13 July Monday

കരനെൽകൃഷി വിജയിപ്പിക്കാം

എം കെ പി മാവിലായിUpdated: Thursday May 30, 2019

കട്ടമോടൻ, കറുത്തമോടൻ, കൊച്ചുവിത്ത്‌, വെളുത്തവട്ടൻ, ചുവന്ന വട്ടൻ, കരവാള, അരിമോടൻ എന്നീ നാടൻ ഇനങ്ങളും, ചോമാല, കല്ലടിയാരൻ, ചുവന്ന തൊണ്ണൂറാൻ, വെള്ള തൊണ്ണൂറാൻ, കറുത്ത ഞവര, പാൽക്കയമ, പനംകുറവ, കറുത്ത കുടുക്കൻ, കുന്തിപ്പുല്ലൻ ഓക്ക കുഞ്ഞു, എന്നീ പരമ്പരാഗത ഇനങ്ങൾക്കുംപുറമെ ഐശ്വര്യാ, സ്വർണപ്രഭ, ഹർഷ, വർഷ, സംയുക്ത, വൈശാഖ്‌, ആതിര, മുട്ടത്രിവേണി, ഓണം, ചിങ്ങം, കാർത്തിക, രേവതി, രമണിക, പ്രത്യാശ തുടങ്ങിയ അത്യുൽപ്പാദനക്ഷമതുള്ള വിത്തുകളും മോടൻ കൃഷിക്ക്‌ ഏറ്റവും അനുയോജ്യങ്ങളാണ്‌.

കരകൃഷിക്ക്‌ തെരഞ്ഞെടുത്ത സ്‌ഥലം കാലേകൂട്ടി ഉഴുതു മറിച്ചോ, കൊത്തികിളച്ചോ പരുവപ്പെടുത്തി കളകൾ പൂർണമായും നീക്കം ചെയ്‌തു നിരപ്പാക്കിയിടണം. മണ്ണ്‌ നല്ലപോലെ വളപുഷ്‌ടി ഉള്ളതാക്കണം. പാകം വന്ന കംബോസ്‌റ്റ്‌, കാലിവളം, പഴകിയ ചാണകം തുടങ്ങി ചെലവ്‌ കുറഞ്ഞ രീതിയിൽ കിട്ടാവുന്ന ജൈവ വളങ്ങൾ പരമാവധി ചേർത്തു കൊടുക്കണം. ഏക്കറിന്‌ രണ്ടായിരം

ലോഗ്രാംവരെയായാൽ നന്നായി. ഏക്കറിന്‌ 200 കി.ഗ്രാം വരെ കുമ്മായം ചേർക്കുന്നത്‌ മണ്ണിലെ അമ്ലത അഥവാ പുളിപ്പ്‌ കുറക്കാൻ ഉപകരിക്കും. പുതുമഴ ലഭിച്ച കഴിഞ്ഞാൽ വിത്ത്‌ വിതക്കാം. വിത്ത്‌ വാരി വിതക്കുന്നത്‌ കരകൃഷിക്ക്‌ അത്ര അനുയോജ്യമല്ല. ഇങ്ങിനെ ചെയ്‌താൽ നെൽച്ചെടികൾക്കിടയിൽ നിന്നും കളകൾ നീക്കംചെയ്യൽ എളുപ്പമാകില്ല. വിത്ത്‌ നിർദ്ദിഷ്‌ട അകലം നൽകി നുരി വെക്കുന്നതാണ്‌ നല്ലത്‌. പത്ത്‌ സെന്റ്‌ സ്‌ഥലത്തേക്ക്‌ രണ്ടര കി.ഗ്രാം തോതിൽ വിത്ത്‌ ആവശ്യമായി വരും. ഒരു കി.ഗ്രാം വിത്തിന്‌ 10 ഗ്രാം എന്ന നിരക്കിൽ സ്യൂഡോ മോണാസ്‌ (ജീവാണു വളം) വിത്തുമായി യോജിപ്പിച്ച്‌ 12 മണിക്കൂർ വെച്ചശേഷം വിതക്കുന്നത്‌ ചെടിയുടെ തുടർന്നുള്ള ആരോഗ്യകരമായ വളർച്ചക്കുപകരിക്കും.

പ്രധാനശല്യം കളകളുടെ അമിതമായ വളർച്ചയാണ്‌. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ കളകളെ വേരടക്കം പിഴുതെടുത്ത്‌ നശിപ്പിക്കണം. നല്ലപോലെ ജൈവവളപ്രയോഗം നടത്തിയ മണ്ണിൽ പ്രത്യേക രാസവള പ്രയോഗമൊന്നും ആവശ്യമായി വരാറില്ല.

കേരള കാർഷിക സർവകലാശാല, ഒരേക്കർ സ്‌ഥലത്തെ നാടൻ, പരമ്പരാഗത നെല്ലിനങ്ങൾക്ക്‌ 16 കി.ഗ്രാം നൈട്രജൻ, 8 കി.ഗ്രാം ഫോസ്‌ഫറസ്‌, 8 കി.ഗ്രാം പൊട്ടാഷ്‌ നൽകാൻ ശുപാർശ ചെയ്യുന്നു. ഉൽപ്പാദനക്ഷമതയുള്ള മൂപ്പ്‌ കുറഞ്ഞ ഇനങ്ങൾക്ക്‌ ഒരേക്കർ സ്‌ഥലത്തേക്ക്‌ ഇവ യഥാക്രമം 28 കി.ഗ്രാം 14 കി.ഗ്രാം 14 കി.ഗ്രാം എന്നിങ്ങനെ നൽകിയാൽ വിളവ്‌ പരമാവധി വർധിപ്പിക്കാൻ സാധിക്കുമെന്ന്‌ നിർദേശിക്കുന്നു. ജൈവകഫഷി രീതിയിൽ മോടൻ കൃഷി അവലംബിക്കുന്നവർ ഹരിത കഷായം ജീവാമൃതം തുടങ്ങിയ ചെലവ്‌ കുറഞ്ഞ വളർച്ചാ ത്വരകങ്ങൾ ഉണ്ടാക്കി ഉപയോഗിക്കുന്നതുവഴി രാസവളങ്ങൾ ഉപയോഗിക്കാത്തതുകൊണ്ടുണ്ടാകുന്ന പോഷക പോരായ്‌മ ഒരു പരിധിവരെ പരിഹരിക്കാനാവും.


പ്രധാന വാർത്തകൾ
 Top