15 December Sunday

വലതുമാറി ഇടതുചേർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2019


കോട്ടയം
പാലായുടെ രാഷ്ട്രീയചരിത്രം രേഖപ്പെടുത്തിയ പുസ്‌തകത്താളിൽ ഇനി പുത്തൻ കുറിപ്പ്‌. മണ്ഡലം രൂപീകൃതമായശേഷം ആദ്യമായി നടന്ന ഉപതെരഞ്ഞെടുപ്പ്‌ തിരുത്തിയത്‌ പാലായുടെ രാഷ്‌ട്രീയ സമീപനത്തെയാണ്‌. കെ എം മാണി എന്ന രാഷ്ട്രീയബിംബത്തിന്‌ ചുറ്റും തിരിഞ്ഞുകൊണ്ടിരുന്ന പാലാ മണ്ഡലം  54 വർഷത്തിനുശേഷം മാണി സി കാപ്പനിലൂടെ ഇടതുപക്ഷത്തിനൊപ്പം ചേരുകയാണ്‌.

അകലക്കുന്നം നിയമസഭാമണ്ഡലത്തിനൊപ്പമായിരുന്നു പാലാ നഗരമുൾപ്പെടെയുള്ള പ്രദേശം. 1965ൽ പാലാ നിയോജകമണ്ഡലമായി. 2011ലെ മണ്ഡല പുനർവിഭജനത്തിനുശേഷം പാലായുടെ ഭാഗമായിരുന്ന കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾ കടുത്തുരുത്തിയിലേക്ക് ചേർത്തു. പൂഞ്ഞാറിലെ തലപ്പലം, മൂന്നിലവ്, തലനാട്, മേലുകാവ്, കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എലിക്കുളവും പാലായുടെ ഭാഗമായി. കൂടാതെ പാലാ നഗരസഭ, കൊഴുവനാൽ, മുത്തോലി, കരൂർ, മീനച്ചിൽ, രാമപുരം പഞ്ചായത്തുകളും ഒപ്പം ചേർന്നു.

ഇടതുസ്വതന്ത്രൻ വി ടി തോമസിനെ 9,585 വോട്ടിന്‌ പരാജയപ്പെടുത്തിയാണ്‌ 1965ൽ കെ എം മാണിയുടെ കന്നിവിജയം. 67ൽ വി ടി തോമസിനെ 2711 വോട്ടുകൾക്ക്‌ വീണ്ടും മാണി തോൽപ്പിച്ചു. 1970ൽ കോൺഗ്രസിലെ എം എം ജേക്കബായിരുന്നു മുഖ്യ എതിരാളി. മാണിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 364 അന്ന്‌ രേഖപ്പെടുത്തി. 

1977 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും സഖ്യകക്ഷികളായി. 80ൽ കെ എം മാണി ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ചു. കോൺഗ്രസിലെ എം എം ജേക്കബായിരുന്നു എതിരാളി. 4566 വോട്ടിനായിരുന്നു അന്നത്തെ ജയം. ഇടതുപക്ഷ സ്വതന്ത്രനായി ജെ എ ചാക്കോ മത്സരിച്ച  82ൽ ഭൂരിപക്ഷം 12,610. 65 മുതൽ 82 വരെ കുതിര ചിഹ്നത്തിൽ വിജയിച്ച കെ എം മാണി 87ൽ ‘രണ്ടില’യിലേക്ക്‌ കളം മാറി. 1991ൽ എൽഡിഎഫ്‌ സ്വതന്ത്രൻ ജോർജ്‌ സി കാപ്പനെയും (ഭൂരിപക്ഷം 17,289), 1996ൽ എൽഡിഎഫ്‌ സ്വതന്ത്രൻ സി കെ ജീവനെയും (ഏറ്റവും ഉയർന്ന ഭൂരിപക്ഷം 23790) തോൽപ്പിച്ചു. 2001  മുതൽ എൽഡിഎഫ്‌ ഘടകകക്ഷിയായ  എൻസിപിയാണ്‌ പാലായിൽ മത്സരിക്കുന്നത്‌. ആ വർഷം ഉഴവൂർ വിജയനെ 22,301 വോട്ടിന്‌ പരാജയപ്പെടുത്തി. മാണി സി കാപ്പൻ ആദ്യമായി മത്സരിച്ച 2006ൽ 7590, 2011ൽ 5,259, 2016ൽ 4703 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം.


പ്രധാന വാർത്തകൾ
 Top