30 November Monday

കാട്ടുപാതയിലൂടെ നിയമവഴിയിലേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

രാധിക അമ്മ ബിന്ദുവിനും സഹോദരങ്ങളായ റെജു, മഞ്ജു എന്നിവർക്കുമൊപ്പം


കൽപ്പറ്റ
കാടിന്റെ മക്കൾക്കുവേണ്ടി വാദിക്കാൻ ഇനി അവരുടെ സ്വന്തം രാധികയുണ്ട്‌.  മനസ്സിൽ മൊട്ടിട്ട അഭിഭാഷക മോഹത്തിന്‌ സർക്കാർ കൈപിടിച്ചപ്പോൾ വയനാട്ടിലെ പ്രാക്തന ഗോത്രവർഗ വിദ്യാർഥിനി  നിയമപഠനത്തിന്റെ ആദ്യകടമ്പ കടന്നു. നൂൽപ്പുഴ കല്ലൂർക്കുന്ന് കാട്ടുനായ്‌ക്ക കോളനിയിലെ കെ കെ രാധികയാണ്‌  നിയമപഠനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) ഉന്നത വിജയം നേടി ചരിത്രം കുറിച്ചത്‌. ജില്ലയിൽനിന്ന്‌ ആദ്യമാണ് കാട്ടുനായ്‌ക്ക വിഭാഗത്തിലുള്ള വിദ്യാർഥിനി നിയമപഠനത്തിന് അർഹതനേടുന്നത്.  അഭിനന്ദനമറിയിച്ച് മന്ത്രി എ കെ ബാലന്റെ ഫോൺവിളിയെത്തിയപ്പോഴാണ്   വിജയത്തിന്റെ വില അറിഞ്ഞതെന്ന്  രാധിക പറഞ്ഞു.

കല്ലൂർക്കുന്ന് കോളനിയിലെ കരിയൻ–-ബിന്ദു ദമ്പതികളുടെ നാലുമക്കളിൽ മൂത്തവളാണ്. ആദിവാസി വിദ്യാർഥികളെ വക്കീൽ കുപ്പായമണിയിക്കാൻ സർക്കാർ നൽകിയ പ്രത്യേക പരിശീലനത്തിലൂടെയാണ് നിയമ പഠനത്തിനുള്ള പരീക്ഷ പാസായത്. പ്ലസ് ടു കഴിഞ്ഞ കാട്ടുനായ്‌ക്ക വിഭാഗത്തിൽപ്പെട്ട ഒമ്പത് വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. കടമ്പ കടന്നത് രാധിക മാത്രം.  

പട്ടികവർഗ വകുപ്പും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്നാണ് പരിശീലനം നൽകിയത്.   പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവും പട്ടികവർഗ വകുപ്പ് വഹിച്ചു. തുടർ പഠനത്തിനുള്ള ചെലവും സർക്കാർ വഹിക്കും.  അഖിലേന്ത്യ തലത്തിൽ പട്ടികവർഗ വിഭാഗത്തിൽ 1022–-ാം റാങ്കാണ്.   ബംഗളൂരുവിലേയോ കൊച്ചിയിലേയോ ക്യാമ്പസിലാകും പഠനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top