19 September Saturday

പെണ്‍കാക്കയിലെ ഗന്ധം

അര്‍ഷാദ് ബത്തേരിUpdated: Sunday Mar 1, 2020

അതെ, എല്ലാ മനുഷ്യരും പാതി മരിച്ചവരാണ്. പൂര്‍ണമായ മരണത്തിനുള്ള കാത്തിരിപ്പാണ് ജീവിതം. ഉള്ളില്‍ എവിടെയൊക്കെയോ മരിച്ചുകിടക്കുന്ന ഇടങ്ങളുണ്ടെന്ന ആ തോന്നലാണ് എന്നെ കഥ എഴുതി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരുപക്ഷേ, മറ്റ് എഴുത്തുകാരെയും

 

വാചാലതയുടെ മുട്ടിയുരുമ്മലുകൾ സംഭവിക്കാതെ, നോട്ടത്തിന്റെ തീക്ഷ്‌ണമേറിയ ഏറ്റുമുട്ടലുകൾക്ക് ഭാഗമാകാതെ ഓർമയുടെ തുരുത്തുകളിൽനിന്നോ ആലോചനകളുടെ കയറ്റിറങ്ങളിൽനിന്നോ അല്ലാതെയാണ് പെൺകാക്ക എന്ന കഥ ഒരു ഗന്ധത്തോടെ എന്റെ ഉള്ളിൽ വാക്കുകളായി പടർന്നത്.

ചില ഗന്ധങ്ങൾ രുചിയേറിയ ഭക്ഷണഗന്ധംപോലെ നമ്മളെ ഒന്നാകെ അനുഭൂതിയാൽ ഭരിച്ചുകളയും. അത്തരമൊരു അനുഭവത്തിന്റെ  കയറ്റംകയറലിലൂടെ, പിന്നീടുള്ള  ഇറങ്ങലിലൂടെ കഥയുടെ ഇടതൂർന്ന വാക്കുകളുടെ താഴ്‌‌വാരത്തിലേക്ക് എത്തിച്ചേർന്നു. ചുരം കയറാതെ, ഇറങ്ങാതെയും ജീവിക്കാൻ കഴിയാത്ത ഒരാളായി തീർന്നിട്ട് വർഷങ്ങളായി. ഇപ്പോഴും പതിവുപോലെ  ചുരം കയറലും ഇറങ്ങലും തുടരുന്നു. അനേകായിരം മനുഷ്യർ കയറുകയും ഇറങ്ങുകയും മരിക്കുകയും തളർന്നുവീഴുകയും അതിജീവിക്കുകയുംചെയ്‌ത ഇടമായതുകൊണ്ടാകാം ഇടയ്‌ക്കൊക്കെ എനിക്കിവിടെനിന്ന് കഥകളുടെ വിത്തുകൾ വീണുകിട്ടുന്നത്. ഞാൻതന്നെ ഒരു കഥയായിത്തീരുന്നതും. 
 
ആഗസ്‌ത്‌ ആകുമ്പോഴേക്കും ചുരം പച്ചനിറത്താൽ തളിർത്തുകിടക്കും. നേരിയ മഴപെയ്യുന്ന ഒരു വൈകുന്നേരം സൈഡ് സീറ്റിൽ ഇരുന്ന്‌ പുറത്തെ കാഴ്‌ചകൾ കണ്ട്‌ ചുരം കയറുകയായിരുന്നു. മരങ്ങൾ ഒരുമയോടെ ചേർന്നുനിന്ന് താഴ്‌‌വാരങ്ങളിൽ വിരിച്ചിട്ട പച്ചപ്പിനു മീതെ മുറിഞ്ഞു മുറിഞ്ഞു കിടക്കുന്ന കോടമഞ്ഞ് പ്രാവുകളെപ്പോലെ ഒഴുകുന്നതു കാണെ കുട്ടിപ്പൗഡറിന്റെ ഗന്ധം മൂക്കിലേക്ക് കയറിക്കൂടുന്നതറിഞ്ഞു. തണുത്ത കാറ്റിലൂടെ എവിടെനിന്നോ വരുന്നതാണെന്ന് അനുമാനിച്ചു. ബസ്‌ കയറ്റം കയറുമ്പോൾ മുരണ്ടു. മഴപൊടിയൽ അവസാനിച്ചു. തണുപ്പും കാറ്റും ബസിലേക്ക് കയറിക്കൂടി. കെണിവച്ച് കുടുക്കിയതുപോലെ വളവിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്കു പിറകിൽ ഞങ്ങളുടെ ബസും. വീണ്ടും കുട്ടിപ്പൗഡറിന്റെ  മണം. കഴുത്തുനീട്ടി ഞാനൊന്നു മണം പിടിച്ചു. പുറകിലെ സീറ്റിലേക്കും മുമ്പിലേക്കുമെല്ലാം എത്തിനോക്കി. കുട്ടികളെയൊന്നും കാണാനില്ല. അല്പം കഴിഞ്ഞപ്പോൾ ബസ്‌ നീങ്ങി. വാഹനങ്ങളുടെ ഹോണടികൾ. വൈകുന്നേരത്തെ വെയിലിനെ കോടമഞ്ഞ് വന്ന്‌ മൂടി. ഇടയ്‌ക്കിടെ വന്നുപോകുന്ന കുട്ടിപ്പൗഡറിന്റെ  മണം അകാരണമായ ഒരസ്വസ്ഥതയിലേക്ക് വലിച്ചിട്ടു. ബസിനെ പാടുപെട്ട്  ഡ്രൈവർ വളച്ചു കയറ്റവെ പെട്ടെന്ന് ബ്രേക്കിട്ടു. എന്റെ നെറ്റി മുമ്പിലെ സീറ്റിന്റെ കമ്പിയിൽ ചെന്നുപതിച്ചു. തല ഉയർത്താതെ നെറ്റി ഉഴിഞ്ഞുകൊണ്ടിരിക്കെ മുൻസീറ്റിലെ സ്‌ത്രീ തന്റെ ഇരിപ്പിടത്തിലെ കമ്പിയിൽതല ചായ്ച്ചതും എന്റെ മൂക്ക് തവളയുടെ വയർപോലെ വീർത്തു. വൃത്തിയും വെടിപ്പുമുള്ള കറുത്ത പിൻകഴുത്തിൽനിന്ന്‌ കുട്ടിപ്പൗഡറിന്റെ മണം പിടിച്ചെടുത്തുക്കൊണ്ടിരിക്കെ വിയർപ്പും പൗഡറും കലർന്ന വാത്സല്യഗന്ധം ഒഴുകുന്ന പൈതലിന്റെ കുഞ്ഞുടൽപോലുള്ള പിൻകഴുത്തിനരുകിൽവച്ച് മൂക്ക്‌ ഉരതി പൊട്ടിച്ചുകളയാൻ തോന്നിയ നിമിഷം. അത്രയും നേരത്തെ അസ്വസ്ഥത വളരെ പതുക്കെ, ഗന്ധം നിറഞ്ഞ ഒരാനന്ദത്തിലേക്ക് അലിഞ്ഞുചേർന്നു. വളരെ കൗതുകത്തോടെ ആ മുഖമൊന്നു കാണാനായി കാത്തിരുന്നു. ചുരം കയറി ബസ്‌ ലെക്കിടിയിൽ നിർത്തി. അവർ എഴുന്നേറ്റ് കുലീനമായെരു ചിരി സമ്മാനിച്ച്‌ ഇറങ്ങിപ്പോയി. കുട്ടിപ്പൗഡറിന്റെ മണം മൂക്കിൻതുമ്പിലുണ്ടെന്ന അനുഭവത്താൽ ഞാൻ സീറ്റിലേക്ക് ചാരി.
 
ഇതൊരു കഥയാക്കി മാറ്റാൻ ശ്രമിച്ചു. എന്നാൽ, അതുമാത്രംവച്ച് ഒരു കഥ നന്നാകുമോ എന്ന് ആശങ്കപ്പെട്ടു. പതിയെ മനസ്സിൽനിന്ന് ആ ഓർമ മാഞ്ഞുപോയി. പതിവുപോലെ യാത്ര തുടർന്നു. ഇടയ്‌ക്ക്‌ മറ്റു ചില കഥകൾ എഴുതി. പാതിയിൽ മുറിഞ്ഞ ആ അനുഭവം ഓർമകളിൽ വല്ലപ്പോഴും കയറിക്കൂടും. കഥയാക്കാനാകാതെ മനസ്സിനെ നോവിക്കും. ഇതെങ്ങനെയൊരു കഥയാക്കും. വല്ലപ്പോഴും ആ ചോദ്യം സ്വയം ചേദിക്കും. പിന്നെ വിടും.
 
മഴക്കാലവും മഞ്ഞുകാലവും കടന്നുപോയി. വേനൽ പൊള്ളിച്ചിട്ട ചുരത്തിലെ ഇലകൊഴിയുന്ന മരങ്ങളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്ന നട്ടുച്ചയിൽ സുഹൃത്തിന്റെ കാറിൽ കോഴിക്കോട്ടുനിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു.  ലഘുഭക്ഷണം കഴിക്കാനായി ചുരത്തിൽ കാർ നിർത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മറ്റൊരു കാർ വന്നുനിന്നു. നാല്‌ ചെറുപ്പക്കാർ പുറത്തിറങ്ങി. ഒരാൾ  ചായക്ക്‌ പറഞ്ഞ്‌ തിരിച്ചുപോയി. അവർ തർക്കത്തിൽ മുറുകുന്നതുകേട്ടു. മൂന്നുപേർ കൂട്ടത്തിലൊരുവനെ വരിഞ്ഞുമുറുക്കുന്നു. അവൻ കൂട്ടത്തിൽനിന്ന് മാറി ചുരത്തിന്റെ കൈമതിലിൽ പോയി ഇരുന്നു. അവൻ നന്നായി ചുമയ്‌ക്കുന്നുണ്ടായിരുന്നു. മറ്റു മൂന്നുപേർ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെല്ലുന്നു. ഞാനവനത്തന്നെ നോക്കിനിൽക്കെ, ആ പകലും നിൽക്കുന്ന ഇടവും മാഞ്ഞുപോയി. ഒറ്റയ്‌ക്ക്‌ ഇരിക്കുന്ന അവനു ചുറ്റും എന്റെ മനസ്സ് വട്ടംചുറ്റി. പകലിൽ എന്റെ കൺമുന്നിലുള്ള അവരെ ഞാൻ രാത്രിയുടെ നിഗൂഢത ഒളിഞ്ഞുകിടക്കുന്ന ചുരത്തിലേക്ക് പറിച്ചുനട്ടു. തണുത്ത കാറ്റും കനത്ത മഞ്ഞും താണ്ടി പഴക്കമേറിയ കാറിൽ നാലുപേർ അതിൽ ഒരുവന്റെ കുട്ടിപ്പൗഡറിന്റെ മണമുള്ള സ്‌നേഹിതയെ കാണാൻവരുന്നതായി സങ്കൽപ്പിച്ചു. കാണാതായ നായികയെ തെരഞ്ഞുള്ളതാണ് ആ യാത്രയെന്ന് എന്റെ ചുണ്ടുകൾ പിറുപിറുത്തു. 
 
ഇരുട്ട് ഗുഹ തീർക്കുന്നവഴി. രാത്രിജീവികളുടെ ഒറ്റപ്പെട്ട കരച്ചിലും ശേഷം അവശേഷിക്കുന്ന ദുരൂഹ മൗനവും. ചുഴറ്റി അടിക്കുന്ന കാറ്റിനൊപ്പം നിശ്ശബ്ദതയുടെ മഹാകയത്തിലേക്കെന്നപോലെ നീളമേറിയ വളവ് തിരിഞ്ഞ്‌ ആ പഴഞ്ചൻ കാർ കുത്തനെ ഇറങ്ങി. ഇങ്ങനെ പെൺകാക്കയുടെ തുടക്കം കുറിച്ചു. അന്നു കണ്ട കുട്ടിപ്പൗഡറിന്റെ മണമുള്ള ആ സ്‌ത്രീയെ ഗർഭകാലത്താണ്  ചുരത്തിൽ കണ്ടുമുട്ടുന്നതെന്നും അനാഥത്വം പേറുന്ന അവരുടെ ജീവിതത്തിന് ചുരത്തിലൂടെയുള്ള ബസ് യാത്രയ്‌ക്കിടയിൽ കിട്ടുന്ന ഫർഹാനിലൂടെ നിറമേറുന്ന സ്വപ്‌നങ്ങൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നതായും കഥയിലൂടെ വരച്ചിട്ടു. ചുരത്തിലെ താഴ്‌വാരത്തിലേക്ക് അവളുടെ വീടിനെ കൊണ്ടുവച്ചു. നട്ടുച്ചയിൽ, നാലുചെറുപ്പക്കാരുടെ അപ്രതീക്ഷിതമായ വരവിലൂടെ ആ കഥ എഴുതാൻ വഴിയൊരുങ്ങി. ഒരുപക്ഷേ, ആ ചെറുപ്പക്കാരെ അങ്ങനെ അവിടെവച്ച് കണ്ടില്ലായിരുന്നെങ്കിൽ ഈ കഥ എഴുതപ്പെടുമായിരുന്നില്ല. എഴുത്ത് ഏതാണ്ട് ജീവിതംപോലെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ അത് നമ്മളെ വഴിതിരിച്ചുവിടും. ചിലപ്പോൾ വെളിച്ചത്തിലേക്ക്, അല്ലെങ്കിൽ വിട്ടുമാറാത്ത അസ്വസ്ഥതയിലേക്ക്. ഒരു കഥയും പൂർണമാണെന്നു തോന്നിയിട്ടില്ല. എഴുതിയതും വായിച്ചതും.
 
ഒരുപക്ഷേ, പാതി മരിച്ചുപോയ ഒരു ജന്മത്തെ നമ്മളൊക്കെ  ഉള്ളിൽ പേറുന്നുണ്ട് എന്ന വിശ്വാസമുള്ളതുകൊണ്ടാകാം. അതെ, എല്ലാ മനുഷ്യരും പാതി മരിച്ചവരാണ്. പൂർണമായ മരണത്തിനുള്ള കാത്തിരിപ്പാണ് ജീവിതം. ഉള്ളിൽ എവിടെയൊക്കെയോ മരിച്ചുകിടക്കുന്ന ഇടങ്ങളുണ്ടെന്ന ആ തോന്നലാണ് എന്നെ കഥ എഴുതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരുപക്ഷേ, മറ്റ് എഴുത്തുകാരെയും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top