15 July Wednesday

കൈതി: ഇരുട്ടിൽ തെളിയുന്ന ത്രില്ലർ

കെ എ നിധിന്‍ നാഥ് nidhinnath@gmail.comUpdated: Sunday Nov 3, 2019

ഒരു ലൈലാൻഡ് ലോറിയുടെ ഹെഡ് ലൈറ്റ് കൺതുറക്കുമ്പോൾ ഉണ്ടാകുന്ന കാഴ്‌ച.  ഇരുട്ടിൽ നടക്കുന്ന സംഭവങ്ങളിലേക്ക് പടരുന്ന വെളിച്ചവും അതിൽ കാണുന്ന കാഴ്‌ചയും ഒരു ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുകയാണ് കൈതിയിലൂടെ ലോകേഷ് കനകരാജ്.

തമിഴിൽ ഉടലെടുത്ത നവസിനിമാതരംഗം, അതുവരെ നിലനിന്ന സിനിമയുടെ  മുഖ്യധാര കാഴ്‌ചയെ അപ്പാടെ മാറ്റാൻതക്ക ശക്തം. ഇത് പ്രേക്ഷകനിലേക്ക് പുതിയ കാഴ്‌ചകളും സിനിമാരീതികളും പരിചയപ്പെടുത്തി. ത്യാഗരാജൻ കുമാരരാജ, പാ രഞ്ജിത്, മിഷ്‌കിൻ, നളൻ കുമാരസ്വാമി, കാർത്തിക് നരേൻ തുടങ്ങിയവരുടെ  നിരയിൽ അടയാളപ്പെടുത്തുന്ന പേരായി ലോകേഷ് കനകരാജിനെ ഉയർത്തിയത് 2017ൽ എത്തിയ മാനഗരമായിരുന്നു. ആദ്യ സംവിധാനസംരംഭം നോൺ ലീനിയർ നരേറ്റീവിലുള്ള സിനിമാപറച്ചിലിന്റെ പുത്തൻ അനുഭവമായി. ഇതിനുശേഷം ലോകേഷ് ഒരുക്കിയ ചിത്രമാണ് കൈതി. നിലവിലുള്ള ശൈലിയെ പിൻപറ്റാതെയുള്ള സിനിമാശ്രമം. ഫ്ലാഷ് ബാക്ക്, ഗാനങ്ങൾ, പ്രണയം തുടങ്ങിയ പരിചിതകാഴ്‌ചകളേതുമില്ലാതെ ഒരു സിനിമ. ആക്‌ഷന് പ്രാധാന്യംനൽകി ഒരേസമയം റോഡ് മൂവിയും സർവൈവൽ ത്രില്ലറുമായി മുന്നോട്ടുപോകുന്നു.

ദില്ലി (കാർത്തി) എന്ന തടവുപുള്ളി ജയിലിൽനിന്ന് പുറത്തിറങ്ങുന്നതും തുടർന്ന് ഒരു രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ചിത്രത്തിന്റെ ഏറ്റവും ശക്തമായ അടിത്തറ എഴുത്തിൽ പുലർത്തുന്ന സൂക്ഷ്‌മതയാണ്. ചെറിയൊരു വൺലൈനിനെ  രണ്ടര മണിക്കൂറോളമുള്ള സിനിമയായി വികസിപ്പിക്കുമ്പോൾ പ്രേക്ഷകന് സീറ്റ് എഡ്‌ജ്‌ ത്രില്ലർ ആസ്വാദനം നൽകുന്നുണ്ട്. മാറ്റിനിർത്തണമെന്ന് ഒരു രം​ഗത്തെ പോലും തോന്നിപ്പിക്കാത്ത കൃത്യത സിനിമ പുലർത്തുന്നുണ്ട്.  യഥാർഥത്തിൽ രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ക്ലൈമാക്‌സാണ് സിനിമയ്‌ക്കുള്ളത്. ആദ്യ അരമണിക്കൂറിൽ പ്രേക്ഷകനെ  പരിസരം പരിചയപ്പെടുത്തുകയും പിന്നീട് കമ്പക്കെട്ടിന്റെ മുറുക്കത്തിൽ നീങ്ങുകയുമാണ് സിനിമ. പലപ്പോഴും ത്രില്ലർ സിനിമകൾക്കുണ്ടാകുന്ന പാളിച്ച കാഴ്‌ചക്കാർ ഊഹത്തിൽ വീണ് പോകുമെന്നതാണ്. എന്നാൽ, കൈതി വിജയിക്കുന്നത് ഇത്തരത്തിൽ ഒരു സാഹചര്യം ഒരുക്കുന്നി​​ല്ല എന്നതിലാണ്. 

പൊലീസും ക്രിമിനലുകളും  തമ്മിലുള്ള ഓട്ടത്തിനിടയിലേക്ക് പ്രേക്ഷകനെ എടുത്തെറിയുന്ന മേക്കിങ് മികവുണ്ട് സിനിമയ്‌ക്ക്‌. ഇരുട്ട് സൃഷ്ടിക്കുന്ന ഭയത്തിലേക്കും ലക്ഷ്യം തേടിയുള്ള ലോറിയുടെ പാച്ചിലിലേക്കും കാഴ്‌ചക്കാരെ  ഇറക്കിവിടുകയാണ്. ദില്ലിയെന്ന കഥാപാത്രത്തിന്റെ  താളത്തിലാണ് സിനിമ. സിനിമയുടെ വേഗത്തിലെ മാറ്റംപോലും അയാളിലാണ്. കുറെ സംഭവ വികാസങ്ങൾക്കിടയിൽ  അയാളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് സിനിമയുടെ പരിചരണത്തിലും മാറ്റമുണ്ടാകുന്നുണ്ട്. ഇങ്ങനെ ഒരു കഥാപാത്രത്തെ മുൻനിർത്തിയ സിനിമ അതേസമയം മറ്റുകഥാപത്രങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്നു. ഇതിന് ഉദാഹരണമാണ് ബിജോയ് (നരേൻ),  നെപ്പോളിയൻ (ജോർജ് മരിയൻ), കാമാച്ചി (ദീന). കാർത്തിയുടെ മാസ് രം​ഗങ്ങൾ നിറഞ്ഞുനിൽക്കുന്ന ചിത്രത്തിൽ, എന്നാൽ ആവശ്യമായ ഇടങ്ങളിൽ മറ്റുകഥാപത്രങ്ങൾക്ക്‌ ഹീറോയിക് പരിവേഷം നൽകുന്ന അത്ര പരിചിതമല്ലാത്ത കാഴ്‌ചയും കൈതിയിലുണ്ട്. നെപ്പോളിയൻ എന്ന പൊലീസ് കഥാപാത്രം വില്ലന്മാരെ നേരിടാനായി സ്റ്റേഷനിൽ നിൽക്കുന്ന രം​ഗം സമീപകാലത്ത് കണ്ട ഏറ്റവും മാസ് സീനുകളിലൊന്നാണ്. 

ഒന്ന് പാളിയാൽ അപ്പാടെ വീണുപോകാവുന്നതരം പരിചരണമുള്ള ചിത്രത്തെ മികവിലേക്ക് ഉയർത്തിയതിൽ വലിയ പങ്ക് പശ്ചാത്തലസം​ഗീതം, ഛായാ​ഗ്രഹണം, എഡിറ്റിങ്, ആക്‌ഷൻ എന്നീ മേഖലകൾക്കുണ്ട്.  വിക്രംവേദ, ഒടിയൻ തുടങ്ങിയവയുടെ സം​ഗീതം നിർവഹിച്ച മലയാളിയായ സി എസ് സാമിന്റേതാണ് പശ്ചാത്തലസം​ഗീതം.  മായാ, തീരൻ അധികാരം ഒൻട്ര്‌, യാത്ര തുടങ്ങിയവയുടെ ഭാ​ഗമായ സത്യൻ സൂര്യന്റേതാണ് ഛായാ​ഗ്രഹണം.  കെജിഎഫ്, കബാലി, മദ്രാസ്, സിം​ഗം 3,  സണ്ടക്കോഴി 2 തുടങ്ങിയ സമീപ കാലത്ത് മികച്ച സംഘട്ടനരം​ഗങ്ങൾ ഒരുക്കിയ  അൻപറിവാണ് ആക്‌ഷൻ കൊറിയോ​ഗ്രാഫർ.

ഇരുട്ടിൽ ദില്ലിയെ മുൻനിർത്തി വിതറുന്ന വെളിച്ചമാണ് കൈതി. അത് കേവലം രണ്ടര മണിക്കൂറിന്റെ കാഴ്‌ച എന്നതിനപ്പുറം കാർത്തിയുടെ മികച്ച സിനിമ തെരഞ്ഞെടുക്കലിന്റെ അടയാളപ്പെടുത്തലാണ്. ഒപ്പം ലോകേഷ് കനകരാജ് എന്ന പേര് തുടർന്നും പ്രതീക്ഷിക്കാൻ വക നൽകുന്നതാണ് എന്ന ഉറപ്പും.

പ്രധാന വാർത്തകൾ
 Top