18 June Tuesday

ദുരന്തത്തിനുശേഷം: ജീവിതവും സ്വപ്‌നവും

ഡോ. യു നന്ദകുമാർ unnair@gmail.comUpdated: Sunday Sep 2, 2018

 

ദുരന്തങ്ങൾ ഓർക്കാപ്പുറത്താണ്. അത‌് നമ്മുടെ ജീവിതവും സ്വപ്നങ്ങളും തകർത്തെറിയും. അനന്യമായ അനുഭവങ്ങളാണ് ഓരോ ദുരന്തവും വ്യക്തികൾക്കും സമൂഹങ്ങൾക്കും നൽകുന്നത്. ഓരോ ദുരന്തത്തിനും  സമാനതകളുമുണ്ട്. ഭൂവിവരണപരമായ ആഘാതം, സ്ഥിതിവിവരക്കണക്കുകളുടെ ഗുരുത്വം എന്നിവയിലൂടെയാണ് പൊതുവെ നാം ദുരന്തങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഇതെല്ലാം പൊതുപഠനങ്ങൾക്കുതകും എന്നതിലും സംശയമില്ല. വികസ്വരസമൂഹങ്ങൾ പലപ്പോഴും സാമൂഹ്യവും സാംസ‌്കാരികവും സാമ്പത്തികവും ആയി വൈജാത്യമുള്ള അനേക ഉപസമൂഹങ്ങളുടെ കൂട്ടായ‌്മയാണ്. അതിനാൽ, വ്യക്തികളുടെയും ഉപസമൂഹങ്ങളുടെയും ദുരന്താനുഭവങ്ങൾ സമാനമാകണമെന്നില്ല. അവർക്ക‌് ദുരന്തം ഒറ്റപ്പെട്ട സംഭവമായി ഒതുങ്ങുന്നുമില്ല. അനേകനാൾ, വർഷങ്ങളോളം, നീണ്ടുനിൽക്കുന്ന ചരിത്രാനുഭവമായി ദുരന്തം മാറുന്നു. ദുരന്തഭൂമിയിൽ ജീവിക്കുന്നവരുടെ ജീവിതാഖ്യാനങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയുംമാത്രം വെളിപ്പെടുന്ന പാഠങ്ങൾ.
 
ഇപ്പോൾ ഇതോർമിക്കാൻ കാരണമുണ്ട്. നമുക്കുമുമ്പിലുള്ളത് പീറ്റർ ഒർണർ, ഇവാൻ ലിയോൺ എന്നിവർ ചേർന്ന് തയ്യാറാക്കിയ 'ലാവിൽ ഹെയ‌്തി, പോർട്ട് ഒ പ്രിൻസിലെ ജീവിതം, പ്രണയം, മരണം’ (Peter Orner & Evan Lyon (Editors) – Lavil: Life, Love and Death in Port – au – Prince, Haiti; 2017, Verso) എന്ന പുസ‌്തകമാണ്. ജനുവരി 2010ൽ ഹെയ‌്തിയിൽ റിച്ചർ സൂചിക 7.0 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായി. തലസ്ഥാനമായ പോർട്ട് ഒ പ്രിൻസായിരുന്നു പ്രഭവസ്ഥാനം. തുടർന്നുവന്ന അതിതീവ്രമായ സുനാമിയിലും ഭൂകമ്പത്തിലും മൂന്നു ലക്ഷത്തിലധികം പേർ മരിച്ചു. തലസ്ഥാനം പ്രഭവകേന്ദ്രമായതിനാൽ പ്രധാനകെട്ടിടങ്ങൾ, പള്ളികൾ, പാർലമെന്റ‌്, ഐക്യരാഷ്ട്ര സംഘടനാകേന്ദ്രം എന്നിവ പൂർണമായോ ഭാഗികമായോ നശിച്ചു. മരിച്ചവരിൽ ആർച്ച്ബിഷപ്, പ്രതിപക്ഷനേതാവ്, ഐക്യരാഷ്ട്ര സംഘടനാ മേധാവി എന്നിവർ ഉൾപ്പെടുന്നു. ഭൂകമ്പം, സുനാമി, പ്രളയം എന്നിവയ‌്ക്ക‌് സാധ്യതയേറിയ പ്രദേശമായാണ് ഹെയ്‌തി അറിയപ്പെടുന്നത്.
ഭൂകമ്പം നടന്ന് വർഷങ്ങൾക്കുശേഷം ദുരന്തബാധിത പ്രദേശങ്ങളിൽ ജീവിക്കുന്ന പലരിൽനിന്നായി ശേഖരിച്ച വാമൊഴി ചിത്രങ്ങളാണ് പുസ‌്തകത്തിലെ പ്രധാനഭാഗം. നാൽപ്പതോളം പേർ അവരുടെ ഓർമകളിൽനിന്ന‌് ചികഞ്ഞെടുത്ത അനുഭവങ്ങളും ഭാവിയെക്കുറിച്ച‌ുള്ള സങ്കൽപ്പങ്ങളും പങ്കുവയ‌്ക്കുന്നു. നാലുവർഷം പലയാവർത്തി അവരുടെ അഭിമുഖം രേഖപ്പെടുത്തി. ഇതിലൂടെ കാലം മാറുന്നതനുസരിച്ച്‌ പ്രയാസങ്ങളുടെയും ദുഃഖത്തിന്റെയും അനുഭവങ്ങൾ മാറുന്നതും ജീവിക്കാനും ദുർഘടാവസ്ഥകൾ തരണം ചെയ്യാൻ മനസ്സ‌് സജ്ജമാക്കുന്നതിന്റെയും മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഓരോ വ്യക്തിയും അവരുടെ സ്വന്തം ഭാഷയായ ക്രെയോൾ, ഫ്രഞ്ച് എന്നിവയിലാണ് സംസാരിച്ചത്. ഈ രേഖകളെല്ലാം പഠിച്ച‌് ചരിത്രവസ്‌തുക്കളായി മാറ്റാൻ സഹായിച്ചത് നിരവധി കിറ്ററിഡ‌്ജ‌്  ഫൈൻ  ആർട്സ് പൂർവ വിദ്യാർഥികളാണ്. ഇങ്ങനെ അസാധാരണമായ കൂട്ടായ‌്മയിലൂടെ വികസിച്ചുവന്ന പുസ‌്തകം എന്ന നിലയിലും ലാവിൽ ശ്രദ്ധിക്കപ്പെടുന്നു.
പ്രൊഫസർ പീറ്റർ ഒർണർ ഇംഗ്ലീഷ് സാഹിത്യാധ്യാപകനും ആക്ടിവിസ്റ്റുമാണ്. ഇവാൻ ലിയോൺ മെഡിക്കൽ ഡോക്ടറാണ്; പൊതുജനാരോഗ്യം, ദുരിതാശ്വാസം എന്നീ മേഖലകളിൽ അദ്ദേഹം സജീവം. ലാവിൽ നമ്മെ  പല പ്രകാരത്തിൽ സ്വാധീനിക്കുന്നു. ദുരന്തത്തിൽപ്പെട്ട ഹെയ്‌തി, തുടക്കത്തിൽ  അന്താരാഷ്ട്ര ശ്രദ്ധനേടിയെങ്കിലും വളരെവേഗം അതെല്ലാം അപ്രത്യക്ഷമായി. വിദേശത്തുനിന്ന‌് സഹായമെത്താതായപ്പോൾ ഈ ദരിദ്രരാഷ്ട്രത്തിന്‌ പുനരധിവാസം താങ്ങാൻ കഴിയാതായി. ഇത് അവരുടെ ജീവിതത്തിലും ചരിത്രത്തിലും പ്രതിഫലിക്കുന്നതെങ്ങനെ എന്ന് നാം അറിയുന്നു. ദുഃഖത്തിന്റെ അന്തർധാരയോടൊപ്പം അവർ രചിക്കുന്ന പ്രത്യാശയുടെ കഥകൾ വിങ്ങലോടെയല്ലാതെ നമുക്ക് വായിക്കാനാകില്ല.
 
പുസ‌്തകത്തിൽ അനാവരണം ചെയ്യപ്പെടുന്ന കഥകളിൽ പല അനുഭവങ്ങളും നമുക്കും പരിചിതമത്രേ. ഷാർലോ ഴോദി പറയുന്നത് ശ്രദ്ധിക്കാം. അയാൾ സ്വവർഗാനുരാഗിയാണ്. ഇതറിഞ്ഞപ്പോഴാണ് ഹെയ‌്തിയിൽ ലൈംഗിക ന്യൂനപക്ഷത്തിന് ഇടം കുറവാണെന്നയാൾക്ക് മനസ്സിലായത്. അയാളും സമാനചിന്തയുള്ള സുഹൃത്തുക്കളും ചേർന്ന് ‘എം കമ്യൂണിറ്റി' എന്ന ഗ്രൂപ്പ‌് ആരംഭിച്ചു. ഭൂകമ്പം വന്നതോടെ അവരുടെ പ്രവർത്തനങ്ങൾ വലിയ വെല്ലുവിളി നേരിട്ടു. പ്രധാനമായും പള്ളിയിൽനിന്നാണ് എതിർപ്പുണ്ടായത്. വ്യാപകമായ നിന്ദാപ്രചാരണവും അക്രമവും സഹിക്കേണ്ടി വന്നു; ഭൂകമ്പത്തിനു കാരണം സ്വവർഗാനുരാഗമാണ് എന്ന പ്രചാരണം ശക്തിയാർജിച്ചപ്പോൾ ഒരുനാൾ 43 ലൈംഗികന്യൂനപക്ഷക്കാരെ തെരുവിൽ മർദിച്ചു.
 
ജയ്ൻ വൈൻ പരിസ്ഥിതി പ്രവർത്തകയാണ്. അവരുടെ അച്ഛൻ 1956ൽ മലകളിൽനിന്ന് മണ്ണൊലിപ്പ് തടയാനും ജനങ്ങളെ പരിസ്ഥിതിയുമായി ഇണക്കുന്നതിനുമായി മലഞ്ചെരുവിൽ റിസർവ് വനം സ്ഥാപിച്ചു. ഇപ്പോൾ ജയ്ൻ അതിന്റെ സൂക്ഷിപ്പുകാരിയാണ്. അനേകം പക്ഷികളുടെ സങ്കേതമാണ് ആ വനം. എന്നാൽ, ഇപ്പോൾ ജനങ്ങൾ അതിനെ എതിർക്കുന്നു: അവർ സംശയിക്കുന്നത് ഇതിന്റെ അവകാശപത്രത്തെതന്നെയാണ്. ഇത് കൈയേറാനുള്ള ശ്രമം ശക്തമായി വരുന്നു. ഹെയ‌്തിയിലിപ്പോൾ മുമ്പുണ്ടായിരുന്നതിന്റെ രണ്ടു ശതമാനം വനമാണുള്ളത്. മരങ്ങൾ തടിയായും വിറകായും കരിയായും മാറിക്കൊണ്ടിരിക്കുന്നു. ഭൂമികൈയേറ്റത്തിന്റെ രീതി പരക്കെ അറിവുള്ളതാണ്: ഒരാളിന്റെ ഭൂമിയുടെ അരികിലുള്ള മറ്റുവസ‌്തുക്കൾ വിൽക്കുമ്പോൾ ഇതിന്റെ ഒരുഭാഗംകൂടി ചേർത്തളക്കുക, അല്ലെങ്കിൽ ഇതെല്ലാം ഭൂമാഫിയയുടെ വകയാണെന്ന പ്രചാരം വ്യാപിപ്പിക്കുക. പലപ്പോഴും വാങ്ങുന്നവരുടെ കൈയിൽ പണം മാത്രമാകില്ല, തോക്കുകൾകൂടിയുണ്ടാകും.
 
ഡനിസ് ഡോർവിൽ മധ്യവയസ‌്കയാണ‌്; കാലങ്ങളായി അവർ സമൂഹത്തിന്റെ വരമ്പുകളിൽ ജീവിക്കുന്നു. കുട്ടിക്കാലത്ത‌് അനാഥാലയമായിരുന്നു വീട്. ലൈംഗികത്തൊഴിലാളിയായി ജീവിക്കുകയല്ലാതെ മറ്റ‌് നിവൃത്തിയെന്ത്? നാലുമക്കളിൽ രണ്ടുപേർ അനാഥാലയങ്ങളിലാണിപ്പോൾ. കൂടെയുള്ള കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് വാങ്ങാൻപോലും അവർക്കു കഴിയുന്നില്ല. അഴിമതി അത്രയ‌്ക്ക് വളർന്നിരിക്കുന്നു. ഇപ്പോൾ ലൈംഗികവൃത്തിക്ക് പോകുമ്പോൾ, ഭാര്യയുള്ള പുരുഷന്മാരെ തിരസ‌്കരിക്കുകയാണ് പതിവ്. അവർ കൂടുതൽ പ്രശ്നമുണ്ടാക്കുന്നവരാണ്. മുൻകൂട്ടി നിശ്ചയിച്ച പണം നൽകാതെ പോകുന്നവരുമുണ്ട്‌. ക്ലേശകരമായ ജീവിതം.
 
ജോണി അനിയനുമായി പട്ടണത്തിൽ ജീവിക്കുന്നു. അധ്യാപകനായിരുന്നു. ഹെയ‌്തിയിൽ ജോലികിട്ടണമെങ്കിൽ വേണ്ടപ്പെട്ടവർ സഹായിക്കണം; അധികാരികളെ അറിയണം. ജോണിക്ക‌് ജോലികിട്ടിയതും അങ്ങനെയാണ്. ഭൂകമ്പമുണ്ടായപ്പോൾ ജോണി വീട്ടിൽ കിടക്കുകയായിരുന്നു; പെട്ടെന്നാണ് പ്രകമ്പനം തോന്നിയത്. എണീറ്റു നോക്കുമ്പോൾ തെരുവിൽ ഇരിക്കുന്നു; കൂരയും ഭിത്തികളും അപ്രത്യക്ഷമായിക്കഴിഞ്ഞു. പിന്നീട്, ദീർഘകാലം ദുരിതാശ്വാസക്യാമ്പുകളിൽ. കിട്ടിയ ധനസഹായംകൊണ്ട് വീണ്ടും ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു. ഇതിനിടെ ക്യാമ്പിലെ കുട്ടികളെ പഠിപ്പിക്കുകയും സുരക്ഷിതഭവനങ്ങൾ ഉണ്ടാക്കുന്നതിൽ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.
 
ദുരന്തങ്ങൾ സംഭവങ്ങളല്ല; ചരിത്രമാണ്. ഹെയ്‌തിയുടെ അനുഭവം ഇതാണ് കാണിക്കുന്നത്. ഭൂകമ്പം നടന്ന് മാസങ്ങൾക്കകം അടുത്ത ദുരിതമുണ്ടായി, കോളറ. 100 വർഷമായി രാജ്യത്തില്ലായിരുന്ന രോഗം. 2013  ജനുവരി ആയപ്പോൾ 6.5 ലക്ഷം പേർക്ക് കോളറ ബാധിച്ചു. ഭൂകമ്പം ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയിരുന്നു; അതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ വൈകി.
 
വർധിച്ച ലൈംഗികാതിക്രമങ്ങളാണ് മറ്റൊരു പ്രശ്നം. അഞ്ചു മാസത്തിനുള്ളിൽ ദുരിതാശ്വാസക്യാമ്പുകളിൽമാത്രം 250 ബലാത്സംഗം റിപ്പോർട്ട‌് ചെയ‌്തു. ഹെയ്‌തിയിലെ ദാരിദ്ര്യവും സാമൂഹ്യാവസ്ഥയും സഹായകമായിരുന്നിരിക്കാം, എങ്കിലും വർധിച്ച സ‌്ത്രീപീഡനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകതന്നെ ചെയ‌്തു. കൂടാതെ എയ്‌ഡ്‌സും ക്ഷയരോഗവും ഗണ്യമായി വർധിച്ചു. 
 
ഹെയ‌്തിയുടെ സങ്കീർണങ്ങളായ അവസ്ഥകൾ അവരുടെ കാഴ‌്ചയിലൂടെ നമ്മെ കാണിക്കുന്ന പുസ‌്തകം എന്ന നിലയിൽ ലാവിൽ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങൾക്കിടയിൽ  ഇതെല്ലാം നമ്മെ ചിന്തിപ്പിക്കുന്ന മനുഷ്യാവസ്ഥകൾ തന്നെ. സമൂഹ നന്മക്കായി നാം മുന്നോട്ടുവരേണ്ടതിന്റെ അനിവാര്യത ലാവിൽ നമ്മെ ഓർമിപ്പിക്കുന്നു.

 

പ്രധാന വാർത്തകൾ
 Top