24 September Thursday

‘അണിയറ'യെ കൊന്നത് ഉമ്മൻചാണ്ടി; വെളിപ്പെടുത്തലുമായി എഡിറ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

തിരുവനന്തപുരം > ഓർമയുണ്ടോ ‘അണിയറ’ എന്ന ചാനൽ പരിപാടിയെ. ആദ്യം സൂര്യ ടിവിയിലും പിന്നീട്‌ ഇന്ത്യാവിഷനിലും ഹിറ്റായി മാറിയ അന്വേഷണാത്മക വാർത്താധിഷ്‌ഠിത പരിപാടി. ഏറെ ജനപ്രിയമായ, സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച ഈ പരിപാടിയെ ഇല്ലാതാക്കിയത്‌ അന്നത്തെ മുഖ്യന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണെന്ന്‌ ‘അണിയറയെ കൊന്നത് ഉമ്മൻ ചാണ്ടി’ എന്ന തലക്കെട്ടിൽ എഡിറ്റർ ലീൻ ജെസ്‌മസ്‌ ഫെയ്‌‌സ്‌‌ബുക്കിൽ വെളിപ്പെടുത്തുന്നു.  പോസ്റ്റ്‌ വൈറലായി.

2004ൽ ആന്റണിക്കുശേഷം ഉമ്മൻചാണ്ടി ആദ്യം മുഖ്യമന്ത്രിയായ കാലം. തലസ്ഥാനത്ത്‌ ശ്രീചിത്രാ ഹോമുമായി ബന്ധപ്പെട്ട് ‘അണിയറ’ ഉയർത്തിക്കൊണ്ടുവന്ന വാർത്ത മുഖ്യമന്ത്രിയെ വല്ലാതെ ചൊടിപ്പിച്ചു. ഓരോ ആഴ്ചയും മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിഞ്ഞുവീണപ്പോൾ പരിപാടിക്കെതിരെ കേസ് എടുക്കുന്നത് ആലോചിക്കുമെന്ന് മാധ്യമപ്രവർത്തകരോട് പരസ്യമായി ഉമ്മൻചാണ്ടി പറഞ്ഞു.  നൂറു ദിവസത്തെ ഭരണം വിശകലനം ചെയ്യുന്ന വാർത്തയാണ്‌ അണിയറയുടെ മുന്നൂറാം എപ്പിസോഡിന്റെ ഹൈലൈറ്റ്‌.  അന്ന്‌ ഹിറ്റായിരുന്ന ‘അന്യൻ’ സിനിമയുടെ ഭാഗമെടുത്ത്‌ അരമണിക്കൂർ നീണ്ട വിമർശം ഉമ്മൻചാണ്ടിക്ക്‌ സഹിച്ചില്ല. അതുതന്നെയായിരുന്നു അണിയറയുടെ അവസാന എപ്പിസോഡും. രാഷ്ടീയസമ്മർദംമൂലം പരിപാടി തുടരാൻ കഴിയില്ലെന്ന്‌ നികേഷ്‌ കുമാർ തങ്ങളെ അറിയിച്ചു. ലീഗ്‌ നേതാവ്‌ എം കെ മുനീറായിരുന്നല്ലോ അന്ന്‌ ചാനൽ തലപ്പത്ത്‌–- ലീൻ ജസ്‌മസ്‌ ഓർമിക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച ബ്രാൻഡുകൾ വരെ പരസ്യം ചെയ്യുന്ന പരിപാടിയായിരുന്നു ‘അണിയറ’യെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു.       എന്നാലും ചില പ്രശ്‌നങ്ങൾ തുടർന്നു. ബിജെപി നേതാവ്‌ ഒ രാജഗോപാലിനെ വിമർശിച്ചതിന്‌, ഭീമാ ജ്വല്ലറി പരസ്യം നിഷേധിച്ചു. വാർത്ത നൽകാതിരുന്നാൽ ചിലയിടങ്ങളിൽനിന്ന് വമ്പൻ തുകവരെ ഓഫർ ലഭിച്ചതായും പോസ്റ്റിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top