15 June Tuesday

യുവതുർക്കികൾ...രക്തസാക്ഷികൾ

എ ശ്യാം shyamachuth@gmail.comUpdated: Sunday May 3, 2020

മുസ്‌തഫ കെമാൽ പാഷ എന്ന അത്താതുർക്കിന്റെ തുർക്കി ഇന്ന്‌ യുവാക്കളുടെ രക്തസാക്ഷിത്വത്തിന്റെ വേദിയാകുകയാണ്‌ . എർദോഗന്റെ ഇസ്ലാമിസ്‌റ്റ്‌ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പടപ്പാട്ടുപാടിയവരെ തുറുങ്കിലടയ്‌ക്കുന്നതിനെതിരെ തുർക്കിയിലും യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാകുന്നു. ഗ്രൂപ്‌ യോറം എന്ന ഗായകസംഘത്തിലെ അംഗങ്ങൾ അതിശയിപ്പിക്കുന്ന ഇച്ഛാശക്തിയോടെ സമരമുഖത്ത്‌ തുടരുകയാണ്‌. രണ്ടുപേർ നിരാഹാരത്തിനിടെ മരിച്ചിട്ടും അവരുടെ സഖാക്കൾ സമരമേറ്റെടുത്തിരിക്കുന്നു

‘മനുഷ്യജീവന്‌ വളരെ വിലകുറഞ്ഞ നമ്മുടേതുപോലെ നിഷ്‌ഠുരമായ ഒരു രാജ്യത്ത്‌ നിങ്ങളുടെ വിശ്വാസങ്ങൾക്കുവേണ്ടി നിങ്ങളെത്തന്നെ തുലയ്‌ക്കുന്നത്‌ വിഡ്ഢിത്തമാണ്‌’

 ‐ ഓർഹാൻ പാമുക്‌ (മഞ്ഞ്‌)

നൊബേൽ പുരസ്‌കാരജേതാവായ പാമുക് ഈ വരികൾ എഴുതിയത്‌ പെൺകുട്ടികളുടെ ആത്മഹത്യകൾ ആവർത്തിക്കപ്പെടുന്ന നഗരത്തിന്റെ കഥ പറയുമ്പോഴാണ്‌. പാമുക്കിനെയും ഒരിക്കൽ ദേശദ്രോഹിയായി മുദ്രകുത്തി വേട്ടയാടാൻ ഒരുങ്ങിയ ഇസ്ലാമികവാദി സർക്കാർ പുതുകാലത്തെ ‘യുവതുർക്കി’കളുടെ രക്തത്തിന്‌ ദാഹിക്കുന്നു‌. അതിനെ ചെറുത്ത്‌, പാടാൻ പോലുമാകാത്തൊരു കാലത്തിന്റെ അനീതിക്കെതിരെ പോരാടുന്നവർ നിർഭയം വിജയത്തിനായി മരണം വരിക്കുന്നു.

ഹെലിൻ ബോലെക്ക്‌ (28 വയസ്സ്‌)-–-മരണം ഏപ്രിൽ 3, 2020.

മുസ്‌തഫ കോചാക്‌ (28 വയസ്സ്‌)–- മരണം ഏപ്രിൽ 24, 2020.

മൂന്നാഴ്‌ചയ്‌ക്കിടെ രണ്ട്‌ രക്തസാക്ഷിത്വങ്ങൾ. ഇവരുടെ സമരസഖാക്കൾ നാളുകൾ എണ്ണുന്നു. അവരിൽ ഒരാൾ 288 ദിവസം നീണ്ട സമരത്തിനൊടുവിൽ മരിച്ച ഹെലിൻ ബോലെക്കിനൊപ്പം നിരാഹാരം ആരംഭിച്ച ഇബ്രാഹിം ഗോക്‌ചെക്‌. ഗ്രൂപ്‌ യോറം വിപ്ലവഗായകസംഘത്തിലെ ആ കലാകാരന്റെ സമരം 317 ദിവസം പിന്നിട്ടു. അഭിഭാഷകനായ എബ്രു തിംതിക്കിന്റേത്‌ 118 ദിവസവും അഭിഭാഷകയായ അയ്‌താക്‌ ഉൻസാലിന്റേത്  87 ദിവസവും.മുസ്‌തഫ കോചാക്കിനും ഗ്രൂപ്‌ യോറം ഗായകസംഘത്തിലെ സഖാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രാഷ്‌ട്രീയത്തടവുകാരായ ദീദെം അക്‌മനും ഒസ്‌ഗുർ കരാകയയും ആരംഭിച്ച നിരാഹാരസമരങ്ങൾ രണ്ട്‌ മാസമായി.

നിരാഹാരത്തിന്റെ 288‐ാം ദിവസം രക്തസാക്ഷിയായ ഹെലിൻ ബോലെക്‌, ഗ്രൂപ്‌ യോറത്തിലെ പ്രധാന ഗായികയായിരുന്നു.

മർമാര സർവകലാശാലയിലെ തുർക്കി–-കുർദ്‌ വിദ്യാർഥികൾ 1985ലാണ്‌ ഗ്രൂപ്‌ യോറം ആരംഭിച്ചത്‌. ഗ്രൂപ്‌ യോറം തുർക്കി സർക്കാരിന്‌ തലവേദനയായിരുന്നു. സാർവദേശീയ കാഴ്‌ചപ്പാടും വിപ്ലവരാഷ്‌ട്രീയ ബോധ്യവും മുറുകെപ്പിടിച്ച സംഘത്തെ തുർക്കിയിലെങ്ങും പ്രിയങ്കരമാക്കിയത്‌ നാടോടിസംഗീതത്തിന്റെ ജനകീയത. ലക്ഷക്കണക്കിന്‌ ആരാധകരുള്ള‌ ഈ പാട്ടുകാരെ ഭരണകൂടം ഭയന്നതിൽ അത്ഭുതമില്ല.

2016ൽ ഗ്രൂപ്‌ യോറത്തിന്‌ നിരോധനം. നിരന്തരം റെയ്‌ഡുകൾ.‌ സംഗീതോപകരണങ്ങൾ നശിപ്പിച്ചു. നാനൂറിലധികം കേസുകൾ. ഭീകരപ്രവർത്തനക്കുറ്റം ചാർത്തി 30 പേരെ അറസ്റ്റ്ചെയ്‌തു‌. ‌ബാൻഡിലെ ആറുപേരെ പിടികിട്ടാ ഭീകരരായി പ്രഖ്യാപിച്ച്‌ തലയ്‌ക്ക്‌ വിലയിട്ടു‌.

ജയിലിലാണ്‌ ഹെലിനും ഇബ്രാഹിമും നിരാഹാരം ആരംഭിച്ചത്‌. പ്രതിഷേധങ്ങളെ തുടർന്ന് നവംബറിൽ ഹെലിനും ഇബ്രാഹിമുമടക്കം ചിലരെ വിട്ടയച്ചു. ഇബ്രാഹിമിന്റെ ഭാര്യയടക്കം ഏഴുപേരുടെ കസ്റ്റഡി തുടർന്നു. ഇവരെയും വിട്ടയക്കണമെന്നും വിലക്കും കേസുകളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഇരുവരും നിരാഹാരം തുടർന്നത്‌. മാർച്ച്‌ 11ന് ആരോഗ്യനില വഷളായതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവർ നിസ്സഹകരിച്ചതിനാൽ വിട്ടയച്ചു.

ഇടതുപക്ഷ റവല്യൂഷനറി പീപ്പിൾസ്‌ ലിബറേഷൻ പാർടി (ഡിഎച്ച്‌കെപി–-സി)യുമായി ബന്ധമാരോപിച്ചാണ്‌ ബാൻഡിലെ അംഗങ്ങളെയും മുസ്‌തഫ കോചാക്‌ അടക്കമുള്ളവരെയും തുർക്കി പ്രസിഡന്റ്‌ റസിപ്‌ തയ്യിപ്‌ എർദോഗന്റെ ഇസ്ലാമികവാദി സർക്കാർ അറസ്റ്റ്‌ചെയ്‌തത്‌. 2015ൽ പബ്ലിക്‌ പ്രോസിക്യൂട്ടർ മെഹ്‌മത്‌ സെലിം കിറാസിനെ ബന്ദിയാക്കിയ സംഘത്തിന്‌ ആയുധമെത്തിച്ചെന്നും ഗൂഢാലോചനയിൽ പങ്കെടുത്തു എന്നും ആരോപിച്ചാണ്‌ 2017ൽ മുസ്‌തഫയെ അറസ്റ്റ്‌ചെയ്‌തത്‌. ബന്ദിയാക്കിയവരുമായുള്ള മണിക്കൂറുകൾ നീണ്ട ചർച്ച. അതിനിടെ വെടിവയ്‌പ്‌. പബ്ലിക്‌ പ്രോസിക്യൂട്ടറും ബന്ദിയാക്കിയ രണ്ടുപേരും കൊല്ലപ്പെടുന്നു. പബ്ലിക്‌ പ്രോസിക്യൂട്ടർ കൊല്ലപ്പെട്ടത്‌ കമാൻഡോകളുടെ വെടിയേറ്റാണെന്ന വിവരം പുറത്തുവന്നെങ്കിലും ഇടതുപക്ഷപ്രവർത്തകരെ സർക്കാർ വേട്ടയാടി. ഒരു ചാരന്റെ കള്ളമൊഴിപ്രകാരം മുന്നൂറ്റമ്പതോളംപേരെ ജയിലിലടച്ചു‌‌. 2019 ജൂലൈയിൽ, 40 വർഷത്തേക്കെങ്കിലും പരോൾ കിട്ടാത്തവിധം തടവിന്‌ ശിക്ഷിച്ചതിനെ തുടർന്നാണ്‌ മുസ്‌തഫ നിരാഹാരം ആരംഭിച്ചത്‌. 2017ൽ തടവിൽ കൊടിയ പീഡനത്തിന്‌ മുസ്‌തഫയെ ഇരയാക്കി. ഗർഭിണിയായ സഹോദരിയെ ബലാത്സംഗം ചെയ്യും എന്ന്‌ ഭീഷണിപ്പെടുത്തിയാണ് ആ യുവാവിനെ ‌ കുറ്റസമ്മതത്തിൽ ഒപ്പിടുവിച്ചത്‌. മുസ്‌തഫ മരിച്ചതോടെ തുർക്കിയിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. മരിക്കുമ്പോൾ ഹെലിന്‌ 21 കിലോയും മുസ്‌തഫയ്‌ക്ക്‌ 29 കിലോയും മാത്രമായിരുന്നു തൂക്കം. തുർക്കി യുവതയെ ജയിലിലിട്ട്‌ കൊല്ലുമ്പോൾ മയക്കുമരുന്ന്‌ കടത്തുകാരെയും ക്രിമിനലുകളെയും എർദോഗൻ സർക്കാർ സംരക്ഷിക്കുകയാണ്‌.

നൂറ്റാണ്ട്‌ മുമ്പ്‌ മതത്തിന്റെ കെട്ടുപാടുകളിൽനിന്ന്‌ തുർക്കിയെ മോചിപ്പിച്ച്‌ റിപ്പബ്ലിക് സ്ഥാപിച്ച മുസ്‌തഫ കെമാലിന്റെ പിന്മുറക്കാരാണ്‌ പുതിയ പോരാളികൾ. 1908ൽ സുൽത്താൻ ഹമീദ്‌ മൂന്നാമനെതിരെ കലാപം നടത്തിയ യുവതുർക്കികളുടെ നായകനായിരുന്നല്ലോ ഒന്നര പതിറ്റാണ്ടിനകം തുർക്കി ജനതയുടെ അത്താതുർക്കായി മാറിയത്‌. പുതിയ യുവതുർക്കികളുടെ പോരാട്ടങ്ങൾ ഇസ്ലാമികവാദി സർക്കാരിന്റെ അടിത്തറയിളക്കിക്കഴിഞ്ഞു. എർദോഗൻ മേയറായിരുന്ന ഇസ്‌താംബുൾ നഗരത്തിന്റെ ഭരണം ദീർഘകാലത്തിന്‌ ശേഷം, കഴിഞ്ഞവർഷം ഇസ്ലാമികവാദികൾക്ക്‌ നഷ്‌ടപ്പെട്ടു. ഇസ്ലാമിക കക്ഷിയായ എകെപിയുടെ ഫാസിസ്റ്റ്‌ വാഴ്‌ച അവസാനിപ്പിക്കും എന്ന ദൃഢനിശ്ചയത്തിലാണ്‌ തുർക്കി യുവത. അതിന്‌ ജീവൻ നൽകാനും അവർ തയ്യാറാകുമ്പോൾ ഹെലിൻ പാടിയ ‘ബെല്ല ചാവോ’ എന്ന ഇറ്റാലിയൻ പാട്ടിലെ വരികൾപോലെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിച്ച രക്തസാക്ഷികൾ പൂവുകളായി വിരിയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top