10 August Monday

കൊട്ടകക്കാലം

കെ എ നിധിന്‍ നാഥ്Updated: Sunday Dec 1, 2019

ഐഎഫ്എഫ്കെയിൽ പഴയകാല സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ അതിന് മുന്നൊരുക്കവുമായി അണിയറയിലുണ്ട്‌ ഹരിഹരൻ നായർ, പഴയ കൊട്ടകയുടെ ഓർമകളുമായി

 
ഹരിഹരൻനായർ

ഹരിഹരൻനായർ

സിനിമാ കാഴ്‌ചയെക്കുറിച്ച് ഓർക്കുമ്പോൾ പഴയ തലമുറയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്  ആ പഴയ കൊട്ടകയാണ്‌. വലിയ പെട്ടിയിൽ കൊണ്ടുവരുന്ന സിനിമയുടെ റീൽ. അതിനായുള്ള കാത്തിരിപ്പ്. കാർബൺ കത്തിച്ചുള്ള സിനിമ പ്രദർശനം. റീൽ തിരിയുന്ന ശബ്ദം. ഒരു സ്വിച്ചിടുന്നപോലെ എളുപ്പമായിരുന്നില്ല. സിനിമയിലെ  വെളിച്ചവ്യത്യാസത്തിന് അനുസരിച്ച് കത്തുന്ന കാർബൺ ക്രമീകരിച്ചാണ് കാഴ്‌ചയൊരുക്കിയിരുന്നത്. ആ കാലം ഓർത്തെടുക്കുകയാണ് പ്രൊജക്‌ഷണിസ്റ്റ് ഹരിഹരൻ നായർ. 27 വർഷം കേരള ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ തിയറ്ററുകളിൽ  സിനിമ കാഴ്‌ചയൊരുക്കിയ പ്രതിഭ. ഇന്നും ഐഎഫ്എഫ്കെയിൽ പഴയകാല സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ അതിന് മുന്നൊരുക്കവുമായി ഈ തിരുവനന്തപുരം സ്വദേശിയുമുണ്ടാകും.
 

അതെല്ലാം ഓർമയാകുകയാണ്

 

കാർബൺ ഉപയോഗിച്ച് സിനിമ കാണിച്ചിരുന്നത്‌ ഏതാണ്ട്‌ അവസാനിച്ചു. ഇപ്പോൾ എല്ലായിടത്തും ഡി‍ജിറ്റലാണ്. പക്ഷേ, പഴയ സിനിമകളൊ ക്കെ കാണിക്കാൻ ആ പഴയ സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ, കാർബൺ നിർമിക്കുന്ന കമ്പനികൾ ഇന്നില്ല. ഇപ്പോൾ അങ്ങനെ സിനിമകാണിക്കാൻ പഴയ സ്ഥലങ്ങളിൽനിന്ന് നേരത്തെ ഉണ്ടായിരുന്ന കാർബൺ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അതും കുറവാണ്‌. കരുതലിലുള്ളതുകൂടി തീർന്നാൽ ആ രീതി അവസാനിക്കും. രണ്ടോ മൂന്നോ വർഷംകൂടി.
 
രക്ഷയായത് ആ 50 ജോഡി
 
ഈ ഐഎഫ്എഫ്കെയ്‌ക്ക്‌  സിനിമകൾ പഴയ പ്രൊജക്‌ഷനിൽ കാണിക്കുന്നുണ്ട്. ഇതിനുള്ള കാർബൺ കൈവശമുണ്ടായിരുന്നില്ല.  സിനിമയുടെ സർവീസ് എൻജിനിയറായ ഒരാളുടെ പക്കൽ 50 ജോഡി കാർബൺ ഉണ്ടായിരുന്നു. അയാൾ അത് തന്നു. അതാണ്‌ ഇത്തവണ ഉപയോഗിക്കുക. രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ഒരു സിനിമ നല്ല മികവോടെ കാണിക്കാൻ  മൂന്ന് ജോഡി കാർബൺ എങ്കിലും വേണം. തിയറ്ററുകളെല്ലാം ഡിജിറ്റലിലേക്ക് മാറിയപ്പോൾ കാർബൺ പ്രൊജക്ടറുകളും അനുബന്ധ സാമഗ്രികളും വിറ്റു.
 

പ്രൊജക്‌ഷൻ എന്ന കല

 

ഇന്ന് സിനിമ പ്രൊജക്‌ഷൻ സിനിമ തുടങ്ങുംമുമ്പ് സ്വിച്ച് ഇടുന്ന പണിയാണ്. ലൈറ്റ് ഇടുക, ഓഫ് ആകുകയൊക്കെയാണ് പ്രൊജക്‌ഷൻ. പണ്ട് അതിനുപിന്നിൽ വലിയ അധ്വാനമുണ്ടായിരുന്നു. കലകൂടിയായിരുന്നു.  സിനിമ അന്ന് ഓപ്പറേറ്ററുടെ കൈയിലായിരുന്നു. 15 ശതമാനം സിനിമയെ രക്ഷപ്പെടുത്താൻ ഓപ്പറേറ്റർക്ക് കഴിയുമായിരുന്നു. എല്ലാ കാര്യവും  കൃത്യമായി ചെയ്‌താൽ മാത്രമേ നന്നായി സിനിമ കാണിക്കാൻ കഴിയൂ. കാർബൺ കത്തുന്ന പ്രകാശം ക്രമപ്പെടുത്തണം. കാർബൺ കത്തുമ്പോൾ ചിലപ്പോൾ വോൾറ്റേജ്‌ കൂടിയാൽ ചില സ്ഥലത്ത് കൂടുതൽ കത്തും. അപ്പോൾ കൂടുതൽ വെളിച്ചം വരും. അത് പ്രേക്ഷകൻ അറിയരുത്. അതിനുമുമ്പ് ക്രമപ്പെടുത്തണം. കൃത്യമായി റീൽ മാറ്റണം. പ്രേക്ഷകന്റെ കാഴ്ചയെ തടസ്സപ്പെടുത്താതെ ചേഞ്ച് ഓവർ സൂക്ഷ്മമായി ചെയ്യണം.  കാണിച്ച റീൽ അടുത്ത ഷോയ്ക്ക് ഉപയോഗിക്കാൻ റീവൈൻഡ് ചെയ്യണം.
 

ഐഎഫ്എഫ്കെയിൽ രണ്ട് പതിറ്റാണ്ട്

 

ചലച്ചിത്ര കോർപറേഷനിൽ ജോലി ചെയ്യുന്ന കാലംമുതൽ ഐഎഫ്എഫ്കെയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 21 വർഷം. സാങ്കേതിക കമ്മിറ്റിയംഗമാണ്. മേളയിൽ ഫിലിമിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ചുമതലയുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top