28 September Monday

സർവോപരി പാലാക്കാരൻ

കെ ടി രാജീവ്‌Updated: Saturday Sep 28, 2019കോട്ടയം
പാലാ എന്ന രാഷ്‌ട്രീയ തട്ടകം എൽഡിഎഫ്‌ ചേരിയിലാക്കി താരമായി മാണി സി കാപ്പൻ. പതറരുത്‌, അടുത്ത തവണ വിജയിക്കുമെന്ന എല്ലാവരുടേയും ആശംസ ഇത്തവണ യാഥാർഥ്യമായി. ചിട്ടയായ എൽഡിഎഫ്‌ പ്രവർത്തനവും ഫലം കണ്ടു. ഏത്‌ സാഹചര്യത്തോടും പടവെട്ടി മുന്നേറാനും അതിജീവിക്കാനുമുള്ള അനിതരസാധാരണ കഴിവാണ്‌ പാലാക്കാരനായ കാപ്പൻ മണ്ഡലം വരുതിയിലാക്കിയതിലൂടെ പ്രകടമായത്‌. നാടും നാട്ടാരേയും അറിയുന്ന പൊതുപ്രവർത്തകൻ, മണ്ണിനെ സ്‌നേഹിക്കുന്ന കൃഷിക്കാരൻ, ദേശീയ–-അന്തർദേശീയ വോളിബോൾ താരം,  ജീവകാരുണ്യ പ്രവർത്തകൻ, സിനിമാ നിർമാതാവ്‌, സംവിധായകൻ, അഭിനേതാവ്‌ തുടങ്ങി ബഹുമുഖ പ്രതിഭയാണ്‌ പാലായുടെ പുതിയ എംഎൽഎ.

നാലാം റൗണ്ടിലും പാലായുടെ കോർട്ടിൽ മത്സരിക്കാനിറങ്ങി വിജയക്കൊടി പാറിച്ച ഈ 63കാരന്‌ രാഷ്ട്രീയത്തിൽ  സൗമ്യമുഖമാണ്‌. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള തറവാട്ടിലാണ്‌ ജനനം. തിരുവിതാംകൂർ, തിരുകൊച്ചി നിയമസഭാംഗവും ലോക്‌സഭാ എംപിയും പാലാ നഗരസഭയുടെ ആദ്യ മുനിസിപ്പൽ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പന്റെ മകനാണ്‌ കാപ്പൻ. പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌, വടകര മടപ്പള്ളി ഗവ. കോളേജ്‌ എന്നിവിടങ്ങളിൽ കോളേജ്‌ വിദ്യാഭ്യാസം. മികച്ച വോളിബോൾ താരമായ കാപ്പൻ സർവകലാശാല ടീമിൽ ക്യാപ്‌റ്റനായും അല്ലാതെയും കളിച്ചു.  77–-78ൽ കെഎസ്‌ഇബി ടീമിൽ അംഗമായി. തുടർന്ന്‌ അബുദാബി സ്‌പോർട്‌സ്‌ ക്ലബ്ബിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. അറബ്‌, യൂറോപ്യൻ രാജ്യങ്ങളിലടക്കം പരിശീലകനായി. ജിമ്മി ജോർജ്‌,  ബ്ലസന്റ്‌ ജോർജ്‌, അബ്‌ദുൾ ബാസിദ്‌, സുരേഷ്‌ മിത്ര തുടങ്ങി പ്രമുഖർക്കൊപ്പം കളിക്കളത്തിൽ നിറഞ്ഞു.

പിന്നീട്‌ കാപ്പൻ കൃഷിയിലും സിനിമയിലും ചുവടുറപ്പിച്ചു. സൂപ്പർ ഹിറ്റുകളായ മേലേപറമ്പിൽ ആൺവീടും മാന്നാർ മത്തായി സ്‌പീക്കിങും അടക്കം ഇരുപതോളം ചിത്രങ്ങൾ നിർമിച്ചു. മാന്നാർ മത്തായി സ്‌പീക്കിങിന്റെ  സംവിധായകനുമായി. 12ൽപരം സിനിമകളിൽ വേഷമിട്ടു. കോൺഗ്രസ്‌ എസിലൂടെയായിരുന്നു രാഷ്‌ട്രീയത്തിലെത്തിയത്‌. കോൺ. എസ്‌ ഒരുവിഭാഗം എൻസിപിയിൽ ലയിച്ചതോടെ എൻസിപിയിലെത്തി. 99 മുതൽ സംസ്ഥാന ട്രഷറർ. ഇപ്പോൾ അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗം. 2000ൽ പാലാ മുനിസിപ്പൽ കൗൺസിലറായി. 2013–-17ൽ കേന്ദ്ര നാളികേര വികസന ബോർഡിന്റെ വൈസ്‌ ചെയർമാനായി.  2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ കെ എം മാണിക്കെതിരെ ആദ്യ രംഗപ്രവേശം.

ഭാര്യ: ചങ്ങനാശേരി പാലത്തുങ്കൽ കുടുംബാംഗം ആലിസ്‌ . മക്കൾ: ചെറിയാൻ മാണി കാപ്പൻ(മെക്കാനിക്കൽ എൻജിനിയർ–- കാനഡ), ജീന സന്ദീപ്‌(മുംബൈ), ദീപ ദിപു( കാനറ ബാങ്ക്‌, ഉഴവൂർ).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top