20 September Friday

ഇരട്ടലാപ്പിലും ചിത്രവേഗം

പ്രദീപ‌് ഗോപാൽUpdated: Wednesday Aug 28, 2019



ലഖ‌്നൗ
ചൂടിൽ വിയർത്തൊലിക്കുമ്പോഴും മഹാനഗർ പിഎസി അത‌്‌ലറ്റിക‌് സ‌്റ്റേഡിയത്തിലെ സിന്തറ്റിക‌് ട്രാക്കിൽ ചിത്ര വേഗത്തെ തേടുകയായിരുന്നു. 800 ഇഷ്ടമായിരുന്നില്ല ഈ മിടുക്കിക്ക‌്. മുണ്ടൂർ സ‌്കൂളിൽ പഠിച്ച കാലത്ത്‌ കോച്ച‌് സിജിൻ നിർബന്ധിച്ചപ്പോഴും ഇറങ്ങിയിരുന്നില്ല. നേരിയ ആത്മവിശ്വാസക്കുറവ‌്. പക്ഷേ, കളത്തിലെത്തിയപ്പോൾ ഇരട്ടലാപ്പിലും കുതിപ്പ‌് കണ്ടു.

ദേശീയ സീനിയർ അത്‌ലറ്റിക്‌ മീറ്റിൽ ഏറ്റവും മികച്ച പ്രകടനത്തോടെ വേഗവര കടന്നു(2:02.96 സെക്കൻഡ്‌). ഇനി 1500 മീറ്ററിലും കൂടി മത്സരമുണ്ട‌്. നിലവിൽ ഈയിനത്തിൽ ഏഷ്യൻ ചാമ്പ്യനാണ‌് ചിത്ര. എണ്ണൂറിൽ കഴിഞ്ഞ ഫെഡറേഷൻ കപ്പിലാണ‌് ഏറെക്കാലത്തിനുശേഷം ആദ്യമായി ഇറങ്ങിയത‌്. അവിടെ പൊന്നണിഞ്ഞു.
ലഖ‌്നൗവിൽ പി ടി ഉഷയുടെ ശിഷ്യകളായ ജെസി ജോസഫും അബിത മേരി മാനുവലുമായിരുന്നു ചിത്രയുടെ പ്രധാന എതിരാളികൾ. പരിക്കുകാരണം
കളത്തിന‌് പുറത്തായിരുന്ന ജെസി അഞ്ച‌് വർഷത്തിനുശേഷമാണ‌് ദേശീയ മീറ്റിൽ പങ്കെടുക്കുന്നത‌്‌.

തുടക്കം ജെസി കുതിച്ചുകയറി. ചിത്ര തൊട്ടുപിന്നിൽ. അബിതയ‌്ക്ക‌് നല്ല തുടക്കം കിട്ടിയില്ല. അവസാന ലാപ്പിന്റെ ആദ്യ വളവിൽത്തന്നെ ചിത്ര വേഗം കൂട്ടി. അവസാന 200 മീറ്ററിൽ ഉശിരൻ കുതിപ്പ‌്.  1500ൽ ഏഷ്യൻ ചാമ്പ്യനാണെങ്കിലും യോഗ്യത ഉറപ്പായിട്ടില്ല ചിത്രയ‌്ക്ക‌്. നിലവിൽ റാങ്കിങ‌് പട്ടികയിൽ 37–--ാമതാണ‌് ചിത്ര. 45 പേർക്കാണ‌് യോഗ്യത.

‘‘1500ൽ ഇവിടെ യോഗ്യതാ മാർക്ക‌് മറികടക്കാനാകുമോ എന്ന‌് ഉറപ്പില്ല. എങ്കിലും പ്രതീക്ഷയാണ‌്. ബംഗാളിന്റെ ലില്ലിയാണ‌് വെല്ലുവിളി’’‐ ചിത്ര പറഞ്ഞു.
ദേശീയ മീറ്റിന്റെ രണ്ടാം ദിവസം കേരളം മൂന്ന്‌ വീതം സ്വർണവും വെള്ളിയും നേടി. കേരളം 83 പോയിന്റോടെ മുന്നിലാണ്‌.


പ്രധാന വാർത്തകൾ
 Top