16 February Saturday
അതിഥി / ഓർമ

എഴുതാൻവേണ്ടി എഴുതിയതല്ല

സന്ധ്യ ഇUpdated: Sunday Jul 1, 2018
എഴുത്തിനെക്കുറിച്ചുള്ള ഓർമകൾ ചെന്നെത്തുന്നത് വർഷങ്ങൾക്കപ്പുറത്തേക്ക്, ധാരാളം അംഗങ്ങളുള്ള ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ബാല്യത്തിലേക്കാണ്. വീട്ടിലുള്ളവർ അവരവരുടേതായ തിരക്കുകളിൽ. അവളൊരു കുട്ടിയാണെന്ന് മനപ്പൂർവമല്ലെങ്കിലും അവരൊക്കെ മറന്നിരുന്നു. അവൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും കിട്ടിയിരുന്നു. അടച്ചുറപ്പുള്ള വീടും അതിന്റേതായ നിയമങ്ങളുമുണ്ടായിരുന്നു. പക്ഷേ, അവളുടെ ഏകാന്തതാബോധം ആരും ശ്രദ്ധിച്ചില്ല. എന്തെന്ന് തിരിച്ചറിയാത്ത സങ്കടവും അരക്ഷിതാവസ്ഥയും ഭയവും ഉള്ളിലൊതുക്കിയ ആ പെൺകുട്ടി മനസ്സിന്റെ മൂലയിലിപ്പോഴും പകച്ചുനിൽക്കുന്നുണ്ട്. അവൾ മറ്റേത് കുട്ടികളെയുംപോലെ പരിഗണനയും കരുതലും ആഗ്രഹിച്ചു. അച്ഛന്റെ സ്നേഹവും വാത്സല്യവും കൊതിച്ചു. കൂട്ടുകാരികളെപ്പോലെ സന്തോഷിക്കാൻ മോഹിച്ചു. അമ്മയ‌്ക്കും അച്ഛനും കുറച്ചുപ്രായമായശേഷം ജനിച്ച അവസാനത്തെ മകളായതിനാൽ അവൾക്കൊരിക്കലും മറ്റു കുട്ടികളെപ്പോലുള്ള ജീവിതമായിരുന്നില്ല. സെറ്റുമുണ്ട് മാത്രമുടുത്തിരുന്ന അമ്മ സാരിയുടുത്ത‌് കണ്ടെങ്കിൽ, അച്ഛനവളെ മോളേയെന്ന് വിളിച്ചിരുന്നെങ്കിൽ, സ്കൂളിൽ ഉച്ചസമയത്ത് അവളെ വന്നുനോക്കാനൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ, പൂരമോ പെരുന്നാളോ കഴിഞ്ഞ‌് പിറ്റേന്ന് ക്ലാസിലെ കുട്ടികളിട്ട‌് വരുമായിരുന്ന മാലയോ വളയോ സ്ലൈഡോ കിട്ടിയിരുന്നെങ്കിൽ, ബന്ധുക്കളുടെ കല്യാണത്തിന് പുതിയ ഉടുപ്പ് വാങ്ങിയിരുന്നെങ്കിൽ എന്നൊക്കെ എത്രയോ കൊതിച്ചിട്ടുണ്ടവൾ! പക്ഷേ, ഇത്തരം മോഹങ്ങൾക്കൊന്നും ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. അവിടെയുള്ളവർ അവൾക്ക് മനസ്സിലാകാത്ത വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു, ചിന്തിച്ചു. അവർ ചിരിക്കാൻ മറന്നു. കുഞ്ഞുമോഹങ്ങൾ അച്ഛന്റെ തുറിച്ചനോട്ടത്തിലും ഓങ്ങിയ കൈയിലും അമർത്തപ്പെട്ടു. ആഗ്രഹിക്കുന്നത് തെറ്റെന്ന് അവളെ ബോധ്യപ്പെടുത്തി. അവൾക്കൊപ്പം നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. പതിയെ അവൾ ആത്മവിശ്വാസമില്ലാത്തവളും സന്തോഷത്തെ ഭയക്കുന്നവളുമായി. അവൾ ഇരുട്ടിനെ ഭയക്കുന്നവളും സദാ ദുഃഖം ചുമക്കുന്നവളുമായി. കൂട്ടുകാർക്കൊപ്പം കളിക്കാൻ അവസരം നിഷേധിക്കപ്പെട്ട അവൾ വായനയിലേക്ക് തിരിഞ്ഞു. അപ്പോൾമാത്രം അച്ഛൻ വഴക്കുപറഞ്ഞില്ലെന്നതിനാൽ അതവളുടെ ശീലമായി. മൃഗങ്ങളെയും കളികളെയും ഇഷ്ടപ്പെട്ട കുട്ടികളെയും ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തവരെയും അച്ഛന്റെ സ്നേഹം നിർലോഭം കിട്ടിയിരുന്നവരെയും ആഗ്രഹിച്ചതെന്തും നേടിത്തരുന്ന  മഴവിൽപ്പൂപോലുള്ള വസ്തുക്കൾ കൈയിലെത്തുന്നവരെയും പുസ്തകങ്ങളിൽ കണ്ട് അവർ സന്തോഷിച്ചു. അവരിലൊക്കെ അവൾ അവളെ  കണ്ടെത്തി. യാഥാർഥ്യങ്ങളിൽനിന്നുള്ള രക്ഷപ്പെടലായി വായന. ആ അവളാണ് എന്നെക്കൊണ്ടെഴുതിക്കുന്നത്. അവളെക്കുറിച്ചാണ് പലപ്പോഴും ഞാനെഴുതിയിട്ടുള്ളത്.  ഒരേസമയം സ്നേഹിക്കപ്പെടാനാഗ്രഹിക്കുകയും സ്നേഹത്തിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയും ചെയ്യുന്നവൾ. മഴക്കാറുകണ്ടാൽ, മഴ പെയ്താൽ, ചില പാട്ടുകൾ കേട്ടാൽ, ചില കാഴ്ചകൾ കണ്ടാൽ  സങ്കടക്കടലിലേക്കെടുത്തുചാടുകയായി. അവളെ അതിൽനിന്ന് കരകയറ്റാൻ എനിക്കെഴുതിയേ പറ്റൂ. മറ്റൊരു മാർഗവും എനിക്കറിയില്ല. അവളാകട്ടെ വല്ലപ്പോഴുമൊന്ന് പുഞ്ചിരിക്കുമെന്നല്ലാതെ അത്തരമൊരവസ്ഥവിട്ട് സ്ഥിരമായി പോരുകയുമില്ല.
 
കോളേജ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ചുവന്നതല്ലാതെ ഡിഗ്രിക്ക് പഠിക്കുമ്പോളെഴുതിയ ഒരു കഥ ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത‌് ആത്മവിശ്വാസം തോന്നിപ്പിച്ചു. അച്ചടിമഷി പുരണ്ട ആ കഥ എത്രയോ തവണ തൊട്ടും കണ്ടും നോക്കി. പഠനത്തിന്റെയും ജീവിതമാർഗം കണ്ടുപിടിക്കേണ്ടതിന്റെയും വിവാഹജീവിതവുമായി, അമ്മയായതുമായി പൊരുത്തപ്പെടുന്നതിന്റെയുമൊക്കെ തിരക്കിൽ എഴുതുന്നതിനെപ്പറ്റി ഓർത്തതേയില്ല, എത്രയോ വർഷം. എന്നിലെ എഴുത്തുകാരിയെ ഞാൻ പരിഗണിച്ചതേയില്ല. അവളും ഏകാന്തവാസം തുടർന്ന് എന്നെ ശല്യപ്പെടുത്താതെയിരുന്നു. കഥയാണ് അന്നൊക്കെ എഴുതാറുണ്ടായിരുന്നത്. വായിച്ചും കേട്ടും പഠിച്ചുമുള്ള പ്രതിഭാധനരുടെ കവിതകളുടെ ഈണവും താളവും കാവ്യഭംഗിയും ഭാവനയും എന്നെ വിസ്മയിപ്പിച്ചു. ഒരിക്കലും വൃത്തത്തിലെഴുതി ഉള്ളിലുള്ളവ ഫലിപ്പിക്കാൻ എനിക്കാവുമായിരുന്നില്ല എന്ന് മനസ്സിലായി. എനിക്കുതന്നെ നിർധാരണം  ചെയ്തെടുക്കാനാകാത്ത അമൂർത്തമായ എന്റെ മാനസികാവസ്ഥകൾ ഛന്ദോബദ്ധമായി പകർത്താനാകുമായിരുന്നില്ല. വൃത്തവിമുക്തമായ കവിതകൾ ‐ കെ ജി എസിന്റെയും അയ്യപ്പപ്പണിക്കരുടെയും മറ്റും ‐ അന്നു പഠിച്ചവ ‐ കവിതയിലേക്ക് എന്നെ ആകർഷിച്ചുമില്ല. കുട്ടികളുടെ ഉറക്കസമയങ്ങളിലോ മറ്റോ വീണുകിട്ടുന്ന ഇത്തിരി സമയങ്ങൾ ഒരു കഥയെഴുതാൻ ഒട്ടും മതിയാകുമായിരുന്നില്ല. അഥവാ ശ്രദ്ധിച്ചപ്പോഴൊക്കെ എനിക്കതൊട്ടും തൃപ്തി നൽകിയുമില്ല. ചുരുക്കത്തിൽ എഴുത്ത് എന്ന കാര്യം ഞാൻ മറന്നു. അകത്തിരിക്കുന്ന ആ അവൾ എന്നെയും മറന്നു. അവൾ ഒളിച്ചിരുന്ന മുറിയുടെ വാതിലുകൾ അവൾ തുറന്നേയില്ല.
 
എഴുതിയില്ല എന്നേയുള്ളൂ. സങ്കടങ്ങൾക്കും അസ്വസ്ഥതകൾക്കും കുറവൊട്ടുമുണ്ടായിരുന്നില്ല. ജീവിതത്തിലൊരിക്കലും സന്തോഷിക്കാനറിഞ്ഞുകൂടാത്ത സന്തോഷിച്ചിട്ടുണ്ടെന്ന് എനിക്കുതോന്നാത്ത അച്ഛന്റെ മനസ്സ് മറ്റൊരുവഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. അൽഷൈമേഴ്സിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന സംശയരോഗം എല്ലാവരുടെയും ജീവിതം ദുസ്സഹമാക്കി. ജീവിതത്തിൽ ഏറ്റവുമധികം വേണ്ടത് സമാധാനമാണെന്ന് എനിക്കുതോന്നി. സന്തോഷംപോലും പിന്നീടേ വരേണ്ടതുള്ളൂ. ജീവിച്ചുപോയോ എന്നുപോലും തീർച്ചയില്ലാത്ത കുറെ നാളുകൾ. അതിനിടയ്ക്കെപ്പോഴോ എഴുതിയ ഒരു കഥയുടെ ചർച്ചയിലാണ‌് കവി ബിന്ദു കൃഷ്ണൻ കവിതയെഴുതിക്കൂടേ എന്ന‌് ചോദിച്ചത്. അതുവരെ കവിതയെഴുതുന്നതിനെപ്പറ്റി ഞാൻ ഓർത്തിരുന്നില്ല. എത്ര ചെറിയ ഒരാശയവും ഒരു കവിതയാക്കാമെന്നും കഥയെഴുതുന്ന അത്രയും സമയം കവിതയെഴുതാൻ വേണ്ടെന്നും ഓർമപ്പെടുത്തി ബിന്ദു സ്നേഹത്തോടെ കവിതാസാധ്യതയുടെ തൈ നട്ടു. അതങ്ങനെ പതിയെപ്പതിയെ ശങ്കിച്ചും  സന്ദേഹിച്ചും വളർന്നു. എപ്പോഴൊക്കെയോ ഞാനും കവിതയെഴുതാൻ തുടങ്ങി. പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഓർക്കുകപോലും ചെയ്യാതെനിന്ന അവസരത്തിലാണ് അടുത്ത സുഹൃത്തായ നർത്തകി രാജശ്രീ വാര്യർ അത് കാണാനിടയായത്.  രാജശ്രീയാണ് മൂന്നുനാലുകവിതകൾ കൈയോടെ എടുത്ത് കേരളകൗമുദി വാരാന്തപ്പതിപ്പിലേക്കും ആഴ്ചപ്പതിപ്പിലേക്കും അയച്ചുകൊടുത്തത്. താമസിയാതെ അവ പ്രകാശിതവുമായി. കവിതയെഴുതാനാകും എന്ന ആത്മവിശ്വാസമായി.  ഒരു കാലയളവിൽ ഞാൻ വിഷാദത്തിനടിപ്പെട്ടു. ജീവിതത്തിലും സ്നേഹത്തിലും ബന്ധങ്ങളിലും താൽപ്പര്യങ്ങളിലും ഒന്നും മനസ്സുടക്കാതെ ഒരു സാക്ഷിപോലെ ഞാനെന്നെത്തന്നെ കണ്ടു. അത്ഭുതകരമായി സംഭവിച്ച ഒരു കാര്യം ഈ കാലയളവിൽ ഞാൻ തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു എന്നതാണ്. അത് കവിതയാണോ എന്നൊന്നും അറിയാതെ. ഒരു ദിവസം നാലോ അഞ്ചോ ഒക്കെ എഴുതിയിട്ടുണ്ട്. എഴുതിയത് വായിച്ചുനോക്കാൻപോലും ഭയമായിരുന്നു അന്ന്. പ്രസിദ്ധീകരിക്കാനുമല്ല എഴുതിയത്. പക്ഷേ, പറയാതെയും പ്രകടിപ്പിക്കാതെയും പോയ വാക്കുകൾ, ഭാവങ്ങൾ, വികാരങ്ങൾ ഇതൊക്കെ അക്ഷരങ്ങളായി മാറി. പലതും പിന്നീടെടുത്തുനോക്കിയപ്പോൾ പൊള്ളുന്നുണ്ടായിരുന്നു. പറയത്തക്ക എഡിറ്റിങ് ഒന്നും ചെയ്യാതെ അവ വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരണത്തിനയച്ചപ്പോൾ പ്രകാശം കണ്ടു. പേരില്ലാവണ്ടിയിൽ എന്ന ആദ്യ കവിതാപുസ്തകം ആറ്റൂരിന്റെ അവതാരികയോടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. എഴുത്തിന്റെ നേരത്ത് വിരൽതുമ്പത്ത് വന്നിരുന്ന് പേനയെ ചലിപ്പിച്ച ആ ശക്തിയെന്താണോ അതിനുമുന്നിൽ ഞാൻ അത്ഭുതംകൂറി നിൽക്കുകയാണ്. ബോധപൂർവമായി എഴുതിയതായിരുന്നില്ല മിക്കപ്പോഴും. വെട്ടിത്തിരുത്തലുകൾമാത്രമാണ് അങ്ങനെ ചെയ്തത്. എഴുതാൻവേണ്ടി എഴുതിയതുമായിരുന്നില്ല. എഴുതിപ്പോയതാണ്.
 
ഞാനേറെ വിസ്മയത്തോടെ, ആദരവോടെ കണ്ടിരുന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാട്  നിസ്സാരമെന്ന കവിത വായിച്ച‌് ഒരു കത്തെഴുതി. അത‌് കൈയിൽക്കിട്ടിയ ഒരുച്ചനേരം എനിക്കുണ്ടായ അത്ഭുതത്തിന് വാക്കുകളില്ല. കോളേജിലായിരുന്നു ഞാനപ്പോൾ. നേരിൽ കണ്ട എല്ലാവരോടും ഞാൻ  കത്തിന്റെ കാര്യം പറഞ്ഞു.  വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ കവിത, എന്നെ അറിയാത്ത ഒരു വലിയ കവി വായിച്ചിരിക്കുന്നു. അഭിപ്രായം അറിയിച്ചിരിക്കുന്നു. അതെന്നിലുണ്ടാക്കിയതെന്തെന്ന് എഴുതാൻ ഇപ്പോഴുമെനിക്ക് കഴിയുന്നില്ല.
 
പതുക്കെപ്പതുക്കെ ഞാൻ വിഷാദാവസ്ഥയിൽനിന്ന് പുറത്തേക്കുവന്നു. എന്റെ സാഹിത്യജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും മാനസികപിന്തുണ നൽകുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ കിട്ടി. സങ്കടംകൊണ്ടുമാത്രമേ എഴുതാനാകൂ എന്നു കരുതിയിരുന്ന എനിക്ക് സന്തോഷംകൊണ്ടും എഴുതാനാകും എന്നായി. എഴുത്ത് ജീവിതത്തിലേക്കുകൊണ്ടുവന്ന അഷ്ടമൂർത്തി, വൈശാഖൻ, ജെ ആർ പ്രസാദ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സെബാസ്റ്റ്യൻ, കെ വി മോഹൻകുമാർ, എസ് ആർ ലാൽ, ശ്രീകുമാർ എന്നിവർ തന്ന സ്നേഹവും പ്രോത്സാഹനവും മറക്കാവതല്ല. എഴുതാൻതോന്നുമ്പോൾ ഞാനിപ്പോഴും എഴുതുന്നു.
 
എങ്കിലും എപ്പോൾ വേണമെങ്കിലും സങ്കടങ്ങളിലേക്ക് കൂപ്പുകുത്താൻ തയ്യാറുള്ള മനസ്സാണെന്റേത് എന്നെനിക്കറിയാം. അതെന്റെ എഴുത്തിന് അനുകൂലമാണെങ്കിലും അതിലൂടെ കടന്നുപോകുന്നത് എനിക്കുചുറ്റുമുള്ളവർക്ക് വേദനാജനകമായേക്കാം. അതിനാൽ, ഞാൻ സാധാരണ ഇരുന്നെഴുതാറുള്ള ജനാലയിലൂടെ കാണുന്ന അരളിപ്പൂക്കളെയും അതിൽ പടർന്നുകയറി പൂത്തുനിൽക്കുന്ന കൊങ്ങിണിപ്പൂക്കളെയും അവയിൽ വന്നിരിക്കുന്ന അനവധി പൂമ്പാറ്റകളെയും തുറന്ന കണ്ണുകളോടെയും മനസ്സോടും കാണാൻ ശ്രമിക്കുകയാണ്. എവിടെന്നോ വന്നുകയറി സ്നേഹം ഭാവിക്കുന്ന പൂച്ചയോടും ഒന്നുംകിട്ടാതെ വിശന്നലഞ്ഞ് വാഴക്കൈയിൽ വന്നിരിക്കുന്ന കാക്കയോടും എനിക്കിഷ്ടമുണ്ട്.  എഴുത്തുകാരിയാകുന്നതോ ടൊപ്പംതന്നെ മനുഷ്യത്വമുള്ള ഒരാളായി കഴിയാനാണ് മോഹം.
പ്രധാന വാർത്തകൾ
 Top