30 October Friday

‘ലക്ഷ്യം’ നേടി സമരം നിർത്തി

സ്വന്തം ലേഖകൻUpdated: Tuesday Sep 29, 2020

കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക്‌ അപമാനമാണെന്ന്‌ കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന്‌ ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ  കോവിഡ്‌ പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല

തിരുവനന്തപുരം
പ്രതിപക്ഷം സമരാഭാസത്തിൽനിന്ന്‌ പിന്മാറുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാക്കുകയെന്ന അപ്രഖ്യാപിത ഗൂഢലക്ഷ്യം അവർ നേടി. യുഡിഎഫും ബിജെപിയും അക്രമസമരം ആരംഭിച്ചശേഷമാണ്‌ സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്‌. കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാത്ത സമരാഭാസത്തിനെതിരെ ജനരോഷം വ്യാപകമായതോടെ പരിപാടി അവസാനിപ്പിക്കുമ്പോൾ രോഗവ്യാപനം ഉച്ചസ്ഥായിയിലായി.

കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക്‌ അപമാനമാണെന്ന്‌ കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന്‌ ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല. സമരങ്ങളിൽ പങ്കെടുത്ത കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരനും ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുംമുതൽ കെഎസ്‌യു പ്രസിഡന്റ്‌ അഭിജിത്തുവരെയുള്ള നേതാക്കൾ കോവിഡ്‌ ബാധിതരായി. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിനും രോഗം.

തൃശൂരിൽ സമരത്തിനുപോയി കോവിഡ്‌ ബാധിച്ച കോൺഗ്രസ്‌ നേതാവിൽനിന്ന്‌ രോഗം പകർന്ന അച്ഛൻ മരിച്ചു. കൊല്ലത്ത്‌ ഐഎൻടിയുസി നേതാവ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സമരത്തിനിറങ്ങിയ നേതാക്കൾ പലരും രഹസ്യമായി സ്വയം നിരീക്ഷണത്തിലാണ്‌. കെഎസ്‌യു പ്രസിഡന്റ്‌ കള്ളപ്പേരിൽ രഹസ്യമായി കോവിഡ്‌ ടെസ്റ്റിന്‌ പോയി കേസിലുമായി. ജില്ലാതലത്തിലുള്ള മറ്റ്‌ പല നേതാക്കളും രഹസ്യപരിശോധന നടത്തിയതായാണ്‌ വിവരം.

യുഡിഎഫ്‌, ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളിൽ പലർക്കും രോഗം ബാധിച്ചതോടെ അണികളിൽനിന്നുതന്നെ സമരത്തിനെതിരെ എതിർപ്പുയർന്നിരുന്നു. അക്രമാസക്തമായ സമരത്തെ നേരിട്ട നിരവധി പൊലീസുകാർക്കും രോഗം ബാധിച്ചു. ഇനിയും സമരം തുടർന്നാൽ പൂർണമായും ഒറ്റപ്പെടുമെന്ന തിരിച്ചറിവിലാണ്‌ സ്വിച്ചിട്ടപോലെ പരിപാടി അവസാനിപ്പിച്ചത്‌.

ഇത്തരം ആൾക്കൂട്ട സമരരീതി ഈ ഘട്ടത്തിൽ ആപത്താണെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ധരടക്കം നിരന്തരം മുന്നറിയിപ്പ്‌ നൽകിയിട്ടും കണ്ടില്ലെന്നു നടിച്ച പ്രതിപക്ഷത്തിന്‌ ‘ലക്ഷ്യം’ പൂർത്തീകരിച്ചശേഷമാണ്‌ പൊടുന്നനെ തിരിച്ചറിവുണ്ടായത്‌.


 

കണക്കുകൾ പറയും; 6.56ൽനിന്ന്‌ 13.66ൽ
സ്പ്രിങ്ക്‌ളർ, സ്വർണക്കടത്ത്‌, സെക്രട്ടറിയറ്റ്‌ തീപിടിത്തം തുടങ്ങിയ കാരണം പറഞ്ഞ്‌ മാസങ്ങളായി യുഡിഎഫും ബിജെപിയും സംസ്ഥാനത്താകെ സംഘർഷം സൃഷ്ടിക്കുന്നു. തിരുവോണം കഴിഞ്ഞ്‌  ആൾക്കൂട്ടസമരം ആരംഭിച്ച സെപ്‌തംബർ 12 വരെ രോഗവ്യാപനനിരക്ക്‌ പിടിച്ചുനിർത്താൻ കഴിഞ്ഞു എന്ന്‌ കണക്കുകളിൽ വ്യക്തം‌. 

അഴിഞ്ഞാട്ടസമരം തുടങ്ങിയതുമുതൽ രോഗവ്യാപനം വൻതോതിൽ വർധിച്ചു.  മാസ്ക്‌ വലിച്ചെറിഞ്ഞും ആൾക്കൂട്ട അതിക്രമം സൃഷ്ടിച്ചുമുള്ള സമരങ്ങൾ എല്ലാം മാറ്റിമറിച്ചു. സമരം തുടങ്ങുമ്പോൾ  രോഗസ്ഥിരീകരണനിരക്ക്‌ 6.56 ആയിരുന്നു. കോവിഡ്‌ വ്യാപനമെന്ന ഗൂഢലക്ഷ്യം നടപ്പാക്കി മരണത്തിന്റെ വ്യാപാരികൾ സമരം അവസാനിപ്പിക്കുമ്പോൾ അത്‌ 13.66 ആയി.


 

സമരം തുടരുമെന്ന്‌ ബിജെപി
സംസ്ഥാന സർക്കാരിനെതിരെ സമരം തുടരുമെന്ന്‌ ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞു.   സമരം വികേന്ദ്രീകൃതമാക്കും. സമരത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും യുഡിഎഫിനും ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
 

8 മാസം; ഇതാണ്‌ പോരാട്ടം
എട്ട്‌ മാസത്തിലധികമായി കോവിഡിനെതിരെ രാപ്പകൽ പോരാട്ടത്തിലാണ്‌ ആരോഗ്യപ്രവർത്തകർ. ജോലി സമയം നോക്കാതെ, വ്യക്തിപരമായ ബുദ്ധിമുട്ടുകൾ മാറ്റിവച്ച്‌ നാടിന്റെ സുരക്ഷയ്‌ക്കായി പൊരുതുകയാണ്‌ ഇവർ. ആഴ്ചകളോളം കുഞ്ഞുങ്ങളെ പിരിഞ്ഞും സ്വന്തം വിവാഹം മാറ്റിവച്ചും പ്രവർത്തിക്കുന്നവരുണ്ട്‌. രാജ്യത്ത്‌ നാനൂറോളം ആരോഗ്യപ്രവർത്തകർ കോവിഡിന്‌ ഇരയായപ്പോഴും സംസ്ഥാന സർക്കാർ പാലിച്ച ജാഗ്രതയുടെ ഫലമായി  ഇവിടെ ഒരു ഡോക്ടറുടെ  ജീവൻ മാത്രമാണ്‌ നഷ്ടമായത്‌.  

ആദ്യഘട്ടംമുതൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്ക്‌ സർക്കാർ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌.  സുരക്ഷാ കവചം ഉൾപ്പെടെയുള്ളവ ഉറപ്പാക്കി. ആശുപത്രികളിൽ ജീവനക്കാരെ മൂന്ന്‌ പാളിയായി തിരിച്ച്‌  വൈറസ്‌ വ്യാപനം ചെറുത്തു. കോവിഡ്‌ ഡ്യൂട്ടിക്കുശേഷം നിരീക്ഷണവും പരിശോധനയും ഉറപ്പാക്കി. 

മാനസിക പിന്തുണ നൽകാൻ വിദഗ്‌ധസംഘത്തെ നിയോഗിച്ചു. ഇതുവരെ കോവിഡ്‌ ബാധിതരായത്‌  4685 ആരോഗ്യപ്രവർത്തകർ. കോവിഡ്‌ ഇതര ചികിത്സയ്‌ക്കെത്തുന്നവരിൽനിന്നാണ്‌ കൂടുതലും രോഗബാധ.  സമരങ്ങൾ രൂക്ഷമായ സെപ്‌തംബറിൽ 1469 ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ പിടിപെട്ടു.


 


പൊതുപരിപാടി നിർത്തിവയ്‌ക്കും: എൽഡിഎഫ്
കോവിഡ്‌ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൊതുപരിപാടികളും നിർത്തിവയ്‌ക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചു. അതിവ്യാപനം സംഭവിക്കാതിരിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനത്തെ പിന്തുണയ്‌ക്കും. ജാഥ, പൊതുയോഗം എന്നിവയെല്ലാം മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളുടെ പൂർത്തീകരണമാണ്‌ അടുത്ത ആറുമാസത്തിനുള്ളിൽ നടത്തുക‌. നൂറുദിന നൂറ്‌ കർമപദ്ധതികളും പൂർത്തീകരിക്കും. പ്രതിപക്ഷവും ബിജെപിയും സംയുക്തമായി കേന്ദ്ര ഏജൻസികളെ കേരളത്തിലെത്തിച്ച്‌ വികസനപ്രവർത്തനങ്ങൾക്ക്‌ തടയിടാൻ ശ്രമിക്കുന്നു‌‌.

പ്രതിപക്ഷ സമരങ്ങളെ സഹായിക്കാനുള്ള ഉപകരണമായി കേന്ദ്ര ഏജൻസികളെ ദുർവിനിയോഗിക്കുന്നു. കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടലുകളിൽ ഇടതുപക്ഷം ശക്തമായ പ്രതിഷേധവും കോവിഡ്‌ മാനദണ്ഡപ്രകാരം  ജനകീയപ്രതിരോധവും സംഘടിപ്പിക്കുമെന്നും എ വിജയരാഘവൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top