23 May Monday

ജമാഅത്തെ ഇസ്ലാമിയുടെ ഉത്തരാധുനിക കസര്‍ത്തുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കുമ്പോൾതന്നെ ജമാഅത്തെ ഇസ്ലാമിയുടെ വർഗീയ പ്രതിലോമപരതയെ തുറന്നുകാണിക്കൽ അനിവാര്യമാണ്‌. ഈ തിരിച്ചറിവിൽ കെ ടി കുഞ്ഞിക്കണ്ണൻ രചിച്ച ഗൗരവമാർന്ന പഠനമാണ് ഇസ്ലാമിക തീവ്രവാദം: ജമാഅത്തെ ഇസ്ലാമി വിമർശനത്തിനൊരാമുഖം. മൗദൂദിസത്തെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റ് വിമർശം പൊതുവെ ഇസ്ലാംവിമർശമായിത്തീരാറാണ് പതിവ്. അതിൽനിന്നു മാറി ജമാഅത്തെ ഇസ്ലാമിക്കും മൗദൂദിസത്തിനുമെതിരെ ഇസ്ലാമിലെ പ്രബലവിഭാഗങ്ങളിൽനിന്നുതന്നെ ഉയർന്നുവന്ന രാഷ്‌ട്രീയ ഇസ്ലാമിനോടുള്ള വിമർശനങ്ങളെ ഉപാദാനമായി സ്വീകരിക്കുന്നു എന്നത് ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിതലക്ഷ്യമായ മതരാഷ്ട്ര സംസ്ഥാപനത്തിനായി സമൂഹത്തിൽ എന്തെല്ലാം പ്രച്ഛന്നവേഷങ്ങളാണ് എടുത്തണിയുന്നതെന്ന് കേരളത്തിലെ സമീപസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു. പൊതുസമ്മത നിർമിതിക്കായി നടത്തുന്ന പ്രഹസനങ്ങളെ വിലയിരുത്തുന്നതോടൊപ്പം അറിഞ്ഞോ അറിയാതെയോ അതിൽ വീണുപോയ എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയും പുസ്‌തകം വിമർശിക്കുന്നുണ്ട്‌.  

സ്വത്വവാദാശയങ്ങളെമാത്രമല്ല മാവോയിസ്റ്റുകളെയടക്കം അതിനായി പരിപോഷിപ്പിച്ചെടുത്ത വിധവും പരിശോധിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആഗോളബന്ധങ്ങളെയും ഇന്ത്യയിൽത്തന്നെ കശ്‌മീർപോലുള്ള ഇടങ്ങളിൽ അവർ സ്വീകരിച്ചുവരുന്ന അടവുരീതികളും പരിശോധിക്കുന്നു. 1941ൽ രൂപീകൃതമാകുമ്പോൾ ‘ഹുകുമത്തെ ഇലാഹി’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന്‌ 1956ലെത്തിയപ്പോൾ മാറ്റിപ്പിടിച്ച ‘ഇഖാമത്തെദീൻ’ സൂക്ഷ്‌മാർഥത്തിൽ ഒന്നുതന്നെയാണെന്ന് കെ ടി, അവരുടെതന്നെ വിശദീകരണങ്ങളെ വ്യാഖ്യാനിച്ച്  സമർഥിക്കുന്നു. മൗദൂദിയുടെ സങ്കുചിത ദൈവാധികാരസിദ്ധാന്തത്തിൽനിന്ന്‌ ജമാഅത്തെ ഇസ്ലാമി തത്വത്തിൽ അണുകിട വ്യതിചലിച്ചിട്ടില്ല എന്ന് അടിവരയിടുന്നു. 

ട്രംപുമുതൽ മോദിവരെയുള്ള ആഗോളമൂലധനത്തിന്റെ അതിനായകന്മാർ കുടിയേറ്റവിരുദ്ധതയിലും ഇസ്ലാംവിരുദ്ധതയിലും അധിഷ്‌ഠിതമായ വൈകാരികതകൾ സൃഷ്ടിച്ച് ജനങ്ങൾ നേരിടുന്ന ജീവൽ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുമ്പോൾ ഇതിനെതിരെയുള്ള മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളെ ഭിന്നിപ്പിച്ച് പരസ്‌പരം ശത്രുക്കളാക്കിമാറ്റാനുള്ള കഠിനപ്രയത്നത്തിലാണ് ജമാഅത്തെ ഇസ്ലാമി. ഇതിലൂടെ ആർഎസ്‌എസും മൗദൂദിസവും ഒരേ തൂവൽപക്ഷികളായിത്തീരുന്നതെങ്ങനെ എന്നതിലേക്കാണ് ഈ പഠനം വിരൽചൂണ്ടുന്നത്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാത്രമല്ല പൗരത്വസങ്കൽപ്പങ്ങളെയും നിർദാക്ഷിണ്യം മൗദൂദി തള്ളിക്കളയുന്നു. മൗദൂദിയൻചിന്ത അടിത്തറയായിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ പൗരത്വസമരത്തിലെ മുതലക്കണ്ണീർ ഗ്രന്ഥകാരൻ തുറന്നുകാണിക്കുന്നു. മുൻ അമീർ അബു സലൈസിന്റെ കൃതിയിലെ ദീനും സെക്കുലറിസവും പരസ്‌പരവിരുദ്ധമാണെന്ന ആഹ്വാനമടക്കം ഉദ്ധരിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ മൂടുപടം അനാവരണം ചെയ്യുന്നത്. 

മതനിരപേക്ഷത ജീവവായുവായി സ്വീകരിക്കുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ശിഥിലമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നവരാണ് മതതീവ്രവാദ സംഘടനകൾ. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി അവരുടെ പങ്ക് നിർവഹിച്ചതെങ്ങനെയെന്ന് പുസ്‌തകം വിശദീകരിക്കുന്നു. വഖഫ് ബോർഡ് നിയമനവിവാദവുമായി ബന്ധപ്പെട്ട് ഇല്ലാത്തൊരു വിഷയത്തെ ഊതിവീർപ്പിച്ച് മതവൽക്കരിക്കുന്നതിൽ ജമാഅത്ത് മാധ്യമങ്ങളും അവരുടെ ബുദ്ധിജീവികളും ലീഗിനെ മുൻനിർത്തി തിരശ്ശീലയ്‌ക്കുപിറകിൽ നടത്തിയ ഇടപെടലുകളടക്കം ഈ പുസ്‌തകത്തിലെ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നത് ഏതൊരു സാമൂഹ്യശാസ്‌ത്ര ഗവേഷകനെ സംബന്ധിച്ചും കൗതുകകരമായിരിക്കും. കേരളത്തിന്റെ പുതിയ സാഹചര്യത്തിലും അതാണു നാം കാണുന്നതെന്ന് ഔഫിന്റെ കൊലപാതകത്തെ തുടർന്ന്‌ ജമാഅത്തെ ഇസ്ലാമിക്കാരുടെ സമൂഹമാധ്യമത്തിലെ ഇടപെടൽ ചൂണ്ടിക്കാട്ടി കെ ടി വിലയിരുത്തുന്നു.    

ആർഎസ്‌എസുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ സാദൃശ്യം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ പുസ്‌തകം വിമർശിക്കുന്നു. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആധുനിക ജനാധിപത്യചിന്തകളെ ഇരു വിധ്വംസകധാരകളും എങ്ങനെ സമീപിച്ചു? മതപരമായ ധ്രുവീകരണപ്രക്രിയയിൽ ഇവയുടെ പങ്കെന്ത്? എന്തുകൊണ്ടിവർ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നില്ല? തുടങ്ങി ഈ താരതമ്യപരിശോധനയിൽ തന്റെ വാദം വ്യക്തവും യുക്തിഭദ്രവുമായി വിശദീകരിക്കുന്നുണ്ട്‌.  

പ്രവാചക ദർശനങ്ങളല്ല മൗദൂദിയുടെയും പിൽക്കാല ഓറിയന്റലിസ്റ്റുകളുടെയും വികൃതചിന്തകളാണ് ജമാഅത്തെ ഇസ്ലാമിയെ മുന്നോട്ടു നയിക്കുന്നത്, കലാപത്തിന്റെയും വിദ്വേഷത്തിന്റെതുമായ സാമൂഹികാംശങ്ങളെ നിരാകരിക്കാനും ഭിന്നവിശ്വാസങ്ങളുടെ പേരിൽ കലഹിക്കുന്നവരെ ആത്മീയമായി ഉദ്ഗ്രഥിക്കാനും ഏകീകരിക്കാനും ശ്രമിച്ച് വിജയിച്ച ദർശനം എന്ന നിലയിൽ സമാധാനത്തിന്റെ മതം എന്നു പേരുകേട്ട ഇസ്ലാമിനെ ഇന്നത്തെ ഇസ്ലാമോഫോബിക് അന്തരീക്ഷത്തിലേക്ക് വലിച്ചിഴച്ചതിൽ മൗദൂദിസത്തിന്റെ പങ്ക് കെ ടി അക്കമിട്ട് നിരത്തുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വവാദികളും ഇസ്ലാമികരാഷ്ട്രവാദികളും ഒരേ മൂലധനശക്തികളുടെ കൈയിൽ കളിക്കുന്ന അസ്ഥിരീകരണശക്തികളാണെന്ന വാദമാണ് ഈ പുസ്‌തകം മുന്നോട്ടുവയ്‌ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top