18 February Tuesday

ജാതിത്തീയിൽ എരിയാത്ത നിശ്ചയദാർഢ്യം

അഞ്‌ജലി ഗംഗ anjaliganga.p@gmail.comUpdated: Sunday Sep 1, 2019

നീനുവും കെവിനും

കൗസല്യ, അമൃതവർഷിണി, നീനു. മൂന്ന്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മൂന്ന്‌ സ്‌ത്രീകൾ. ഭർത്താക്കന്മാരെ ജാതിയുടെ പേരിൽ ബന്ധുക്കൾ കൊലപ്പെടുത്തിയപ്പോൾ ധീരമായി നിയമപോരാട്ടം നടത്തിയവർ

 
മൂന്ന്‌ പെണ്ണുങ്ങളെപ്പറ്റിയാണ്‌. ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ മൂന്ന്‌ പെണ്ണുങ്ങളെപ്പറ്റി. നൂറ്റാണ്ടുകൾക്കുമുമ്പൊന്നുമല്ല. പരിഷ്‌കൃതമെന്ന്‌ നാം അവകാശപ്പെടുന്ന ഈ വർത്തമാനകാലത്ത്‌. മൂന്നുപേരുടെയും കഥകൾ സമാനം. മൂന്നിലും വില്ലൻ ജാതിതന്നെ. ജാതിവെറിമൂലം ഇവർക്ക്‌ നഷ്ടപ്പെട്ടത്‌ ഭർത്താക്കന്മാരെ. പ്രതിസ്ഥാനത്ത്‌ കുടുബാംഗങ്ങൾ. എങ്കിലും ഈ മൂവരും നീതി ലഭിക്കുംവരെ പോരാടി. തോറ്റുകൊടുക്കാൻ കഴിയില്ല എന്ന്‌ വിളിച്ചുപറഞ്ഞു കൗസല്യയും അമൃതവർഷിണിയും നീനുവും. അവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെടാൻ കാരണം അവർ ദളിതരായിരുന്നു എന്നതുമാത്രമായിരുന്നു.
 
2016ലാണ് ശങ്കറിനെ കൗസല്യ  വിവാഹം കഴിക്കുന്നത്. തിരുപ്പൂരിലെ ഒബിസി തേവർവിഭാഗത്തിൽപ്പെട്ട കൗസല്യ ദളിതനെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ ഇരുവരെയും അച്ഛൻ ചിന്നസ്വാമി കൊല്ലാൻ ശ്രമിച്ചു. എന്നാൽ, കൗസല്യ ജീവിതത്തിലേക്ക് മടങ്ങിവന്നു. അച്ഛനെതിരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ വിധി കൗസല്യക്ക് അനുകൂലമായി. അച്ഛനടക്കം ആറുപ്രതികൾക്ക് വധശിക്ഷ.
 
കൗസല്യയുടെ പിന്നീടുള്ള ജീവിതം ജാതീയ അതിർവരമ്പുകളെ തച്ചുടയ്‌ക്കാൻവേണ്ടിയായിരുന്നു. ഇന്ത്യയിൽ ഉടനീളം ദുരഭിമാനക്കൊലകളിൽ ഇരകളാകുന്ന പെൺകുട്ടികളെ നേരിട്ട്  സന്ദർശിച്ചു, അവരെ പിന്തുണച്ചു. 2018 ഡിസംബറിൽ കൗസല്യ വാദ്യോപകരണ കലാകാരനും ദളിത് പ്രവർത്തകനുമായ  ശക്തിയെ പുനർവിവാഹം ചെയ്‌തു. കൗസല്യയുടെ പുനർവിവാഹം ഒരു മാറ്റത്തിന്റെ സൂചനകൂടിയാണ്. തന്തൈ പെരിയാർ ദ്രാവിഡ കഴകത്തിന്റെ കോയമ്പത്തൂർ ഓഫീസിലായിരുന്നു  വിവാഹം. ജാതീയതയ്‌ക്കെതിരെ പോരാടുമെന്ന്‌ പ്രതിജ്ഞചെയ്‌തായിരുന്നു തിരുമണം.
 
കൗസല്യയും ശക്തിയും

കൗസല്യയും ശക്തിയും

 
സമാനമായ അനുഭവമാണ് അമൃതവർഷിണിയുടേത്‌. തെലങ്കാനയിലെ മിരിയാലഗുഡയിൽ ദുരഭിമാനക്കൊല നടക്കുന്നത്‌ 2018 ഡിസംബറിൽ. അഞ്ചുമാസം ഗർഭിണിയായ അമൃതവർഷിണിയുടെ ഭർത്താവ്‌ പ്രണയ്‌ കുമാറിനെ പട്ടാപ്പകലാണ്‌  വെട്ടിക്കൊലപ്പെടുത്തുന്നത്‌, അമൃതയുടെ ചെക്കപ്‌ കഴിഞ്ഞ്‌ ആശുപത്രിയിൽനിന്ന്‌ മടങ്ങുമ്പോൾ.
കൊലപാതകത്തിനു പിന്നിൽ തന്റെ അച്ഛൻ ടി മാരുതി റാവു ആണെന്ന അമൃതയുടെ മൊഴിയിൽനിന്നാണ്‌  കൊല്ലാൻ നൽകിയ ഒരു കോടി രൂപയുടെ ക്വട്ടേഷന്റെ ചുരുളഴിയുന്നത്‌. ഒമ്പതാംക്ലാസുമുതൽ പ്രണയിച്ച ഇരുവരും വീട്ടുകാരുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ്‌ വിവാഹം കഴിച്ചത്‌. കേസിൽ മാരുതി റാവുവിനെയും ബന്ധുക്കളെയും കോടതി ശിക്ഷിച്ചു.  ജാമ്യത്തിലിറങ്ങിയ ഇവർക്കെതിരെ അപ്പീൽ നൽകി ജാമ്യം റദ്ദാക്കാനും അമൃത മുന്നിട്ടിറങ്ങി. സാമൂഹ്യമാധ്യമത്തിൽ പ്രണയ്‌കുമാറിന്‌ നീതിവേണമെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പേജിൽ ജാതിക്കോമരങ്ങൾ അമൃതയ്‌ക്കെതിരെ അധിക്ഷേപവുമായെത്തി. എന്നാൽ, അതിനെയെല്ലാം അമൃത അതിജീവിച്ചു. ജനുവരി 24ന്‌ അമൃത ആൺകുഞ്ഞിന്‌ ജന്മം നൽകി.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു കെവിൻ പി ജോസഫിന്റേത്‌. ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതീയതയുടെ വികൃതമുഖമാണ്‌ കൊലപാതകത്തിലൂടെ അനാവൃതമായത്‌. കെവിന്റെ ജാതിയാണ്‌ കൊലപാതകത്തിനുകാരണം. ദളിത്‌ ക്രിസ്‌ത്യനായിരുന്ന കെവിൻ നീനുവിനെ പ്രണയിച്ച്‌ കല്യാണം കഴിക്കാൻ തീരുമാനിച്ചു. തുടർന്ന്‌ 2017 മെയ്‌ 28ന്‌ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നു. നീനുവിന്റെ മാതാപിതാക്കൾ രണ്ടുമതത്തിലുള്ളവരായിരുന്നു.
‘എനിക്കങ്ങനെ ഇപ്പോൾ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛൻ, അമ്മ എന്നത്‌ ഒരു സ്്‌ഥാനംമാത്രം. അവരൊന്ന് ചിന്തിച്ചാൽ മതിയായിരുന്നു. അവരിനി കാണാൻ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്‌തിട്ട് ഇനി കാണാൻ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല’‐ വിധിക്കുശേഷം നീനു പറഞ്ഞു.  
പ്രണയ്‌കുമാറിന്റെ ചിത്രത്തിനരികിൽ  അമൃതവർഷിണിയും കുഞ്ഞും

പ്രണയ്‌കുമാറിന്റെ ചിത്രത്തിനരികിൽ അമൃതവർഷിണിയും കുഞ്ഞും

 
നീനുവിന്റെ മൊഴിയാണ്‌ ദുരഭിമാനക്കൊലയാണെന്ന്‌ വിധി പ്രസ്‌താവിക്കാൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. പ്രതിക്കൂട്ടിൽ തന്റെ അച്ഛനും സഹോദരനും നിന്നിട്ടും പതറാതെ നീനു മൊഴിയിൽ ഉറച്ചുനിന്നു. ജീവിക്കുകയാണെങ്കിൽ കെവിന്റെ വീട്ടുകാർക്കൊപ്പമേ ജീവിക്കൂ എന്നു പറഞ്ഞ നീനുവിന്റെ നിശ്ചയദാർഢ്യവുമാണ്‌ മുഴുവൻ പ്രതികൾക്കും ഇരട്ടജീവപര്യന്തം ലഭിക്കാൻ കാരണം.  
 
കൗസല്യയും അമൃതവർഷിണിയും നീനുവും മാത്രമല്ല ഇന്ത്യയിൽ ഉടനീളം ദുരഭിമാനക്കൊലയുടെ പേരിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നുണ്ട്‌. പക്ഷേ, ഇവർ മൂന്നുപേരും ഒരു പ്രതീകമാണ്, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും തിരികെ വരാനും ജാതീയത വേരുറച്ച ജീർണിച്ച മണ്ണിൽ നിവർനിന്നു പോരാടാനും കാണിച്ച ആർജവത്തിന്റെ മൂന്നു പേരുകളാണ്‌ ഇവർ. ഇവിടെയും പേരറിയാത്ത ഒരുപാടുപേർ ഈ സമരത്തിലുണ്ടാകാം. അവർക്കൊരുത്തർക്കും ഈ മൂന്നു പെണ്ണുങ്ങൾ പ്രചോദനമാകുമെന്നതിൽ സംശയമില്ല.
പ്രധാന വാർത്തകൾ
 Top