30 November Monday

രൺവീർ സേനയെ ചെറുത്ത ചെങ്കൊടി

എം പ്രശാന്ത‌്Updated: Wednesday Oct 28, 2020


പട്‌ന
ദളിത്‌ സ്‌ത്രീകൾ വിവാഹത്തലേന്ന്‌ ഏതെങ്കിലും ഭൂമിഹാർ ജന്മിക്കൊപ്പം രാത്രി ഉറങ്ങണം. ‘ഡോലി പ്രഥ’ എന്ന ഈ ആചാരം 1980കൾ വരെ ബിഹാറിൽ നിലനിന്നിരുന്നു. ചെരിപ്പ്‌ ധരിക്കാൻ പാടില്ല. കട്ടിൽ ഉപയോഗിക്കരുത്‌. പാടങ്ങളിൽ അടിമപ്പണിയെടുക്കണം. മൂന്ന്‌ പതിറ്റാണ്ടുമുമ്പുവരെ ഇവിടെ ദളിത്‌ ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ അതിദയനീയമായിരുന്നു.

ചെങ്കൊടിയേന്തിയുള്ള പ്രക്ഷോഭങ്ങളിലൂടെയാണ്‌ മുഷാഹറുകൾ അടക്കമുള്ള ദളിതർ അടിമസമാനമായ ജീവിതത്തിൽനിന്ന്‌ മോചിതരായത്‌‌. കമ്യൂണിസ്റ്റ്‌ ആശയങ്ങൾ ദളിതർക്ക്‌ കരുത്ത്‌ പകർന്നപ്പോൾ രൺവീർസേന എന്ന പേരിൽ സ്വകാര്യസേന രൂപീകരിച്ച്‌‌ സവർണ ഭൂമിഹാറുകളും രാജ്‌പുതുകളും തിരിച്ചടിച്ചു. തൊണ്ണൂറുകളിൽ ജഹാനാബാദ്‌, ഭോജ്‌പുർ, അരാ തുടങ്ങിയ മേഖലകളിൽ രൺവീർസേന നടത്തിയ ആക്രമണങ്ങളിൽ നിരവധി ദളിതർ കൊല്ലപ്പെട്ടു. ബതാനി തോലയിൽ 21 ദളിതരും ലക്ഷ്‌മൺപുർ ബാത്തെയിൽ 58 ദളിതരും ശങ്കർ ബീഗയിൽ 22 ദളിതരും കൊല്ലപ്പെട്ടു. സവർണാക്രമണത്തിൽ ദളിതരുടെ ചോരവീണ മണ്ണിലാണ്‌ ആദ്യഘട്ട വോട്ടെടുപ്പ്‌. സിപിഐ എംഎല്ലിന്റെ നേതൃത്വത്തിലാണ്‌ സവർണർക്കെതിരെ ദളിതർ സംഘടിച്ചത്‌. 

ഒന്നാംഘട്ടത്തിൽ എട്ടിടത്ത്‌ സിപിഐ എംഎല്ലിന്‌ സ്ഥാനാർഥികളുണ്ട്‌. രൺവീർസേന സജീവമായിരുന്ന അരാ ജില്ലയിലെ അജിയാവ്‌ മണ്ഡലത്തിൽ മനോജ്‌ മൻസിലാണ്‌ സ്ഥാനാർഥി. ജെഡിയുവിന്റെ സിറ്റിങ്‌ എംഎൽഎ പ്രഭുനാഥ്‌ പ്രസാദാണ്‌ എതിരാളി. എൽജെപിയുടെ രാജേശ്വർ പസ്വാനും രംഗത്തുണ്ട്‌..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top