24 March Sunday

വൈഫൈ ഉണ്ടോ? വൈഫുണ്ട്, മതിയോ...

ജയരാജ് വാര്യര്‍Updated: Friday Jul 28, 2017

കര്‍ക്കടകത്തില്‍ ശരീര ചികിത്സ നടത്തുന്നുണ്ട് നാം. മലയാളിയുടെ മനസ്സിനും അപ്രകാരമുള്ള ചികിത്സ ആവശ്യമായി വന്നിരിക്കുന്നുവോ ?

'മോരുണ്ടോ?'
"ഇല്യ''
'ഇല്യേ, ന്നാ ഇത്തിരി ചോറുണ്ണാം !'' വി കെ എന്നിന്റെ ഈ പ്രസിദ്ധമായ തമാശ പലകുറി കേട്ടിട്ടുണ്ട്. എന്നാല്‍, ഇയിടെ ഞാന്‍ കണ്ടത് വേറൊന്നാണ്. കഴിഞ്ഞ ദിവസം ബന്ധുക്കളോടൊപ്പം വന്ന മൂന്നുവയസ്സായ കുട്ടി ഗേറ്റിനു പുറത്തുനിന്ന് ഒറ്റച്ചോദ്യം : "വൈ ഫൈ ഉണ്ടോ'' എന്ന്. കൂടെയുള്ളവരൊക്കെ അകത്ത് കയറിയിട്ടും കക്ഷി പുറത്തുതന്നെ നില്‍ക്കുകയാണ്. ഞാന്‍ പറഞ്ഞു: "വൈഫ് അകത്തുണ്ട്, വേണമെങ്കില്‍ വിളിക്കാം, മതിയോ.'' അപ്പോ അവന് കരച്ചിലുംകൂടി വന്നു. ഒടുവില്‍ വൈഫൈ ഉണ്ട് എന്ന് ഉറപ്പു കൊടുത്തിട്ടാണ് കക്ഷി വീടിന്റെ അകത്ത് കയറിയത്.  അവന്‍ അമ്മയുടെ ഫോണില്‍ യൂട്യൂബെടുത്ത് എങ്ങോട്ടൊക്കെയോ കയറിപ്പോകുന്നത് കണ്ട് ഞാന്‍ പകച്ചുനിന്നു. അവന്‍ എടുത്ത പല കളികളും കാഴ്ചകളും അത്ര സുഖകരമായി തോന്നിയില്ല. അവനെ എന്ത് ചെയ്യാന്‍? അവര്‍ കാണുന്ന കാഴ്ചകള്‍ അതാണ്.

പാരാവാരംപോലെ കിടക്കുന്ന സ്വതന്ത്രമായ ഒരു മാധ്യമ ലോകത്തിന്റെ ഉപയോഗവും ദുരുപയോഗവും തമ്മിലുള്ള വേര്‍തിരിവ് അറിയാത്ത ഒരു ജനതയാണോ നമ്മള്‍? സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം വരുന്ന 'ചവിട്ടിത്തേയ്ക്ക'ലുകളും 'തേപ്പു'കളും 'വലിച്ചുകീറി ഒട്ടിക്കലു'കളും കാണുമ്പോള്‍ നമുക്ക് നമ്മോടുതന്നെ പുച്ഛം തോന്നും. എന്തെല്ലാം സാധ്യതകളുള്ള ഒരു മീഡിയത്തെയാണ് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താനും മുറിവേല്‍പ്പിക്കാനും അവാസ്തവം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നത്. പലപ്പോഴും അവാസ്തവങ്ങളോ അര്‍ഥസത്യങ്ങളോ ആണ് സത്യമെന്ന് തോന്നിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്. പലതരം ഗൂഢലക്ഷ്യങ്ങളും ചില നിര്‍ദോഷികളുടെ മനോവിചാര പ്രകടനങ്ങളും ഇപ്രകാരം പ്രചരിപ്പിക്കുമ്പോള്‍ മുറിപ്പെടുന്നവരെക്കുറിച്ച് ആരും ആലോചിക്കാറില്ല. മാത്രമല്ല, നല്ലൊരു വിഭാഗം ഇതൊക്കെ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഒരു പ്രമുഖനെതിരെ അടുത്ത ദിവസങ്ങളില്‍ ചില പോസ്റ്റുകള്‍ കണ്ടു. ടി വി കടത്തിയതിന് പിടിച്ചുവത്രെ ! കണ്ടപ്പോഴേ തോന്നി കള്ളമാണെന്ന്. പക്ഷേ, എത്രയോ പേര്‍ അത് വിശ്വസിച്ച് പ്രതികരിക്കുന്നു. അപ്പോള്‍ നമ്മള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെട്ടേ മതിയാകൂ. ഏറ്റവും സൌകര്യവും സ്വാതന്ത്യ്രവുമുള്ള ഒരു മാധ്യമത്തെ എപ്രകാരം ഉപയോഗിക്കണമെന്ന് നാം സ്വയം പഠിക്കുകയും യുവതലമുറയെ പഠിപ്പിക്കുകയും വേണം.

സ്വര്‍ണസമാനമായ പാത്രംകൊണ്ട് സത്യത്തിന്റെ മുഖം മറച്ചു വച്ചിരിക്കുന്നുവെന്ന് ഉപനിഷത്ത് പറയുന്നുണ്ട്. എത്ര സത്യമാണ്. മുഖപുസ്തകം അഥവാ ഫേസ്ബുക്ക് ഉപയോഗിച്ച് മുഖത്തുനോക്കി കള്ളം പ്രചരിപ്പിക്കുകയല്ലേ. നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച്, മന്ത്രിമാരെക്കുറിച്ച് ഒക്കെ എത്രയോ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു. വാസ്തവത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഇതുവഴി മറച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. ഒന്നുകില്‍ നുണ വിശ്വസിക്കേണ്ടി വരിക, അല്ലെങ്കില്‍ സത്യം മറച്ചു വയ്ക്കുക എന്നതാണ് സോഷ്യല്‍ മീഡിയ വഴി പലപ്പോഴും നടക്കുന്നത്. സ്വഭാവഹത്യ ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത്തരം മാധ്യമങ്ങളുടെയൊക്കെ ഉത്ഭവ കേന്ദ്രങ്ങളായ രാജ്യങ്ങളിലെല്ലാം ഉപയോഗം തുലോം വ്യത്യസ്തമാണ്. ആരോഗ്യകരമായ എത്രയോ ചര്‍ച്ചകളാണ് നടക്കുന്നതെന്നറിയാമോ. നമുക്ക് ഓര്‍മയുണ്ട്, ട്രംപ് മത്സരിച്ച ഘട്ടത്തില്‍ അതിവിപുലമായ ചര്‍ച്ചയാണ് ഈ മാധ്യമങ്ങളിലൂടെ നടന്നത്.

എപ്രകാരമുള്ള പ്രസിഡന്റാണ് നമുക്ക് വേണ്ടത് എന്ന ആരോഗ്യകരമായ ചര്‍ച്ച. അതിന് ഫലം കണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. പക്ഷേ, ജനങ്ങളുടെ ഈ വിധ നിലപാടുകളെയൊന്നും മറന്നുകൊണ്ട് ട്രംപിന് അവിടെ പ്രവര്‍ത്തിക്കാനാകില്ല. എന്നാല്‍, ഇവിടെ സാമൂഹ്യമാധ്യമ ഉപയോഗം സംബന്ധിച്ച് വേണ്ടത്ര പക്വത ആര്‍ജിക്കുന്നില്ല. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ആരെങ്കിലും നിയന്ത്രിക്കലല്ല, സ്വയം നിയന്ത്രിക്കാനാവശ്യമായ പക്വത ആര്‍ജിക്കലാണ് പ്രധാനം. അപ്പോഴാണ് നാം കര്‍ക്കടക ചികിത്സയെക്കുറിച്ച് ചിന്തിക്കേണ്ടി വരിക. കര്‍ക്കടകത്തില്‍ ശരീരചികിത്സ നടത്തുന്നുണ്ട് നാം. മലയാളിയുടെ മനസ്സിനും അപ്രകാരമുള്ള ചികിത്സ ആവശ്യമായി വന്നിരിക്കുന്നുവോ ?
 

പ്രധാന വാർത്തകൾ
 Top