27 September Sunday

360 ഡിഗ്രി കറങ്ങിയെത്തിയിട്ടും

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2019

2019ന്റെ തുടക്കത്തിൽ ശബരിമല, ഉയർത്തിവിട്ട ചോദ്യങ്ങൾക്ക്‌ മറുചോദ്യവും ഉത്തരവും തേടുകയായിരുന്നു കേരളത്തിലെ സാമൂഹ്യമാധ്യമങ്ങൾ. സമാനമാണ്‌ ഇപ്പോഴും അവസ്ഥ. അന്തരീക്ഷം കലുഷിതമാക്കുന്ന സാമൂഹ്യവിഷയങ്ങളെ കോമൺമാൻ–- സെലിബ്രിറ്റി ഭേദമില്ലാതെ ചോദ്യം ചെയ്യൽ തുടരുകയാണ്‌ 2019 തീരുമ്പോഴും

‘ബാലാ... സോഷ്യൽ കണ്ടീഷൻ ആകെ മോശമാണ്‌ അല്ലേടാ?’
2019 ന്റെ തുടക്കത്തിൽ നടൻ മമ്മൂട്ടി കവി ബാലചന്ദ്രൻ ചുള്ളിക്കാടിനോട്‌ ചോദിച്ച ത്‌ വ്യാപകമായി ചർച്ചയായതാണ്‌. സാമൂഹ്യമാധ്യമങ്ങളിൽ അതേചൊല്ലി വാദവും പ്രതിവാദവും മുറുകി. കാലം 365 ഡിഗ്രി തിരിഞ്ഞെത്തി. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി സമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും അതേക്കാളും വലിയ ചർച്ചയും ആശയസംഘർഷങ്ങളും നടക്കുന്ന കാലം. മമ്മൂട്ടിയടക്കമുള്ള സെലിബ്രിറ്റികൾ വീണ്ടും പ്രതികരിക്കുന്ന കാലം. 2019 തുടക്കത്തിൽ ശബരിമല യുവതീപ്രവേശനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കമുണ്ടായ വിഷം ചീറ്റലാണ്‌ പ്രമുഖരെയടക്കം പ്രതികരിക്കാൻ നിർബന്ധിതരാക്കിയതെങ്കിൽ, പൗരത്വബില്ലാണ്‌ ഇപ്പോഴത്തെ സജീവചർച്ച. 2019 പടിയിറങ്ങുമ്പോഴും ട്വിറ്റർ മുതൽ ഇൻസ്‌റ്റഗ്രാം വരെയുള്ള സെലിബ്രിറ്റി ഹാൻഡിലുകളിൽ വരെ ഇപ്പോഴും പ്രതിഷേധം ഒടുങ്ങുന്നില്ല. വലിയ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയാണ്‌ 2020 ന്റെ പ്രവേശം. സാമൂഹ്യമാധ്യമങ്ങളിലാണ്‌ ആ പ്രവേശനത്തിന്റെ കൊട്ടും കുരവയും. 

വൈറൽ കട്ടും ഹാഷ്‌ടാഗും
രണ്ടാം പ്രളയവും പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിെല ഉരുൾപൊട്ടലും അതിന്റെ രക്ഷാപ്രവർത്തനങ്ങളും കേരളത്തിൽ പോയവർഷം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറലായി. മുഖ്യമന്ത്രിയുടെയും സിനിമക്കാരടക്കമുള്ള സെലിബ്രിറ്റികളുടെ ആഹ്വാനവും ഏറെ ആഘോഷിച്ചു. ‘എന്നാ പിന്നെ നമ്മളങ്ങ്‌ ഇറങ്ങുവല്ലെ’ എന്ന ആദ്യ പ്രളയക്കാലത്തെ മുഖ്യമന്ത്രിയുടെ ആഹ്വാനം ഹാഷ്‌ടാഗോടെ ഈ വർഷവും പ്രചരിച്ചു.

പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന്‌ അന്ന്‌ തലസ്ഥാനത്തെ മേയറായിരുന്ന വി കെ പ്രശാന്തിന്‌ ‘മേയർ ബ്രോ’ എന്ന പേര്‌ തന്നെ സാമൂഹ്യമാധ്യമങ്ങൾ നൽകി. ആ ചെല്ലപ്പേര്‌ ‘എംഎൽഎ ബ്രോ’ എന്ന യാഥാർഥ്യത്തിലേക്കാണ്‌ പിന്നീട്‌ നയിച്ചത്‌. കേരള രാഷ്ട്രീയത്തെ തന്നെ കാര്യമായി സ്വാധീനിക്കാൻ, യുവാക്കളുടെ അക്കാലത്തെ സാമൂഹ്യമാധ്യമ ഇടപെടലിന്‌ കഴിഞ്ഞു.

കൊച്ചി ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്‌, പ്രളയബാധിതർക്കായി തന്റെ സമ്പാദ്യമെല്ലാം ഇട്ടുകൊടുത്തപ്പോൾ, മലയാളി അത്‌ സ്വജീവിതത്തിലും സാമൂഹ്യമാധ്യമങ്ങളിലും ഒരേപോലെ ആഘോഷിച്ചു.

ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ സാധനമെത്തിക്കാൻ ഓട്ടോകാശ്‌ തികയാത്തതിനാൽ 70 രൂപ പിരിച്ച ചേർത്തലയിലെ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഓമനക്കുട്ടന്റെ യാഥാർഥ്യം സമൂഹത്തെ അറിയിച്ചതും സാമൂഹ്യമാധ്യമങ്ങളാണ്‌.  മുഖ്യധാര ടെലിവിഷൻ ചാനലുകൾ പെരുങ്കള്ളനെന്നുവിളിച്ച ഓമനക്കുട്ടൻ, സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിന്റെ വീരനായകനായി. 

വൈറൽ @ 2019
(സാമൂഹ്യമാധ്യമങ്ങളിൽ പോസിറ്റീവായും അല്ലാതെയും ഏറെ വൈറലായ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ)
# വാളയാറിലെ രണ്ട്‌ പെൺകുട്ടികളുടെ ആത്മഹത്യ, നീതി ആവശ്യപ്പെട്ട്‌ ഹാഷ്‌ടാഗ്‌ ക്യാമ്പയിൻ ഏറെ പ്രചാരം നേടി.
# വയനാട്‌ സുൽത്താൻബത്തേരി സർവജന സ്‌കൂളിലെ ഷഹലയുടെ പാമ്പുകടിയേറ്റുള്ള മരണം. സമയത്ത്‌ ചികിത്സയെത്തിക്കാത്ത അധ്യാപകർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ആളിക്കത്തി. വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായ കുട്ടികളുടെ ചിത്രം ഏറെ ചർച്ചയായി.
# വയനാട്‌ എംപി രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ്‌ പ്രസംഗം തർജമ ചെയ്‌ത കരുവാരക്കുണ്ട്‌ സ്‌കൂളിലെ സഫയുടെ പ്രസംഗം സാമൂഹ്യ മാധ്യങ്ങൾ ഏറ്റെടുത്തു. പൊതുവിദ്യാഭ്യാസത്തിന്റെ മികവിന്റെ തിളക്കമാർന്ന ഉദാഹരണവുമായി സഫ.
# മീടൂ ക്യാംപയിൻ ഈ വർഷവും വെള്ളിടി തീർത്തു.
# കോഴിക്കോട്ട്‌ രണ്ട്‌ വിദ്യാർഥികളുടെ മാവോയിസ്‌റ്റ്‌ ബന്ധം സംബന്ധിച്ച യുഎപിഎ കേസും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായി
# ബാബറി മസ്‌ജിദ്‌ വിധി വന്ന ദിവസം, വാട്‌സാപ്പടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ‘അഡ്‌മിൻ ഒൺലി’യെന്ന കേട്ടുകേൾവിയില്ലാത്ത അച്ചടക്കവും സ്വയം പാലിച്ചു.
# രണ്ടാം പ്രളയസമയത്ത്‌ ‘കെപിസിസിയുടെ 1000 വീടെവിടെ’ പ്രചാരണവും വലിയ ഹിറ്റായി
# വാട്‌സാപ്പടക്കമുള്ളവയിൽ, രേഖകളുടെയോ യുക്തിയുടെയോ കേവല പിന്തുണ പോലുമില്ലാതെ തള്ളുന്നവർക്ക്‌ ‘കേശവമ്മാമൻ’ എന്ന വിളിപ്പേരും പ്രത്യക്ഷപ്പെട്ടു.
# നന്മമരം: 2019ൽ സാമൂഹ്യമാധ്യമങ്ങൾ കണ്ടുപിടിച്ച മറ്റൊരു വാക്കാണിത്‌. വലിയ സാമൂഹ്യ സേവനം ചെയ്യുന്നുവെന്ന്‌ മേനി നടിക്കുന്ന ഇക്കൂട്ടരിൽ ചിലർ സാമ്പത്തിക അഴിമതിക്കാരെന്നാണ്‌ ആരോപണം.
# പാകിസ്ഥാന്റെ പിടിയിൽ നിന്നും മടങ്ങിയെത്തിയ അഭിനന്ദ്‌ വർധമാന്റെ ജീവിതവും വലിയ ആഘോഷമായി. വർധമാൻ മീശ വൈറലായി ഇപ്പോഴും പടരുകയാണ്‌.
# റഫാൽ യുദ്ധവിമാന അഴിമതി ‘ദ ഹിന്ദു’ ദിനപത്രമാണ്‌ വെളിച്ചത്തുകൊണ്ടുവന്നതെങ്കിലും സാമൂഹ്യമാധ്യമങ്ങൾ നന്നായി കൊണ്ടാടി. ദേശീയതലത്തിൽ പോയവർഷം ഹിറ്റായ പ്രചാരണത്തിൽ മുമ്പിലുള്ളത്‌ റഫേൽ അഴിമതിയും ഹിന്ദു പുറത്തുവിട്ട രേഖകളുമാണ്‌.
# ജെഎൻയു വിനെതിരായ സംഘടിത പ്രചാരണത്തെ പ്രതിരോധിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ മുന്നിൽ നിന്നു.
# ആമസോൺ വനാന്തരങ്ങളുടെ കാവൽക്കാരൻ പൗലോ പൊളിനോയുടെ കൊലപാതകവും വ്യാപക ചർച്ചയും സംവാദവുമായി.
 

ട്രെൻഡുകൾ ഒറ്റനോട്ടം
# ജോളിയുടെ സയനൈഡ്‌ കൂട്ടക്കൊല
# അമ്മയുടെ കാമുകന്റെ മർദനമേറ്റ്‌ തൊടുപുഴയിൽ കുട്ടിയുടെ മരണം
# ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയായ വീട്ടമ്മയുടെ മർദനമേറ്റ്‌ കുട്ടിയുടെ മരണം
# മോഹൻലാൽ സംവിധായകനാകുന്നു. സിനിമ ബറോസ്‌ (3ഡി)
# ‘എവിടെ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആശ ശരത്തിന്റെ ലൈവ്‌ വീഡിയോ
# സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ നടൻ ബിനീഷ്‌ ബാസ്‌റ്റ്യനെതിരെ നടത്തിയ വംശീയ പെരുമാറ്റം
# മുഖം വയസ്സനായി കാണിക്കുന്ന ഫെയ്‌സ്‌ ആപ്പിലൂടെ സ്വന്തം മുഖം പ്രദർശിപ്പിക്കൽ. കോലിയടക്കമുള്ള പ്രമുഖർ ഇതിൽ പങ്കാളിയായി.
# ഉന്നാവ്‌ ബലാത്സംഗം
# ബലാത്സംഗ കേസിലെ പ്രതികളെ ഹൈദരാബാദിൽ വെടിവച്ചുകൊന്ന സംഭവം
#ചാന്ദ്രയാൻ വിക്ഷേപണവും പരാജയവും
# ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള അമിത്‌ ഷായുടെ നീക്കം
# തമിഴ്‌നാട്ടിൽ കുഴൽകിണറിൽ വീണ്‌ കുട്ടി മരിച്ച സംഭവം
# ചെന്നൈ ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണം
# മാമല്ലപുരം ബീച്ചിൽ പ്ലാസ്‌റ്റിക്‌  പെറുക്കുന്ന മോഡി
# മോഡി കേരളത്തെ സ്വാധീനിക്കില്ലെന്ന  ബോളിവുഡ്‌ നടൻ ജോൺ എബ്രഹാമിന്റെ പ്രസ്‌താവന
# തങ്ങൾ ചെറുപ്പത്തിൽ അന്തർമുഖരായിരുന്നെന്നും വിക്കരായിരുന്നെന്നുമുള്ള ഹൃതിക്‌ റോഷന്റെയും സമീറ റെഡ്ഡിയുടെയും പ്രസ്‌താവന
# തനിക്കെതിരായ സൈബർ അക്രമണത്തിൽ പ്രതിഷേധിച്ച്‌ സണ്ണി ലിയോണിന്റെ പ്രസ്‌താവന
# ആമസോൺ തീപിടിത്തം 

ലോകവ്യാപക വല
2020 ഓടെ ലോകമാകെ 5ജി ഓഫർ ചെയ്യുകയാണ്‌ യുഎസ്‌ സ്‌പേയ്‌സ്‌ എക്‌സ്‌ ഉടമ ഇലോൺ മാസ്‌ക്‌. ഇതിനായി നിരവധി ഉപഗ്രഹങ്ങൾ അയച്ചാണ്‌ അതിവേഗ നെറ്റ്‌ സാധ്യമാക്കുന്നത്‌. 5ജിക്കായി റഷ്യ വാവേയ്‌ കമ്പനിയുമായി ഉടമ്പടി ഉണ്ടാക്കി കഴിഞ്ഞു. ഇന്റർനെറ്റ്‌ ഉപയോഗത്തിൽ 121-- ‐ാം സ്ഥാനത്തുള്ള ഇന്ത്യക്ക്‌ ഈ വാർത്ത അത്ര ആവേശമുണ്ടാക്കുന്നതല്ല. ലോകത്തിന്റെ പകുതിയും ഇന്റർനെറ്റ്‌ വലയത്തിലാണെന്നാണ്‌ പോയവർഷത്തെ വാർത്ത. ഇതിൽ 21 ശതമാനം ചൈനയും. ഇന്ത്യയിൽ ഇത്‌ 12 ശതമാനവും വരും. ട്രായ്‌ പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യക്കാരുടെ ശരാശരി നെറ്റ്‌ ഉപയോഗം 9.73 ജിബിയാണ്‌. അതേസമയം, ലോക ശരാശരി 4 ജിബിയും. ഇന്ത്യയിൽ ഡൽഹിയാണ്‌ ഏറ്റവും വലിയ നെറ്റ്‌ ഉപയോക്താക്കൾ 69 ശതമാനം. കേരളമാണ്‌ രണ്ടാം സ്ഥാനത്ത്‌ 57 ശതമാനം.

ഫെയ്‌സ്‌ബുക്ക്‌
പ്രാദേശിക വാർത്താ വിതരണം ശക്തമാക്കാൻ കോടികളുടെ നിക്ഷേപം.
വ്യാജവാർത്തകൾ കണ്ടെത്താൻ പത്രപ്രവർത്തകരെ നിയോഗിച്ചു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ്‌ കാലത്ത്‌ 30000 പേരെ നിരീക്ഷകരായി നിയോഗിച്ചു
കമ്പനിയുടെ വളർച്ച നിരക്കിൽ വലിയ കുതിപ്പുണ്ടായ വർഷം. എഫ്‌ബി ഡീ ആക്ടിവേറ്റ്‌ ചെയ്യുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായതായി സ്‌റ്റാൻഫോഡ്‌ സർവകലാശാല പഠനം.
അഡ്‌മിനുകൾക്ക്‌ കൂടുതൽ അധികാരം. നിയമം ലംഘിക്കുന്നവരെ പെട്ടെന്ന്‌ തിരിച്ചറിയാനുള്ള സൗകര്യം
ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ ഡാർക്ക്‌മോഡ്‌
15 ലക്ഷം ഭീകരാക്രമണ വീഡിയോകൾ എഫ്‌ബി നീക്കി. ന്യൂസിലന്റ്‌ ഭീകരാക്രമണത്തിന്‌ ശേഷം എഫ്‌ബി ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്‌ വീഡിയോ കണ്ടെത്തിയതും നീക്കിയതും.
സ്വകാര്യത ലംഘിക്കുന്നത്‌ തുടരുന്നതിനാൽ എഫ്‌ബി പിരിച്ചുവിടണമെന്ന്‌ സഹസ്ഥാപകൻ ക്രിസ്‌ ഹ്യൂസ്‌
വാർത്തകൾക്കായി പ്രത്യേക വിഭാഗം. വാൾട്ട്‌ സ്‌ട്രീറ്റ്‌ ജേണൽ, ന്യൂയോർക്ക്‌ ടൈംസ്‌, വാഷിങ്‌ടൺ പോസ്‌റ്റ്‌ എന്നിവയുടെ വാർത്തകളാണ്‌ ഇതിൽ കിട്ടുക. 

വാട്‌സാപ്‌
ഉത്തരവാദിത്തമില്ലാത്ത പ്രസ്‌താവനയിറക്കുന്നവരെ നിരീക്ഷിക്കാനും പൂട്ടാനുമുള്ള തീരുമാനം.
ഫോർവേഡ്‌ സന്ദേശമാണെങ്കിൽ എത്രതവണ ഫോർവേഡ്‌ ചെയ്‌തുവെന്ന്‌ സൂചിപ്പിക്കൽ.
സന്ദേശത്തിന്റെ ഉറവിടം എവിടെയെന്ന്‌ തെരയാനുള്ള സൗകര്യം.
അനുമതി വാങ്ങി മാത്രം ആഡ്‌ ആക്കാൻ കഴിയുന്ന ഓപ്‌ഷൻ നിലവിൽ വന്നു.
വാട്‌സാപ് ഭീഷണികൾ പരാതിയായി കോടതികൾ സ്വീകരിച്ചു തുടങ്ങി. ഇക്കാര്യം ടെലി കമ്യൂണിക്കേഷൻ വകുപ്പ്‌ പ്രത്യേക മെയിലിലൂടെ അറിയിച്ചു.
ട്രാൻസ്‌ജെൻഡർ പതാക ഇമോജിയായി സ്വീകരിച്ചു.
ഫോർവേഡ്‌ സന്ദേശത്തിലും ചിത്രങ്ങളിലും ഹാക്കർമാർക്ക്‌ എഡിറ്റ്‌ ചെയ്യാമെന്ന്‌ തെളിഞ്ഞു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top