28 September Monday

കളിച്ചത്‌ കോൺഗ്രസ്‌ ; നീക്കം കേരള കോൺഗ്രസുകളെ ദുർബലമാക്കാൻ

കെ ടി രാജീവ്‌Updated: Tuesday Jun 30, 2020


കോട്ടയം
നാല് പതിറ്റാണ്ടിലേറെ പ്രധാന കക്ഷിയായിരുന്ന കേരള കോൺഗ്രസ്‌ എമ്മിനെ പുറത്താക്കുമ്പോൾ യുഡിഎഫ്‌ കൈയൊഴിഞ്ഞത്‌ കെ എം മാണിയെ. കോൺഗ്രസ് ഗ്രൂപ്പ് പോരും ഭിന്നിപ്പിക്കൽ രാഷ്‌ട്രീയവും ഇതിന്‌ വഴിതെളിച്ചു. കെ എം മാണിയുടെ മരണത്തെതുടർന്ന്‌‌ പാർടി പിടിച്ചെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിന് കോൺഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടായിരുന്നു. മധ്യകേരളത്തിൽ സ്വാധീനമുള്ള കേരള കോൺഗ്രസുകളെ ദുർബലമാക്കി അവിടെ കടന്നുകയറാനുള്ള ലക്ഷ്യവും കോൺഗ്രസിലെ ഇരു ഗ്രൂപ്പിനുമുണ്ട്. 

പുറത്താക്കലിനോട്‌ കെ എം മാണിയെ ഉയർത്തിക്കാട്ടി‌ വൈകാരികമായാണ്‌ ജോസ്‌ വിഭാഗം പ്രതികരിച്ചത്‌. മുന്നണി അപകടത്തിലായപ്പോഴെല്ലാം രക്ഷിച്ചത്‌ കെ എം മാണിയായിരുന്നെന്ന്‌‌‌ ജോസ്‌ കെ മാണി പറഞ്ഞു. കെ എം മാണിയുടെ ഓർമയും ജനപിന്തുണയും ഉള്ളിടത്തോളം പാർടി  മുന്നോട്ടുപോകുമെന്ന്‌ റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു. ഐക്യകേരള കോൺഗ്രസിനായി പി സി ജോർജിനെയും പി ജെ ജോസഫിനെയുമെല്ലാം കെ എം മാണി കൂടെക്കൂട്ടി. 2011ൽ യുഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ പി ജെ ജോസഫിനെ മന്ത്രിയുമാക്കി.

ഇരട്ടത്താപ്പ് നയമായിരുന്നു കോൺഗ്രസിന്റേത്‌‌. പി ജെ ജോസഫിന്റെ പാർടിവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ജോസ് കെ മാണി വിഭാഗത്തോട് കടുത്ത നിലപാട് തുടർന്നു. ചില കോൺഗ്രസ് നേതാക്കൾ പിന്നിൽനിന്ന്‌ കുത്തുകയാണെന്ന് കെ എം മാണി മരിക്കുന്നതിനുമുമ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കെ എം മാണിയുടെ മരണത്തിനുമുമ്പ് രൂപപ്പെട്ട അനൈക്യവും ഭിന്നതയും പാലാ തെരഞ്ഞടുപ്പോടെ രൂക്ഷമായി. ജോസ് വിഭാഗം സ്ഥാനാർഥിക്ക് ചിഹ്നം വാങ്ങി നൽകാമെന്ന ഉറപ്പുപോലും കോൺഗ്രസും യുഡിഎഫും പാലിച്ചില്ല. അവസരം മുതലാക്കി ഭിന്നിപ്പിക്കൽ തന്ത്രമാണ്‌ കോൺഗ്രസ് കൈക്കൊള്ളുന്നത്. പി ജെ ജോസഫ് വിഭാഗം മുന്നണി മര്യാദയും അച്ചടക്കവും പാലിക്കുന്നില്ലെന്ന പരാതി നിരവധി തവണ ജോസ് വിഭാഗം യുഡിഎഫിന്‌ നൽകിയിരുന്നു. കോട്ടയത്തെ പ്രധാന കോൺഗ്രസ് നേതാവുപോലും മൗനംപാലിച്ചതായി‌ ഇവർ ആരോപിക്കുന്നു‌. ഏകപക്ഷീയ നീതി അനീതിയാണെന്ന നിലപാടിലാണ് ഇവർ‌.


 

എല്ലാം തുടങ്ങിവച്ച കസേരകളി
യുഡിഎഫിലെ രാഷ്‌ട്രീയ പാർടികളുടെ ചാഞ്ചാട്ടംമൂലം നാലര വർഷത്തിനിടെ പലരും മാറിമാറി ഇരിക്കേണ്ടി വന്ന സ്ഥാനമാണ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റേത്‌. ഈ കസേര ‌ ജോസഫ്‌ വിഭാഗത്തിന്‌‌ വിട്ടുകൊടുത്താൽ ആത്മഹത്യാപരമാകും എന്നതായിരുന്നു‌ ജോസിന്റെ നിലപാടും. എന്നാൽ  അതിന്റെ പേരിൽ പതിറ്റാണ്ടുകളായുള്ള‌ യുഡിഎഫ്‌ ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന്‌ കരുതിയതുമില്ല. എഴുതപ്പെടാത്ത കരാറിന്റെ പേരിൽ പ്രസിഡന്റ്‌ സ്ഥാനം നൽകില്ല എന്നായിരുന്നു ജോസിന്റെ നിലപാട്‌. യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം പാലായിലെത്തി ജോസുമായി ചർച്ചനടത്തി. അവസാന നിമിഷം അയയുന്ന സൂചനയുണ്ടായിരുന്നു. പക്ഷേ പകരമായി ജോസ്‌ ആവശ്യപ്പെട്ടത്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ  സീറ്റുകൾ. ഇത്‌ ജോസഫ്‌ തള്ളിയതോടെയാണ്‌ സാധ്യതകൾ അടഞ്ഞത്‌.

നിലവിലെ പ്രസിഡന്റ്‌ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലിനെ രാജിവയ്‌പിച്ച്‌ കൂറുമാറിയ അജിത്‌ മുതിരമലയെ പ്രസിഡന്റാക്കാനായിരുന്നു ജോസഫ്‌‌ വിഭാഗത്തിന്റെ നീക്കം. ജില്ലാപഞ്ചായത്തിൽ കേരള കോൺഗ്രസിന്‌ "പി ജെ ജോസഫ്‌ വിഭാഗം' ഇല്ലായിരുന്നു. പക്ഷേ അജിത്‌ മുതിരമലയെയും മേരി സെബാസ്‌റ്റ്യനെയും സമർഥമായി മറുഭാഗത്തേക്ക്‌ കൊണ്ടുവന്നാണ്‌ ജോസഫ്‌ പക്ഷം രൂപീകരിച്ചത്‌.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top