05 June Monday

ജനകീയമാകണം സിനിമ

നിധിൻനാഥ്‌ nidhinnath@gmail.comUpdated: Sunday Apr 2, 2023

‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രത്തിൽനിന്ന്‌

സാംസ്‌കാരിക രംഗത്ത്‌ സംസ്ഥാന സർക്കാരിന്റെ വിപ്ലവകരമായ ചുവടുവയ്‌പായിരുന്നു സ്‌ത്രീ സംവിധായകർക്ക്‌ സിനിമയൊരുക്കാൻ സഹായം നൽകുന്ന പദ്ധതി. ഈ പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രം വ്യാഴാഴ്‌ച പ്രദർശനത്തിന്‌ എത്തുകയാണ്‌. 

സ്‌ത്രീശരീരത്തിന്റെ രാഷ്‌ട്രീയം ചർച്ച ചെയ്യുന്ന ചിത്രം ഒരു രാഷ്‌ട്രീയ പ്രഖ്യാപനംകൂടിയാണ്‌. സ്‌ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, അണിയറയിൽ നിറയെ സ്‌ത്രീകളുള്ള ചിത്രം. മലയാള സിനിമയുടെ നടപ്പുരീതികളിൽനിന്നുള്ള മാറിനടത്തത്തിനുകൂടിയുള്ള ശ്രമമാണ്‌ സിനിമ. സംവിധായക ശ്രുതി ശരണ്യം സംസാരിക്കുന്നു:

ശ്രുതി ശരണ്യം

ശ്രുതി ശരണ്യം

പ്രേക്ഷകരുടേതാണ്‌ സിനിമ

സിനിമ ആലപ്പുഴയിൽ നടന്ന വനിതാ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു.  കണ്ടത്‌ കൂടുതലും പുതിയ തലമുറയിൽപ്പെട്ട കുട്ടികളാണ്‌. അവർക്ക്‌ സിനിമ പറഞ്ഞ വിഷയം നല്ല രീതിയിൽ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നാണ്‌ പ്രതികരണങ്ങളിൽനിന്ന്‌ മനസ്സിലായത്‌. സിനിമ ഒരുക്കുമ്പോൾ ലക്ഷ്യംവച്ച  പ്രേക്ഷകരും അവരായിരുന്നു. അതിനാൽത്തന്നെ ടാർജറ്റ് ഓഡിയൻസിലേക്ക്‌ എത്താനായതിൽ സന്തോഷമുണ്ട്‌.

സിനിമ പ്രേക്ഷകരുടേതാണ്‌. ആസ്വാദകരും വിധികർത്താക്കളും പിന്നെ സിനിമ കാണുന്ന സമയത്ത്‌ താൽക്കാലികമായിട്ടാണെങ്കിലും ആ കഥാപാത്രങ്ങളും അവരാണ്‌. അതുകൊണ്ടുതന്നെ സിനിമ ഒരു പ്രേക്ഷകൻ എന്ന രീതിയിൽ ചിന്തിച്ചിട്ടുകൂടിയാണ് ചെയ്യുന്നത്‌.

ഞാൻ ഒരുക്കിയിട്ടുള്ളത് ഒരു രാഷ്ട്രീയ സിനിമയാണ്. സ്ത്രീപക്ഷ സിനിമയാണ്. രാഷ്ട്രീയ സിനിമകൾ എടുക്കുമ്പോൾ അവ പ്രേക്ഷകരിലേക്ക് എത്താൻ ലളിതമായ ഭാഷ  ഉപയോഗിക്കുകയാണ് നല്ലത്. അതേസമയം,  ക്ലാസ് എടുക്കുന്ന രീതിയിലുള്ള അവതരണം പാടില്ല. സിനിമയുടേതായ എല്ലാ ഭംഗിയും ഉണ്ടാകണം. പൊളിറ്റിക്കൽ സിനിമകൾ ആളുകളിലേക്ക് എത്തണമെങ്കിൽ ആളുകൾക്ക്‌ സ്വീകാര്യമാകുന്ന രീതിയിലാകണം. ഇതിനാണ് ശ്രമിച്ചിട്ടുള്ളത്. നാടകീയതയെല്ലാം ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യവുമാണ്‌ സിനിമ. സിനിമ ആത്യന്തികമായി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നുള്ളത് പ്രധാനമാണ്. .

മറ്റ്‌ എവിടെയുമില്ലാത്ത മാതൃക

സാർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ്‌ സിനിമ നിർമിച്ചിട്ടുള്ളത്. ലോകത്തുതന്നെ ഇത്തരത്തിൽ ഒരു പദ്ധതി വേറെയുണ്ടാകില്ല. സർക്കാരിന്റെ ഫണ്ട്‌ എന്നുപറയുമ്പോൾ അത്‌ ജനങ്ങളുടേതുകൂടിയാണ്‌. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് എന്തുകൊടുക്കുന്നുവെന്നത്‌ പ്രധാനമാണ്‌. സിനിമ പറയുന്ന വിഷയത്തിൽനിന്ന് ആളുകൾക്ക് സ്വീകരിക്കാനും ഉൾക്കൊള്ളാനും എന്തെങ്കിലും ഉണ്ടാകണമെന്ന് ചിന്തിച്ചിരുന്നു. അത്തരം ചിന്തയുടെ അടിസ്ഥാനത്തിൽ തന്നെയാണ് സിനിമ ചെയ്‌തത്‌.

കേരള ചലച്ചിത്ര വികസന കോർപറേഷനാണ്‌ സിനിമ നിർമിച്ചത്‌. ഒരുകാര്യത്തിലും ഒരുവിധ ഇടപെടലും നടത്തിയിട്ടില്ല. ജോൺപോൾ അടക്കമുള്ളവരായിരുന്നു ജൂറി. അവർ സമയാസമയങ്ങളിൽ  ആവശ്യമായ നിർദേശങ്ങൾ തന്നിരുന്നു. അത്‌ സിനിമ ഒരുക്കുന്നതിൽ  സഹായിച്ചിട്ടുണ്ട്.  ഇടപെടൽ ഇല്ലാത്തതുകൊണ്ടുതന്നെ വലിയ സ്വാതന്ത്ര്യത്തോടുകൂടിയാണ് സിനിമ ചെയ്യാൻ പറ്റിയത്‌.

അണിയറയിൽ  നിറയെ സ്ത്രീകൾ

സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും കൂടുതൽ സ്ത്രീകളാണ്. 75 ശതമാനവും സ്ത്രീകൾ. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിനിടയിൽ ജോലിയുടെ ഭാഗമായി പലഘട്ടത്തിൽ പരിചയപ്പെട്ടവരാണ്‌ അധികവും. ചെറിയ ബജറ്റിൽ ഒരുക്കുന്ന സിനിമ എന്നതുകൊണ്ട് പരിമിതികൾ ഉണ്ടായിരുന്നു. എന്നിട്ടുപോലും അവർ ഈ സിനിമയ്‌ക്കൊപ്പം നിന്നു. ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്ന ലക്ഷ്യത്തിന്‌ പ്രാധാന്യം നൽകിയാണ്‌ എല്ലാവരും ഒപ്പംനിന്നത്.

ആദ്യ സിനിമ 

ബി 32 മുതൽ 44 വരെ ആദ്യ സിനിമ ആകണമെന്ന്‌ തീരുമാനിച്ച്‌ ചെയ്‌തതല്ല. സിനിമ ചെയ്യാൻ ആലോചിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന ആശയമാണ്. 2018 മുതൽത്തന്നെ മനസ്സിലുള്ളതാണ് വിഷയം. അതേസമയം, ഈ സിനിമയുടെ വിഷയം അധികം ആളുകളുമായൊന്നും ചർച്ച ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ, സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ പലരും പറഞ്ഞത് ഇത്‌ തന്നെയാകണം ആദ്യ  സിനിമ എന്നായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ കഥാപാത്രങ്ങളുടെ യാത്ര നേരിട്ട് അറിയാം. ജീവിതത്തിലും ഇത്തരത്തിലുള്ള സന്ദർഭങ്ങളിലൂടെ ഒരുപാട് കടന്നുപോയിട്ടുണ്ട്.  ഈ വിഷയം സിനിമയാക്കാൻ സർക്കാർ അല്ലാതെ വേറെ നിർമാതാവിനെ കിട്ടാൻ ബുദ്ധിമുട്ടാണ്‌. 

പ്രേക്ഷക മാറ്റം

2010 മുതലാണ്‌ മലയാള സിനിമയുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകാൻ തുടങ്ങിയത്‌. സാങ്കേതിക മേഖലയിൽ ഉണ്ടായ വളർച്ച സിനിമ ആളുകളിലേക്ക്‌ കൂടുതൽ എത്തിക്കുന്നതിന്‌ സഹായകമായി. ചലച്ചിത്രമേളകൾ കൂടുതൽ പേരിലേക്ക്‌ ലോക സിനിമ എത്താൻ സഹായിച്ചു. അത്‌ പ്രേക്ഷകരുടെ സിനിമാക്കാഴ്ചകളിലും അവരുടെ ചിന്തകളിലും മാറ്റംവരുത്തി. ഒടിടി കൂടുതൽ സജീവമായതോടെ വലിയ മാറ്റങ്ങൾ ഉണ്ടായി. തിയറ്റർ ലഭിക്കാത പോയ, മാറ്റിനിർത്തപ്പെട്ട സിനിമകൾക്കെല്ലാം ഇതിലൂടെ ഇടം ലഭിച്ചു. യഥാർഥത്തിൽ ഒടിടി സിനിമ കാഴ്ചയിൽ ഒരുക്കിയത്‌ വിപ്ലവമാണ്.

ഇത്തരത്തിലുള്ള കൂടുതൽ സിനിമകൾ കാണാൻ തുടങ്ങിയതോടുകൂടി ആളുകളുടെ കാഴ്ചപ്പാടിൽ മാറ്റംവന്നു. അതിലൂടെ സിനിമയുടെ സ്വഭാവത്തിലും മാറ്റംവന്നു. അത് സിനിമയ്‌ക്കും വലിയ ഗുണം ചെയ്തു. അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സിനിമാ ചർച്ചകളും ഇത്തരത്തിൽ ഗുണമായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top