10 August Monday

മുഴക്കം സൃഷ്‌ടിക്കും സൈലൻസർ

വിജയ് സി എച്ച്Updated: Sunday Dec 1, 2019

ഇരുപത്തിനാലാമത്‌ അന്താ രാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ മലയാള സിനിമ ഇന്ന്‌ എന്ന വിഭാഗത്തിലേക്ക്‌ തെരഞ്ഞെടു ക്കപ്പെട്ട  സൈലൻസറിനെ ക്കുറിച്ചും സിനിമാ ജീവിതത്തെ ക്കുറിച്ചും സംവിധായകൻ പ്രിയനന്ദനൻ

 
പ്രിയനന്ദനൻ സംവിധാനംചെയ്‌ത  സൈലൻസർ‍  കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. വൈശാഖന്റെ സൈലൻസർ എന്ന കഥയാണ്‌ സിനിമയ്‌ക്കാധാരം.  2009-ൽ  പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയുടെ സാർവലൗകിക പ്രസക്തി തന്നെയാണ്‌ സിനിമയെടുക്കാൻ പ്രിയനന്ദനനെ പ്രേരിപ്പിച്ചത്‌.
  
വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന നാട്ടിൻപുറത്തുകാരൻ ഈനാശുവിന്റെ ജീവിതവ്യഥകളും അതിജീവനവുമാണ് കമല സുരയ്യ പുരസ്‌കാരം നേടിയ ഈ കഥ പറയുന്നത്.  എന്റെ എട്ടാമത്തെ സംവിധാന സംരംഭമായ "സൈലൻസറി'നെക്കുറിച്ചും സർഗജീവിതത്തെക്കുറിച്ചും  പ്രിയനന്ദനൻ:
 
 വാർധക്യത്തിൽ തനിച്ചുകഴിയേണ്ടിവരുന്ന ഒരാളുടെ അവസ്ഥയാണ്‌ സൈലൻസർ പറയുന്നത്‌. മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ, കൂട്ടിന് ആരുമില്ലാത്ത ഈനാശു  തന്റെ മോട്ടോർസൈക്കിളിന്റെ സൈലൻസർ ഊരിവച്ച്‌, ഒച്ചയുണ്ടാക്കി സഞ്ചരിച്ചാണ് സമൂഹത്തോട്‌ പ്രതിഷേധിക്കുന്നത്.  പ്രേക്ഷകരിൽ താൽപ്പര്യവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്  ഈനാശുവായുള്ള ലാലിന്റെ വേഷപ്പകർച്ച. 
   

എന്റെ കുട്ടിക്കാലം

 

 ഗ്രാമാന്തരീക്ഷത്തിൽ, ഒരു സാധാരണ വീട്ടിൽ ജനിച്ചുവളർന്നു. നാടകവും ഷോർട്ട് ഫിലിമും മറ്റുമായി കുറേക്കാലം.  ദേശീയതലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചൊരു പടം സംവിധാനം ചെയ്യുമ്പോൾ, മറ്റാരേയുംപോലെ, എന്റെ നാട്ടുകാർക്കും എന്നെ വീണ്ടും കണ്ടെത്തേണ്ടിവന്നു!
 
ലഘുവായവനെ പെട്ടെന്ന് ഗുരുവായി സ്വീകരിക്കാൻ നമ്മുടെ സമൂഹത്തിനാകുമോ? ഋതുഭേദങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളുംവരെ നാം സ്വീകരിക്കുന്നത് ഊഷ്‌മളമായല്ല. എന്നാൽ, നമ്മളതിനെ ഏറ്റെടുക്കുന്നു. ഏതു രാജ്യത്തും കാലത്തും, ഇത്‌ മനുഷ്യസഹജമാണ്.  വിമർശനങ്ങളെ വിശാലമായ കാഴ്‌ചപ്പാടോടുകൂടിത്തന്നെയാണ് ഞാൻ സ്വീകരിക്കുന്നത്.
 ആദ്യസിനിമയായ നെയ്‌ത്തുകാരനിൽ മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.  കൂടാതെ, മികച്ച നടനും, മികച്ച രണ്ടാമത്തെ നടിക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങളും.
 

 നെയ്‌ത്തുകാരന്റെ കഥ

 

 ഇ എം എസിനെ ഹൃദയത്തിലേറ്റി, അദ്ദേഹം മരിച്ചതിന്റെ പിറ്റേന്നുതന്നെ മരിക്കുന്ന അപ്പ മേസ്‌ത്രിയാണ്‌  നെയ്‌ത്തുകാരനിൽ മുഖ്യം.  ടിവിയിൽ സഖാവിന്റെ ശവസംസ്‌കാരംപോലും കാണാൻ താൽപ്പര്യമില്ലാതെ, ക്രിക്കറ്റിൽ വ്യാപൃതരായ കൊച്ചുമക്കളെ കാണാനിടവരുന്ന അയാൾക്ക്, ഒരുപക്ഷേ മരണം തന്നെയാകും അഭികാമ്യം എന്നുതോന്നിയിരിക്കാം.
 

പുലിജന്മം

 

മിത്തുകളും പുരാവൃത്തങ്ങളും യാഥാർഥ്യവും  ഇഴുകിച്ചേരുന്ന അവസ്ഥയെക്കുറിച്ചാണ് "പുലിജന്മം' പറയുന്നത്. ഉത്തര കേരളത്തിലെ  പ്രശസ്‌ത തെയ്യം കലാകാരൻ കാരി ഗുരുക്കളെ നാടകത്തിൽ അഭിനയിച്ച്‌ പുനർജീവിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക്, തന്റെ യഥാർഥ ജീവിതത്തിൽത്തന്നെ മിത്തിലെ കഥാനായകന്റെ അവസ്ഥ വരുന്നു!
 
 പുലിജന്മത്തിന് ദ്വിമാനമോ ത്രിമാനമോ ആയ സ്വഭാവമുണ്ട്. ഒന്നിൽ കൂടുതൽ പാളികൾ ഒന്നിനുമേൽ ഒന്നായി അടുക്കിവച്ചതുപോലെയാണ് ആ കഥ കെട്ടിപ്പടുത്തിരിക്കുന്നത്.
 
സൈലൻസറിൽ ലാൽ

സൈലൻസറിൽ ലാൽ

"സൂഫി പറഞ്ഞ കഥ'

 

കെ പി രാമനുണ്ണിയുടെ നോവൽ, "സൂഫി പറഞ്ഞ കഥ', മൂന്നാമത്തെ പടത്തിനാധാരമാക്കാൻ എനിക്ക്‌ കാരണങ്ങളുണ്ട്.  നെയ്‌ത്തുകാരനെയോ പുലിജന്മത്തെയോ പോലുള്ള ശക്തമായ സന്ദേശം, മറ്റൊരു രീതിയിൽ "സൂഫി പറഞ്ഞ കഥ'യിലുമുണ്ട്. നമുക്ക് സ്വന്തമായിരുന്ന മതമൈത്രിയുടെ പാരമ്പര്യമാണ് നോവലിലെ പ്രതിപാദ്യം.  സൂഫി പറഞ്ഞ കഥ  നാല് സംസ്ഥാന പുരസ്‌കാരം നേടി.
 

പാത മാറിയിട്ടില്ല

 

നാലാമത്തെ പടം, "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്നതിലെത്തുമ്പോൾ ഞാൻ പാത മാറി സഞ്ചരിച്ചെന്ന്‌ എനിക്കു തോന്നിയിട്ടില്ല. ഇതൊരു മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമാണ്. കലാമൂല്യം നഷ്ടപ്പെടാതെ ജനപ്രിയമായി എടുത്ത ഒരുപടം.  അമിത ഭക്തിയും ആൾദൈവാരാധനയും മദ്യപാനാസക്തിയുമൊക്കെയാണ് ഈ കഥയിൽ ഹാസ്യാത്മകമായി ചോദ്യം ചെയ്യപ്പെടുന്നത്. സുമംഗലയായി അഭിനയിച്ച കാവ്യാ മാധവന്റെ താരമൂല്യം സിനിമയുടെ വിജയത്തിന് സഹായിച്ചെന്നതു ശരിയാണ്. കാവ്യയുടെ മികച്ച ഒരു കഥാപാത്രമാണ് സുമംഗല.
 
ലക്ഷങ്ങൾ മുടക്കി, കോടികൾ ഉണ്ടാക്കുന്ന പ്രോജക്റ്റുകളൊന്നും ഞാൻ ചെയ്യാറില്ല.  വിചിത്രകൽപ്പനകൾ കുറയുമ്പോൾ സിനിമകൾ യാഥാർഥ്യത്തോടടുത്ത്, ഡോക്യുമെന്ററി പോലെയായേക്കാം. എല്ലാം കുറഞ്ഞ ചെലവിൽ നിർമിക്കുന്ന പടങ്ങളാണ്. ചെലവാക്കിയ പണം നിർമാതാവിന് തിരിച്ചുകിട്ടണം. അത്രയേ ഉള്ളൂ!
ചില പടങ്ങൾക്ക് അഭിനേതാക്കൾപോലും അവർ അർഹിക്കുന്ന പ്രതിഫലം വാങ്ങാതെയാണ് എന്നോടു സഹകരിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടു പടത്തിലും മുരളി ആയിരുന്നല്ലൊ പ്രധാന കഥാപാത്രം. നല്ല സിനിമകളുണ്ടാകണമെന്ന ഉദ്ദേശത്തിൽ അദ്ദേഹം സഹകരിക്കുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top