30 September Wednesday

നല്ലവനായ ശമരിയക്കാരൻ

പി എ നാസിമുദ്ദീൻUpdated: Sunday Dec 1, 2019

എല്ലാവർക്കുംകൂടി കിടക്കാൻ ഒരു മുറിമാത്രം. അയാളുടെ ഭാര്യ അടുക്ക ളയിൽ കിടന്നു. തലയണയായി അയാൾ പണിയെടു ക്കാൻ ഇരുന്നിരുന്ന ചെറിയ പലക എനിക്ക് തന്നു. നല്ല ക്ഷീണത്തിൽ, നല്ല സംതൃപ്തിയിൽ ഞാൻ ഉറങ്ങിപ്പോയി. ഒരു മണിമാളികയിലും കിട്ടാത്ത സംതൃപ്‌തി 

 

പി എ നാസിമുദ്ദീൻ

പി എ നാസിമുദ്ദീൻ

1980കളുടെ ആദ്യപാദം. നല്ല വിദ്യാർഥിയായിരുന്നു ഞാൻ. പഠനം മറന്ന്‌  ചിന്തകളുടെയും കവിതകളുടെയും ജ്വരത്തിലാഴുന്ന കാലം. ഈ സമാന്തരലോകം തന്ന അനുഭവവും ഉന്മാദവും.  തൊഴിൽ കണ്ടെത്താൻ മറന്നു. വിദ്യാഭ്യാസവും തൊഴിലുമൊക്കെ വെറും ബൂർഷ്വാചിന്തകൾ. ചിന്തകർക്കും കവികൾക്കുമൊക്കെ അതൊന്നും അനിവാര്യമല്ല. ഇങ്ങനെ പോയി മിഥ്യാടനങ്ങൾ.

 

കവി സെബാസ്റ്റ്യനുമൊത്താണ് കൂടുതൽ നേരം.  ഉച്ചയാകുന്നതോടെ പണി കഴിഞ്ഞ് അവൻ ഫ്രീയാകും. പിന്നെ  കവിയരങ്ങുകൾ, ചർച്ചകൾ, സൗഹൃദത്തുരുത്തുകൾ.

 
ഒരിക്കൽ  കുന്നംകുളത്തുള്ള ഒരു പ്രസാധകശാലയിൽ പോയി. പ്രസാധകൻ സുന്ദർദാസുമായി കുറേനേരം ചിലവഴിച്ചു.   പിറ്റേദിവസം കണ്ടപ്പോൾ സെബാസ്റ്റ്യൻ പറഞ്ഞു, ‘അവിടെ ഒരു വിവർത്തകന്റെ ഒഴിവുണ്ട്. ഒന്നു പോയിനോക്ക്'
 
 കുന്നംകുളത്തേക്ക് ബസ് കയറി.  കുന്നംകുളത്ത്‌ നാലുനില കെട്ടിടത്തിന്റെ അടിയിലെ ഗോവണിക്കു ചാരെയുള്ള പ്രസാധാലയം അടച്ചിട്ടിരിക്കുന്നു.
 
 അടുത്തുള്ള ഹോട്ടലിലെ ക്യാഷ്യറോട് ചോദിച്ചു.
 
‘സുന്ദർദാസ് എപ്പോൾ വരും'
 
‘അയാൾ എങ്ങോട്ടോ  പോയതാണ്. എന്തായാലും വരാതിരിക്കില്ല' 
 
കൈയിലുള്ളത് ഇനി പത്തുരൂപ.  രണ്ട് രൂപയ്‌‌ക്ക്‌ ചായ കഴിച്ചു. സമയം ഇനിയുമുണ്ട്.  കുന്നംകുളത്തെ റോഡിലൂടെ വെറുതെ കറങ്ങി. തിരിച്ചുവന്ന്‌ വീണ്ടും നോക്കിയപ്പോൾ ഓഫീസ്‌ അടച്ചുതന്നെ. ഞാൻ  സംശയഭാവത്തിൽ കണ്ണുകളുയർത്തി.
 
‘സുന്ദർദാസ് വരാതിരിക്കില്ല. രാത്രിയായാലും വരും' 
 
 നേരം ഇരുട്ടിത്തുടങ്ങി. എന്തായാലും കണ്ടിട്ടുതന്നെ കാര്യം. വീണ്ടും പട്ടണം കറങ്ങാൻ പോയി. തിരിച്ചുവന്നശേഷം ക്യാഷ്യറോട് ചോദിച്ചു
‘സുന്ദർദാസ് വന്നില്ലേ?'
 
‘ഇല്ല. ആ  ഇരിക്കുന്നത് സുന്ദർദാസിന്റെ കൂട്ടുകാരനാണ്. അയാളോട്  ചോദിക്ക്'
 
നീണ്ട താടിയും വട്ടക്കണ്ണടയുമുള്ള യുവാവിനെ അയാൾ ചൂണ്ടിക്കാട്ടി. ജ്യോതിരാജ്.  കവിയാണ്. പോരെ പൂരം! ഞങ്ങൾ ചങ്ങാത്തമായി. കവിത, ആധുനികത, വിപ്ലവസ്വപ്‌നങ്ങൾ എല്ലാം പങ്കുവച്ചു. അവസാനം  പ്രധാന സംശയത്തിന് അയാളുടെ മറുപടി.  
 
‘സുന്ദർദാസ് ഇന്നു വരില്ല. തിരുവനന്തപുരത്ത് പോയതാണ്'
 
എന്റെ ഉള്ള് ആളി. സുന്ദർദാസിനെ ഒരു വാശിപോലെ  കാത്തുനിൽക്കുകയായിരുന്നു എന്ന് ഞാനറിഞ്ഞു. സമയം എട്ടു  കഴിഞ്ഞു. കൊടുങ്ങല്ലൂരിലേക്കുള്ള ബസുകൾ നിലച്ചു. അപ്പോൾ ഒരു മധുരസ്‌മരണ ചിറകടിച്ചു. പെരുമ്പിലാവിൽ താമസിക്കുന്ന ഇസ്‌മയിൽ ഇക്ക അടുത്ത ബന്ധുവാണ്. മെയിൻ റോഡിൽ കൂറ്റൻ ബംഗ്ലാവ്. പുള്ളിക്ക് ഗൾഫിൽ സൂപ്പർ മാർക്കറ്റാണ്.  ചെറുപ്പത്തിൽ അവിടെ പോകുമായിരുന്നു. ടേപ്പ് റിക്കാർഡറും വിസിആറുമൊക്കെ അവിടെയാണ്‌ ആദ്യം കാണുന്നത്‌. അവിടത്തെ പത്തിരിയും ആട്ടിറച്ചിയും ചിക്കൻബിരിയാണിയും  ഓർമ വന്നു.
 
ഞാൻ ആ ബംഗ്ലാവിനരികിലെ സ്റ്റോപ്പിലിറങ്ങി. കോളിങ് ബെല്ലിൽ വിരലമർത്തി.  ലൈറ്റ് വീണുകിടക്കുന്ന വിശാലമായ മുറ്റത്തുകൂടെ ഒരാൾ  വന്നു. ഗേറ്റ് തുറന്നത് ഇസ്‌മയിൽ ഇക്ക. മുഖത്ത്  സംശയഭാവം. ചീകാത്ത മുടി. അലസമായ വസ്‌ത്രങ്ങൾ.  എന്നെ അയാൾക്ക് മനസ്സിലായില്ല.
 
അയാൾ അവസാനം കാണുമ്പോൾ ഞാൻ സുമുഖനും സുന്ദരനുമായിരുന്ന ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്നു. കുറച്ചുവർഷംകൊണ്ട് ഞാനാകെ മാറിയിരിക്കും.
 
‘ഞാൻ നാസിം' 
 
‘മനസ്സിലായില്ലാ വാ'
 
ക്ഷണത്തിൽ അത്ര സന്തോഷം ഉണ്ടായിരുന്നില്ല.  ചായയും പലഹാരങ്ങളുമെത്തി. ഔപചാരികത കടിച്ചുപിടിച്ചുകൊണ്ടുതന്നെ ഞാനതെല്ലാം രുചിച്ചു.  നാട്ടിലേക്കുള്ള ബസ് പോയതുകൊണ്ട് അവിടെ കൂടാൻ ഉദ്ദേശമുണ്ടെന്നതും പറഞ്ഞൊപ്പിച്ചു.
 
ആഡംബര മുറികളും പതുപതുത്തെ മെത്തകളും അതിലുള്ള ഗാഢനിദ്രയും കൊതിച്ചു. അത്രയ്‌ക്കുണ്ട്‌   ക്ഷീണവും തളർച്ചയും.
 
 ആതിഥേയ പ്രകടനങ്ങൾക്കിടയിലും ഉള്ളിലുള്ള പുച്ഛവും വെറുപ്പും അയാൾ പുറത്തുകാണിച്ചില്ല. അലസവേഷധാരിയായ ഈ സഞ്ചാരിയെ എങ്ങനെ ഒഴിവാക്കാം എന്നാവും ചിന്ത. അയാൾ അകത്തുപോയി കുറച്ച്‌ ചില്ലറയുമായി തിരിച്ചുവന്നു. അതെന്റെ കൈയിൽ തന്നു. എന്നിട്ട് പറഞ്ഞു,  ഇവിടെ മുറിയൊന്നും ഇല്ല. പോയി ലോഡ്‌ജിൽ  മുറിയെടുക്ക്. ഞാൻ ബസ് സ്റ്റോപ്പ് വരെ വരാം...'
 
അയാൾ തന്ന ചില്ലറകൾ എന്റെ കൈയിലിരുന്ന് പൊള്ളി.
 
‘വേണ്ട ഞാൻ പൊയ്‌ക്കോളാം. പിന്നെക്കാണാം.' ഞാൻ യാത്രപറഞ്ഞു.
 
അപ്പോൾ  ഉണ്ണിച്ചെക്കനെ ഒാർമവന്നു. പഴയ അയൽവാസി. ഞങ്ങളുടെ ഗ്രാമത്തിൽ മുറുക്ക്, പപ്പടവട മുതലായവ ഉണ്ടാക്കി  ഉപജീവനം നടത്തുന്ന കുടുംബം. കൊടുങ്ങല്ലൂർ അമ്പലത്തിൽ പ്രത്യേക അധികാരമുണ്ട്‌ ആ കുടുംബത്തിന്‌.
 
 അയാളുടെ വീട് എങ്ങനെ കണ്ടെത്തും? ആരോ പറഞ്ഞ ഓർമയിൽ  കുന്നംകുളത്തേക്ക് ബസുകയറി. പഞ്ചായത്ത്‌ റോഡിലൂടെ നടന്നു.  എതിരെ വന്ന വഴിപോക്കനോട് ചോദിച്ചു. 
 
‘ഉണ്ണിച്ചെക്കന്റെ വീടേതാണ്'
 
‘ദാ... അവിടെ' 
 
അടുത്തുള്ള തോട്ടുവക്കത്ത് ഒരു ചെറിയ ഓലക്കുടിൽ. ഓലകൾ ദ്രവിച്ച്, ഈർക്കിലുകൾ പൊന്തിനിൽക്കുന്നു. ഞാൻ വീടിനരികിലെത്തി ഉറക്കെ ചോദിച്ചു.
 
‘ഉണ്ണിച്ചെക്കന്റെ വീട് ഇതാണോ'
 
അകത്തുനിന്ന്‌ ഒരു മുതിർന്ന കുട്ടിയും പിന്നാലെ ചെറിയകുട്ടിയും ഓടിവന്നു.
 
‘അമ്മാ.... ദാ... നമ്മുടെ നാസിംക്കാ'
 
അവർ ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു. എന്റെ കൈപിടിച്ച് മുതിർന്നവൻ അകത്തേക്ക് കൊണ്ടുപോയി.  ആകെയുള്ള ഒറ്റമുറിയിലിരുന്ന് ഉണ്ണിച്ചെക്കൻ അപ്പോഴും അച്ച് പിഴിഞ്ഞ് മുറുക്ക് ഉണ്ടാക്കുകയാണ്. മുറിയുടെ നടുക്കുള്ള വലിയ ചീനച്ചട്ടിയിൽ മുറുക്കുകൾ തിളയ്‌ക്കുന്നു.
  
‘വാ.. വാ..' എന്നെ കണ്ടപാടെ ഉണ്ണിച്ചെക്കൻ എഴുന്നേറ്റു. അടുപ്പിലെ തീ കെടുത്തി ചീനച്ചട്ടി ഒരിടത്തേക്ക് മാറ്റിവച്ചു. മുഷിഞ്ഞ മുണ്ടുമാറ്റി ഒരു വെളുത്ത മുണ്ടുടുത്തു. മുറുക്കുകൾ സഞ്ചിയിലാക്കി.
 
നാട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ജോലി തേടി വന്നതും ബസ് കിട്ടാതായതും സന്തോഷത്തോടെ കേട്ടു. 
 
 ‘വാ നമുക്ക് ടൗണിൽ പോകാം.. ഇത് കടയിൽ കൊടുക്കണം' എന്നെ  സൈക്കിളിന്റെ പിന്നിലിരുത്തി അയാൾ ചവിട്ടി. രണ്ട് മൂന്ന് കടകളിൽ മുറുക്ക്  കൊടുത്തു. പണം വാങ്ങി പിറ്റേന്നത്തേക്കുള്ള വീട്ടുസാധനങ്ങൾ വാങ്ങി. പിന്നെ ഒരിടവഴിയിലൂടെ അടുത്തെത്തി പറഞ്ഞു. 
 
‘ഇവിടെ നിൽക്ക് ഇപ്പോൾ വരാം' ലേശം ചാരായം വീശി അയാൾ തിരിച്ചുവന്നു. രാവിലെ തുടങ്ങിയ കഠിനാധ്വാനത്തിന്റെ സമ്പൂർണ സമാപ്തി. 
 
വീട്ടിലെത്തിയപ്പോഴേക്കും അയാളുടെ ഭാര്യ അത്താഴമൊരുക്കിയിരുന്നു. മുട്ടപൊരിച്ചത്, മുളക് ചമ്മന്തി. സ്‌നേഹത്താൽ കുതിർന്ന സ്വാദുള്ള അത്താഴം. 
 
എല്ലാവർക്കുംകൂടി കിടക്കാൻ ഒരു മുറിമാത്രം. അയാളുടെ ഭാര്യ അടുക്കളയിൽ കിടന്നു. തലയണയായി അയാൾ പണിയെടുക്കാൻ ഇരുന്നിരുന്ന ചെറിയ പലക എനിക്ക് തന്നു. നല്ല ക്ഷീണത്തിൽ, നല്ല സംതൃപ്തിയിൽ ഞാൻ ഉറങ്ങിപ്പോയി. ഒരു മണിമാളികയിലും  കിട്ടാത്ത സംതൃപ്‌തി. 
 
പിറ്റേന്ന് തോട്ടിൽ കുളിച്ച് ഞാൻ റെഡിയായി. കട്ടൻചായയും മുറുക്കും പപ്പടവടയും കഴിച്ച് കഴിഞ്ഞപ്പോൾ അയാൾ സൈക്കിളിൽ എന്നെ ബസ് സ്റ്റാൻഡിലെത്തിച്ചു.
 
ക്രിസ്‌തു ശിഷ്യരോട് പറഞ്ഞ നല്ല ശമരിയക്കാരന്റെ കഥ ബസിലിരിക്കവേ ഞാനോർത്തു.
 
 യെരുശലേമിൽനിന്ന് യെരീഹോവിലേക്ക് ഒരു മനുഷ്യൻ യാത്ര ചെയ്യുകയായിരുന്നു. വഴിയിൽവച്ച് അയാളെ കള്ളന്മാർ ആക്രമിച്ചു. സകലതും കവർന്നു. പരിക്കേറ്റ അയാളെ വഴിയരികിൽ ഉപേക്ഷിച്ച് കടന്നുപോയി.
 
അപ്പോൾ സന്ദർഭവശാൽ ഒരു പുരോഹിതൻ ആ വഴിക്കുവന്നു.  മുറിവേറ്റയാളെ സഹായിക്കാതെ ധൃതിയിൽ നടന്നുപോയി. അധികം താമസിയാതെ പള്ളിയിലെ പണിക്കാരനായ ലേവ്യനും കടന്നുവന്നു. അയാളും കുനിഞ്ഞിരുന്ന് ആ പാവത്തെ നോക്കിയിട്ട് കടന്നുപോയി. 
 
ഒടുവിൽ ഒരു ശമരിയക്കാരൻ വന്നു. ശമരിയക്കാർ സമൂഹത്തിലെ താഴ്‌ന്നവരാണ്. അയാൾ ആ പാവത്തിന്റെ അരികിൽ മുട്ടുകുത്തി. അയാളുടെ മുറിവുകൾ ശ്രദ്ധയോടെ വച്ചുകെട്ടി കഴുതപ്പുറത്ത്‌ കയറ്റി സത്രത്തിലെത്തിച്ച്, രാത്രി മുഴുവൻ ശുശ്രൂഷിച്ചു. രാവിലെ ആ പാവത്തിന് സൗഖ്യമാകുംവരെ ശുശ്രൂഷിക്കാൻവേണ്ട പണം സത്രമുടമയ്‌ക്ക്‌ നൽകി യാത്ര തുടർന്നു.
ജീവിതത്തിൽ അപ്രതീക്ഷിതമായ ദുഃഖം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ മറ്റേതെങ്കിലും വൈതരണിക്കുമുന്നിലെത്തുമ്പോൾ അത്രനാൾ സ്‌നേഹം നടിച്ചുനടന്നവരിൽ അധികവും നമ്മെ കൈവിടും. നാം നിസ്സാരരെന്നോ, അയോഗ്യരെന്നോ കരുതിയവരായിരിക്കും  തുണയ്‌ക്കെത്തുക. ആ പാഠം ഞാനവിടെനിന്ന്‌ പഠിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top