25 May Monday

വെള്ളക്കെട്ടൊഴിഞ്ഞു; ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


കൊച്ചി
കാനകൾ കവിഞ്ഞ്‌ മുട്ടൊപ്പം മലിനജലം. ഇടറോഡുകളിലേക്ക്‌ വെള്ളം കുതിച്ചെത്തിയതോടെ ഗതാഗതക്കുരുക്കും. മഹാനഗരത്തിന്റെ വെള്ളക്കെട്ടിന്‌ പരിഹാരമില്ലാതെ മേയറും സംഘവും. പ്രളയത്തിലും മുങ്ങാത്ത കൊച്ചിയുടെ രക്ഷ അവസാനം മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ.

തിങ്കളാഴ്‌ച രാവിലെ  ഉണർന്ന കൊച്ചിക്കാർ കണ്ടത് മുറ്റത്ത് മുട്ടോളമെത്തിയ വെള്ളം. ഒരിക്കലും വെള്ളം കേറാത്ത റോഡുകൾവരെ തോടായി. നഗരം ഭരിക്കുന്ന യുഡിഎഫ്, വോട്ടർമാർക്ക് നൽകിയ സമ്മാനം. വൈകിട്ട് വോട്ടെടുപ്പ് തീരുമ്പോഴും നഗരം മുങ്ങിനിന്നു. മേയർ സൗമിനി ജെയിനും ഡെപ്യൂട്ടി മേയറും ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയുമായിരുന്ന ടി ജെ വിനോദും ഔട്ട്‌ ഓഫ്‌ കവറേജിലായിരുന്നുവെന്ന്‌ ജനം. വൈകിട്ട് നാലോടെ കൊച്ചിയിലെ ദുരിതം അറിഞ്ഞ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. ദുരന്തനിവാരണനിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് വെള്ളക്കെട്ട് നിവാരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കലക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കോർപറേഷൻ ഭരണം നോക്കുകുത്തിയായപ്പോൾ സർക്കാർ ഇടപെടുന്നത്‌ സംസ്ഥാനത്ത്‌ ആദ്യം.

മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന്‌ കലക്‌ടർ എസ്‌ സുഹാസ്‌ വകുപ്പുമേധാവികളുടെ അടിയന്തരയോഗം ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ച്‌ വിളിച്ചുചേർത്തു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിട്ട് നടപടിയും തുടങ്ങി. വെള്ളക്കെട്ടിൽനിന്ന്‌ നഗരത്തെ മോചിപ്പിക്കാൻ എന്തു നടപടിയും സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്‌.  വൈദ്യുതി ബോർഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ആദ്യനീക്കം.

രാത്രി ഒമ്പതരയോടെ അഗ്നിശമനസേനയും പൊലീസും വലിയ ജനറേറ്ററുകൾ സ്ഥാപിച്ച് വെള്ളം പമ്പിങ് തുടങ്ങി. പുലർച്ചെ അഞ്ചിന്‌ വെള്ളക്കെട്ടിന്‌ അറുതിയായി.
പനമ്പിള്ളി നഗർ അവസാനിക്കുന്ന ഭാഗത്ത്‌ വെള്ളക്കെട്ടിനിടയാക്കിയ ബണ്ട്‌ തകർത്തു. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിലെ വെള്ളം പമ്പ്‌ ഉപയോഗിച്ച്‌ വറ്റിച്ചു. നോർത്ത്‌, സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുകളിലെ വെള്ളക്കെട്ടും പരിഹരിച്ചു. രാത്രി പത്തേകാലിന് കലക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ സ്ഥിതി പരിശോധന. വിവിധ വകുപ്പുകളിലെ 2800 ജീവനക്കാരാണ്‌ നാലുമണിക്കൂർ യുദ്ധസാഹചര്യത്തിൽ എന്നപോലെ പണിയെടുത്തത്‌. ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ പുരോഗമിക്കുമ്പോഴും മേയറോ കൂട്ടാളികളോ തിരിഞ്ഞുനോക്കിയില്ല. ചൊവ്വാഴ്‌ച രാവിലെയോടെ നഗരത്തിൽ ജനജീവിതം സാധാരണനിലയിലായി. റെയിൽ–-റോഡ്‌ ഗതാഗതം പുനഃസ്ഥാപിച്ചു. ജില്ലയിൽ തുറന്ന 12 ദുരിതാശ്വാസക്യാമ്പുകളിൽ മൂന്നെണ്ണം പിരിച്ചുവിട്ടു.

കൊടു കൈ; വെളിച്ചത്തിന്റെ കാവൽക്കാർക്കും
കൊച്ചി
വെള്ളം കയറി നഗരത്തിലെ ഒരു സബ്‌ സ്‌റ്റേഷൻ ആകെ മുങ്ങിയിട്ടും റെക്കോഡ്‌ വേഗത്തിൽ വൈദ്യുതിയെത്തിച്ച്‌ കെഎസ്‌ഇബി. ഞായറാഴ്‌ച രാത്രി ആരംഭിച്ച കനത്ത മഴയിൽ കലൂരിലെ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷനിൽ രണ്ടരയടി വെള്ളമാണ്‌ കയറിയത്‌. കൺട്രോൾ പാനലുകളും ട്രാൻസ്‌ഫോർമറുകളും മുങ്ങിയതോടെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു.

തിങ്കളാഴ്‌ച രാവിലെ 7.30ഓടെ സ്‌റ്റേഷനിലേക്ക്‌ വെള്ളം കുതിച്ചെത്തുകയായിരുന്നു. കൺട്രോൾ റൂമിലേക്ക്‌ വെള്ളം കയറിയതോടെ വൈദ്യുതി വിതരണം പൂർണമായും നിർത്തിവച്ചു. വെള്ളക്കെട്ടിനെക്കുറിച്ച്‌ കലക്‌ടർക്കും അഗ്‌നിശമന സേനയ്‌ക്കും വിവരം നൽകി. തുടർന്ന്‌ സേനാംഗങ്ങളെത്തി പമ്പിങ്‌ ആരംഭിച്ചു. കനത്ത വെള്ളക്കെട്ടിന്‌ അൽപ്പം ശമനമായതോടെ രാത്രി ഒമ്പതിന്‌ സ്‌റ്റേഷനിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.


 

വെള്ളം കയറി നശിച്ച ബാറ്ററി ചാർജർ മാറ്റി. 11 കെവി ലൈനുമായി ബന്ധിപ്പിക്കുന്ന ക്യൂബിക്കിൾസിലെ ചെളി മാറ്റി ചൂടാക്കിയെടുത്തു. സർക്യൂട്ട്‌ ബ്രേക്കർ ഉയർത്തി വച്ചതിനാൽ അതിൽ വെള്ളം കയറിയില്ല. വൈദ്യുത ഭാഗങ്ങൾ പരിശോധിച്ച്‌ ഉറപ്പാക്കിയശേഷം രാത്രി ഒന്നരയോടെ ഇടപ്പള്ളി 110 കെവി ലൈൻ ചാർജ്‌ ചെയ്‌തു.

രണ്ടരയോടെ കലൂർ, എറണാകുളം നോർത്ത്‌ ഫീഡറുകളിലേക്കും വൈദ്യുതിയെത്തി. ഏഴ്‌ ഫീഡറുകൾ പുലർച്ചെയ്‌ക്ക്‌ മുമ്പേ ചാർജ്‌ ചെയ്യാനായെന്ന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ എസ്‌ ഷെരീഫ്‌ പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ എട്ടോടെ, തലേദിവസം ജോലി ചെയ്‌ത എല്ലാ ജീവനക്കാരുമെത്തി. പകൽ 3.30ന്‌ എല്ലാ മേഖലകളിലേക്കും വൈദ്യുതി എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ കെ ആർ രാജൻ ഉൾപ്പെടെ അമ്പതോളം എൻജിനിയർമാരും ജീവനക്കാരും കരാർ തൊഴിലാളികളും ചേർന്നാണ്‌ നഗരത്തിന്‌ വെളിച്ചമെത്തിച്ചത്‌.

വെള്ളം വറ്റിച്ചത്‌ തീ–-രക്ഷാസേന
കൊച്ചി
നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ ചെറുക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ അഗ്നി–--രക്ഷാസേന. ഇവർ തിങ്കളാഴ്‌ച രാവിലെ ഏഴിന്‌ തുടങ്ങി ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചുവരെ പരിശ്രമിച്ചാണ്‌ വെള്ളക്കെട്ട്‌ ഒഴിവാക്കിയത്‌. കലൂർ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷൻ, എറണാകുളം കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌, നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും വെള്ളം കെട്ടിനിന്നത്‌. കലൂർ സബ്‌ സ്‌റ്റേഷനിൽ രണ്ടടി ഉയർന്ന വെള്ളം വലിയ മോട്ടോർ പമ്പുകൾ ഉപയോഗിച്ചാണ്‌ വറ്റിച്ചത്‌. ഗതാഗതതടസ്സം ഒഴിവാക്കാൻ റോഡിനുകുറുകെ വലിയ പൈപ്പ്‌ സ്ഥാപിച്ച്‌ വെള്ളം പമ്പുചെയ്‌തു. സബ്‌ സ്‌റ്റേഷനിൽനിന്നുള്ള കനാലിൽനിന്ന്‌ മറുവശത്തേക്കും പമ്പുചെയ്തു. ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചിനാണ്‌ വെള്ളം പൂർണമായി ഒഴിവാക്കി സേനാംഗങ്ങൾ മടങ്ങിയത്‌.

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസത്തെ വെള്ളം താഴ്ന്നപ്പോൾ വൃത്തിയാക്കുന്നു

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസത്തെ വെള്ളം താഴ്ന്നപ്പോൾ വൃത്തിയാക്കുന്നു


 

പനമ്പിള്ളി നഗർ അവസാനിക്കുന്ന ഭാഗത്ത്‌ വെള്ളക്കെട്ടിനിടയാക്കിയ ഭാഗം രാത്രി 12ന്‌ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുമാറ്റി. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിലും വലിയ പമ്പ്‌ ഉപയോഗിച്ച്‌ വെള്ളം വറ്റിച്ചു. റീജണൽ ഫയർ ഓഫീസർ കെ കെ ഷിജു, ഡിവിഷണൽ ഫയർ ഓഫീസർ എ എസ്‌ ജോജി എന്നിവരുടെ നേതൃത്വത്തിൽ 14 സ്‌റ്റേഷനുകളിൽനിന്നായി 140 അഗ്നി–-രക്ഷാ സേനാംഗങ്ങളാണ്‌ 22 മണിക്കൂർ അധ്വാനിച്ചത്‌.

മുല്ലശേരി കനാൽ റോഡ്‌, പനമ്പിള്ളി നഗർ, തമ്മനം എന്നിവിടങ്ങളിൽ വീടുകളിൽനിന്നുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയതും സേനയാണ്‌. തിങ്കളാഴ്‌ച വെള്ളം കയറിയ അയ്യപ്പൻകാവ്‌, കടാരിബാഗ്‌ എന്നിവിടങ്ങളിലെ ആറ്‌ തെരഞ്ഞെടുപ്പുബൂത്തുകൾ മാറ്റിസ്ഥാപിച്ചു. കലൂർ എൻഐഎ കോടതി, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ റോഡിലേക്ക്‌ വീണ മരങ്ങൾ മുറിച്ചുമാറ്റി.


പ്രധാന വാർത്തകൾ
 Top