03 August Monday

മഴ കനത്തു ; ദുരിതം പെയ്‌തിറങ്ങുന്നു ; നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

കൊച്ചി
ചൊവ്വാഴ്‌ച രാത്രി ആരംഭിച്ച കനത്തമഴയിൽ എറണാകുളം നഗരവും ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. എളംകുളം, കടവന്ത്ര എന്നിവിടങ്ങളിൽ തുടങ്ങിയ രണ്ട്‌ ക്യാമ്പുകളിലായി 55 പേരെ മാറ്റിപ്പാർപ്പിച്ചു. കളമശേരി വട്ടേക്കുന്നത്ത് റോഡിന്റെ സുരക്ഷാ ഭിത്തിയിടിഞ്ഞ് റോഡരികിൽ നിർത്തിയിട്ട മൂന്ന് കാറുകൾ 15 അടി താഴേക്ക്‌ മറിഞ്ഞുവീണു. ആളപായമില്ല. വിവിധയിടങ്ങളിലായി മൂന്ന്‌ വീടുകൾ ഭാഗികമായി തകർന്നു. ഇടമലയാർ ഡാമിലെ ജലനിരപ്പ് സുരക്ഷിതമാണ്‌.

കൊച്ചി പേരണ്ടൂർ കനാലിന്റെ ഇരുവശവും വെള്ളക്കെട്ടിലായി. മേയറുടെ ഡിവിഷനിലുള്ള കെകെഎഫ്‌ കോളനിയിലെ 100 വീടുകളിലും വെള്ളം കയറി. സൗത്തിൽ റെയിൽ ട്രാക്ക്‌ വെള്ളത്തിൽ മുങ്ങി. പനമ്പിള്ളി നഗർ, കമ്മട്ടിപ്പാടം, പി ആൻഡ്‌ ടി കോളനി, ഉദയ കോളനി, കെഎസ്‌ആർടിസി, എംജി റോഡ്‌, രവിപുരം എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കലൂർ ബസ്‌സ്‌റ്റാൻഡിനുസമീപം മരം വീണ്‌ പെട്ടിക്കട തകർന്നു.

ആലുവ മുങ്ങി
ആലുവ മാർക്കറ്റ്‌ റോഡ്‌, ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, ബാങ്ക്‌ കവല എന്നിവിടങ്ങളിൽ മുട്ടറ്റം വെള്ളം ഉയർന്നു. കടകളിൽ വെള്ളംകയറി സാധനങ്ങൾ നശിച്ചു. ഒറ്റമഴയിൽത്തന്നെ റോഡുകൾ വെള്ളക്കെട്ടിലായത്‌ നഗരഭരണത്തിന്റെ പിടിപ്പുകേടാണെന്ന്‌ ജനങ്ങളും കച്ചവടക്കാരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടി. 

നഗരത്തിൽ രണ്ട്‌ ക്യാമ്പുകൾ: കെടുതിയിലായി കോളനികൾ
എളംകുളം മദർ തെരേസ കമ്യൂണിറ്റി ഹാൾ, കടവന്ത്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ്‌ ആരംഭിച്ചത്‌. കമ്യൂണിറ്റി ഹാളിൽ 10 കുടുംബങ്ങളും കടവന്ത്രയിൽ മൂന്ന് കുടുംബങ്ങളുമുണ്ട്‌. എളംകുളം പി ആൻഡ് ടി കോളനിയിലെ 86 വീടുകളിൽ വെള്ളം കയറി.  

കരീത്തോട് നിറഞ്ഞൊഴുകിയതിനെ തുടർന്ന് പ്രദേശത്തെ  റോഡുകൾ മുങ്ങി. 150 വീടുകളിൽ വെള്ളംകയറി.  കരീത്തോടിലെ ചെളിയും മാലിന്യങ്ങളും നഗരസഭ നീക്കം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
നെട്ടൂർ പൂതേപ്പാടം റോഡിനുസമീപത്തെ 25 വീടുകളിൽ വെള്ളം കയറി.  ഇൻവെർട്ടർ, മോട്ടോർ, റഫ്രിജറേറ്റർ എന്നിവയ്ക്ക് കേടുപാടുണ്ടായി. എം സ്വരാജ് എംഎൽഎ സ്ഥലം സന്ദർശിച്ചു. 


 

വെള്ളക്കെട്ടിൽ പശ്‌ചിമകൊച്ചി
കടേഭാഗം, കോണം, തഴുപ്പ്, ഇടക്കൊച്ചി വാട്ടർ ടാങ്ക് പരിസരം, കനോസ നഗർ, പെരുമ്പടപ്പ്, കച്ചേരിപ്പടി പ്രദേശത്തെ ഭൂരിഭാഗം ഇടറോഡുകളും വെള്ളക്കെട്ടിലാണ്. പെരുമ്പടപ്പ് -കുമ്പളങ്ങിവഴി പ്രധാന റോഡ് വെള്ളക്കെട്ടിലായത് ഗതാഗതം തടസ്സപ്പെടുത്തി. അഞ്ഞൂറിലേറെ വീടുകളിലേക്ക്‌ വെള്ളം ഇരച്ചെത്തി.     പെരുമ്പടപ്പ്, ഇടക്കൊച്ചി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലും വെള്ളക്കെട്ട്‌ രൂക്ഷമായി. വെള്ളക്കെട്ട് ഇല്ലാതാക്കി കൊച്ചി നിവാസികളുടെ ദുരിതത്തിന്‌ പരിഹാരമുണ്ടാക്കണമെന്ന്‌ ജോൺ ഫെർണാണ്ടസ് എംഎൽഎ ആവശ്യപ്പെട്ടു.

കളമശേരിയിൽ മൂന്ന്‌ കാറുകൾ തകർന്നു
വട്ടേക്കുന്നം പിഎച്ച്സി റോഡിൽ ‌പാർക്ക്‌ ചെയ്‌ത  കാറുകളാണ്‌ മറിഞ്ഞത്‌. കെട്ടിടത്തിൽ വീട്ടിൽ അബ്ദുൾ സത്താറിന്റെ രണ്ട്‌ കാറുകളും മഞ്ഞളാംപറമ്പിൽ നാസറിന്റെ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഭിത്തി 25 മീറ്റർ നീളത്തിലാണ് ഇടിഞ്ഞത്. ഒരുമീറ്ററോളം റോഡിന്റെ വശവും ഇടിഞ്ഞു. മതിലിന്റെ ഒരുഭാഗം റെയിൽവേ ഉദ്യോഗസ്ഥൻ കല്ലറയ്ക്കൽ വർഗീസിന്റെ വീട്ടിലെ വർക്ക് ഏരിയയിലാണ് വീണത്. റോഡരികിൽ അടുത്തിടെ കേബിളിനായി എടുത്ത കിടങ്ങുവഴി വെള്ളമിറങ്ങിയതാണ്‌ മതിലിടിയാൻ കാരണമെന്ന്‌ സമീപവാസികൾ പറഞ്ഞു. കളമശേരി പൊലീസും ഏലൂരിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളുമെത്തി ക്രെയിൻ ഉപയോഗിച്ച് കാറുകൾ പൊക്കിയെടുത്തു.

മുളന്തുരുത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളിലെ വാടകയ്‌ക്ക്‌ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. സനിൽകുമാർ, ബി കെ ശ്രീമതി, നിധീന ബി മേനോൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം. മരട്‌ മൂത്തേടത്ത് റോഡിലേക്ക് മരം മറിഞ്ഞുവീണ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കടുങ്ങല്ലൂരിൽ മണ്ണ് ഇടിഞ്ഞ് രണ്ട് വീടുകൾക്ക് കേടുപറ്റി. ചരിവുപറമ്പ് തങ്കമ്മ, പുതുവൽപറമ്പ് നൗഷർ എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്‌.


 

ദുരിതം പെയ്‌തിറങ്ങുന്നു
സംസ്ഥാനത്ത്‌ മഴ കനത്തു. എറണാകുളത്തടക്കം താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കോട്ടയത്ത്‌ റെയിൽ ട്രാക്കിലേക്ക്‌ മണ്ണിടിഞ്ഞുവീണു. കണ്ണൂർ വലിയന്നൂരിൽ കനത്ത മഴയിൽ വീട്ടുമതിൽ ഇടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം താനൂരിൽ ഒരാളെ കാണാതായി. ചൊവ്വാഴ്‌ച രാത്രി തുടങ്ങിയ മഴ തുടരുകയാണ്‌. തിരുവനന്തപുരത്ത്‌ അരുവിക്കര, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. കോട്ടയം ജില്ലയിൽ മണർക്കാട്ട് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു. മുട്ടമ്പലത്തിനു സമീപമാണ്‌ റെയിൽ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്‌. തിരുവനന്തപുരം– എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി. ഉച്ചയ്ക്കുശേഷമുള്ള തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴവഴി സർവീസ് നടത്തി.

വലിയന്നൂർ പുറത്തീൽ പള്ളിക്കുസമീപം മഠത്തിൽ ഹംസ (62)യാണ് മതിൽ ഇടിഞ്ഞുവീണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്‌ ഏഴോടെയാണ്‌ സംഭവം. തൃശൂർ മണ്ണുത്തി ബൈപാസ് വെള്ളത്തിൽ മുങ്ങി. നാട്ടിക, വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂർ ഭാഗങ്ങളിൽ കടലേറ്റം രൂക്ഷമായി. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലായി കാറ്റിൽ മരംവീണ്‌ ഒരു വീട്‌ പൂർണമായും നാല്‌ വീട്‌ ഭാഗികമായും തകർന്നു. കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി.

മലപ്പുറം താനൂരിൽനിന്ന്‌ മീൻപിടിക്കാൻ പോയ കൂട്ടായി യാറുക്കടവത്ത്‌ സിദ്ദിഖി (25)നെ കാണാതായി.
പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ്‌ ഉയർന്നു. മണിയാർ ബാരേജിലെ അഞ്ച്‌ ഷട്ടറുകൾ തുറന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top