06 June Saturday

പ്രവാസത്തിന്റെ കൈയൊപ്പ്

കെ എം സീതി kmseethimgu@gmail.comUpdated: Sunday Sep 1, 2019

മറ്റു പലരെയുംപോലെ ബി എം കുട്ടിയുടെയും രാഷ്ട്രീയജീവിതത്തിന്‌ വഴിത്തിരിവാകുന്നത് 1954ലെ പാകിസ്ഥാന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നയങ്ങളാണ്. പാകിസ്ഥാൻ കമ്യൂണിസ്റ്റ് പാർടി അംഗമായിരുന്ന കുട്ടിക്ക്‌ ഇതൊരു വെല്ലുവിളിയായി. കറാച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കമ്യൂണിസ്റ്റ്‌ പതാക പറക്കുന്ന ഓഫീസും മലയാളികളായ കുറെ ബീഡിത്തൊഴിലാളികളും ഒത്തുചേരുമ്പോൾ കേരളത്തിന്റെ പരിച്ഛേദം ഇവിടെ കാണാമായിരുന്നു

 
ഇന്ത്യ-‐പാകിസ്ഥാൻ ബന്ധങ്ങളുടെ സംഘർഷാത്മക ചരിത്രം ഉപഭൂഖണ്ഡത്തിലെ രണ്ടു ജനതകളുടെ അതിജീവനതന്ത്രങ്ങളുമായി ഇണങ്ങിച്ചേരാതെ നിൽക്കുന്ന ആശങ്കാജനകമായ വിഷമവൃത്തം. ഈ ദൂഷിതവലയത്തിൽ അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി അതിർത്തികൾക്കെതിരെ നടന്ന മനുഷ്യർ വിരളം. നടക്കുന്നവർക്ക് കളങ്കിതമായ മുദ്രകൾ  ധാരാളം. അഞ്ചാംപത്തി, ചാരൻ, ദേശവിരുദ്ധൻ, രാജ്യദ്രോഹി തുടങ്ങി നിരവധി ദുഷ്‌പേരുകൾ. ഈ ചാർത്തലുകളെ അതിജീവിച്ചവർ ചിലപ്പോൾ ചരിത്രംപോലും അതിന്റെ മുൻവിധികൊണ്ട് മറക്കാൻ ശ്രമിക്കും. ഇന്ത്യ‐-പാക്‌ ബന്ധങ്ങളുടെ ചരിത്രം ഇത്തരം മുൻവിധികളിൽനിന്ന്‌ ഒട്ടും മുക്തമല്ല. വിഭജനം ഏൽപ്പിച്ച സാമൂഹ്യാഘാതത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞ മുൻവിധികൾ ഒരു ഒഴിയാബാധപോലെ നമ്മെ പിന്തുടരുമ്പോൾ അതിനെയെല്ലാം ഉല്ലംഘിച്ച് തലയുയർത്തിപ്പിടിച്ചു നടന്ന കുറച്ചു മനുഷ്യരെങ്കിലും നമ്മോടൊപ്പമുണ്ട്.  മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകനൽകുന്ന ഇത്തരം ജീവിതങ്ങൾ അവരുടെ വീക്ഷണവും പ്രവർത്തനങ്ങളുംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടും. ആ ഗണത്തിൽ എന്തുകൊണ്ടും തലയുയർത്തിപ്പിടിച്ചു നടന്ന ഒരു സവിശേഷ വ്യക്തിത്വമായിരുന്നു ബിയ്യത്തുൽ മൊഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടി.
 
തിരൂരിൽ ജനിച്ച്‌ മദിരാശിയിൽ വിദ്യാഭ്യാസംചെയ്‌ത ബി എം  കുട്ടി സ്വാതന്ത്ര്യാനന്തരം (1949) കറാച്ചിയിൽ എത്തുന്നത് വിഭജനത്തിന്റെ സന്തതിയായ പാകിസ്ഥാൻ എന്ന ദേശത്തിന്റെ സാമൂഹ്യഹൃദ്യത കണ്ടിട്ടൊന്നുമല്ല. മതരാഷ്ട്രവാദം ലവലേശംപോലും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന്‌ ബി എം കുട്ടി പറയുമായിരുന്നു. യാത്രകളിൽ ആമഗ്നമായ യൗവനം പുതിയ ഭൂമിശാസ്‌ത്രങ്ങൾ തേടിയുള്ള അന്വേഷണത്തെ കൊണ്ടെത്തിച്ചത് തുറമുഖ നഗരമായ കറാച്ചിയിൽ. വിഭജനാനന്തര കുടിയേറ്റം ഏറ്റവും തീക്ഷ്ണമായി അനുഭവപ്പെട്ട നഗരം. വിഭജനത്തിന്‌ എത്രയോ വർഷംമുമ്പുതന്നെ മലബാറിൽനിന്ന്‌ എത്തിയ മലയാളികളും വിവിധയിടങ്ങളിൽ തിങ്ങിപ്പാർത്തിരുന്നു. മലബാർ കലാപാനന്തരം കറാച്ചിയിൽ കുടിയേറിയ മലയാളികൾ അക്കാലത്തുതന്നെ ഒരു മലബാർ മുസ്ലിം ജാമാഅത്ത്‌ സ്ഥാപിച്ചിരുന്നു. എന്നാൽ, അവരുടെ ജീവിതത്തിന്റെ താളവും ദിശയും നിർണയിച്ചിരുന്നത് മതമായിരുന്നില്ല. കച്ചവടവും തൊഴിലും തേടിയെത്തിയവരിൽ നല്ലൊരു ശതമാനം മലയാളികളും സ്വന്തം ദേശത്തിന്റെ വേരുകൾ കാത്തുസൂക്ഷിച്ചിരുന്നു.  
 
എന്നാൽ, ബി എം കുട്ടിയെപ്പോലെ  പാകിസ്ഥാൻ പൗരസമൂഹത്തിലും ബൗദ്ധികരംഗത്തും ഒരുപോലെ പ്രവർത്തിച്ചവർ അധികമില്ല. തിരുവിതാംകൂറിൽനിന്ന്‌ ഏതാണ്ട് ഇതേ കാലത്ത്‌ കറാച്ചിയിൽ എത്തിയ മറ്റൊരു മലയാളി വക്കം മൗലവിയുടെ സഹോദരീപുത്രനായ എം എ ഷക്കൂറായിരുന്നു. വിഭജനത്തിനുമുമ്പ് പോത്തൻ ജോസഫിന്റെ അസിസ്റ്റന്റ് എഡിറ്ററായി ‘ഡോൺ' പത്രത്തിൽ പ്രവർത്തിച്ച  ഷക്കൂർ വിഭജനാനന്തരം പാകിസ്ഥാനിലെ ആദ്യ പത്രപ്രവർത്തക സംഘടന (പഞ്ചാബ് ആൻഡ് സിന്ധ് യൂണിയൻ ഓഫ് ജേർണലിസ്റ്റസ്)  യുടെ സ്ഥാപക പ്രസിഡന്റായി. കറാച്ചിയിൽ എം എ ഷക്കൂറിനെപ്പോലെ ബി എം  കുട്ടിയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയ-‐സാമൂഹ്യരംഗത്ത്‌ പ്രവർത്തിക്കാൻ തുടങ്ങി. ഷക്കൂർ പത്രപ്രവർത്തനരംഗത്ത്‌ ഉറച്ചുനിന്നപ്പോൾ കുട്ടി തൊഴിലാളികളുടെ സന്തതസഹചാരിയായി. സ്വന്തം തൊഴിൽമേഖലയിൽ മാത്രമല്ല, സമൂഹത്തിന്റെ വിവിധ ഇടനാഴികകളിൽ പ്രവർത്തിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങളിലും ആവലാതികളിലും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
മലബാറിൽ വിദ്യാർഥിയായിരുന്ന കാലത്തുതന്നെ കുട്ടി രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. കേരള വിദ്യാർഥി ഫെഡറേഷനിൽ പ്രവർത്തിച്ച കാലത്തെ തന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യം പൂർണതയിൽ എത്തുന്നത് കറാച്ചിയിലാണ്. അക്കാലത്ത്‌ തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെട്ട്‌ പ്രവർത്തിക്കാൻ ധാരാളം മലയാളികളും ഉണ്ടായിരുന്നു. മറ്റു പലരെയുംപോലെ ബി എം കുട്ടിയുടെയും രാഷ്ട്രീയജീവിതത്തിന്‌ വഴിത്തിരിവാകുന്നത് 1954ലെ പാകിസ്ഥാന്റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നയങ്ങളാണ്. പാകിസ്ഥാൻ കമ്യൂണിസ്റ്റ് പാർടി അംഗമായിരുന്ന കുട്ടിക്ക്‌ ഇതൊരു വെല്ലുവിളിയായി. കറാച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കമ്യൂണിസ്റ്റ്‌ പതാക പറക്കുന്ന ഓഫീസും മലയാളികളായ കുറെ ബീഡിത്തൊഴിലാളികളും ഒത്തുചേരുമ്പോൾ കേരളത്തിന്റെ പരിച്ഛേദം ഇവിടെ കാണാമായിരുന്നു. എം എ ഷക്കൂറിന്റെ സന്തതസഹചാരിയും സഹപ്രവർത്തകനുമായ പ്രൊഫ. എറിക് റഹിം (ഇപ്പോൾ ഇംഗ്ലണ്ടിൽ) അക്കാലം ഓർത്തെടുക്കുന്നുണ്ട്. 2011ൽ ലണ്ടനിൽവച്ച്  പ്രൊഫ. എറിക്കുമായുള്ള എന്റെ ദീർഘസംഭാഷണത്തിൽ കുട്ടിസാഹിബും ഷക്കൂർ സാഹിബുമെല്ലാം കടന്നു വന്നു. 
അക്കാലത്ത്‌ ഒന്നിച്ചു പ്രവർത്തിച്ച ഇവരെല്ലാം ഭരണകൂടത്തിന്റെ കമ്യൂണിസ്റ്റ്‌ വേട്ടയ്‌ക്ക്‌ ഇരയായി. 1954ൽ പാകിസ്ഥാൻ കമ്യൂണിസ്റ്റ്‌ പാർടിയെ നിരോധിച്ചു. കുട്ടിയും എറിക്കും ഷക്കൂറും ഉൾപ്പെടെ നിരവധിപേർ ജയിലായി. ഇടതു-പുരോഗമന ചിന്തകൾക്കെതിരെയുള്ള പാകിസ്ഥാൻ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് തണലേകിയത്‌ സാമ്രാജ്യത്വരാജ്യങ്ങളായിരുന്നു. 1954ലും 1955ലും പാകിസ്ഥാൻ അമേരിക്കയും ബ്രിട്ടനും മുൻകൈയെടുത്ത്‌ രൂപംകൊടുത്ത രണ്ട്‌ പ്രധാന കമ്യൂണിസ്റ്റ്‌ വിരുദ്ധ സൈനിക കൂട്ടുകെട്ടുകളിൽ (SEATO, CENTO) അംഗമാകുന്നതോടെ ഇതിനു പുതിയ മാനങ്ങൾ കൈവന്നു. കുട്ടിയുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾക്ക് ശക്തിപകർന്നത് പാകിസ്ഥാൻ ഭരണകൂടത്തിന്റെ ഇത്തരം വിധേയത്വനയങ്ങളാണ്.  
 
ജനാധിപത്യത്തിനും മേഖലാ സമാധാനത്തിനുംവേണ്ടിയുള്ള ബി എം കുട്ടിയുടെ ശ്രമങ്ങൾക്ക് പുതിയ ഭാവം കൈവരുന്നത് 1970കൾക്കുശേഷം. ഗാന്ധിയൻ സാമൂഹ്യപ്രവർത്തകയായ നിർമല ദേശ്പാണ്ഡെ, മനുഷ്യാവകാശ- പൗരാവകാശ പ്രവർത്തകരായ രജനി കോത്താരി, അസ്‌മ ജഹാംഗീർ, നിഖിൽ ചക്രവർത്തി, ഇക്ബാൽ അഹമ്മദ്, ബേനസീർ ഭൂട്ടോ, കുൽദീപ് നയ്യാർ തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ കുട്ടിയുമായി സഹകരിച്ച്‌ പ്രവർത്തിച്ചു. ഇവരിൽ ഓരോരുത്തർക്കും കുട്ടിയുമായി ബന്ധപ്പെട്ട്‌ ഊഷ്‌മളമായ അനുഭവങ്ങളുണ്ട്. 
നിർമല ദേശ്പാണ്ഡെയുടെ മരണത്തെതുടർന്ന് 2008ൽ ഡൽഹിയിൽ എത്തിയ കുട്ടി അവരുടെ ആഗ്രഹപ്രകാരം ചിതാഭസ്മം സിന്ധുനദിയിൽ  ഒഴുക്കാനായി പാകിസ്ഥാനിലേക്ക് കൊണ്ടുപോയി. "Sixty Years in Self Exile: No Regrets’ എന്ന ആത്മകഥാപരമായ ബി എം കുട്ടിയുടെ പുസ്‌തകം 2011ൽ പുറത്തിറക്കുന്നത് ഡൽഹിയിലായിരുന്നു. മുൻ വിദേശമന്ത്രിയായിരുന്ന നട്‌‌വർ സിങ്ങാണ്  പ്രകാശനംചെയ്‌തത്. പുസ്‌തകത്തിന്റെ പേര് നിർദേശിച്ചത്‌ നേരെത്തെ നിർമല ദേശ്പാണ്ഡെയായിരുന്നു എന്ന് കുട്ടിതന്നെ പറഞ്ഞിരുന്നു.  പ്രകാശനത്തിന് വരുന്നത് സമാധാനത്തിന്റെ ഒരു പുതിയ സന്ദേശവുമായിട്ടായിരുന്നു. കുട്ടി ഇന്ത്യയിൽ ഉടനീളം നടന്ന്‌ അഞ്ചുലക്ഷം ഒപ്പുകൾ ശേഖരിച്ച്‌ ഇരു ഭരണകൂടങ്ങൾക്കും സമർപ്പിച്ചു. 
 
 
ലാഹോറിൽ താമസിക്കുന്ന കാലത്താണ് വിവാഹവും മറ്റു രാഷ്ട്രീയ പ്രവർത്തനങ്ങളും. ആ കാലത്താണ് ബലൂചിസ്ഥാനിൽ രാഷ്ട്രീയനേതാവായിരുന്ന ഗൗസ്  ബക്ഷ് ബിസെൻജോയുമായി അടുക്കുന്നത്. ആ ബന്ധം വളർന്നുവലുതായി. ബിസെൻജോ പിന്നീട് ബലൂചിസ്ഥാൻ ഗവർണർ ആകുമ്പോൾ കുട്ടി അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി. 
 
1973ൽ നടന്ന ഒരു സംഭവം കുട്ടിയുടെ രാഷ്ട്രീയജീവിതത്തിന്‌ കരിനിഴൽ വീഴ്‌ത്തി. ഇറാഖി നയതന്ത്രകാര്യാലയത്തിൽ നടന്ന ഒരു റെയ്ഡിൽ പിടിച്ചെടുത്ത ആയുധങ്ങൾ കുട്ടിയുടെയും ബിസെൻജോയുടെയും നേർക്ക് സംശയങ്ങൾ ഉയർത്തി. കുട്ടിയുടെ കേരള- കമ്യൂണിസ്റ്റ്‌ പശ്ചാത്തലം അതിന്‌ ആക്കംകൂട്ടി. ബലൂചി വിമതരെ സഹായിക്കാനാണ് ഇതെല്ലാമെന്നു പറഞ്ഞ്‌ ഇരുവരെയും ഭരണകൂടം തടവിലാക്കി. ബലൂചികളുടെ പൗരാവകാശങ്ങൾക്കുവേണ്ടി സംസാരിച്ച കുട്ടിക്ക്‌ അവരുടെ ഭാവി മറ്റൊരു വിഭജനത്തിൽ കലാശിക്കരുതെന്ന്‌ നിർബന്ധമുണ്ടായിരുന്നു.
 
സിയാവുൾ ഹഖിന്റെ പട്ടാളഭരണകാലത്ത്‌ ജനാധിപത്യ പുനഃസ്ഥാപന പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്നു കുട്ടി. ബേനസീർ ഭൂട്ടോയുമായി അടുക്കുന്നത് അങ്ങനെയാണ്. ബേനസീറിന്റെ പിതാവാണ് തന്നെ തുറുങ്കിലടച്ചതെന്നത് കുട്ടിക്ക് ഒരു വിഷയമേ അല്ലായിരുന്നു. 
 
1980കളിലും 1990കളിലും ഇന്ത്യ–--പാകിസ്ഥാൻ സമാധാന പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു കുട്ടി. ജീവിതം അതിർത്തിക്കപ്പുറത്താണെങ്കിലും മനസ്സും ഹൃദയവും കേരളക്കരയിൽ സൂക്ഷിച്ച മനുഷ്യസ്‌നേഹി. തികഞ്ഞ ജനാധിപത്യ-മതേതര വാദിയും സമാധാനത്തിന്റെ അവധൂതനുമായിരുന്നു. ദക്ഷിണേഷ്യയിലും ഇതര മേഖലകളിലും ആഞ്ഞടിച്ച തീവ്രവാദ-മതമൗലിക ശക്തികൾക്കെതിരെയുള്ള ഉറച്ച ശബ്ദം. ഇന്ത്യ-–-പാക്‌ ബന്ധങ്ങളിൽ ഘടനാപരമായ വലിയൊരു മാറ്റം സ്വപ്‌നംകണ്ടിരുന്ന ബി എം കുട്ടിയുടെ മരണം ഇരു രാജ്യങ്ങളും തമ്മിലുള്ള കലുഷിതമായ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സംഭവിച്ചെന്നത്‌ ആ വ്യക്തിത്വത്തിന്റെ രാഷ്ട്രീയപ്രസക്തി അടിവരയിട്ടു കാണിക്കുന്നു.
(ലേഖകൻ  മഹാത്മാഗാന്ധി സർവകലാശാലയിൽ  രാജ്യാന്തര പഠനവിഭാഗത്തിൽ പ്രൊഫസറും സോഷ്യൽ സയൻസസ് 
ഡീനുമാണ്).
പ്രധാന വാർത്തകൾ
 Top