23 August Friday

ചിരിക്കാത്ത ചിത്രങ്ങളെ ചിരിപ്പിക്കാം

നിഖിൽ നാരായണൻUpdated: Thursday May 30, 2019

രാജാ രവിവർമയുടെ ‘ശകുന്തള' എന്ന ചിത്രം അറിയില്ലേ? ആ ഒരൊറ്റ ചിത്രത്തിന്റെ കോപ്പി ഉപയോഗിച്ച് ശകുന്തള തിരിഞ്ഞുനോക്കുമ്പോൾ ചിരിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കാൻ കഴിഞ്ഞാലോ? സാംസങ് ലാബിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിന്റെ ഉദ്ദേശ്യം ഇങ്ങനെ ചിരിക്കാത്ത ചിത്രങ്ങളെ ചിരിപ്പിക്കുക  എന്നതാണ‌്.

സിംഗിൾ ഷോട്ട് ലേണിങ‌് എന്ന് പേരിട്ടിട്ടുള്ള ഈ വിദ്യ ഉപയോഗിച്ച് ഒരു കൃത്രിമബുദ്ധി അധിഷ്ഠിത സംവിധാനത്തിലേക്ക് ഈ ചിത്രം കടത്തിവിട്ടാൽ, അത് ശകുന്തളയുടെ മുഖത്തിന്റെ അറ്റവും മൂലയുമൊക്കെ മനസ്സിലാക്കി, ചിരിക്കുമ്പോൾ ചുണ്ടെങ്ങനെ അനങ്ങണം എന്ന് ഊഹിച്ചെടുത്ത് ചിരിപ്പിച്ചുകൊള്ളും. പാവം ശകുന്തള ഇതൊന്നും അറിയുന്നുപോലുമില്ല. 

ഇതിനുപിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ച് ഒരുപക്ഷേ, നിങ്ങൾ കേട്ടുകാണും. നല്ല സന്ദർഭത്തിൽ ആവാനും വഴിയില്ല. സാധാരണയായി ഫേക്ക് വീഡിയോകൾ ഉണ്ടാക്കാൻ നിർമിക്കുന്ന ജനറേറ്റീവ് അഡ്വൈസരിയൽ നെറ്റ‌്‌വർക്ക‌് എന്ന സാങ്കേതികവിദ്യയാണ് ശകുന്തളയെ ചിരിപ്പിക്കാൻ കഴിവുള്ള സൂത്രം! ചിരിക്കാത്ത ശകുന്തളയെക്കൊണ്ട് ചിരിപ്പിക്കുന്നതും ഒരു കണക്കിന് ഫേക്ക് വീഡിയോ തന്നെ അല്ലേ!

ചിരിപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ, അല്ല കാലിലെ മുള്ള‌് എടുക്കാൻ കഴിയുമോ? ഇല്ല അത്രയ്ക്ക് ആയിട്ടില്ല തൽക്കാലത്തേക്ക്. ഈ ഗവേഷണത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക: 

https://arxiv.org/abs/1905.08233

 


പ്രധാന വാർത്തകൾ
 Top