11 July Saturday

വിപ്ലവഗാഥകൾ കേട്ട‌് കേട്ട‌്

ചെറിയാൻ കൽപ്പകവാടിUpdated: Sunday Mar 3, 2019

മോഹനിലൂടെ വേണുനാഗവള്ളിയുമായി പരിചയപ്പെട്ടതാണ്‌ എന്റെ ജീവിതത്തിന്റെ വഴിത്തിരിവ‌്. എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയത‌് വേണുനാഗവള്ളിയാണ‌്.അങ്ങനെയാണ‌് ‘ലാൽസലാം’, ‘രക്തസാക്ഷികൾ സിന്ദാബാദ്‌’ എന്നിവ പിറന്നത്‌

 

ഐതിഹ്യകഥകളും മുത്തശ്ശിക്കഥകളും ഒക്കെ മുത്തശ്ശിമാരോ അമ്മമാരോ അമ്മാവന്മാരോ പറഞ്ഞുകൊടുത്തു കേട്ടാണ‌് പലരും എഴുത്തുകാരായത‌് എന്നു കേട്ടിട്ടുണ്ട‌്. ഇങ്ങനെയൊക്കെ പറഞ്ഞുതരാൻ എനിക്ക‌് ആരും ഉണ്ടായിരുന്നില്ല. എന്നാൽ, എന്റെ പിതാവ‌് വറുഗ്ഗീസ‌് വൈദ്യൻ എല്ലാ ഓണാവധിക്കും ഞങ്ങളെയും കൂട്ടി കുറ്റാലത്ത‌് പോകുമായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത‌് ക്രൂരമായ പൊലീസ‌് മർദനം ഏറ്റിട്ടുള്ളതിനാൽ പുറംവേദന കലശലായിരുന്നു. കുറ്റാലത്തെ വെള്ളച്ചാട്ടത്തിന്റെ കുത്തനെയുള്ള അലകൾ പുറത്ത‌് കൊള്ളുമ്പോൾ പുറംവേദനയ‌്ക്ക‌് ശമനം വരുമായിരുന്നു. രാവിലെയും ഉച്ചയ‌്ക്കും വൈകുന്നേരവും മൂന്നു കുളികൾ. ബാക്കി സമയങ്ങളിൽ ആദ്യകാല കമ്യൂണിസ്റ്റ‌് വിപ്ലവകഥകൾ പറഞ്ഞുതരുമായിരുന്നു. ആലപ്പുഴയിൽ കണ്ണ‌് വൈദ്യശാല ഉണ്ടായിരുന്നതും സ‌്റ്റേറ്റ‌് കോൺഗ്രസിൽ നിന്ന‌് സോഷ്യലിസ്റ്റ‌് ഗ്രൂപ്പുണ്ടായതും അതു രഹസ്യത്തിൽ കമ്യൂണിസ്റ്റ‌് പാർടിയായി രൂപപ്പെട്ടതും സഖാവ‌് പി കൃഷ‌്ണപിള്ളയായി പരിചയപ്പെട്ടതും ഇ എം എസും എ കെ ജിയും ഒക്കെ വൈദ്യശാലയിൽ വന്നുപോയതും സർവോപരി ടി വി തോമസുമായുള്ള ആത്മബന്ധവുമൊക്കെ. അദ്ദേഹത്തിന്റെ പുറത്ത‌് ഒരുപാട‌് പാടുകളും കുത്തുകളും ഉണ്ടായിരുന്നു. ആലപ്പുഴ സബ‌് ജയിലിൽ കിടക്കുമ്പോൾ ലോക്കപ്പിന‌് പുറത്ത‌് മണ്ണിൽ കുഴികുത്തി ചേമ്പിലയിട്ട‌് ചൂടുകഞ്ഞി ഒഴിച്ചുനൽകും. ആർത്തിയോടെ അതു കുടിക്കാനിരിക്കുമ്പോൾ പൊലീസ‌് പുറകിൽനിന്ന‌് ബൂട്ടിട്ട‌ു ചവിട്ടും. മുഖം ചൂടുകഞ്ഞിയിൽ പൊത്തും.

ഒളിവുകാലത്ത‌് ഏതോ പാതിരാത്രിയിൽ വിശന്ന‌് വന്ന തൊഴിലാളി സഖാവ‌ിന‌് അവിടെ ബാക്കിയുണ്ടായിരുന്ന പഴംകഞ്ഞി കൊടുത്തു. ആർത്തിയോടെ അതു കുടിക്കാൻ കൈയിട്ടപ്പോൾ ഒരു മാക്രി ചാടി കഞ്ഞിയിൽ വീണു. വിശപ്പിന്റെ ആധിക്യത്തിൽ ആ മാക്രിയെ കഞ്ഞിയിൽനിന്ന‌് എടുത്തു പുറത്തേക്ക‌് എറിഞ്ഞ‌് കഞ്ഞി മോന്തി കുടിച്ചു.

കഥകൾ തീരുന്നില്ല. കുട്ടനാട്ടിൽ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയന്റെ പ്രസിഡന്റ‌ായിരുന്ന കാലത്ത‌് പൊലീസ‌ും ഗുണ്ടകളും തെങ്ങിൽ കെട്ടിയിട്ടു മർദിച്ചു. വായിലൂടെയും മൂക്കിലൂടെയും മൂത്രത്തിലൂടെയും ചോര വാർന്നു മൃതപ്രായനായി അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്നു. അങ്ങനെ എഴുതിയാൽ തീരാത്ത കഥകൾ! ഇതൊക്കെ പിതാവിൽനിന്ന‌് നേരിട്ട‌് കേട്ട‌് എന്റെ മനസ്സിൽ പതിഞ്ഞിരുന്നു. എന്നാൽ, ഒരു എഴുത്തുകാരനാകാൻ കഴിയുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. അതിന‌് ഒരു കാരണമുണ്ട‌്. പി
താവിന‌് സ‌്കൂളിന‌് അപ്പുറം പഠിക്കാൻ കഴിയാതിരുന്നതുകൊണ്ട‌് എന്നെ കൊച്ചിലെ കൊല്ലത്ത‌് തങ്കശ്ശേരി ഇൻഫന്റ‌് ജീസസ‌് ആംഗ്ലോ ഇൻഡ്യൻ സ‌്കൂളിലാണ‌് പഠിപ്പിച്ചത‌്. സുരേഷ‌് ഗോപിയും മുകേഷും ക്ലാസ‌്മേറ്റ‌്സാണ‌്. പിന്നെ തിരുവനന്തപുരത്ത‌് ലയോള ഇംഗ്ലീഷ‌് മീഡിയം സ‌്കൂളിൽ സീനിയർ കെയിംബ്രിഡ‌്ജ‌് പതിനൊന്നാം ക്ലാസുവരെയുള്ള പഠനവും. 
 
ഒരു സൈക്യാട്രിസ്റ്റ‌ാവുക എന്നതായിരുന്നു മോഹം. അങ്ങനെ മെരിറ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേർന്നു. എന്നാൽ, ഫൈനൽ ഇയർ ആകുന്നതിനുമുമ്പ‌് ‘സർവകലാശാല’യും ‘ലാൽസലാ’മും പുറത്തുവന്നു. എം ജി സോമനും സംവിധായകൻ മോഹനും ജ്യേഷ‌്ഠ സഹോദരങ്ങളെ പോലെയായിരുന്നു. മോഹനിലൂടെ വേണുനാഗവള്ളിയുമായി പരിചയപ്പെട്ടതായിരുന്നു എന്റെ ജീവിതത്തിന്റെ വഴിത്തിരിവ‌്. എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയത‌് വേണുനാഗവള്ളിയാണ‌്. അതുകൊണ്ടുതന്നെയാണ‌് ‘ലാൽസലാ’മുണ്ടായതും. പിന്നീട‌് ‘രക്തസാക്ഷികൾ സിന്ദാബാദും’. അതിനിടയിൽ രൂപപ്പെട്ട നാൽവർ സംഘമായി ഞാനും വേണുനാഗവള്ളിയും നടൻ മുരളിയും വി ശ്രീകുമാറും പിരിയാത്ത സുഹൃത്തുക്കളായി. മുരളി ആലപ്പുഴ പാർലമെന്റ‌് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഞങ്ങൾ നിഴലുപോലെ കൂടെയുണ്ടായിരുന്നു. വേണുനാഗവള്ളിയും മുരളിയും ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ ഞാനും ശ്രീകുമാറും മാത്രം. കഥയായും തിരക്കഥയായും പതിനഞ്ചോളം ചിത്രങ്ങൾക്ക‌് എഴുതി. എം എ നിഷാദ‌് സംവിധാനം ചെയ‌്ത ഞാൻ എഴുതിയ ‘തെളിവ‌്’ റിലീസിന‌് ഒരുങ്ങുന്നു. അങ്ങനെ വിപ്ലവഗാഥകൾ കേട്ട‌ു കേട്ടു ഞാൻ എഴുത്തുകാരനായി.
പ്രധാന വാർത്തകൾ
 Top