02 July Thursday

മാനസി രണ്ടുലക്ഷത്തിൽ ഒരാളാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ ന്യൂജേഴ്‌സിയിൽ ദന്തഡോക്ടർമാരായ ഇന്ത്യൻ യുവദമ്പതികൾ മാനസി വസവാഡയും ഭർത്താവ്‌ നന്ദൻ ബച്ചും ‘നാടുകടത്തൽ’ ഭീഷണിയിലാണ്‌. എച്ച്‌1ബി വിസയിൽ അമേരിക്കയിലുള്ള ഇവർക്ക്‌ ഒന്നരമാസമായി ജോലിയില്ല. അമേരിക്കയിൽ കോവിഡ്‌ വ്യാപനത്തിലും മരണത്തിലും രണ്ടാം സ്ഥാനത്തുള്ള ന്യൂജേഴ്‌സി മാർച്ച്‌ മധ്യംമുതൽ അടച്ചുപൂട്ടലിലാണ്‌. മാനസിയുടെ വിസാ കാലാവധി മൂന്നാഴ്‌ചയ്‌ക്കകവും നന്ദന്റേത്‌ ജൂണിലും അവസാനിക്കും.

ഈ പ്രശ്‌നം ഇവരുടേതുമാത്രമല്ല. അമേരിക്കയിൽ സ്ഥിരതാമസത്തിന്‌ പച്ചച്ചീട്ട്‌ തേടുന്ന രണ്ടരലക്ഷം അതിഥി തൊഴിലാളികളിൽ രണ്ട്‌ ലക്ഷത്തോളം പേരുടെ എച്ച്‌1ബി വിസയുടെ കാലാവധി ജൂണോടെ അവസാനിക്കും. കൂടാതെ, സ്ഥിരവാസത്തിന്‌ ശ്രമിക്കാത്ത ആയിരക്കണക്കിനാളുകൾകൂടി സ്വന്തം നാടുകളിലേക്ക്‌ മടങ്ങാൻ നിർബന്ധിതരാകും.

എച്ച്‌1ബി വിസയിൽ അമേരിക്കയിലുള്ളവർക്ക്‌ ജോലിയില്ലാതെ 60 ദിവസത്തിലധികം അവിടെ തുടരാനാകില്ല. ഇവർ നിശ്ചിത സ്ഥലത്ത്‌ നിശ്ചിത തൊഴിലുടമയുടെ കീഴിൽ നിശ്ചിത വേതനത്തോടെ ജോലി ചെയ്യുന്നവരാണ്‌. ഇവരെ നിർബന്ധിത അവധിയിൽ വിടുന്നതും ശമ്പളം കുറയ്‌ക്കുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നതും വിസ വ്യവസ്ഥയുടെ ലംഘനമാണ്‌. ജോലി നഷ്‌ടപ്പെടുന്നവർ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്തുകയോ മറ്റുതരം വിസയിലേക്ക്‌ മാറുകയോ രാജ്യം വിടുകയോ ചെയ്യേണ്ടിവരും.

രണ്ടു മാസത്തിനിടെ കോടിക്കണക്കിന്‌ അമേരിക്കക്കാർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടിരിക്കെ അവർക്കാണ്‌ സർക്കാരിന്റെ മുൻഗണന. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാൻ എല്ലാ കുടിയേറ്റവും തൽക്കാലം നിരോധിക്കുമെന്ന്‌ 20ന്‌ പ്രസിഡന്റ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു. വിദേശികൾക്ക്‌ പച്ചച്ചീട്ട്‌ നൽകുന്നത്‌ 60 ദിവസത്തേക്ക്‌ തടഞ്ഞ്‌ പിറ്റേന്ന്‌ ട്രംപ്‌ ഉത്തരവിറക്കുകയും ചെയ്‌തു. ഇതാണ്‌ എച്ച്‌1ബി വിസാ കാലാവധി കഴിയാറായവരെ ആശങ്കയിലാക്കുന്നത്‌.

നാട്ടിലേക്ക്‌ മടങ്ങേണ്ടിവന്നാൽ എന്ത്‌ ചെയ്യും എന്നതാണ്‌ നന്ദൻ–-മാനസി ദമ്പതികൾ നേരിടുന്ന വെല്ലുവിളി. അമേരിക്കയിൽ ഉപരിപഠനം നടത്താൻ അവർ എടുത്ത 5,20,000 ഡോളറിന്റെ വായ്‌പ(3.94 കോടി രൂപ) എങ്ങനെ  തിരിച്ചടയ്‌ക്കും എന്നതാണ്‌ പ്രധാന പ്രശ്‌നം. ഇന്ത്യയിൽ ലഭിക്കാവുന്ന വരുമാനംകൊണ്ട്‌ ഇത്‌ തിരിച്ചടയ്‌ക്കാനാകില്ല.


പ്രധാന വാർത്തകൾ
 Top