18 February Monday

സിനിമയ്ക്ക് കരളുനല്‍കി മടങ്ങി

ആനന്ദ് ശിവന്‍Updated: Sunday Feb 28, 2016

കൊച്ചി > അവയവദാനത്തിന്റെ പ്രാധാന്യം ചലച്ചിത്രാനുഭവമാക്കിയ 'ട്രാഫിക്കി'ന്റെ സംവിധായകന്‍ രാജേഷ്പിള്ള പക്ഷേ, സ്വന്തം കരള്‍മാറ്റിവയ്ക്കണമെന്ന ഡോക്ടറുടെ നിര്‍ദേശം സിനിമയോടുള്ള അണയാത്ത ആവേശംകൊണ്ടാണ് നീട്ടിവച്ചത്. മലയാള സിനിമയുടെ വഴി മാറ്റിയെഴുതിയ 'ട്രാഫിക്കു'മായി ചരിത്രത്തില്‍ ഇടംപിടിച്ച രാജേഷ്പിള്ളക്ക് പക്ഷേ, ജീവിതത്തില്‍ ആ തിരിച്ചുവരവുണ്ടായില്ല.

പുതുമലമുറയുടെ സിനിമാമോഹങ്ങള്‍ക്ക് വിത്തും വളവും വെള്ളവുമെല്ലാമായത് ഒരുപരിധിവരെ 'ട്രാഫിക്' നേടിയ അസൂയാവഹമായ വിജയമായിരുന്നു. ഈ വിജയത്തിനു പിന്നാലെ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യാനും രാജേഷ് തയ്യാറായില്ല. 'ട്രാഫിക്കി'ന്റെ ഹിന്ദി പതിപ്പും അമലപോള്‍–നിവിന്‍ പോളി ജോടി പ്രധാനവേഷത്തിലെത്തിയ 'മിലി'യും കഴിഞ്ഞവര്‍ഷം പുറത്തിറങ്ങി.

ഇതിനിടെ കരള്‍രോഗം കണ്ടെത്തിയിരുന്നു. അവസാന ചിത്രം 'വേട്ട'യുടെ ചിത്രീകരണത്തിനിടെ പലപ്പോഴും ചികിത്സ തേടി. ചിത്രീകരണം നീണ്ടുപോകുകയുംചെയ്തു. ഒരുവര്‍ഷം മുമ്പുതന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ  ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും 'വേട്ട' പൂര്‍ത്തിയാക്കിയശേഷം ആകാമെന്ന നിലപാടിലായിരുന്നു രാജേഷ്പിള്ള. 'വേട്ട'യുടെ സൌണ്ട് മിക്സിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ ന്യൂമോണിയയും പിടിപെട്ടതോടെ തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി.

1974 ഒക്ടോബറില്‍ ഡല്‍ഹിയിലായിരുന്നു രാജേഷ്പിള്ളയുടെ ജനനം. അച്ഛന്റെ സ്ഥലംമാറ്റത്തോടെ തിരുവനന്തപുരത്തെത്തി. പട്ടം സെന്റ് മേരീസ്, ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുപ്പംമുതല്‍ ക്രിക്കറ്റിലും സിനിമയിലുമായിരുന്നു കമ്പം. സംവിധാനപഠനം പൂര്‍ത്തിയാക്കി രാജീവ്കുമാറിനും രാജീവ് അഞ്ചലിനുമൊപ്പം പ്രവര്‍ത്തിച്ചു. 2005ല്‍ സ്വതന്ത്ര സംവിധായകനായി. 'ട്രാഫിക്ക്' ഒരുക്കുന്നതിനായി കൊച്ചിയിലെത്തിയ രാജേഷ്പിള്ള, പിന്നീട് കൊച്ചിക്കാരനായി. സിനിമ കഴിഞ്ഞാല്‍ യാത്രകളോടായിരുന്നു രാജേഷിന് ഏറ്റവും പ്രിയം. ഒറ്റയ്ക്ക് കാറുമായി ദീര്‍ഘദൂരയാത്രകള്‍ പോകാന്‍ ഇഷ്ടപ്പെട്ടിരുന്നതായി കുടുംബാംഗങ്ങളും ഓര്‍ക്കുന്നു.

മരണത്തിന്റെ 'വേട്ട'

മനോജ് വാസുദേവ്

2016ന്റെ രണ്ടുമാസം എത്തുമ്പോള്‍ സാഹിത്യ–സിനിമ–സാംസ്കാരിക മേഖലകളില്‍ അക്ഷരാര്‍ഥത്തില്‍ നികത്താനാവാത്ത നഷ്ടങ്ങള്‍. രാജേഷ് പിള്ളയുടെ അകാലവിയോഗം കൂടുതല്‍ വേദനാജനകമാക്കുന്നത് നന്നേ ചെറുപ്പത്തില്‍ മരണമെന്ന കോമാളി ആ പ്രതിഭയെ കൈപിടിച്ചുകൊണ്ടുപോയി എന്നതിനാലാണ്. വേട്ട എന്ന തന്റെ പുതിയ ചിത്രം തിയറ്ററുകളില്‍ എത്തിയ നാളില്‍ മരണം കൈനീട്ടി. പത്മരാജനുശേഷം സെല്ലുലോയ്ഡില്‍ നാലുചിത്രം കൊണ്ട് കൈയൊപ്പിട്ട രാജേഷിന്റെ മരണവും ആ വിടവാങ്ങല്‍ പോലെയായത് യാദൃഛികം. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത വേട്ട റിലീസിങ് നാളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഷൂട്ടിങ് വേളകളിലും അവസാന മിനുക്കുകള്‍ക്കിടയിലും രോഗപീഡകള്‍ രാജേഷിനെ അലട്ടിയിരുന്നു.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ആദ്യചിത്രം വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രതിഭാധനനായ ചലച്ചിത്രകാരന്റെ മുദ്രകള്‍ പതിപ്പിച്ചു. ഭാനുപ്രിയ, നിത്യാദാസ്, ഭാവന, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍. പിന്നാലെ ഇറങ്ങിയ ട്രാഫിക് ഉണ്ടാക്കിയ മാറ്റം ചരിത്രപരം. എത്രയോ അംഗീകാരങ്ങളാണ് അത് എത്തിച്ചത്. മികച്ച സംവിധായകന്‍, തുടക്കക്കാരന്റെ ശ്രദ്ധേയ സംരംഭം, മലയാളത്തില്‍ പുതിയ പാത വെട്ടിയ ചലച്ചിത്രകാരന്‍ എന്നിങ്ങനെ വിശേഷണങ്ങളും. മികച്ച സംവിധാനത്തിനുള്ള ദക്ഷിണേന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡ്, നാഷണല്‍ ഫിലിം പ്രൊമോഷന്‍ കൌണ്‍സിലിന്റെ പ്രതീക്ഷാ പുരസ്കാരം തുടങ്ങിയവ പ്രധാനം. ബോളിവുഡിലെ വന്‍ ഹിറ്റായ കഹാനിയുടെ തിരക്കഥാകൃത്ത് സുരേഷ് നായരാണ് ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിന് തിരക്കഥയൊരുക്കിയത.്

2012ല്‍ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തിന് പദ്ധതിയിട്ടെങ്കിലും പല കാരണങ്ങളാല്‍ മാറ്റി. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, വിശാഖാസിങ് തുടങ്ങിയവരെയായിരുന്നു പ്രധാന വേഷങ്ങളില്‍ തീരുമാനിച്ചത്. യഥാര്‍ഥ ഇന്ത്യയെ കണ്ടെത്താനുള്ള സാഹസിക യാത്രയായിട്ടായിരുന്നു തിരക്കഥ. ലേ മുതല്‍ ലഡാക്ക് വരെയുള്ള നാല് ഉടമകളിലൂടെ കൈമാറിപ്പോകുന്ന മോട്ടോര്‍സൈക്കിള്‍ കഥയുടെ കേന്ദ്രം തന്നെ.

തുടര്‍ന്ന് എടുത്ത മിലി മലയാളസിനിമയിലെ പുരുഷമേധാവിത്വത്തെ പൊളിച്ചടുക്കുന്നതായി. ശ്രീകുമാരന്‍തമ്പിയുടെ മോഹിനിയാട്ടത്തിനും ടി വി ചന്ദ്രന്റെ സൂസന്നക്കും ശേഷം ഇത്ര നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. അമലപോളിന്റെ അഭിനയപാടവം നന്നായി പുറത്തെടുക്കാനുമായി. അനിയന്‍ബാവ ചേട്ടന്‍ബാവയിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കസ്തൂരിയുടെ രണ്ടാംവരവിനും നാന്ദിയായി. കഥയും തിരക്കഥയും ബ്യൂട്ടിഫുള്‍, ട്രാഫിക്, മുംബൈ പൊലീസ്, വിശുദ്ധന്‍ തുടങ്ങിയവയുടെ എഡിറ്ററായ മഹേഷ് നാരായണന്റേത്. നടീനടന്മാരെ തെരഞ്ഞെടുക്കുന്നതില്‍ രാജേഷ് പുലര്‍ത്തിയ വൈഭവം എടുത്തുപറയണം. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ മനോജ് വാജ്പേയിയെയും പ്രസേന്‍ജിത്ത് ചാറ്റര്‍ജിയെയും കണ്ടെത്തുന്നതില്‍വരെ ആ ശ്രദ്ധയുണ്ടായി. മികച്ച അക്കാദമിക പശ്ചാത്തലമുള്ള കുടുംബത്തില്‍നിന്നാണെങ്കിലും അതോട് നീതി പുലര്‍ത്താനായില്ലെന്ന് രാജേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മേഖല മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞാണ് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ സിനിമ എടുത്തത്. അതിനേറ്റ വാണിജ്യ തിരിച്ചടി കണ്ട് ചിലര്‍ എഴുതിത്തള്ളി. എന്നാല്‍ അടുത്ത സുഹൃത്തുക്കളും കുടുംബവും പ്രോത്സാഹിപ്പിച്ചു. പ്രത്യേകിച്ച് അച്ഛന്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top