28 September Monday

കരുനീക്കം വിജയിച്ച്‌ ജോസഫ്‌

പി സി പ്രശോഭ്‌Updated: Tuesday Jun 30, 2020


കോട്ടയം
പി ജെ ജോസഫിന്റെ ആത്യന്തികമായ ലക്ഷ്യം വിജയിച്ചു –- ജോസ്‌ കെ മാണിയെ പുറത്താക്കുക. യുഡിഎഫിൽ ഏക കേരള കോൺഗ്രസ്‌ എം ആയി നിലനിൽക്കുക എന്ന പ്രധാന ലക്ഷ്യം നേടിയെടുക്കാനായിരുന്നു പി ജെ ജോസഫ്‌ ഇത്രയും കളിച്ചത്‌. ഇതിന്റെ ഭാഗമായി പാർടി വികസിപ്പിക്കാനുള്ള നീക്കം ജോസഫ്‌ നേരത്ത ആരംഭിച്ചിരുന്നു. കേരള കോൺഗ്രസ്‌ ജേക്കബ്‌ വിഭാഗത്തിൽനിന്ന്‌ ജോണി നെല്ലൂരിനെയും കൂട്ടരെയും അടർത്തിയെടുത്ത്‌ കൂടെച്ചേർത്തു. ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന്‌ ഫ്രാൻസിസ്‌ ജോർജിനെയും കുടെക്കൂട്ടി.

ജോസ്‌ കെ മാണി വിഭാഗവുമായുള്ള പ്രശ്‌നങ്ങൾ അപ്പോഴെല്ലാം ജോസഫിന്‌ തലവേദനയായി തുടർന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുമ്പോഴും ജോസിനെ പുറത്താക്കുക മാത്രമായിരുന്നു ജോസഫിന്റെ ലക്ഷ്യം. കോൺഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ നീക്കങ്ങൾ വേഗത്തിലായി. ജില്ലാ പഞ്ചായത്ത്‌‌ പ്രസിഡന്റ്‌ സ്ഥാനം ജോസ്‌ വിട്ടുകൊടുക്കണമെന്ന്‌ യുഡിഎഫിനെക്കൊണ്ട്‌ പറയിച്ചതും ജോസഫിന്റെ സമ്മർദ്ദതന്ത്രത്തിന്റെ വിജയമായി. ഇതിനായി യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന ഭീഷണിയും ജോസഫ്‌ ഉയർത്തി.  രാജി ആവശ്യം‌ ജോസ്‌ തള്ളിയയുടൻ ജോസഫ്‌ വിഭാഗം നേതാക്കളുടെ പ്രതികരണം ജോസ്‌ മുന്നണി വിടണമെന്നായിരുന്നു. ഇപ്പോൾ യുഡിഎഫ്‌ തന്നെ ജോസിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചതോടെ കരുനീക്കങ്ങൾ ക്ലൈമാക്‌സിലെത്തി.  ജില്ലാപഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരുമെന്ന്‌ പ്രഖ്യാപിച്ച ജോസഫ്‌ അത്‌ വൈകിച്ചതും ഇങ്ങനൊരു തീരുമാനം വരാൻ‌ വേണ്ടിയാണ്‌.

കേരള കോൺഗ്രസ്‌ ജേക്കബിനെ ജോസഫ്‌ പിളർത്തിയതും ഇത്തരം തന്ത്രപരമായ നീക്കങ്ങളിലൂടെയായിരുന്നു. പാർടി പാർലമെന്ററി ലീഡറും ഏക എംഎൽഎയുമായ അനൂപ്‌ ജേക്കബ്‌ അറിയാതെ ജോണി നെല്ലൂരുമായി ചേർന്ന്‌ ചരടുവലിച്ചു. സ്വന്തം മുന്നണിയിലെ കക്ഷികളെതന്നെ പിളർക്കുന്ന ജോസഫിന്റെ നയം ചൂണ്ടിക്കാട്ടിയായിരുന്നു പിന്നീടങ്ങോട്ട്‌ ജോസ്‌ പക്ഷത്തിന്റെ വിമർശനം. മുന്നണിയിൽ സ്ഥിരം പ്രശ്‌നക്കാരനായി ജോസഫിനെ അവതരിപ്പിക്കാൻ ജോസ്‌ കെ മാണിയും പരമാവധി ശ്രമിച്ചു. എന്നാൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച അവകാശവാദം ശരിയാണെന്ന്‌ യുഡിഎഫിലെ മുഴുവൻ ഘടകകക്ഷികളെയും ബോധ്യപ്പെടുത്താൻ ജോസഫിനായി. അപമാനഭീതിമൂലം പ്രസിഡന്റ്‌ സ്ഥാനം വിട്ടുനൽകാൻ ജോസിനും കഴിഞ്ഞില്ല. ഇതുവരെ നടന്ന മാരത്തോൺ അനുരഞ്‌ജന ചർച്ചകളെല്ലാം വിഫലമാക്കിക്കൊണ്ടാണ്‌ ജോസിന്‌  പുറത്തേക്കുള്ള വഴിതെളിഞ്ഞത്‌.


 

തമ്മിലടി അധികാരത്തിന്‌
പാർടിയിൽ സർവാധികാരി ആര്‌ –- ചെയർമാനായി കെ എം മാണി ഉണ്ടായിരുന്നപ്പോൾ ഈ ചോദ്യത്തിന്‌ പ്രസക്തിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വേർപാട്‌ വഴിവച്ചത്‌ പാർടി കാൽക്കീഴിലാക്കാനുള്ള രണ്ട്‌ വിഭാഗങ്ങളുടെ പോരിലേക്കാണ്‌. അത്‌ കേരള കോൺഗ്രസിന്റെ 11-ാമത്‌ പിളർപ്പിന്‌ വഴിവച്ചു. 2019 ജൂൺ ആറിനാണ്‌ ജോസ്‌ കെ മാണിയും പി ജെ ജോസഫും രണ്ടായത്‌. കോട്ടയത്ത്‌ ചേർന്ന സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ജോസിനെ ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു.

കെ എം മാണിയുടെ മരണശേഷം ചെയർമാൻ സ്ഥാനത്തെ ചൊല്ലി ജോസും ജോസഫും തർക്കമായി. പി ജെ ജോസഫിന‌് ചെയർമാന്റെ അധികാരങ്ങൾ കൈമാറി ജനറൽ സെക്രട്ടറി ജോയ്‌ എബ്രഹാം 2019 മെയ‌് 14 ന‌് കത്ത‌് നൽകിയതോടെ തർക്കം മുറുകി. പാർടി ചെയർമാൻ, താൽക്കാലിക ചെയർമാൻ, ചെയർമാൻ ഇൻ ചാർജ് പദവികളിൽ സ്വയം അവരോധിച്ച‌് പി ജെ ജോസഫ്  തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തും പ്രശ‌്നം രൂക്ഷമാക്കി. പിളർന്നു പോകുകയല്ലാതെ ജോസിന്‌ മറ്റു മാർഗമുണ്ടായിരുന്നില്ല.  പാർടിയുടെ പേര‌്, ചി‌ഹ്നം, പാർടി ഓഫീസുകളുടെ ഉടമസ്ഥത എന്നിവയെല്ലാം കോടതി കയറി. പാലാ ഉപതെരഞ്ഞെടുപ്പ‌ിൽ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ പാർടിയുടെ രണ്ടില ചിഹ്നം ജോസഫ്‌ നൽകിയില്ല. സ്ഥാനാർഥിയുടെ പ്രചാരണത്തിലും ജോസഫ്‌ സജീവമായില്ല. ഇടയ്‌ക്ക്‌ പ്രചാരണ പൊതുസമ്മേളന വേദിയിലെത്തിയ ജോസഫിനെ ജോസിന്റെ അണികൾ കൂക്കിവിളിച്ചു. പാർടി പ്രസിദ്ധീകരണമായ "പ്രതിഛായ'യിലൂടെ പി ജെ ജോസഫിനെ ജോസ്‌ വിഭാഗം നിരന്തരമായി വിമർശിച്ചു. ഒടുവിൽ ജോസഫ്‌ വിഭാഗത്തിന്‌ സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങേണ്ടിവന്നു. ജില്ലാ പഞ്ചായത്ത്‌ വിഷയത്തിൽ യുഡിഎഫിലെ മുഴുവൻ ഘടകകക്ഷി നേതാക്കളും ഇടപെട്ടിട്ടും രണ്ടുവിഭാഗവും തരിമ്പ്‌ വിട്ടുവീഴ്‌ച ചെയ്‌തില്ല. പ്രതീക്ഷിച്ചതു പോലെ, തർക്കം പൊട്ടിത്തെറിയിൽ അവസാനിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top