്ചത്. നാലഞ്ചു സുഹൃത്തുക്കൾ കൂട്ടിനുണ്ട്‌. മാസികയുടെ പേര് ഉദയസൂര്യൻ. പ്രധാന എഴുത്തുകാരൻ ഞാൻ തന്നെ. നോവൽ, ഡിറ്റക്റ്റീവ് നോവൽ, ചരിത്ര നോവൽ എന്നൊക്കെ പറഞ്ഞ് പല സൃഷ്ടികളും പല പേരിലെഴുതും.  എട്ടിലെത്തിയപ്പോഴേക്ക്‌ വീട്ടിലെ അവസ്ഥ തീരെ മോശമായി. അച്ഛന്‌  മാനസിക വിഭ്രാന്തിയുണ്ടായത് കാര്യങ്ങൾ ഏറെ കുഴപ്പത്തിലാക്കി. സാമ്പത്തിക സ്ഥിതി തീരെ മോശം. അന്ന് എട്ടാം ക്ലാസിൽ ഫീസുണ്ട്. ആറു രൂപ. ഫൈനടക്കം ആറേകാൽ രൂപ. അതെങ്ങനെ ഉണ്ടാക്കും. അപ്പോഴാണ് അയൽപക്കത്തെ രാമു അയ്യർ കൽക്കട്ടയിനിന്നു വന്നത്. ആൾ റെയിൽവേയിൽ ആണ്. അവർക്ക് കുട്ടിയെ നോക്കാൻ  ഒരാൾ വേണം. അന്ന് എസ് കെ പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങളൊക്കെ വായിച്ച് നാടു കാണാൻ വലിയ താൽപ്പര്യമായിരുന്നു. എങ്ങനെയും കൽക്കട്ടയിലെത്തണം. റെയിൽവേയിൽ എനിക്കും ജോലി കിട്ടും. അപ്പോഴെനിക്ക് വീട്ടിലെ കഷ്ടപ്പാടൊക്കെ മാറ്റാനാവും. അങ്ങനെ ഞാൻ അവരോടൊപ്പം കൽക്കട്ടയ്‌ക്കു പോവാൻ തീരുമാനിച്ചു. 

വീട്ടുകാർ  എതിർത്തില്ല; അനുകൂലിച്ചുമില്ല. രണ്ടു പേർ മാത്രം എതിർത്തു. ഒന്ന് ലൂഥറൻമിഷന്റെ പാസ്റ്റർ വിക്റ്റർ സാർ. ഞാനെല്ലാ ഞായറാഴ്‌ചയും ലൂഥറൻ ചർച്ചിൽ പോവാറുണ്ടായിരുന്നു. ബൈബിൾ കഥകൾ ഞാൻ കേട്ടത് അവിടെ നിന്ന്‌. മാത്രവുമല്ല. സൺഡേ സ്‌കൂളിൽ ഞാൻ അധ്യാപകനുമായിരുന്നു. അദ്ദേഹം പറഞ്ഞു, നീ വിഡ്ഢിത്തം കാണിക്കേണ്ട. നിന്നെ കൊണ്ടു പോണത് കുട്ടിയെ നോക്കാനാണ്. നീ എങ്ങനെയും പഠിച്ചു നന്നാവാൻ നോക്ക്. 

എന്റെ യാത്രയെ എതിർത്ത മറ്റൊരാൾ രാവണൻ പണിക്കരായിരുന്നു.  എന്റെ ജാതകം നോക്കി ആ ജ്യോത്സ്യൻ പറഞ്ഞത് ഇന്നുമോർക്കുന്നു. ഈ കുട്ടി പുറത്തു പോയി നന്നാവനല്ല ഈ നാട്ടിലിരുന്നു നന്നാവാനാണ് വഴി കാണുന്നത്. രണ്ട് ഉപദേശവും എനിക്ക് ഇഷ്ടമായതേയില്ല. അത് അവഗണിച്ച് ഞാൻ രാമു അയ്യരുടെ കുടുംബത്തിനൊപ്പം പോയി. കൽക്കട്ടയ്‌ക്ക്‌ പോവുന്നതിനു മുമ്പ് ഒരാഴ്‌ച പാലക്കാട് കൽപ്പാത്തിയിൽ രാമു അയ്യരുടെ ഭാര്യയുടെ അഗ്രഹാരത്തിൽ താമസിക്കേണ്ടി വന്നു. കുട്ടിയെയുമെടുത്ത് ഞാൻ അഗ്രഹാരം മുഴുവൻ രാവന്തിയോളം അലഞ്ഞു. എന്നാൽ അവിടെ വായിക്കാൻ ഒന്നുമില്ല, പത്രം പോലും. എനിക്കാണെങ്കിൽ പത്രം വായന നിർബന്ധം. പ്രത്യേകിച്ചും സ്‌പോർട്സ്‌.   വരുമ്പോഴുള്ള ആവേശമൊക്കെ കെട്ടടങ്ങി.

വീട്ടിലേക്കു മടങ്ങിയാലോ എന്നൊരു ചിന്ത വന്നു കൂടി. പക്ഷേ അതു പറയാൻ ധൈര്യം പോര.  അമ്മയെയും സഹോദരങ്ങളെയും കാണാൻ മോഹം. ഇനി രണ്ടോ മൂന്നോ ദിവസം.   തീരുമാനം തെറ്റായിരുന്നുവോ എന്നും തോന്നിത്തുടങ്ങി. അന്ന് എനിക്ക് ഭക്ഷണം തരാനായി ഒരോട്ടു കിണ്ണം വേറെവച്ചിരുന്നു. ഞാനതെടുത്തു. പെട്ടെന്നെനിക്ക് ഓക്കാനിക്കാൻ വന്നു. അതിൽ ഒരു കെട്ടു തലമുടി. ഭക്ഷണത്തിൽ തലമുടി സഹിക്കാൻ കഴിയാത്ത ഒന്നായിരുന്നു.  എനിക്കു കരച്ചിൽ വന്നു. എനിക്കു ചോറു വേണ്ട. വിശപ്പില്ല എന്നു പറഞ്ഞ് ഞാൻ എഴുന്നേറ്റു. പിന്നെ ഞാൻ കരയാൻ തുടങ്ങി.

എനിക്ക് വീട്ടിൽ പോവണം. അവർ ചീത്ത പറഞ്ഞു. ടിക്കറ്റൊക്കെ എടുത്തു. ഇനി തിരിച്ചു പോവാൻ പറ്റില്ല. ഞാൻ വീട്ടിലേക്കെഴുതി. അവർ മൂന്നു രൂപ അയച്ചു തന്നു. അതു കിട്ടിയതും ഞാൻ മടങ്ങാൻ തിടുക്കം കൂട്ടി. ഇതെന്താ കുട്ടിക്കളിയാണോ എന്നു പറഞ്ഞ് അവർ വഴക്കു പറഞ്ഞു. ഒടുവിൽ എങ്ങനെയോ മടങ്ങാനവർ സമ്മതം തന്നു.  ബസു കയറി വീട്ടിലെത്തിയപ്പോൾ മനസ്സു തുള്ളിച്ചാടുകയായിരുന്നു.  വീണ്ടും പഠിക്കണം. വീണ്ടും സ്‌കൂളിൽ  ചേരണം. അന്വേഷിച്ചപ്പോൾ സ്‌കൂൾ ക്ലർക്ക് പറഞ്ഞു, ‘താൻ കഴിഞ്ഞ വർഷം ഒരു ദിവസം ക്ളാസിൽ ഇരുന്നിട്ടുണ്ട്. അതുകൊണ്ട് ആ കൊല്ലത്തെ ഫീസു മുഴുവൻ തരണം.’ എനിക്ക് കരച്ചിൽ വന്നു. ഒരു മാസത്തെ ഫീസു കൊടുക്കാൻ വഴിയില്ലാത്തതാണ്‌ പഠിപ്പു നിർത്താൻ കാരണം. പിന്നെങ്ങനെ ഒരു കൊല്ലത്തെ ഫീസ്‌ അധികം കൊടുക്കും.  ക്ലർക്ക്‌ മാധവപ്പണിക്കർ സമാധാനിപ്പിച്ചു. ഒരു കാര്യം ചെയ്യാം. നമുക്ക് ആ ഫീസ് ഒഴിവാക്കിത്തരണമെന്നു പറഞ്ഞ് ഡിഇഓവിന് ഒരു കത്തെഴുതാം.

കത്ത്‌ കൊടുത്ത് സമ്മതം വാങ്ങി വന്നാൽ ഇവിടെ ചേർക്കാം. അത് മുങ്ങിച്ചാവുന്നവന് കിട്ടിയ പിടിവള്ളി പോലെ. ഒറ്റപ്പാലത്താണ് ഡിഇഒ ഓഫീസ്.  ഞാൻ തന്നെ പോയി അപേക്ഷ കൊടുത്തു. അന്നെനിക്ക്പന്ത്രണ്ട് വയസ്സ്‌.  നോക്കി വേണ്ടതു ചെയ്യാം. കുട്ടി ഇപ്പോ പൊയ്‌ക്കോളൂ. എന്നു പറഞ്ഞ് അവർ എന്നെ ഒഴിവാക്കി.  ഞാൻ തന്നെ പലതവണ ഓഫീസിൽ പോയി. അപ്പോഴൊക്കെ  അവർ തിരിച്ചയച്ചു. ഒടുവിൽ  അനുവാദം തന്നപ്പോഴേക്ക്‌ ഒരു മാസം കഴിഞ്ഞു. ഒരുദിവസം ഇരുന്നതു കൊണ്ട് ഒരു മാസത്തെ ഫീസു കൊടുത്താൽ മതി എന്നായിരുന്നു ഉത്തരവ്. ഒടുവിൽ  കടം വാങ്ങി ഞാൻ ഫീസടച്ച് വീണ്ടു വിദ്യാർഥിയായി. ഞാനിപ്പോഴും ആലോചിക്കാറുണ്ട് ആ ഓട്ടുകിണ്ണത്തിൽ അന്നു തലമുടി കണ്ടിരുന്നില്ലെങ്കിൽ, ഞാൻ മറ്റൊരാളാകുമായിരുന്നു.

പ്രധാന വാർത്തകൾ
 Top