26 January Sunday

കന്യാമാതാവിന്റെ ചിത്രം

വട്ടപ്പാറ ശശിUpdated: Sunday Sep 1, 2019

എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാതെ പോയ  അനാഥന്റെ ജീവിതം.  കടലിൽ കണ്ടില്ലേ? ഗൈരോ വർക്ക്‌ ചെയ്യുമ്പോൾ കപ്പൽ കടലിൽ എന്തോ ആണ്. ഗൈരോക്ക്  നിയന്ത്രണം പോയപ്പോൾ കപ്പൽ വെറും പൊങ്ങുതടി. വെറും ഒരു ജഡം കാണാൻ താനെന്തിന്  ഇത്ര ദൂരം പോകണം? ആ ജീവിതമാണ്  കന്യകാമാതാവിന്റെ ചിത്രം എന്ന കഥയിൽ ഞാൻ പറഞ്ഞത്‌

 

കപ്പലിന്റെ ഡെക്കിലൂടെ അവരവരുടെ ജോലികളുമായി നടന്നുപോകുമ്പോൾ സഹപ്രവർത്തകരായ നാവികർ, അറിഞ്ഞോ എന്ന മട്ടിൽ, പരസ്‌പരം പറഞ്ഞു:

‘നാളെ  സെയിലിങ് ആടോ?'
‘ഉവ്വോ?'
‘എന്താ കാര്യം?'
‘പതിവു പരിപാടിതന്നെ. Sea going exercise.' 
 
സെയിലിങ്‌ എന്നു കേട്ടാൽ സെയിലർ ബോയിക്ക് കലിപ്പാണ്. പതിവുകളിൽനിന്നുള്ള വ്യതിചലനം.  ഒപ്പം കടൽച്ചൊരുക്ക് എന്ന ദുരവസ്ഥയും.  
 കപ്പൽ കുറെ ദൂരം പിന്നിടുമ്പോൾ തലകറക്കം, തലപെരുപ്പ്, മനംപിരട്ടൽ. തിരമാലകളിൽ കപ്പൽ കയറി ഇറങ്ങുമ്പോൾ വയറ്റിൽ  ഉരുണ്ടുരുണ്ടു കയറ്റം.  ഉരുണ്ടുകൂടുന്ന സാധനം ഛർദിലായി പുറത്തേക്കൊഴുകും. പണിസ്ഥലത്ത് എപ്പോഴും പ്ലാസ്റ്റിക് ബക്കറ്റ് കരുതിയിരിക്കും. അതിലേക്ക് ഛർദിച്ച് ഒഴിക്കാനാണ്. ബാത്റൂമിലേക്ക് ഓടാൻ നോക്കിയാൽ എത്ര പ്രാവശ്യം ഓടും? കപ്പൽജോലിക്കാരനോടൊപ്പം ആദികാലംമുതലേ കൂടിയതാണ് കടൽച്ചൊരുക്കും. ആദ്യമാദ്യം ഛർദിക്കുന്നത്  ആഹാരമായിരിക്കും. അതു കഴിഞ്ഞാൽ മഞ്ഞജലം. അതും കഴിഞ്ഞാൽ രക്തം. രക്തം ഛർദിക്കുമ്പോൾമാത്രം ചികിത്സയും വിശ്രമവും. 
 
വെളുപ്പിന് രണ്ടിനാണ് സെയിലിങ്‌. രാത്രി ഒന്നരയ്‌ക്ക്‌ ക്വാർട്ടർ മാസ്റ്റർ പ്രത്യേകതാളത്തിൽ വിസിൽ നീട്ടി ഊതി ഹാൻഡ്‌ കാൾ അനൗൺസ് ചെയ്‌തു.  ഓരോരുത്തരും ഉണർന്ന് അവരവരുടെ ലോക്കറുകൾ തുറന്ന് മഗുകൾ കയിലെടുത്ത് തൊട്ടടുത്തുള്ള ഷിപ്‌സ്‌ ഗ്യാലിയിലേക്ക് നടന്നു. മെസ്സിൽനിന്ന് ഇടനാഴിയിലൂടെ അല്പം നടന്നു ചെല്ലണം ഗ്യാലിയിലേക്ക്. ഗ്യാലിക്കു പുറത്ത് ഇടനാഴിയിൽത്തന്നെ വലിയ ഒരു അലുമിനിയം വാർപ്പുനിറയെ കട്ടൻചായ തയ്യാറാക്കി വച്ചിട്ടുണ്ട്.  
കപ്പലിനു പുറത്ത് കൂരിരുട്ട്. ആകാശത്ത് ഒരു നക്ഷത്രംപോലുമില്ല. കറുത്ത മേഘങ്ങൾ അവിടവിടെ താവളമടിച്ചിരിക്കുന്നു.
 
ഒരു വശത്ത് ബോംബെ നഗരം നിയോൺ വെളിച്ചത്തിൽ തിളങ്ങുന്നു. പത്തുപതിനഞ്ച്‌ നോട്ടിക്കൽ മൈൽ പിന്നിട്ടു കഴിഞ്ഞിരിക്കും.  നഗരം  കണ്ണിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
 
കൂറ്റൻ തിരമാലകൾ അപ്പർ ഡെക്കിലേക്ക് അടിച്ചുകേറി. തിരകൾ കൊടിമരത്തോളം ഉയർന്നു. കപ്പൽ ഉലയുന്നുണ്ട്. കൂറ്റൻ തിരയിലൂടെ  കപ്പൽ കയറി ഇറങ്ങിയപ്പോൾ വയർ ഉള്ളിൽ ഉരുണ്ടുകേറി. 
 
രാവിലെ എട്ടു മണി. എന്തും വരട്ടെയെന്നു കരുതി ആഹാരം  കഴിച്ചവർ. കടൽച്ചൊരുക്കു കാരണം വീണ്ടും ഛർദിച്ചാലോ എന്നു ഭയന്ന്  കഴിക്കാത്തവർ. എല്ലാവരും വാടിത്തളർന്ന് മെസ്സിലും ഡ്യൂട്ടിസ്ഥലത്തും വിശ്രമിക്കുകയാണ്. അപ്പോഴാണ് കമാൻഡിങ്‌ ഓഫീസറുടെ അറിയിപ്പ്‌:
‘‘ഗൈരോ നോട്ട് വർക്കിങ്‌. ഷിപ്‌സ്‌ കമ്പനി റ്റു റിമെയ്ൻ കാം ആൻഡ്‌ കമ്പോസ്.''
ഗൈരോ വർക്ക് ചെയ്‌തില്ലെങ്കിൽ കപ്പൽ കടലിൽ പൊങ്ങുതടിപോലെ കിടക്കും. മുമ്പോട്ടോ പിമ്പോട്ടോ ചലിക്കുകയില്ല. നാവികരിൽ പരിഭ്രാന്തി. ഗൈരോ സ്റ്റാർട്ടാക്കാനുള്ള ശ്രമം. നടുക്കടലിലാണ് കപ്പൽ.   
 
മുകളിലാകാശം. താഴെ ആകാശത്തേക്കാൾ വിസ്‌തൃതമായ കടൽ. ഒരു മണിക്കൂർ കഴിഞ്ഞു.  പ്രതീക്ഷയില്ല എന്ന ആശങ്കയിൽ കമാൻഡിങ്‌ ഓഫീസറും. രഹസ്യസന്ദേശങ്ങൾ. മരണം കടലിൽവച്ചുതന്നെ ആയേക്കാം എന്നു ഞാനും കരുതി.   
 
കമാൻഡിങ്‌ ഓഫീസറുടെ ശബ്ദം വീണ്ടും: ""Our ship is in a serious crisis.'' 
 
നോട്ടീസ് ബോർഡിലിട്ട ലിസ്റ്റിലെ പേരും റാങ്കും നോക്കി ആപൽഘട്ടത്തിൽ അവരവർക്ക്  നൽകിയിരിക്കുന്ന റാഫ്റ്റിനരികിൽ  ചെന്നുനിൽക്കണം. കപ്പൽ ഇടത്തോട്ടാണ്  ചരിയുന്നതെങ്കിൽ റാഫ്റ്റ് വലത്തോട്ട് ഉന്തിത്തള്ളിയിടണം. വലത്തോട്ടാണ് ചരിയുന്നതെങ്കിൽ  റാഫ്റ്റ് ഇടത്തോട്ട് തള്ളിയിടണം. ഇല്ലെങ്കിൽ റാഫ്റ്റ് കപ്പലിനിടയിൽപ്പെട്ട് ദുരന്തം സംഭവിക്കാം. റാഫ്റ്റ് കടലിൽ ഇട്ടതിനുശേഷം കത്തികൊണ്ട് റാഫ്റ്റിന്റെ കെട്ടറുത്തു മാറ്റണം. അപ്പോൾ അത് രണ്ടായി വിടർത്തി എടുക്കാം. എന്നിട്ട്  അതിൽപ്പിടിച്ച്  ഉള്ളിലെത്തണം. ആദ്യമാദ്യം കേറുന്നവർ കടലിൽ പൊങ്ങിക്കിടക്കുന്നവരെ പിടിച്ചുകേറ്റണം. റാഫ്റ്റിനുള്ളിൽ ഒരാഴ്ചയ്‌ക്കുള്ള  ഭക്ഷണം ഉണ്ടാകും.  
 
അറിയിപ്പ് കേട്ട ഉടൻ അപ്പർ ഡെക്കിലേക്ക് ഓടി.    ഗൈരോ ഇപ്പോഴും പണിമുടക്കിലാണ്. ഏതു നിമിഷവും കപ്പൽ മുങ്ങാം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ   തയ്യാറായിരിക്കുക. ധൈര്യം സംഭരിക്കുക.  എല്ലാവരും റാഫ്റ്റുകൾക്കരികിൽ നിന്നു.
 
കപ്പൽ ഭീതിദമായി ഇടത്തോട്ടും വലത്തോട്ടും ആടി ഉലഞ്ഞു. ഏത് ഉലച്ചിലിലാണ് ചരിഞ്ഞു മുങ്ങുന്നതെന്നു പറയാൻ കഴിയില്ല.  ആകാശത്തിന് ശിഖരങ്ങൾ ഉണ്ടായിരുന്നെങ്കിൽ. കാറ്റിനെ പിടിച്ചുകെട്ടാൻ മാർഗമുണ്ടായിരുന്നെങ്കിൽ.  ഈ സമയത്താണ് എക്‌സ്‌പ്രസ്‌ ടെലഗ്രാമിന്റെ  വിവരം കിട്ടുന്നത്.  മദർ എക്‌സ്‌പയേഡ്‌. ഏബിൾ സീമേൻ എം കെ നായർക്കാണ്. അയാൾ ലൈഫ് റാഫ്റ്റിനരികിലുണ്ട്. നെഞ്ചിൽ നിറയെ രോമങ്ങളുള്ള വെളുത്ത മനുഷ്യൻ. അഞ്ചേമുക്കാലടിക്കാരൻ. ഫലിതപ്രിയൻ. മെസ്സിൽ വെറുതെ ഇരിക്കുമ്പോൾ ആ മുഖമാകെ ഇരുൾപരക്കുന്നതായി തോന്നിയിട്ടുണ്ട്.  ടെലഗ്രാമിന്റെ കാര്യം അയാളെ അപ്പോൾ അറിയിച്ചില്ല. 
 
നാലുമണിക്കൂറോളം കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിലേക്ക് ആ സന്ദേശമെത്തി. ഗൈരോ ശരിയായി. ഇറ്റീസ് വർക്കിങ്‌. ഷിപ്പ് ഈസ് അണ്ടർ കൺട്രോൾ. ഞങ്ങൾ ആശ്വാസത്തോടെ പരസ്‌പരം കൈകൾ തോളിലിട്ട് ആർത്തുചിരിച്ചുകൊണ്ട് ലാഡർ ഇറങ്ങി മെസിലേക്കു പോയി.
കപ്പൽ മടങ്ങി ബോംബെ തുറമുഖത്ത് എത്തിയപ്പോൾ രാത്രി ഒമ്പതര. അതിനുശേഷം ആ ടെലഗ്രാം എം കെ  നായർക്ക് കൈമാറി. ട്രെയിൻ വാറന്റും പെയ്‌മെന്റും ശരിയാക്കി പിറ്റേന്ന്‌ കപ്പലിൽനിന്നിറങ്ങി ടാക്‌സിയിൽ കയറുമ്പോൾ ഞാനും സുഹൃത്തുക്കളും യാത്രയാക്കാൻ ചെന്നു.
 
ടാക്സി ഡ്രൈവറായ സർദാർജി ചോദിച്ചു: ‘‘എങ്ങോട്ടാണ് സാബ്?''
‘‘ഫ്ളോറ ഫൗണ്ടൻ'' നായർ പറഞ്ഞു. 
 
ഞങ്ങൾ അമ്പരന്നു. വിക്‌ടോറിയ ടെർമിനസിൽനിന്നാണല്ലോ ട്രെയിൻ. ഇയാൾ എന്തിന്‌ ഫ്ലോറ ഫൗണ്ടനിൽ പോകണം?  ഫ്ലോറ ഫൗണ്ടനിൽ  മുറിയെടുത്തു. മുറിയിൽ ലഗേജ് വച്ച്‌ പുറത്തിറങ്ങി.  മറ്റൊരു ടാക്‌സിയിൽ റീഗലിലേക്ക്. അവിടെനിന്ന് ഫ്ലീറ്റ് ക്ലബ്ബിലേക്ക് നടക്കുന്ന വഴിയിൽ ഒരു ക്രിസ്‌ത്യൻ പള്ളി.  നിറയെ ആളുകൾ. അൾത്താരയിൽ വൈദികൻ. വിശുദ്ധ കുർബന നടക്കുന്നു. അയാൾ  കൂസലന്യേ പള്ളിയിൽ കയറി. അൾത്താരയ്‌ക്കരികിലെ കന്യകാമാതാവിന്റെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി നിന്നു. ഏറെ നേരം കരഞ്ഞു, പരിസരബോധമില്ലാതെ.
 
പള്ളിയിൽനിന്ന്‌ ഇറങ്ങിയശേഷം ഞങ്ങൾ ഫ്ലീറ്റ് ക്ലബ്ബിലേക്ക് നടന്നു. റമ്മിനു മുന്നിലിരുന്ന് അയാൾ കഥ പറഞ്ഞു. വേർപിരിഞ്ഞ മാതാപിതാക്കൾ. ഇരുവരും വേറെ വിവാഹം കഴിച്ചു. അതിൽ മക്കളുമുണ്ട്. ഇയാൾ വളർന്നത് അമ്മാവന്റെ വീട്ടിൽ. അമ്മാവന് സ്‌നേഹവും സഹതാപവുമുണ്ടായിരുന്നു. എന്നാൽ, അമ്മായി  ഒരു വേലക്കാരനെപ്പോലെ കണ്ടു. ടെലഗ്രാം അയച്ച വിനോദ് അമ്മാവന്റെ മകനാണ്. അച്ഛനും അമ്മയും വേർപിരിയുമ്പോൾ അയാൾക്ക് വയസ്സ് അഞ്ച്. ഒരിക്കൽ  ചെന്നപ്പോൾ അച്ഛൻ ആട്ടിയോടിച്ചു. അമ്മയെ കാണാൻ ചെന്നപ്പോൾ  പരിഭ്രമിച്ചും പേടിച്ചുമാണ് സംസാരിച്ചത്.  
 
എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാതെ പോയ  അനാഥന്റെ ജീവിതം.  കടലിൽ കണ്ടില്ലേ? ഗൈരോ വർക്ക്‌ ചെയ്യുമ്പോൾ കപ്പൽ കടലിൽ എന്തോ ആണ്. ഗൈരോക്ക്  നിയന്ത്രണം പോയപ്പോൾ കപ്പൽ വെറും പൊങ്ങുതടി. വെറും ഒരു ജഡം കാണാൻ താനെന്തിന്  ഇത്ര ദൂരം പോകണം? 
ആ ജീവിതമാണ്  കന്യകാമാതാവിന്റെ ചിത്രം എന്ന കഥയിൽ ഞാൻ പറഞ്ഞത്‌.
പ്രധാന വാർത്തകൾ
 Top