19 February Tuesday

സിനിമ മറന്നില്ല പ്രളയത്തെ

ഗിരീഷ‌് ബാലകൃഷ‌്ണൻ unnigiri@gmail.comUpdated: Sunday Sep 2, 2018

പാർവതി, റിമ കല്ലിങ്കൽ എന്നിവർ ചെങ്ങന്നൂരിലെ ക്യാമ്പിൽ

പോയമാസം മലയാളം സിനിമയെ മറന്നു. ദുരന്തത്തിനു മുന്നിൽ സിനിമയല്ല, ജീവിതമാണ് പ്രധാനമെന്ന് ആഗസ്ത് ഓർമപ്പെടുത്തി. പക്ഷേ, സിനിമയിലെ താരങ്ങൾക്ക് ജീവിതത്തിലും താരങ്ങളാകാൻ കഴിയുമെന്ന പാഠഭേദം ആവേശകരമായ കാഴ്ചയായി. ദുരന്തത്തെ നേരിടാൻ കേരളത്തിന്റെ മനസ്സ‌് ഉണർന്നപ്പോൾ താരപ്രഭാവലയത്തെ ഉരിഞ്ഞെറിഞ്ഞ്‌ യുവതാരങ്ങൾ ചെളിയിലിറങ്ങി. കഴുത്തറ്റം വെള്ളത്തിൽ നനഞ്ഞ്‌ ആളുകളെ കൈപിടിച്ച‌് കയറ്റുന്ന ടൊവിനോ തോമസ്, ലോഡിറക്കാനും സന്നദ്ധയായി രജിഷ വിജയൻ, ഭക്ഷണ പായ്ക്കറ്റുകൾ ഒരുക്കാൻ പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പൂർണിമ ഇന്ദ്രജിത‌്, മഞ്ജുവാര്യർ, ദുരിതാശ്വാസക്യാമ്പുകൾ കയറി ഇറങ്ങി നിവിൻ പോളി, ആസിഫ് അലി, ഇന്ദ്രജിത‌്, ജയസൂര്യ, സണ്ണി വെയ്ൻ, പ്രിയങ്കനായർ, സരയു. യുവതാരങ്ങൾ സിനിമയ്ക്ക് പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. 
 
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി കേരളം നേരിടുമ്പോൾ, കലാപ്രവർത്തകർ സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു മലയാള സിനിമയുടെ യുവതലമുറ. പ്രളയബാധിതർക്കുവേണ്ടി ഇറങ്ങി പ്രവർത്തിച്ചുകൊണ്ട് ഒപ്പമുള്ളവരെക്കൂടി ആത്മാർഥമായി ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പിക്കാൻ അവർക്കായി. കേരളമെമ്പാടുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കും യുവജനങ്ങളുടെ ഒഴുക്കിന് അവർ  പ്രേരകശക്തിയായി . ആലുവയിലേക്ക് വെള്ളം ഇരച്ചെത്തിയപ്പോൾ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണം എത്തിക്കാനുള്ള ആശയവിനിമയത്തിൽ രജിഷ വിജയൻ അടക്കമുള്ള യുവനടിമാരുടെ ഇടപെടൽ ശ്രദ്ധേയം. ഭക്ഷണം ഇപ്പോൾ എവിടെയുണ്ട്, അത് എവിടെ എത്തിക്കണം എന്ന് ഓൺലൈൻവഴി അപ്പപ്പോൾ അറിയിക്കാൻ ഇൻസ്റ്റഗ്രാമിലൂടെ രജിഷ വീഡിയോ സന്ദേശം നൽകിക്കൊണ്ടിരുന്നു. നൂറുകണക്കിനാളുകൾക്ക് ഇടപെടൽ ഗുണകരമായി. 
 
"മലയാളിക്ക് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലെന്ന് തെളിയിക്കാൻ ഈ ഓണക്കാലത്തിനായി. വലിയ പ്രതിസന്ധി നേരിടേണ്ടിവന്നപ്പോൾ എല്ലാവരും ഒന്നാണെന്ന ബോധം നമുക്കുണ്ടായി. മഹാബലി ആഗ്രഹിച്ചതും അതായിരുന്നു. കേരളം ഒരു കുടുംബമാണെന്ന് ഈ ഓണക്കാലം തെളിയിച്ചു. സ്വന്തം കുടുംബാംഗങ്ങൾക്കുമാത്രമല്ല പേരറിയാത്ത ഒരുപാടുപേർക്കായി നമ്മൾ വസ്ത്രവും ഭക്ഷണവും നൽകി. അവരുടെ വേദന സ്വന്തം വേദനയായി കരുതി. ദുരിതാശ്വാസക്യാമ്പുകളിലെത്തി എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങായി. മലയാളി ആരെന്ന് തിരിച്ചറിയാൻ ഈ ഓണക്കാലം സഹായകമായി''‐ രജിഷ പറയുന്നു. 
 
അതിജീവനത്തിനായി മനുഷ്യൻ ഒറ്റക്കെട്ടാകുമെന്ന വലിയ പാഠമാണ് പ്രളയം സമ്മാനിച്ചതെന്ന് ടൊവിനോ പറയുന്നു. "ഞാനടക്കമുള്ള സിനിമക്കാർ ചെയ്തത് ചെറിയകാര്യമാണ്, സ്വന്തം ജീവിതംതന്നെ പണയപ്പെടുത്തി ആയിരങ്ങളെ രക്ഷപ്പെടുത്തിയവരാണ് യഥാർഥ താരങ്ങൾ, പ്രതിസന്ധി നേരിടാൻ മാനവികത ഉണരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പോയ ദിനങ്ങൾ''‐ ടൊവിനോ കുറിച്ചു.
 
'അൻപൊടു കൊച്ചി' എന്ന സന്നദ്ധ സേവന പ്രസ്ഥാനം അവസരത്തിനൊത്ത് ഉയർന്നപ്പോൾ ദുരിതബാധിത ക്യാമ്പുകളിലേക്ക് ആയിരക്കണക്കിനു ലോറികളിലാണ്  സാമഗ്രികൾ എത്തിച്ചത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമ ഇന്ദ്രജിത്തും ആഷിക് അബുവും റിമയും പാർവതിയും രമ്യ നമ്പീശനും ആദ്യാവസനക്കാരായി ഒപ്പമുണ്ടായിരുന്നു. 
 

അയൽ സിനിമ

 
കേരളത്തെ പുനർനിർമിക്കാൻ അയൽസിനിമാക്കാരുടെ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്. തുകയുടെ വലുപ്പംകൊണ്ടും ആത്മാർഥതകൊണ്ടും അയൽതാരങ്ങൾ കേരളത്തോടുള്ള സ്‌നേഹം തെളിയിക്കുന്നു. രാഘവ ലോറൻസ് അമ്മയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് എത്തി ഒരുകോടി രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സൂര്യ, കാർത്തി, വിജയ്, സിദ്ധാർഥ, അല്ലു അർജുൻ, രാം ചരൺ തേജ, പ്രഭാസ്, മഹേഷ് ബാബു തുടങ്ങിയ തമിഴ്, തെലുഗു യുവതാരങ്ങളും വലിയ തുക കേരളത്തിനായി കൈമാറി. 'ആർഎക്സ് 100' എന്ന സൂപ്പർഹിറ്റ് തെലുഗുചിത്രത്തിന്റെ നിർമാതാക്കൾ, സിനിമയിലെ മുഖ്യ ആകർഷണമായ ആർഎക്സ് 100 ബൈക്ക് ലേലം ചെയ്ത് തുക കേരളത്തിന് സംഭാവന ചെയ്തു. 'ഗീത ഗോവിന്ദം' എന്ന തെലുഗു സിനിമയുടെ കേരളത്തിലെ വരുമാനം പൂർണമായും സംസ്ഥാനത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു. അമിതാഭ് ബച്ചനും കുടുംബവും 51 ലക്ഷവും ദുരിതാശ്വാസ സാമഗ്രികളും കൈമാറി. കേരളത്തിന് നൽകാൻ പണമില്ലെന്ന് ഓൺലൈൻവഴി സങ്കടമറിയിച്ച ആരാധകനുവേണ്ടി ബോളിവുഡ് യുവതാരം സുഷാന്ത് സിങ് രാജ്പുത് ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. അനുഷ്ക ശർമ, രൺദീപ് ഹൂഡ, സിദ്ധാർഥ‌് കപൂർ, സോനു സൂദ്, അർജുൻ റാംപാൽ, സണ്ണി ലിയോൺ തുടങ്ങി കേരളത്തിന് പിന്തുണ അറിയിച്ച ബോളിവുഡ് താരങ്ങളുടെ പട്ടിക നീളുന്നു.
 
ബോളിവുഡ് താരങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥന ദേശീയതലത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ ചർച്ചചെയ്യപ്പെടാൻ അവസരമായി. എൻഡി ടിവി കേരളത്തിലെ പ്രളയത്തെക്കുറിച്ച് തുടർച്ചയായി സംഘടിപ്പിച്ച ടാക്കത്തോൺ പരിപാടിയിലൂടെമാത്രം പത്തരക്കോടിയോളം സമാഹരിക്കാനായി. 
 

നഷ്ടമായ ഓണസീസൺ

 
പ്രളയം മലയാള സിനിമവ്യവസായത്തിന് 30 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സംഘടനകളുടെ കണക്ക്. കേരളത്തിൽ ചിത്രീകരണം പൂർണമായി നിലച്ചു. വെള്ളംകയറി നശിച്ച തിയറ്ററുകളുടെ കണക്കും പുറത്തുവരുന്നുണ്ട്. ആഗസ്ത് ആദ്യവാരത്തിനുശേഷം ഭൂരിഭാഗം തിയറ്ററുകളിലും പ്രദർശനം മഴമുടക്കി. ഓണസീസൺ പൂർണനഷ്ടം. ഓണ റിലീസ് ചിത്രങ്ങളെല്ലാം മാറ്റിവച്ചപ്പോൾ ആഗസ്ത് ആദ്യവാരത്തിലെത്തിയ ഒരു പഴയ ബോംബ് കഥ, വിശ്വരൂപം‐2, മറഡോണ, ഇബ്ലിസ്, നീലി തുടങ്ങിയ ചിത്രങ്ങൾമാത്രമാണ് ഓണക്കാലത്ത് തിയറ്ററിലുണ്ടായിരുന്നത്. പ്രദർശനങ്ങളുടെ എണ്ണം കുറവായിരുന്നതിനാൽ ഈ ചിത്രങ്ങൾക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. 
 
ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസ് മാറ്റിവച്ചത്‌ മറ്റ്‌ റിലീസുകളെയും ബാധിച്ചിട്ടുണ്ട്. തുടർന്നുള്ള റിലീസിങ് തീയതികൾ സംബന്ധിച്ച് നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ ഏകദേശധാരണയിൽ എത്തി. ചിത്രങ്ങൾ ഒന്നിച്ച് റിലീസ് ചെയ്യുന്നത് വൻ നഷ്ടം വരുത്തുമെന്ന് ബോധ്യമുള്ളതിനാൽ ഘട്ടംഘട്ടമായ റിലീസാണ് ലക്ഷ്യം. ടൊവിനോയുടെ തീവണ്ടി, പൃഥ്വിരാജിന്റെ രണം എന്നിവ ഈ ആഴ്ച തിയറ്ററിലെത്തും. മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ്, ബിജു മേനോന്റെ പടയോട്ടം എന്നിവ തൊട്ടടുത്ത ആഴ്ചയുണ്ടാകും. പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ഫഹദ്‐അമൽനീരദ് കൂട്ടുകെട്ടിന്റെ വരത്തൻ അതിനുശേഷവും. ജോണി ജോണി യെസ് പപ്പ, മാംഗല്യം തന്തുനാനേന, ചാലക്കുടിക്കാരൻ ചങ്ങാതി, ലില്ലി തുടങ്ങിയവയും പിന്നാലെ എത്തും. 
 
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഓണറിലീസ് മാറ്റിവച്ചത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്തമാസത്തേക്ക് റിലീസ് മാറ്റിവച്ചെന്നാണ് റിപ്പോർട്ട്. മോഹൻലാൽ വ്യത്യസ്ത വേഷത്തിൽ എത്തുന്ന ഒടിയൻ, രഞ്ജിത്തും മോഹൻലാലും വീണ്ടും ഒന്നിച്ച ഡ്രാമ എന്നിവയും ഒക്ടോബറിലേ ഉണ്ടാകൂ.

 

പ്രധാന വാർത്തകൾ
 Top