22 March Friday

വല്യുമ്മയും ഉണ്ണിക്കാദർ മൊല്ലയും

റഹ്‌മാൻ കിടങ്ങയംUpdated: Sunday Apr 1, 2018

 "സായിപ്പിന്റെ മൂത്രക്കൊടിമ്മേൽ പുണ്ണ് വന്നു. പല മരുന്നും നോക്കി. ഒന്നും ഫലിച്ചില്ല. മൂത്രക്കൊടി ആകെ ചീഞ്ഞളിഞ്ഞു. അപ്പാളാണ് ആരോ ഉണ്ണിക്കാദർ മൊല്ല എന്നൊരു വൈദ്യനെപ്പറ്റി സായിപ്പിനോട് പറഞ്ഞത്. സായിപ്പ് മഞ്ചൽ കൊടുത്തയച്ചു. വല്യാപ്പ എന്തോ പച്ചമരുന്ന് അരച്ചിട്ടപ്പോ സായിപ്പിന്റെ ദണ്ണം മാറി. പിന്നെന്തായിരുന്നു പുകില്! എത്ര പൊന്നും പണോമാണ് കിട്ട്യേതെന്നറിയോ? ലഹളക്കാര് നമ്മളെപ്പോലുള്ളോര്ടെ പെരകളിൽ കൊള്ള നടത്തി നെല്ലും പൊന്നും പണോം കൊണ്ടോക്ണ കാലം. വെള്ളക്കാരുടെ വക അക്രമം വേറെ. അതില് നിന്നെല്ലാം നമ്മുടെ പെര രക്ഷപ്പെട്ടു. രണ്ടുപട്ടാളക്കാരെ സായിപ്പ് ഈ പടിപ്പുരേല് കാവല് നിർത്തി. പടിപ്പുരേന്റെ മോളിൽ വെള്ളക്കാരന്റെ കൊടി കുത്തി.'' 

ഞാൻ ആശ്ചര്യത്തോടെ പടിപ്പുരമുകളിലേക്ക് നോക്കി. വെള്ളക്കാരന്റെ കൊടി പാറിയ പടിപ്പുര ക്ഷയരോഗം പിടിപെട്ടു ചുമയ്ക്കുന്ന വൃദ്ധന്റെ നട്ടെല്ലുപോലെ വളഞ്ഞൊടിഞ്ഞു നിൽക്കുന്നു!
എന്റെ വല്യുമ്മ പറഞ്ഞുതന്ന പഴങ്കഥകളിലെ വിസ്മയ കഥാപാത്രമായിരുന്നു ഞങ്ങളുടെ പിതാമഹൻ  ഉണ്ണിക്കാദർ മൊല്ല. അതിശയോക്തിയോളമെത്തുന്ന അദ്ദേഹത്തിന്റെ ചികിത്സാനൈപുണികൾ പല രാത്രികളിലും വല്യുമ്മയിൽനിന്ന് ഞാൻ ആശ്ചര്യത്തോടെ കേട്ടിരുന്നിട്ടുണ്ട്. മഹാകവി മോയിൻകുട്ടി വൈദ്യരുടെ കുടുംബപരമ്പരയിൽ പെട്ട തറവാടാണ് എന്റേതെന്ന് വല്യുമ്മയിൽനിന്നാണ് അറിഞ്ഞത്. തറവാടിന്റെ അനന്യമായ വൈദ്യപാരമ്പര്യവും കഥയിലുണ്ടാകും. വല്യുമ്മയുടെ ഏറ്റവും അനുസരണയുള്ള ശ്രോതാവ് ഞാനായിരുന്നു. മടിയിൽ തലവച്ച് കിടക്കുമ്പോൾ എന്റെ തലമുടിയിൽ വിരലോടിച്ച് വല്യുമ്മ പറയും.
"അന്റെ വല്ലിപ്പാന്റെ വാപ്പ പേരുകേട്ട വൈദ്യനേരുന്നു. സായിപ്പിന്റെ പട്ടും വളേം വാങ്ങീട്ടുള്ള ആളാണ്''
വല്യുമ്മ പറഞ്ഞുതന്ന ഒരുപാട് നാട്ടുകഥകൾ എന്റെ ഉള്ളിലുണ്ട്. എഴുത്തിന്റെ കാലം വന്നപ്പോൾ അവയിൽ പലതും കെട്ടഴിഞ്ഞുവീണിട്ടുണ്ട്. നൂറ്റിരണ്ടാം വയസ്സിലാണ് അവർ മരിച്ചത്. കഥകളുടെ ഒരിക്കലുമൊഴിയാത്ത ചെപ്പായിരുന്നു വല്യുമ്മ. ഞാൻ കണ്ടതിൽവച്ചേറ്റവും ഭാവനാശാലിയായ സ്ത്രീ. കേട്ടതും കണ്ടതും അനുഭവിച്ചതുമായ ഒരുപാടു കാര്യങ്ങൾ അവരെനിക്ക് പറഞ്ഞുതന്നു. ഓർമവച്ച നാൾമുതൽ അവരുടെ മുണ്ടിന്റെ കോന്തലയിൽ പിടിച്ചായിരുന്നു എന്റെ നടത്തം. അവരുടെ കട്ടിലിന്റെ ചുവട്ടിൽ പായ വിരിച്ചായിരുന്നു കിടത്തം. അയൽക്കാരെയും ബന്ധുക്കളെയും അനാഥരെയും സ്നേഹിച്ചും സഹായിച്ചും പക്ഷിമൃഗാദികളോടുപോലും കാരുണ്യം കാണിച്ചുമാണ് വല്യുമ്മ ജീവിച്ചത്. വിശക്കുന്ന ജീവിക്ക് അന്നം കൊടുക്കുന്നതിനേക്കാൾ മഹത്തരമായത് മറ്റൊന്നില്ല എന്ന് ഞങ്ങളെ പഠിപ്പിച്ചു. വീട്ടിൽ വരുന്നവരാരായാലും ആഹാരം കഴിപ്പിച്ചേ വിടൂ. കുറെയകലെ താമസിക്കുന്ന രോഗിയായ ഒരു വൃദ്ധയ്ക്ക് വല്യുമ്മയുടെ നിർദേശപ്രകാരം ഞാൻ ഒരു ചെറിയ കുട്ടയിൽ ചോറും ചുമന്ന് ഇടയ്ക്കൊക്കെ പോയിരുന്നത് ഓർക്കുന്നു. നെറ്റിയിൽ ചീഞ്ഞളിഞ്ഞ ഒരു മുറിവുമായി കിടക്കപ്പായയിൽ കുഴമ്പിന്റെയും തൈലത്തിന്റെയും ഗന്ധവുമായി കിടന്നിരുന്ന ആ വൃദ്ധ ഞാൻ ചോറുമായി ചെല്ലുമ്പോൾ സന്തോഷത്തോടെ എഴുന്നേറ്റിരിക്കും. ദാരിദ്ര്യം മൂക്കുമ്പോൾ 'റേഷനരി തിന്ന് മടുത്തു താത്താ, നെല്ലുത്തരിയുടെ ചോറ് തിന്നാൻ കൊതിയാവ്ണ്' എന്നൊരു സന്ദേശം ഏതെങ്കിലും സന്ദർശകർ വഴി അവർ വല്യുമ്മയെ അറിയിക്കുമ്പോഴാണ് ചോറുമായുള്ള എന്റെ യാത്ര. 
ആ വല്യുമ്മയെക്കുറിച്ചുതന്നെയാണ് എന്റെ ആദ്യ കഥകളിലൊന്ന്. വല്യുമ്മ മരിച്ചശേഷം ഏറെനാൾ കഴിഞ്ഞാണ് കഥയുടെ പിറവി. ശാന്തി നഷ്ടപ്പെട്ട ഒരുവന്റെ അസ്വസ്ഥതയിൽനിന്ന് പിറന്നതായിരുന്നു അത്. വല്യുമ്മ എനിക്കെത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് അവരുടെ മരണശേഷമാണ് ഞാൻ ശരിക്കും തിരിച്ചറിയുന്നത്. ആ കഥ ഞാൻ ഏറെക്കാലം സൂക്ഷിച്ചുവച്ചു. എന്റെ ആദ്യസമാഹാരം 'കാരിച്ചി' പിറന്നപ്പോൾ അതിലെ ആദ്യ കഥയായി 'വല്യുമ്മ'യെ ചേർത്തുവച്ചു.
കഥ വായിച്ചുവളരുന്ന കാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോയത് സ്കൂളിനടുത്തുള്ള ചന്ദ്രൻ സ്മാരക ഗ്രന്ഥാലയമാണ്. പത്രം വരുത്തിയിരുന്നു എന്നതൊഴിച്ചാൽ എന്റെ വീട്ടിൽ അക്കാലത്ത് മറ്റു വായനാസാമഗ്രികളൊന്നുമുണ്ടായിരുന്നില്ല. പെങ്ങളെ കെട്ടിച്ചുവിട്ട കരുവാരക്കുണ്ടിലെ മാമ്പറ്റവീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. അവിടെനിന്നാണ് ഞാൻ 'ആയിരത്തൊന്ന് രാവുകൾ' വായിക്കുന്നത്. എന്റെ വായനയുടെ സംവേദനരീതികളെ ആകെ അട്ടിമറിച്ചു ആ പുസ്തകം. മഹാകവികളായ വേഡ്സ്വർത്തിനെയും ഷെല്ലിയെയും കീറ്റ്സിനെയും, എന്തിന്, മാജിക്കൽ റിയലിസത്തിന്റെ രാജാവായ ഗബ്രിയേൽ ഗാർസ്യ മാർക്കേസിനെപ്പോലും പ്രസാദിപ്പിച്ച കൃതിയത്രെ അത്. വീട്ടിൽ വല്യുമ്മ പറഞ്ഞുതരാറുണ്ടായിരുന്ന കഥകളുടെ ഒരു മാസ്മരിക അടിത്തറയിൽനിന്നുകൊണ്ട് എനിക്കാ ഗ്രന്ഥത്തിലെ ഓരോ കഥയിലെയും ഭൂമികകളെയും കഥാപാത്രങ്ങളെയും സങ്കൽപ്പിച്ചെടുക്കാനാകുമായിരുന്നു.
 'ആയിരത്തൊന്ന് രാവു'കളിൽനിന്ന് ബഷീറിലേക്കുള്ള പാലം ഒട്ടും ദുർഘടമായിരുന്നില്ല. "ന്റുപ്പാപ്പാക്കൊരാേനണ്ടാർന്ന്' വായിച്ചതോടെ ബഷീർ മനസ്സിൽ കുടിയേറിക്കളഞ്ഞു. ബഷീറിൽനിന്ന് തകഴിയിലേക്കും ദേവിലേക്കും ലളിതാംബിക അന്തർജനം, എസ് കെ പൊറ്റക്കാട്, എം ടി വാസുദേവൻനായർ തുടങ്ങി എണ്ണമില്ലാത്തത്ര എഴുത്തുകാരിലേക്കും വളരുന്ന അനേകം ചില്ലകളും ശാഖകളുമുള്ള  ഒരു വായനാവൃക്ഷം എന്നിൽ വേരുറച്ചു. മമ്പാട് കോളേജിൽനിന്ന് ക്ലാസുകഴിഞ്ഞുവന്ന് കുളിയും ചായകുടിയും കഴിഞ്ഞാൽ വായിച്ചുതീർത്ത പുസ്തകങ്ങൾ കക്ഷത്തുവച്ച് പുതിയ പുസ്തകം മാറ്റിയെടുക്കാനായി രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ചന്ദ്രൻ സ്മാരക ഗ്രന്ഥാലയത്തിലേക്ക് ഞാൻ നടന്നുപോയി. 
വായിച്ച കഥകളിലൊക്കെ മാന്ത്രികശോഭയോടെനിന്ന കഥാപാത്രങ്ങളെ എന്റെ ഗ്രാമത്തിലെ  മനുഷ്യരുടെ മുഖങ്ങളിൽ വായിച്ചുതുടങ്ങിയപ്പോഴാണ് എന്റെയുള്ളിലെവിടെയോ സമാധിയിലിരുന്ന എഴുത്തുകാരൻ വൽമീകം പൊളിച്ച് പുറത്തുവന്നുതുടങ്ങിയത്. ഗ്രാമത്തിലെ ഓരോ മനുഷ്യനെയും മാറിനിന്നു വീക്ഷിക്കാനുള്ള ഒരു മൂന്നാംകണ്ണ് ഞാൻ മെല്ലെ മെല്ലെ സ്വായത്തമാക്കിയെടുത്തു. അവർപോലുമറിയാതെ അവരെ പ്രച്ഛന്നവേഷധാരികളാക്കി പകർത്തി ഞാൻ കഥകൾ നെയ്തെടുത്തുതുടങ്ങി. 
ഗ്രാമം എന്റെ എഴുത്തിന് വളക്കൂറുള്ള മണ്ണ് തന്നു. നിരന്തരമായ വായന എനിക്ക് ഭാഷ തന്നു. അങ്ങനെ ഞാനും കഥാകാരനായി.
പ്രധാന വാർത്തകൾ
 Top