26 November Thursday

ലോകം വിറപ്പിച്ച്‌ കെട്ടടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019


ബെയ്‌റൂട്ട്‌
സിറിയയും ഇറാഖും ഉൾപ്പെടുന്ന മേഖലയുടെ മൂന്നിലൊന്ന്‌ കൈയടക്കി വളർന്നുവന്ന ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ ആഗോള നേതാവായി  അബൂബക്കർ അൽ ബാഗ്‌ദാദി ഉയർന്നുവന്നത്‌ 2013ൽ. അൽ ഖായ്‌ദ നേതാവായിരുന്ന ഒസാമ ബിൻ ലാദനു സമാനമായി അമേരിക്കയടക്കം മറ്റു രാജ്യങ്ങൾ കണക്കാക്കിയ ബാഗ്‌ദാദി 2014 ജനുവരിയോടെ ഇറാഖിലെ ഫലൂജയും സിറിയയിലെ റാഖയും പിടിച്ചടക്കിയാണ്‌ ലോകത്തെ ഞെട്ടിച്ചത്‌. ജൂണോടെ ഇറാഖ്‌ തലസ്ഥാനമായ ബാഗ്‌ദാദിനു സമീപംവരെ എത്തിയ ഐഎസ്‌ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളും സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്രിത്തും പിടിച്ചടക്കി. തുടർന്ന്‌ ഇസ്ലാമിക ഭരണക്രമമെന്ന പേരിൽ ഖിലാഫത്ത്‌  രൂപീകരിച്ച്‌  ഖലീഫയായി സ്വയം പ്രഖ്യാപിച്ചു. ജൂലൈ നാലിന്‌ മൊസൂളിലെ അൽനൂറി മസ്‌ജിദിൽ ജുമുഅ നമസ്‌കാരത്തിനിടെയാണ്‌ ബാഗ്‌ദാദി ആദ്യമായി പൊതുവേദിയിൽ എത്തിയത്‌. ലോകത്തെ മുസ്ലിങ്ങൾ എല്ലാം ഐഎസിനൊപ്പം ചേരണമെന്നും തന്റെ ഖലീഫാ നേതൃത്വം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഗസ്‌തോടെ മൊസൂളിനു പടിഞ്ഞാറുള്ള സിൻജാർ നഗരവും പിടിച്ച ഐഎസ്‌ യസീദികളോട്‌ കടുത്ത ക്രൂരതയാണ്‌ കാണിച്ചത്‌. നിരവധി പേരെ തലയറുത്തുകൊന്നു. സ്‌ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക അടിമകളാക്കി. കാണാതായ നൂറുകണക്കിനാളുകളെക്കുറിച്ച്‌ ഇന്നും വിവരമില്ല. അമേരിക്കൻ സേനയുടെ സഹായത്തോടെ കുർദുകൾ നടത്തിയ ചെറുത്തുനിൽപ്പിൽ 2015 ജനുവരിയോടെ മൊസൂളിന്റെ വടക്കുനിന്നും തുർക്കി അതിർത്തിയിലെ കൊബാനിയിൽനിന്നും ഐഎസിന്‌ ആദ്യ തിരിച്ചടി നേരിട്ടു. ഏപ്രിൽ ആദ്യം തിക്രിത്ത്‌ ഐഎസിൽനിന്ന്‌ ഇറാഖ്‌ തിരിച്ചുപിടിച്ചു. മേയിൽ സിറിയയിലെ പുരാതന നഗരമായ പാൽമിറ പിടിച്ചടക്കിയ ഐഎസ്‌ അവിടത്തെ ചരിത്രസ്‌മാരകങ്ങൾ തകർത്തു. 

മാസങ്ങൾ നീണ്ട പോരാട്ടത്തിൽ 2016 ഫെബ്രുവരിയിൽ റമാദി നഗരം ഇറാഖ്‌ സൈന്യം തിരിച്ചുപിടിച്ചു.  അഞ്ചാഴ്‌ച നീണ്ട പോരാട്ടത്തിനൊടുവിൽ ജൂണിൽ ഫലൂജയും ഒക്ടോബർ 17ന്‌ മൊസൂളും ഐഎസിൽനിന്ന്‌ ഇറാഖ്‌ സേന മോചിപ്പിച്ചു. നവംബറിൽ സിറിയൻ ജനാധിപത്യം സഖ്യം (എസ്‌ഡിഎഫ്‌) റാഖയെ ലക്ഷ്യമാക്കി ഓപ്പറേഷൻ യൂഫ്രട്ടീസ്‌ റാത്തിന്‌ തുടക്കമിട്ടു. മേയിൽ എസ്‌ഡിഎഫ്‌ നടത്തിയ തന്ത്രപരമായ നീക്കത്തിൽ തബ്‌ഖ അണക്കെട്ട്‌ ഐഎസിന്‌ നഷ്ടമായി. 

യുദ്ധം ശക്തമായതോടെ മൊസൂളിലെ അൽനൂരി മസ്‌ജിദും ചരിത്രസ്‌മാരകവും ഭീകരർ തകർത്തു. ജൂലൈ പത്തോടെ മൊസൂൾ പിടിച്ച ഇറാഖ്‌  ഐഎസിന്റെ ഖലീഫ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. റാഖയുടെ പൂർണ നിയന്ത്രണം എസ്‌ഡിഎഫ്‌ പിടിച്ചു. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സെപ്‌തംബർമുതൽ ഡിസംബർവരെ സിറിയ നടത്തിയ ആക്രമണത്തിൽ യൂഫ്രട്ടീസ്‌ നദിയുടെ പടിഞ്ഞാറൻ തീരപ്രദേശവും ദീർ അൽസൂർ, മയദിൻ, ബുക്കാമൽ നഗരങ്ങളും ഐഎസിന്‌ നഷ്ടമായി.
2018 ആഗസ്‌ത്‌ 23ന്‌  ബാഗ്‌ദാദി ശബ്ദസന്ദേശം പുറത്തുവിട്ടു.  2019  മാർച്ചിൽ ബാഗോസ്‌ പിടിച്ച എസ്‌ഡിഎഫ്‌ സിറിയയിലെയും ഐഎസിന്റെ ഖലീഫ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ നടത്തിയ നീക്കത്തിനു പിന്നിൽ ബാഗ്‌ദാദിയായിരുന്നു ലക്ഷ്യമെന്നും ശക്തമായ ആക്രമണത്തിൽ ബാഗ്‌ദാദി കൊല്ലപ്പെട്ടതായും ഒക്ടോബർ 27ന്‌ വൈറ്റ്‌ ഹൗസിൽ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചു.

യു എസ്‌ അധിനിവേശം വളർത്തിയ ഭീകരൻ
വാഷിങ്‌ടൺ
അേമരിക്ക 2003ൽ ഇറാഖിൽ നടത്തതിയ അധിനിവേശമാണ്‌ അബുബക്കർ അൽ ബാഗ്‌ദാദിയെ അന്താരാഷ്‌ട്ര ഭീകരനാക്കി വളർത്തിയത്‌. അധിനിവേശത്തോടെ ഇറാഖ്‌ ഭീകരവാദികളുടെ ആഗോള കേന്ദ്രമായത്‌ ബാഗ്‌ദാദിയുടെ വളർച്ചയ്‌ക്ക്‌ സഹായകമായി. 2004ൽ ഇറാഖിൽ യുഎസ്‌ സേനയുടെ  പിടിയിലായെങ്കിലും 10 മാസത്തിനു ശേഷം വിട്ടയക്കപ്പെട്ടു. അപ്പോഴെല്ലാം അൽ ഖായ്‌ദയുടെ ഇറാഖ്‌ ഘടകം നേതാവായിരുന്നു ബാഗ്‌ദാദി. 

ഒരു നായയെപ്പോലെയും ഭീരുവിനെപ്പോലെയുമായിരുന്നു ഐഎസ്‌ തലവൻ അബുബക്കർ അൽ ബാഗ്‌ദാദിയുടെ മരണം എന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌  ട്രംപ്‌ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. അമേരിക്കൻ സൈനികർ ഒളിയിടത്തിലേക്ക്‌ തുരന്നുമുന്നേറിയപ്പോൾ മക്കളുമായി തുരങ്കത്തിലേക്ക്‌ ഓടി ചാവേർകുപ്പായം പൊട്ടിച്ച്‌ മരിക്കുകയായിരുന്നത്രെ. ബിൻ ലാദനെ വധിച്ചതിനെക്കാൾ  മഹത്തരമായ വിജയമായാണ്‌ ട്രംപിന്റെ അവകാശവാദം. തെരഞ്ഞെടുപ്പിന്‌ ഒരു വർഷം മാത്രം ശേഷിക്കെ ഇംപീച്ച്‌മെന്റ്‌ ഭീഷണി നേരിടുന്ന ട്രംപിന്‌ വിദേശനയ വിജയമായി അവതരിപ്പിക്കാൻ കിട്ടിയ ആയുധമായി ബാഗ്‌ദാദി വധം. സിറിയ–-തുർക്കി അതിർത്തിയിൽ നിന്ന്‌ സൈന്യത്തെ പിൻവലിച്ചതിന്‌  വിമർശിച്ച സ്വന്തം കക്ഷിക്കാരെയും നിശ്ശബ്ദരാക്കാൻ ട്രംപിന്‌ അവസരമായി.

പാശ്‌ചാത്യ രാജ്യങ്ങൾ 2011ൽ സിറിയക്കെതിരെ തിരിഞ്ഞപ്പോഴാണ്‌ സംഘടനയെ ആഗോള ഭീകരപ്രസ്ഥാനമായി വളർത്താൻ അവസരമായത്‌. 2013 ഏപ്രിലിൽ സിറിയയിലെയും ഇറാഖിലെയും അൽ ഖായ്‌ദ ഘടകങ്ങൾ ചേർത്ത്‌ ഇസ്ലാമിക സ്‌റ്റേറ്റ്‌ ഇറാഖ്‌ ആൻഡ്‌ ലെവന്റ്‌ രൂപീകരിച്ചു. ഒരുവർഷം പിന്നിട്ടപ്പോഴേക്കും ഇറാഖിന്റെയും സിറിയയുടെയും മൂന്നിലൊന്നോളം പ്രദേശങ്ങളിൽ നിയന്ത്രണം പിടിച്ച്‌ ഇസ്ലാമികഭരണം പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ഭീകരവാദത്തിൽ ആകൃഷ്‌ടരായി എത്തിയ  പതിനായിരക്കണക്കിന്‌ തീവ്രവാദികൾ ഇതിന്‌ സഹായകമായി. 2014 ജൂണിലാണ്‌ സംഘടനയുടെ പേര്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌(ഐഎസ്‌) എന്നാക്കിയത്‌. സിറിയയിൽനിന്ന്‌ പിൻവാങ്ങണമെന്ന ആവശ്യം നിരസിച്ച ബാഗ്‌ദാദിയെ അൽ ഖായ്‌ദ തള്ളിപ്പറഞ്ഞു.2014ൽ ഇസ്ലാമിക രാഷ്‌ട്രത്തിന്റെ ഖലീഫയായി സ്വയം അവരോധിച്ചു.  കഴിഞ്ഞ ഏപ്രിലിൽ അവസാന വീഡിയോയും കഴിഞ്ഞ മാസം അവസാന ഓഡിയോ സന്ദേശവും പുറത്തുവന്നു.

ബാഗ്‌ദാദി വധം സിനിമപോലെ ആസ്വദിച്ച്‌ ട്രംപ്‌
വാഷിങ്‌ടൺ
ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയുടെ അവസാന നിമിഷങ്ങൾ വൈറ്റ്‌ ഹൗസിൽ സിനിമ കാണുംപോലെ വീക്ഷിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. സിറിയയിൽ ബാഗ്‌ദാദി ആഴ്‌ചകളായി നിരീക്ഷണത്തിലായിരുന്നു. തുർക്കി അതിർത്തിക്കടുത്തുള്ള ഇദ്‌രിദിൽ ഒളിച്ചുകഴിഞ്ഞ ബാഗ്‌ദാദി ആക്രമണത്തിന്‌ 48 മണിക്കൂർ മുമ്പാണ്‌ അവിടെ എത്തിയത്‌. വിവിധ രാജ്യങ്ങളുമായി സഹകരിച്ചാണ്‌ അമേരിക്ക ആക്രമണം നടത്തിയത്‌. ഹെലികോപ്റ്ററുകൾ അവസാന നിമിഷം താഴ്‌ന്നുപറന്ന്‌ ആക്രമിക്കുകയായിരുന്നു. മൂന്നു മക്കൾക്കൊപ്പം പൊട്ടിത്തെറിക്കുമ്പോൾ ബാഗ്‌ദാദി കരയുകയായിരുന്നു. ഈ വീഡിയോ പുറത്തുവിടാമെന്ന്‌ ട്രംപ്‌ നിർദേശിച്ചു. കരഞ്ഞും അലറിയും ആവലാതി പറഞ്ഞുമുള്ള ബാഗ്‌ദാദിയുടെ അവസാന നിമിഷം  ലോകം കാണട്ടെയെന്ന്‌ ട്രംപ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top