15 January Friday

നിലയ്‌ക്കാത്ത നിലവിളികൾ

രഞ്‌ജിത് ചിറ്റാടെ renjith.chittade@gmail.comUpdated: Sunday Sep 1, 2019

ആമസോണിലിത്‌ കാട്ടുതീക്കാലം. ഒരു മാസത്തോളമായി തീപടരുകയാണ്‌.  ഇങ്ങനെയൊരു കാടും അതിലൊരു സംസ്‌കാരവും തെക്കേ അമേരിക്കയിൽ ഉണ്ടായിരുന്നുവെന്ന്‌ വരും തലമുറ പാഠപുസ്‌തകങ്ങളിൽ പഠിക്കേണ്ടിവരുമോ എന്ന ആശങ്കയാണിപ്പോൾ ലോകമെങ്ങും പടരുന്നത്‌ 

 
 
തെക്കേ അമേരിക്കയോളം മനസ്സ് പായിക്കാമെങ്കിൽ ഒന്നു കാതോർത്താൽ പ്രാണനുവേണ്ടി പിടയുന്ന കിളികളുടെ ചിറകടിയൊച്ച കേൾക്കാം, അവയുടെ കരച്ചിലുകൾ കേൾക്കാം. ജീവനുവേണ്ടി തലങ്ങും വിലങ്ങും പായുന്ന ജീവികളുടെ കാലടി ശബ്‌ദം കേൾക്കാം. വെന്ത മാംസങ്ങളുടെയും കരിയുന്ന പച്ചിലകളുടെയും ഗന്ധം പേറി ഉയർന്നു പൊങ്ങുന്ന കട്ടപിടിച്ച കറുത്ത പുകച്ചുരുളുകൾ വകഞ്ഞു മാറ്റി നോക്കിയാൽ കരിഞ്ഞു കരിക്കട്ടയായ ശവശരീരങ്ങൾ കാണാം. പാതിവെന്ത ഉടലുകളോടെ നിരങ്ങി നീങ്ങുന്ന അവിടത്തെ അസംഖ്യം ആദിവാസികളെ കാണാം. അവ്യക്തമായ അവരുടെ തേങ്ങലുകൾ ആമസോൺ വനാന്തരങ്ങളിലാകെ പ്രതിധ്വനിക്കുന്നത് ശ്രദ്ധിക്കുക, അത് ഈ ലോകത്തോടുള്ള വിളിച്ചുചൊല്ലലുകളാണ്, ആർക്കും ശല്യമാകാതെ ഈ മഹാവനത്തിന്റെ വിശ്രാന്തിയിൽ സ്വസ്ഥമായി കഴിയുന്ന ഞങ്ങളെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ? അത് ഒരേസമയം ആ ഭൂമിയുടെ അവകാശികളുടെ ആജ്ഞാപനവും അടിച്ചമർത്തപ്പെടുന്നവരുടെ അപേക്ഷയുമാണ്.
 

കാട്ടിലൊഴുകുന്ന മെർക്കുറിപ്പുഴ

 
ഒരു മാസത്തോളമായി കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയാണ് ആമസോൺ. സർക്കാരിന് ഒന്നും ചെയ്യാനായിട്ടില്ല, ചെയ്യാൻ ശ്രമിച്ചിട്ടുമില്ല. ഇപ്പോൾ മാത്രമാണ് പൊതുലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്നാൽ, ആമസോണിന്റെ നാശം ഈ കാട്ടുതീയോടെ തുടങ്ങിയതല്ല. വർഷങ്ങളായി കാട് കയറി ചെല്ലുന്നവർ പിച്ചിച്ചീന്തുകയാണ് പ്രകൃതിയുടെ ആ മരതക ഭൂമിയെ എന്നത് പുറംലോകത്തിന്‌ അറിയാത്തതോ അറിയാൻ താല്പര്യമില്ലാത്തതോ ആയ കാര്യം. 
 
ലോകമാകെയുള്ള മഴക്കാടുകളിൽ അമ്പതു ശതമാനവും ആമസോണിലാണ്. തെക്കേ അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന മഹാവനത്തിന്റെ അറുപതുശതമാനവും ബ്രസീലിൽ. കാലാവസ്ഥവ്യതിയാനവും ആഗോളതാപനവും  വെറും മിഥ്യയാണെന്ന് ഉറച്ചുവിശ്വസിക്കുകയും പരസ്യമായി പറഞ്ഞു നടക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റ്‌ ഭരിക്കുന്ന ബ്രസീലിൽ!!  ആമസോൺ വനങ്ങളെ കൊന്നൊടുക്കുന്ന സ്വർണഖനനം നിയമപരമാക്കാം എന്ന വാഗ്‌ദാനത്തോടെ അധികാരത്തിലേറിയ, ആമസോണിലെ ആദിവാസികളെ അധമരെന്നു വിളിച്ച, അവർക്കുവേണ്ടി ഒരു സെന്റീമീറ്റർ ഭൂമി പോലും മാറ്റി വയ്‌ക്കില്ല എന്ന് പ്രഖ്യാപിച്ച മതപുരോഹിതരുടെയും കച്ചവടക്കാരുടെയും കണ്ണിലുണ്ണിയും കളിപ്പാവയുമായ ബോൾസൊനാരോ എന്ന പ്രസിഡന്റിന്റെ സ്വന്തം ബ്രസീലിലാണ്‌ ആമസോണിന്റെ മർമപ്രധാനമായ അറുപതു ശതമാനവും. അതുതന്നെയാണ് ഈ മാതൃവനത്തിന്റെ ഇന്നത്തെ നരകതുല്യമായ അവസ്ഥയുടെ പ്രധാന കാരണവും. ദോഷം പറയരുതല്ലോ, ബോൾസൊനാരോയ്‌ക്ക് മുമ്പുണ്ടായിരുന്ന മൈക്കൽ ടെമർ എന്ന   പ്രസിഡന്റും മോശമായിരുന്നില്ല. ആമസോണിന്റെ ഏറ്റവും നിബിഡമായ 46,000 ചതുരശ്ര കിലോമീറ്റർ വനം വ്യാവസായിക ആവശ്യങ്ങൾക്കു തുറന്നിട്ടാണ്‌ അനവധി ക്രിമിനൽ /തട്ടിപ്പു കേസുകളിൽ പ്രതി ചേർക്കപ്പെട്ട ടെമർ തന്റെ കഴിവ് തെളിയിച്ചത്. 
 
ബൊളീവിയയിലെ ഒട്ടുക്വിസ്‌ നാഷണൽ പാർക്കിൽ  കത്തിനശിച്ച ജന്തുജാലങ്ങളുടെ അവശിഷ്ടങ്ങൾ

ബൊളീവിയയിലെ ഒട്ടുക്വിസ്‌ നാഷണൽ പാർക്കിൽ കത്തിനശിച്ച ജന്തുജാലങ്ങളുടെ അവശിഷ്ടങ്ങൾ

 
രണ്ടായിരത്തി അഞ്ഞൂറിൽ താഴെ അനധികൃത സ്വർണഖനികളുണ്ട് ആമസോണിൽ; സർക്കാർ നടത്തുന്നത് വേറെയും. വിസ്‌തൃതമായ ഇടങ്ങൾ തെരഞ്ഞെടുത്ത്‌ അവിടത്തെ മരങ്ങളെല്ലാം വെട്ടിനീക്കി, കിണറോളം ആഴത്തിൽ മണ്ണുകുഴിച്ചാണ് ഖനനം. മെർക്കുറി അടക്കമുള്ള അവശിഷ്ടങ്ങൾ  കാട്ടിലൊഴുക്കുന്നു. മണ്ണ് നശിക്കുന്നു. അത്  പുഴകളിൽ കലരുന്നു. ജലജീവികൾ രോഗബാധിതരാകുന്നു. ആ വെള്ളം കുടിക്കുകയും ആ മത്സ്യങ്ങളെ തിന്നുകയും ചെയ്യുന്ന ആദിവാസികൾ നിത്യരോഗികളാകുന്നു. 2016ൽ സർക്കാരും പരിസ്ഥിതി പ്രവർത്തകരും നടത്തിയ പഠനത്തിൽ റൊറൈമ എന്ന ആദിവാസികൾ അനുവദനീയമായ അളവിന്റെ രണ്ടിരട്ടിയിലധികം മെർക്കുറിയുമായി സമ്പർക്കത്തിലുള്ളതായി കണ്ടെത്തി.  കാലങ്ങളായി നടക്കുന്ന ഈ കൊടുംദ്രോഹങ്ങൾ ലോകമറിയുന്നുണ്ടോ?
 
കാലിവളർത്തുന്നവരും കൃഷിക്കാരും തടിക്കച്ചവടക്കാരും ഭൂമി കൈയേറുന്നവരും നിരന്തരം വെട്ടിവെളുപ്പിക്കുന്ന വനമേഖലയുടെ ഓരോ വർഷങ്ങളിലെയും ചിത്രങ്ങൾ ഗൂഗിൾ മാപ്പിൽ ലഭ്യമാണ്. കുറഞ്ഞു കുറഞ്ഞു ഇല്ലാതായിക്കൊണ്ടിരിക്കുന്നു ആമസോണിന്റെ വനസമ്പത്ത്!! വനനശീകരണം ഏറ്റവും ഭയാനകമായ വേഗത്തിലാണ് സംഭവിക്കുന്നത്. 2004ലെ കണക്കുപ്രകാരം വർഷം 27,423 ചതുരശ്ര കിലോമീറ്റർ കാടുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 1970 തൊട്ട് 2015 വരെയുള്ള കാലഘട്ടങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ബ്രസീലിൽ മാത്രം ഏഴേമുക്കാൽ ലക്ഷം ചതുരശ്ര കിലോമീറ്റർ കാട് നശിപ്പിച്ചിരിക്കുന്നു. 
 
ജീവജാലങ്ങളാണ് ഒരു വനത്തെ സമ്പന്നമാക്കുന്നത്, എന്നാൽ, ആമസോണിൽ അവയും കൊള്ളയടിക്കപ്പെടുന്നു. ഏതാണ്ട് നാലുകോടി ജീവികളെയെങ്കിലും പ്രതിവർഷം ആമസോണിൽനിന്ന് അനധികൃതമായി കടത്തുന്നുണ്ട് എന്നാണ് കണക്ക്. ജലജീവികളുടെയും നട്ടെല്ലില്ലാത്ത ജീവികളുടെയും കണക്കുകൾ വേറെ!!  യഥാർഥ സംഖ്യ ഇതിനെക്കാൾ ഒരുപാട് മുകളിലാണ്‌.
 
കാട്ടുതീയിൽനിന്ന്‌ രക്ഷതേടി പലായനം ചെയ്യുന്ന ആദിവാസികൾ

കാട്ടുതീയിൽനിന്ന്‌ രക്ഷതേടി പലായനം ചെയ്യുന്ന ആദിവാസികൾ

ചൂഷണത്തിന്റെ വനാന്തരങ്ങൾ

 
ആദിവാസികളെ മനുഷ്യരായിപ്പോലും കണ്ടിട്ടില്ല ഒരിക്കലും. റബർ പ്രചാരത്തിൽവരുന്ന കാലംതൊട്ട് അവരനുഭവിച്ചത്‌ കൊടിയ പീഡനങ്ങൾ. എത്രയെത്ര അരുംകൊലകൾ. ഓരോ ടൺ റബറിനും പത്ത് ആദിവാസികൾ എന്ന തോതിൽ മരണങ്ങൾ നടന്നുകൊണ്ടേയിരുന്നു. സ്‌ത്രീകൾ പ്രായഭേദമെന്യേ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. ഇംഗിതങ്ങൾക്ക് വഴങ്ങാത്തവരെ പച്ചയ്‌ക്ക് തീകൊളുത്തി, എന്തിനധികം റബർ മാഫിയകൾ ഉന്നംനോക്കി പഠിക്കാൻ ആദിവാസി ചെറുപ്പക്കാരെ കാടുകളിൽ വെറുതെ ഓടിക്കുകയും ഒരു കാരണവും കൂടാതെ തന്നെ വെടിവച്ച് വീഴ്‌ത്തി കൈയടിച്ച് ആഘോഷിക്കുകയും ചെയ്യുമായിരുന്നു. സ്വർണഖനനത്തിന്‌ കാട് കയറുന്നവരും മരംമുറിക്കാൻ പോകുന്നവരുമൊന്നും ഈ കാര്യത്തിൽ വ്യത്യാസമില്ല.
 
പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന  കാട്ടുമനുഷ്യർക്ക് പ്രതിരോധശേഷി വളരെ കുറവാണ്. പുറത്തുനിന്നുള്ളവരുമായുള്ള ഇടപെടലുകൾ അവരുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്‌. അത്തരം ഇടപെടലുകൾകൊണ്ട് മാത്രം അനവധി ഗോത്രങ്ങൾ നാമാവശേഷമായി. മതപരിവർത്തനം ലക്ഷ്യമാക്കി കാടുകയറിയ മിഷണറിമാരുടെ പങ്കും ചെറുതല്ല. ഇതൊന്നും പോരാതെ ആദിവാസികളുടെ അറിവ് അപഹരിച്ച്, അവരുടെ ഔഷധച്ചെടികൾ മൊത്തമായി പിഴുതുകൊണ്ടുപോകുന്ന മരുന്നുമാഫിയകൾ, ഓരോ നീർച്ചാലിനു കുറുകെയും കെട്ടിപ്പൊക്കുന്ന അണക്കെട്ടുകൾ തുടങ്ങി ആമസോണിലെ അന്തേവാസികൾ ദിനംപ്രതി അഭിമുഖീകരിക്കേണ്ടിവരുന്ന ഭീഷണികൾ അനവധി.  
ഇതെല്ലാം സംഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഘട്ടം ഘട്ടമായി മരണം വരിച്ചുകൊണ്ടിരിക്കുന്ന ആമസോണിന് എല്ലാം കൂടെ ചേർത്ത് ഒരു പട്ടടയൊരുക്കിയിരിക്കുകയാണ് ഇപ്പോൾ അവിടത്തെ മനുഷ്യർ.  ഊർധശ്വാസം വലിക്കുന്നതിന്റെ പിടച്ചിലുകളാണ് ഇപ്പോഴവിടെ. അധികം താമസിയാതെ ആ പിടച്ചിലുകളുടെ പ്രതിധ്വനികൾ ലോകം മുഴുവൻ മുഴങ്ങും. 
 
ആഗോളതാപനം എന്ന വാക്കിന്‌ പറഞ്ഞു പറഞ്ഞു മൂർച്ചപോയെങ്കിലും അതൊരു യാഥാർഥ്യമാണ്.  അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടുന്ന കാർബൺ ലോകത്താകെയുള്ള കാടുകൾ വലിച്ചെടുക്കുന്നതിന്റെ നാലിൽ ഒരുഭാഗം ആമസോൺ ഒറ്റയ്‌ക്കാണ് ചെയ്യുന്നത്. ഇത് ആഗോളതാപനത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നു.  ഇങ്ങനെ സ്വാംശീകരിക്കുന്ന കാർബൺ മരങ്ങൾ അതിന്റെ ശരീരത്തിൽ സംഭരിച്ചുവയ്‌ക്കും. ആ മരങ്ങൾ ഒന്നായി കത്തിനശിക്കുമ്പോൾ ഓരോ മരങ്ങളിലും സംഭരിച്ചു വയ്‌ക്കപ്പെട്ടിട്ടുള്ള കാർബൺ ഒന്നായി  ബഹിർഗമിക്കും. ഇത് ആഗോളതാപനത്തെ ത്വരിതപ്പെടുത്തും. അങ്ങനെ കൂടുന്ന ആഗോളതാപനം ഒരു നിശ്ചിത പരിധിയിൽ കൂടിയാൽ ആമസോണിന്റെ എൺപത്തഞ്ചു ശതമാനം സ്വാഭാവികമായി തന്നെ നശിച്ചു പോകും, അങ്ങനെ ആമസോൺ നശിപ്പിക്കപ്പെട്ടാൽ ഭൂമിയിലെ ചൂട് മൂന്നു ഡിഗ്രിയോളം കൂടും. അത് വീണ്ടും ആഗോളതാപനത്തിന്റെ തോത് മൂർച്ഛിപ്പിക്കും. ആമസോൺ അഗ്നിക്കിരയാകുംമുമ്പേ ആ കാടിന്റെ ഇത്തരത്തിലുള്ള കാർബൺ വലിച്ചെടുക്കൽശേഷി ആഗോളതാപനം മൂലം ഗണ്യമായി കുറഞ്ഞിരുന്നു. ഈ കാട്ടുതീക്കാലത്തിനുശേഷം അത് ഇനിയും അപകടകരമാംവിധം കുറയും. അന്തരീക്ഷത്തിൽ കാർബൺ കുമിഞ്ഞുകൂടും. ആഗോളതാപനവും ആമസോണും അത്രമേൽ ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ആമസോണിനെ നിലനിർത്താതെ ഭൂമിയിലെ വരുംകാല ജീവിതം അതീവ ദുസ്സഹമായിരിക്കും. 
 
കാടും കായലും ഭൂഗർഭജലവും പാറക്കെട്ടുകളും പുഴയും മലകളുമെല്ലാം പൊതുസ്വത്തുക്കളാണ്. എല്ലാ ജീവികൾക്കും അവകാശപ്പെട്ടവ. വരും തലമുറകൾക്ക്‌ കൈമാറാനുള്ള വിഭവങ്ങൾ അബദ്ധവശാൽ അധികാരം കൈവന്നു ചേരുന്ന ഏതൊരാൾക്കും അമ്മാനമാടി എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ളതല്ല. ഒപ്പം പ്രകൃതി ചൂഷണങ്ങൾക്കെതിരെ ഉയരുന്ന ഓരോ ശബ്ദവും സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അനീതി സംഭവിക്കുമ്പോൾ ബഹുഭൂരിപക്ഷം നിശബ്ദമാകുന്നിടത്ത് ഉയരുന്ന ഓരോ വിരലുകളും ചോദ്യം ചെയ്യലിന്റെ ഓരോ തുടിപ്പും നാളെയ്‌ക്കുള്ള പ്രതീക്ഷകളുമാണ്. അവയെ ഊതി ജ്വലിപ്പിക്കേണ്ടതുണ്ട്.
 
 

സഹാറയിലേക്ക്‌  ഒരു കടൽദൂരം

 
ആമസോൺ ചെന്നുചേരുന്നത് അത്‌ലാന്റിക്കിലാണ്‌. അത്‌ലാന്റിക്കിന്റെ മറുകരയിൽ ഒരു വിളിപ്പാടകലെയാണ് സഹാറ മരുഭൂമി. ഒരു സമുദ്രദൂരത്തിനക്കരെ ഭൂമിയിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയും ഇക്കരെ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടും. സഹാറയും ഒരുകാലത്ത് ഒരു വലിയ വനമായിരുന്നു എന്നോർക്കുക. ഇപ്പോൾ  മറ്റൊരു മരുഭൂമിയുടെ നിർമിതിയിലാണ് നമ്മൾ. എപ്പോൾ വേണമെങ്കിലും സംഭവ്യമായേക്കാവുന്ന അതിക്രൂരമായ ഒരു നിർമിതി! വരുംനാളിൽ എഴുപത് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഒരു ആമസോൺ മരുഭൂമികൂടി ഉൾക്കൊള്ളാനുള്ള ത്രാണി നമ്മുടെ ഭൂമിക്കില്ല. മനുഷ്യനുമാത്രമാണ് എന്തെങ്കിലും ചെയ്യാനാകുന്നത്. ഒരു തിരിച്ചുപോക്കിനെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top