30 November Monday

നിത്യഹരിത സിനിമകളുടെ ശിൽപ്പി ജോൺപോളിന്‌ ഇന്ന്‌ 70

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കൊച്ചി
മലയാളത്തിന്‌ പുതിയ ഭാവുകത്വം സമ്മാനിച്ച  നിത്യഹരിത സിനിമകളുടെ ശിൽപ്പി ജോൺപോളിന്‌ ഇന്ന്‌ എഴുപത്‌. 1980ൽ ഭരതന്റെ ചാമരം എന്ന ഹിറ്റ്‌ സിനിമയിലൂടെ കടന്നുവന്ന ജോൺപോൾ ഇതുവരെ നൂറോളം സിനിമകൾക്ക്‌ തിരക്കഥകളുടെ കരുത്ത്‌ പകർന്നു. കഴിഞ്ഞവർഷം കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ ആണ്‌ ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം. എഴുപതിന്റെ ചെറുപ്പം എഴുത്തിനായി മാറ്റിവച്ച ജോൺപോൾ മലയാള സിനിമയുടെ ആദ്യ 25 വർഷത്തെ ചരിത്രം വരച്ചിടുന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ്‌.

പിറന്നാളുകൾ പ്രത്യേകം ആഘോഷിക്കാറില്ലെങ്കിലും എഴുപതിന്റെ നിറവിൽ പിറക്കുന്ന ഒരു പുസ്‌തകത്തോടൊപ്പം ചെറിയ ആഘോഷമുണ്ട്‌. ജോൺപോളിന്റെ ഓർമ വിചാരം എന്ന പുസ്‌തകമാണ്‌ സപ്‌തതി നിറവിൽ വ്യാഴാഴ്‌ച പുറത്തിറങ്ങുന്നത്‌. മലയാള സിനിമയുമായി ബന്ധപ്പെട്ട അപൂർവ സ്‌മരണകളാണ്‌ പുസ്‌തകത്തിൽ. ചാവറ കൾച്ചറൽ സെന്ററിലാണ്‌ പ്രകാശനം. സിനിമയും എഴുത്തുമായി ബന്ധപ്പെട്ട ജീവിതം സുഗമമായി മുന്നോട്ടുപോകുന്നതായി ആലിൻചുവടിലെ വാടകവീട്ടിലിരുന്ന്‌ അദ്ദേഹം പറഞ്ഞു.

പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കഴിഞ്ഞവർഷം പ്രണയമീനുകളുടെ കടലിൽ സഹകരിച്ചതെങ്കിലും സിനിമ–-സാംസ്‌കാരിക രംഗത്ത്‌ ജോൺപോളുണ്ട്, എഴുത്തും പ്രഭാഷണവും ചർച്ചകളുമൊക്കെയായി. എം ടിയും പത്മരാജനുമൊക്കെ തിളങ്ങിനിന്ന കാലത്ത്‌ സിനിമയെഴുത്തിൽ വേറിട്ട ശബ്ദം കേൾപ്പിച്ച ജോൺപോളിനെ കേൾക്കാൻ സിനിമാ വിദ്യാർഥികളുമെത്തുന്നു. കോവിഡ്‌ കവർന്ന പത്തുമാസവും യാത്രകൾ കുറവായിരുന്നു. അതിന്റെ ഭാഗമായി അൽപ്പം ശാരീരികാസ്വസ്ഥതകൾ ഉണ്ടെന്നതൊഴിച്ചാൽ എല്ലാം പതിവുപോലെ എന്ന്‌ ജോൺപോൾ. ഭാര്യ: ഐഷ എലിസബത്ത്‌. മകൾ: ജിഷ.

ബാങ്ക്‌ ഉദ്യോഗവും പത്രപ്രവർത്തനവുമൊക്കെ കഴിഞ്ഞാണ്‌ ജോൺപോൾ അവിചാരിതമായി സിനിമാരംഗത്തേക്ക്‌ എത്തിയത്‌. സിനിമാ സൗഹൃദങ്ങൾതന്നെ കാരണം. ഭരതന്റെ ചാമരം, മർമരം എന്നീ ചിത്രങ്ങൾക്കുശേഷം മോഹന്റെ വിടപറയുംമുമ്പെ, കഥയറിയാതെ എന്നീ ചിത്രങ്ങൾ. ഓർമയ്‌ക്കായി, പാളങ്ങൾ, സന്ധ്യമയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാതോടുകാതോരം, കേളി, മാളൂട്ടി തുടങ്ങിയ ഭരതൻചിത്രങ്ങളും തിളങ്ങി. കെ എസ്‌ സേതുമാധവൻ, ഐ വി ശശി, ജോഷി, ജേസി, സത്യൻ അന്തിക്കാട്‌ തുടങ്ങിയ സംവിധായകരുടെ ഹിറ്റുകൾക്കും കഥയും തിരക്കഥയുമൊരുക്കി. എം ടി സംവിധാനംചെയ്‌ത ഒരു ചെറു പുഞ്ചിരിയുടെ നിർമാതാവായി. സൈറാബാനു എന്ന ചിത്രത്തിൽ ചെറിയവേഷവും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top