17 February Sunday

പുരസ്കാരങ്ങള്‍ക്കുമപ്പുറം റോണോ...

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2017

ഒരു സംശയംപോലും ബാക്കിവയ്ക്കാതെയാണ് 2016-2017 സീസണിലെ മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍ക്കുള്ള പുരസ്കാരം റയല്‍ മാഡ്രിഡിന്റെയും പോര്‍ച്ചുഗലിന്റെയും ശക്തിസ്തംഭമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടിയെത്തിയത്. മികച്ച ലോകഫുട്ബോള്‍ താരത്തിനുള്ള ബാലോന്‍ദ്ഓര്‍ പുരസ്കാര നേട്ടത്തില്‍ ഒരുപടി മുന്നില്‍നില്‍ക്കുന്ന ലയണല്‍ മെസിയെയും ഇറ്റലിയുടെയും യുവന്റസിന്റെയും സൂപ്പര്‍ഗോളി ഗിയന്‍ല്യൂജിബഫണിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ മൂന്നാംവട്ടവും യൂറോപ്യന്‍ ബഹുമതിയില്‍ എത്തിയത്. മികച്ച സ്ട്രൈക്കര്‍, ആക്രമണകാരി. പന്തിനെ ദ്രുതഗതിയില്‍ കൈമാറാനും കൈവശപ്പെടുത്താനുമുള്ള കഴിവ്. മൈതാനത്തിന്റെ ഏതു കോണില്‍നിന്നും ഞൊടിയിടയില്‍ പന്തിനെ വലയിലെത്തിക്കുന്ന പ്രതിഭ. കാലുകൊണ്ടും തലകൊണ്ടും ഒരേ പ്രാഗത്ഭ്യത്തോടെ വിസ്ഫോടനശേഷി പ്രകടിപ്പിക്കുന്നവന്‍. ഇതോടെ മൂന്നാമതും യൂറോപ്യന്‍ ഫുട്ബോളറും 2008, 2014, 2015, 2016 വര്‍ഷങ്ങളില്‍ ലോക ഫുട്ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇനിയുമുണ്ട് വിശേഷണങ്ങള്‍.

ക്രിസ്റ്റ്യാനോയുടെ മികവില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി രണ്ടുവട്ടം ചാമ്പ്യന്‍സ് ലീഗ് (2015-16, 2016-17) ജേതാക്കളായി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ 12 ഗോളുമായി ക്രിസ്റ്റ്യാനോയാണ് ടോപ് സ്കോറര്‍. സ്പാനിഷ് ലീഗില്‍ റയലിന്റെ അവസാനത്തെ മൂന്നു മത്സരങ്ങളില്‍ അടിച്ചത് അഞ്ച് ഗോള്‍. ക്രിസ്റ്റ്യാനോ സീസണിലെ ഏറ്റവും വലിയ ഗോളടിക്കാരനായിരുന്നില്ല. എന്നാല്‍ ടീമിന്, തന്നെ ആവശ്യമുള്ളപ്പോഴൊക്കെ ഈ ഏഴാം നമ്പറുകാരന്റെ പ്രകടനം നിര്‍ണായകമായി. കഴിഞ്ഞ സീസണില്‍ അപൂര്‍വമായേ ക്രിസ്റ്റ്യാനോ കളത്തില്‍ ഇറങ്ങാതിരുന്നിട്ടുള്ളു. എന്നാല്‍ നടപ്പുസീസണില്‍ ക്രിസ്റ്റ്യാനോയെ ചില മത്സരങ്ങളില്‍ പകരക്കാരനായി പരീക്ഷിച്ച കോച്ച് സിനദിന്‍ സിദാന്‍ താരകേന്ദ്രീകൃതമായ റയല്‍ മാഡ്രിഡിനെ മികച്ച ടീമെന്ന നിലയിലേക്ക് പരിണമിപ്പിച്ചിട്ടുണ്ട്.

ഒടുവില്‍ ആഗസ്ത് രണ്ടാം വാരത്തില്‍ സ്പാനിഷ് സൂപ്പര്‍കപ്പിന്റെ ആദ്യപാദത്തില്‍ റയല്‍ ബദ്ധവൈരികളായ ബാഴ്സലോണയെ 3-1ന് തോല്‍പ്പിച്ചപ്പോഴാകട്ടെ ക്രിസ്റ്റ്യാനോയുടെ സംഭവബഹുലമായ പ്രകടനവും കാണാനായി. 58-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങുകയും 82-ാം മിനിറ്റില്‍ ഗോളടിക്കുകയും ചെയ്ത താരം തൊട്ടുപിന്നാലെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തേക്ക് പോകുകയായിരുന്നു. അനന്തരഫലം അഞ്ച് മത്സരത്തിലേക്ക് വിലക്ക്. ഇതിനെതിരെയുള്ള അപ്പീലും തള്ളി. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തിലും റയലിനു വീര്യം കുറഞ്ഞില്ല.

രണ്ടാം പാദത്തിലും ബാഴ്സയെ കീഴടക്കിയ റയല്‍ (2-0) സ്പാനിഷ് സൂപ്പര്‍കപ്പിലൂടെ കേവലം 19 മാസത്തിനുള്ളില്‍ സിനദിന്‍ സിദാന്റെ കീഴില്‍ ഏഴ് കിരീടങ്ങളെന്ന ലോക റെക്കോഡിലേക്കാണ് പന്തു തട്ടിയത്. ക്രിസ്റ്റ്യാനോ ഉള്‍പ്പെടെ താരപ്രമുഖരുടെ പ്രാധാന്യം കല്‍പ്പിച്ചുകൊടുത്തുതന്നെ അവരെയെല്ലാം ടീമിന്റെ അവിഭാജ്യഘടകമാക്കാനും സ്ഥിരതയും നൈരന്തര്യവുമുള്ള കൂട്ടുകെട്ടാക്കി മാറ്റാനും സിദാനു കഴിയുന്നുവെന്നത് സമകാലിക ഫുട്ബോളിലെ വേറിട്ടൊരു അധ്യായമാണ്.
കുരുത്തക്കേടുകള്‍ പലതുണ്ടെങ്കിലും കളിക്കളത്തിലെ മികവിനും അര്‍പ്പണബോധത്തിനും റോണോയെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വെല്ലാന്‍ അധികംപേരില്ല. "ഞാനാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍; ഞാന്‍ ഇതിഹാസമാണ്''- ഒരു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ ഇങ്ങനെ പറയുകയുണ്ടായി. അതെ, 32-ാം വയസ്സിലും ബാല്യവും പിടിവാശിയും കാത്തുസൂക്ഷിക്കുന്ന റോണോ ജയിക്കാനായ് ജനിച്ചവന്‍തന്നെയാണ്.

ഫുട്ബോളിന്റെ ചടുലതാളം എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്നവനാണ് റോണോ. പന്ത് കിട്ടിയില്ലെങ്കില്‍ സ്വന്തം ടീമിനെ പഴിക്കും. വീഴാതെവീണ് ഫ്രീകിക്ക് സമ്പാദിച്ചശേഷം റഫറിക്കുനേരെ കള്ളക്കണ്ണെറിയും. തോറ്റാല്‍ കൊച്ചുകുട്ടികളെപ്പോലെ കരയും. വേണ്ടിവന്നാല്‍ എതിരാളിക്കുനേരെ ഫൌളിന്റെ ആവനാഴിയില്‍നിന്ന് ഒരെണ്ണമെടുത്ത് പ്രയോഗിക്കാനും തെല്ലുമേ മടിക്കില്ല. അങ്ങനെ നയനമനോഹരമായ ഒരു മഴവില്‍ കിക്കുപോലെ ആസ്വാദ്യകരമാണ് ക്രിസ്റ്റ്യാനോയുടെ കളി.

2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഗോളടിച്ചുകൂട്ടിയാണ് ക്രിസ്റ്റ്യനോ ലോകതാരമായത്. ഇപ്പോള്‍ റയല്‍ മാഡ്രിഡിലും ആ ഗോളൊഴുക്ക് നിലച്ചില്ല. ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലായാലും മികവു നിലനിര്‍ത്താന്‍ ഫിറ്റ്നസ് സംഭരിക്കുന്നിടത്താണ് ക്രിസ്റ്റ്യാനോ വ്യത്യസ്തനാകുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ചാഞ്ചാടുന്നവരാണ് ക്രിസ്റ്റ്യാനോവും മെസിയും. എന്നാല്‍ ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തലപുകയ്ക്കുന്നതില്‍ അര്‍ഥമില്ല. കാരണം കിരീടവിജയങ്ങള്‍ ഇരുവരുടെയും ക്ളബ്ബുകളെ മാറിയും മറിഞ്ഞും ആശ്ളേഷിക്കുന്നു. നേട്ടങ്ങളുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാല്‍ തങ്ങളുടെ ക്ളബ്ബുകളുടെയും രാജ്യങ്ങളുടെയും ഓരോ വിജയത്തിലും കിരീടങ്ങളിലും ഇരുവരുടെയും പ്രതിഭാസ്ഫുരണവും വിയര്‍പ്പിന്റെ അടയാളവും പതിഞ്ഞിട്ടുണ്ടാകുമെന്ന കാര്യം മറന്നുകൂട. അതെ, ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കാല്‍പ്പന്തിന്റെ ജനപ്രിയ താരങ്ങളാണ് ക്രിസ്റ്റ്യാനോയും മെസിയും എന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുണ്ടാവുക.

പ്രധാന വാർത്തകൾ
 Top