20 November Wednesday

തുറക്കാം നിർമിത വീടുകൾ

മിൽജിത്‌ രവീന്ദ്രൻUpdated: Thursday Aug 29, 2019


തിരുവനന്തപുരം
വിദേശരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ്‌ വീടുകളെ  ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പ്രകൃതി ദുരന്തങ്ങളെ ചെറുക്കാൻ സാധിക്കുന്ന ഇത്തരം വീടുകൾ കേരളത്തിന്റെ നിലവിലെ സാഹചര്യത്തിൽ ഏറെ സഹായകമാകും.

വീടിന്റെ തറ, ഭിത്തി, മേൽക്കൂര അടക്കം പുറത്തു നിർമിച്ച്‌ സ്ഥലത്ത്‌ എത്തിച്ച്‌ ഏകോപിപ്പിക്കുന്നതാണ്‌ രീതി. മണ്ണിന്റെ സവിശേഷതയനുസരിച്ച്‌ തറ നിർമിച്ചശേഷമാണ്‌ വീടിന്റെ നിർമാണം. കല്ലും മണലും സിമന്റും തടിയും അടക്കം പ്രകൃതിയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കാനാകും. സാധാരണ വീടിന്റെ ആയുസ്സ്‌ 50 മുതൽ 70 വർഷമാണെങ്കിൽ പ്രീ–- ഫാബ്രിക്കേറ്റഡിന്റേത്‌ നൂറു വർഷത്തിനു മുകളിലാണ്‌. അടിസ്ഥാനം നിർമിച്ചാൽ ഒറ്റ ദിവസംകൊണ്ട്‌ വീട്‌ പൂർത്തിയാക്കാം.  കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിന്റെ നേതൃത്വത്തിൽ ഒമ്പത്‌ വീടാണ്‌ ഈ രീതിയിൽ നിർമിച്ചതെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നൽകിയ എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രോ–- വൈസ്‌ ചാൻസലർ ഡോ. എസ്‌ അയൂബ്‌ പറഞ്ഞു.
കൊല്ലം ജില്ലയിലെ മൺറോ തുരുത്തിലായിരുന്നു ആദ്യ വീട്‌ നിർമിച്ചത്‌.   ചതുരശ്രയടിക്ക്‌ 1100 രൂപയായിരുന്നു നിർമാണച്ചെലവ്‌. ഏഴുമുതൽ എട്ടുലക്ഷംവരെ രൂപയ്‌ക്ക്‌ 600 ചതുരശ്രയടി വീട്‌ നിർമിക്കാനാകും. തിരുവനന്തപുരം തോന്നയ്‌ക്കലിൽ അടുത്തിടെ പൂർത്തിയാക്കിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം പ്രീ–- ഫാബ്രിക്കേറ്റഡ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു.

മാറ്റി സ്ഥാപിക്കാം
പ്രകൃതിയുടെ സന്തുലിതാവസ്തയും മണ്ണിന്റെ ഘടനയും അനുസരിച്ച്‌ ഏറ്റവും ചെലവുകുറച്ച്‌ വീടുനിർമ്മിക്കുന്ന രീതിയാണിത്‌. തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിലാണ്‌ ഇത്തരത്തിലുള്ള വീട്‌ നിർമിക്കുന്നത്‌.  പൂർത്തിയായ വീടുകൾ ഒരു സ്ഥലത്തുനിന്ന്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ മാറ്റി സ്ഥാപിക്കാനും സാധിക്കും. ജിഐ പൈപ്പ്‌, ജിപ്‌സം –-സിമന്റ്‌ പാനലുകൾ, ഉരുക്ക്‌ ചട്ടക്കൂട്‌ തുടങ്ങിയവയാണ്‌ പ്രധാന നിർമാണ വസ്‌തുക്കൾ. ഭൂചലന സാധ്യതകൂടിയ പ്രദേശങ്ങളിൽ മുള ഉപയോഗിച്ച്‌ ഇത്തരം വീടുകൾ നിർമിക്കാറുണ്ട്‌.


പ്രധാന വാർത്തകൾ
 Top