02 December Wednesday

‘ദൈവത്തിന്റെ കൈ’ തൊട്ട നിമിഷം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

എട്ടുവർഷം മുമ്പ്‌ കണ്ണൂരിലെത്തിയ ദ്യേഗോ മാറഡോണ. ഐ എം വിജയനും ജോപോൾ അഞ്ചേരിയും ഒപ്പം /ഫയൽ ഫോട്ടോ: പി ദിലീപ്‌കുമാർ

മാന്ത്രികൻ... മഹാമാന്ത്രികൻ. ദ്യേഗോ മാറഡോണയെ ഇങ്ങനെയല്ലാതെ എന്ത്‌ വിശേഷിപ്പിക്കാൻ. നാല്‌ ലോകകപ്പ്‌ കളിക്കുകയും 1986ൽ അർജന്റീനയെ ജേതാക്കളാക്കുകയും ചെയ്‌ത താരം. ഫുട്‌ബോൾ ഇതിഹാസം
മാറഡോണയ്‌ക്ക്‌ ഇന്ന്‌ 60 വയസ്സ്‌. സുരക്ഷാ ഉദ്യോഗസ്ഥന്‌ കോവിഡ്‌ ബാധിച്ചതിനാൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. മാറഡോണയുടെ കടുത്ത ആരാധകനായ ഐ എം വിജയന്റെ ആശംസാക്കുറിപ്പ്‌.

ജീവിതത്തിൽ മറക്കാനാകാത്ത ഒരു നിമിഷമുണ്ട്‌. അത്‌ മാറഡോണയെ കണ്ടതാണ്‌. എട്ടുവർഷംമുമ്പാണ്‌. കണ്ണൂരിൽ സ്വകാര്യചടങ്ങിനെത്തിയപ്പോൾ. കണ്ടു, തൊട്ടു, മിണ്ടി, കെട്ടിപ്പിടിച്ചു. ഭാഷ ഒന്നിനും തടസ്സമായില്ല. ഫുട്ബോൾ എന്ന ഒറ്റവികാരംമാത്രം.  

മാറഡോണയുടെ കളി കണ്ടാണ്‌ അർജന്റീനയുടെ ആരാധകനായത്‌. ഒരുനിമിഷം ആ കളികൾ മനസ്സിൽ മിന്നിമറഞ്ഞു. ‘ദൈവത്തിന്റെ കൈ’യിൽ പിടിച്ചു. എതിരാളികളെ വെട്ടിയൊഴിഞ്ഞ്‌ മുന്നേറിയ കുറിയ മനുഷ്യൻ. പന്ത്‌ ഒട്ടിപ്പിടിച്ച ആ കാലുകൾ. 1986ലെ ലോകകപ്പും ‘ദൈവത്തിന്റെ കൈ’കൊണ്ട്‌ നേടിയ ഗോളും  ഓർമയിലെത്തി. ശരിക്കും ആരാണ്‌ മാറഡോണ. പെലെ രാജാവെങ്കിൽ മാറഡോണ ദൈവമാണ്‌. ലയണൽ മെസ്സിയും റൊണാൾഡോയും അടക്കം ഫുട്‌ബോളിനെ അവിസ്‌മരണീയമാക്കിയ നിരവധി താരങ്ങളുണ്ട്‌. പക്ഷേ, രാജാവ്‌ ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ.

ഇന്ന്‌ അദ്ദേഹത്തിന്റെ അറുപതാം പിറന്നാളാണ്‌. പതിറ്റാണ്ടുകളായി ലോകത്തെ ത്രസിപ്പിക്കുന്ന പേരുകാരൻ യാത്ര തുടരട്ടെ. ലോകമെമ്പാടുമുള്ള ആരാധകർക്ക്‌ പ്രചോദനമായി അദ്ദേഹം ഇനിയും ജീവിക്കട്ടെ. കേരളത്തിലെ എല്ലാ ഫുട്‌ബോൾപ്രേമികൾക്കുമായി ഒരായിരം ആശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top