24 February Sunday

പറയാതെപോയ മഹാകാവ്യം

കെ ഗിരീഷ്Updated: Sunday Sep 3, 2017

രേഖപ്പെടുത്തേണ്ട ചില ജന്മങ്ങളുണ്ട് ചരിത്രത്തില്‍. എന്നാല്‍, മതിയാംവണ്ണം അവ പരിഗണിക്കപ്പെടാത്തതിനും ഒരുവേള മറവിയിലേക്ക് തള്ളിമാറ്റപ്പെടുന്നതിനും ചില കാരണങ്ങളുണ്ടാകും. അതില്‍ ചിലത് വളരെ ഗൌരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതുമാണ്. എല്ലാ നിരാകരണങ്ങള്‍ക്കും ചില സാമൂഹ്യകാരണങ്ങളുണ്ടാകും. എന്നാല്‍, ചിലതിനെ ചില ചരിത്രഘട്ടങ്ങളില്‍ ഓര്‍ത്തെടുക്കേണ്ടിവരും. ഓര്‍മിപ്പിക്കപ്പെടേണ്ട ഒന്നായി അതിങ്ങനെ കാലാതിവര്‍ത്തിയായി നിലകൊള്ളും. അത് ചില ജന്മങ്ങള്‍ ചെയ്ത നന്മയുടെയും വളരെ കുറഞ്ഞ കാലംകൊണ്ട് അവരില്‍ നിറഞ്ഞൊഴുകിയ പ്രതിഭയുടെയും മഹനീയതയാണ്.

ഇശലുകളുടെ സുല്‍ത്താന്‍ എന്ന നാടകത്തില്‍നിന്ന്

ഇശലുകളുടെ സുല്‍ത്താന്‍ എന്ന നാടകത്തില്‍നിന്ന്

മോയിന്‍കുട്ടി വൈദ്യര്‍ ആരെന്ന് മധ്യകേരളത്തിനിപ്പുറം തെക്കോട്ട് ഭാഷാപണ്ഡിതര്‍ക്കുമാത്രമേ അറിയാനിടയുള്ളൂ. അല്ലെങ്കില്‍ മാപ്പിളപ്പാട്ടുകാര്‍ക്ക്. പലര്‍ക്കും അദ്ദേഹം മാപ്പിളപ്പാട്ടുകാരന്‍മാത്രമാണ് എന്നത് ചരിത്രത്തിന്റെ, സംസ്കാരത്തിന്റെ ദുര്യോഗം. അതെ, സംസ്കാരം അങ്ങനെയാണല്ലോ ഇപ്പോള്‍ രൂപപ്പെടുത്തുന്നത്. മലയാളഭാഷയെ രൂപപ്പെടുത്തുന്നിടത്ത് മോയിന്‍കുട്ടി വൈദ്യരുടെ പങ്ക് എന്തായിരുന്നു. ഇതുകൂടി ചേര്‍ന്നാണ് നമ്മുടെ മലയാളവും സംസ്കൃതിയും രൂപപ്പെട്ടതെന്ന് കുട്ടികളോട് ആരും പറഞ്ഞുകൊടുക്കാത്തതെന്ത് എന്ന് ചോദ്യമുയരുന്നേടത്തുനിന്നാണ് കോഴിക്കോട് റിഥം പെര്‍ഫോമിങ് ആര്‍ട്ട് ഗ്രൂപ്പിന്റെ 'ഇശലുകളുടെ സുല്‍ത്താന്‍' രൂപപ്പെടുന്നത്. രണ്ടരമണിക്കൂര്‍ നീണ്ട നാടകത്തിലൂടെ യൌവനത്തിലവസാനിച്ച മഹാപ്രതിഭയുടെ ജീവിതം മുഴുവന്‍ രംഗവേദിയില്‍ രേഖപ്പെടുത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീര്‍ മണ്ടന്‍ മുത്തപ്പയ്ക്ക് മോയിന്‍കുട്ടി വൈദ്യരുടെ ജീവിതം പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് നാടകം വികസിക്കുന്നത്.
1852ല്‍ കൊണ്ടോട്ടിക്കടുത്ത് ഓട്ടുപാറക്കുഴിയില്‍ ആലുങ്കല്‍കണ്ടിതറവാട്ടില്‍ ഉണ്ണിമുഹമ്മദ് വൈദ്യരുടെയും കുഞ്ഞാമിനാ ബീവിയുടെയും മകനായി ജനിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ യൌവനത്തില്‍തന്നെ വിഷജ്വരം ബാധിച്ച് മരിച്ചു. എന്നാല്‍, ഇക്കാലത്തിനുള്ളില്‍തന്നെ അറബിമലയാളത്തില്‍ ഒട്ടേറെ കാവ്യങ്ങള്‍ രചിച്ച് മലയാള കാവ്യപാരമ്പര്യത്തില്‍ വലിയ പുതുപാത തുറന്നത് അദ്ദേഹമാണ്. പോരാട്ടവീര്യം നിറഞ്ഞ ബദര്‍ പടപ്പാട്ടും പ്രണയവും വിരഹവും നിറഞ്ഞ എക്കാലത്തെയും മികച്ച പ്രണയകാവ്യം ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, മലപ്പുറം പടപ്പാട്ട് തുടങ്ങി ഒട്ടേറെ രചനകളിലൂടെ മാപ്പിളസാഹിത്യത്തിന് അദ്ദേഹം തുറന്നുകൊടുത്ത വഴികള്‍ നാടകം ചര്‍ച്ച ചെയ്യുന്നു. അതേസമയം, ജന്മിമാര്‍ക്കും കോളനിവാഴ്ചയ്ക്കും എതിരായി എഴുതിയ പാട്ടുകള്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാക്കി. ഒപ്പം സമുദായത്തിലെ വരേണ്യതയ്ക്കും ശത്രുവായ വൈദ്യര്‍ നാടുകടത്തപ്പെടുകയുമുണ്ടായി. അവസാനരചനയായ ഹിജറ് 26 പാട്ട് എഴുതിക്കഴിഞ്ഞപ്പോഴാണ് നാല്‍പ്പതാമത്തെ വയസ്സില്‍ അദ്ദേഹം മരിക്കുന്നത്. ഇത് പൂര്‍ത്തീകരിക്കാന്‍ പിതാവ് ശ്രമിക്കുന്നേടത്താണ് നാടകം അവസാനിക്കുന്നത്. സംസ്കൃതമുള്‍പ്പെടെ ഒട്ടേറെ ഭാഷകളില്‍ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍, ഒരുവേള ആദ്യത്തെ കാല്‍പ്പനികകാവ്യമെന്നുതന്നെ കരുതാവുന്ന ബദറുല്‍ മുനീറിനോടുള്ള അവഗണന, സാമ്രാജ്യത്വത്തോടും ജന്മിത്തത്തോടും നടത്തിയ കാവ്യപ്രതിരോധം ഇതൊന്നും മതിയായ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയതിനുപിന്നിലെ കാരണം അന്വേഷിക്കല്‍ക്കൂടിയാണ് നാടകം.

ശ്രീജിത് പൊയില്‍ക്കാവ്

ശ്രീജിത് പൊയില്‍ക്കാവ്

ഒപ്പന, അറബനമുട്ട്, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ രംഗത്തെത്തുന്നതിലൂടെ നാടകം ആസ്വാദ്യതയുടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. നവീനസാങ്കേതികതയുടെ പ്രയോഗത്തിലൂടെ ബദറുല്‍ മുനീറിന്റെയും മറ്റും കാല്‍പ്പനിക പ്രണയലോകം ദൃശ്യവല്‍ക്കരിച്ചതും കാണിയെ മറ്റൊരു ലോകത്തേക്ക് കൈപിടിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റ് സുജാതന്‍ ഒരുക്കിയ രംഗപടവും മജീദ് കോഴിക്കോടിന്റെ ലൈറ്റും സാങ്കേതിക ക്രമീകരണവും ചേര്‍ന്ന് നാടകത്തെ അസാമാന്യ ദൃശ്യാനുഭവമാക്കുന്നു. രംഗോപകരണങ്ങള്‍ ശശിധരന്‍ വെള്ളിക്കോത്ത്. കോഴിക്കോട് അബൂബക്കര്‍, സിറാജ് എന്നിവരാണ് സംഗീതം. പശ്ചാത്തലസംഗീതം സത്യജിത്. വൈദ്യരുടെ രചനകള്‍ക്കുപുറമെ ബാപ്പു വെളിപ്പറമ്പ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ രചനകളും നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നു. അഭിലാഷ് ബാലന്‍ സഹസംവിധാനവും നിര്‍വഹിച്ചു. ശ്രീകുമാര്‍ പ്രിജിയാണ് നിര്‍മാണ നിര്‍വഹണം. ബഷീര്‍ ചുങ്കത്തറയുടെ കൃതിയെ അധികരിച്ച് നാടകരചനയും സംവിധാനവും ശ്രീജിത് പൊയില്‍ക്കാവാണ് നിര്‍വഹിച്ചത്.
മിര്‍ഷാദ് മാവൂര്‍, ഋത്വിക്, ശ്രീകുമാര്‍ വല്ലച്ചിറ, പസ്കി, റീന, രൂഷ്മ, കനകരാജ്, സുധാകരന്‍ ചൂലൂര്‍, മധു മുക്കം, ഷഫീഖ് അരൂപ്, എന്‍ കെ ഷൈജു, ധീരജ്, ഷൈജു ഒളവണ്ണ, ആബിദ് പട്ടാമ്പി എന്നിവരാണ് രംഗത്ത്.

പ്രധാന വാർത്തകൾ
 Top